രാവിലെ എഴുന്നേറ്റയുടൻ അൽപം വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ? വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊർജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലവും. വെറും വയറ്റിൽ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 

To advertise here,

ഊർജം പ്രദാനം ചെയ്യും

ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് പലപ്പോഴും ക്ഷീണവും ഉൽസാഹക്കുറവുമൊക്കെ അനുഭവപ്പെടുക. നീണ്ട ഉറക്കത്തിനുശേഷം ഉണരുന്ന സമയത്ത് ശരീരത്തിലെ ജലാംശം കുറവായിരിക്കും. അതിരാവിലെ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. ഡീഹൈഡ്രേഷൻ മൂലം വരുന്ന തലവേദന പോലുള്ള പ്രശ്നങ്ങൾ ചെറുക്കാനും കഴിയും. 

ദഹനപ്രക്രിയ എളുപ്പത്തിലാക്കും

വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സു​ഗമമാക്കും. കുടലിന്റെ ആരോ​ഗ്യത്തിനും രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലം ​ഗുണം ചെയ്യും.

മെറ്റബോളിസം മെച്ചപ്പെടുത്തും

മെറ്റബോളിസം മെച്ചപ്പെടുത്താനും വെറുംവയറിൽ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. കൂടുതൽ കലോറി എരിച്ചു കളയാനും നല്ലതാണ്. വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ ഈ ശീലവും ഉൾപ്പെടുത്തുന്നത് നല്ലതാണ്. 

ചർമത്തിനും ​ഗുണം ചെയ്യും

ചർമസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരു​ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമം തിളങ്ങാൻ സഹായിക്കും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും മികച്ച വഴിയാണിത്. ചർമത്തിൽ ചുളിവുകളും കരിവാളിപ്പുമൊക്കെ വരുന്നതിനു പിന്നിൽ നിർജലീകരണവും ഒരു കാരണമാണ്. അതിനാൽ അവയെല്ലാം പ്രതിരോധിക്കാൻ എഴുന്നേറ്റയുടൻ ഒരു​ഗ്ലാസ് വെള്ളം കുടിക്കാം.  

അസിഡിറ്റി കുറയ്ക്കും

വയറെരിച്ചിലും അസിഡിറ്റിയും പോലുള്ള പ്രശ്നങ്ങളാൽ പൊറുതിമുട്ടുന്നവർക്കും സ്വീകരിക്കാവുന്ന ഒരു മാർ​ഗമാണിത്. 

മുടിയുടെ വളർച്ചയ്ക്ക്

മുടികൊഴിച്ചിലും ആരോ​ഗ്യകരമല്ലാത്ത മുടിയുടെ വളർച്ചയുമൊക്കെ പലരും നേരിടുന്ന പ്രശ്നങ്ങളാണ്. ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കിൽ മുടിയുടെ ആരോ​ഗ്യവും തകരാറിലാകും. വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് മുടിക്ക് ഏറെ ​ഗുണം ചെയ്യും. വേണ്ടത്ര വെള്ളം കിട്ടാത്ത പക്ഷമാണ് മുടിയുടെ വേരുകൾ വരണ്ടുംപൊട്ടിയും പോകുന്നത്.