വെയിലും മഴയുമെല്ലാം അടങ്ങിയ ഇപ്പോഴത്തെ കാലാവസ്ഥ വെള്ളം കുടിക്കുന്ന കാര്യത്തിലും പലരെയും ബാധിക്കുന്നുണ്ടാകാം, അല്ലേ? കഠിനമായ ചൂട് നിർജ്ജലീകരണം മൂലമുള്ള പ്രശ്നങ്ങളുണ്ടാക്കുമ്പോൾ ഇടയ്ക്കുള്ള മഴ ആവശ്യത്തിന് വെള്ളം കുടിക്കുന്ന കാര്യത്തിൽ വിമുഖത തോന്നിപ്പിച്ചേക്കാം. ധാരാളം വെള്ളം കുടിക്കുന്ന പലർക്കും അവരുടെ ശരീരത്തിൽ വേണ്ടത്ര ജലാംശം ഇല്ലെന്നതിന്റെ സൂക്ഷ്മമായ സൂചനകൾ അനുഭവപ്പെടാം.

To advertise here,

അമിതമായ വിയർപ്പ്, ധാതുക്കളുടെ നഷ്ടം തുടങ്ങിയ ഘടകങ്ങൾ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് തടസ്സമുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ധാരാളം വെള്ളം കുടിച്ചിട്ടും ശരീരത്തിൽ നിർജ്ജലീകരണം നടക്കുന്നുവെന്നതിന്റെ ചില ലക്ഷണങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

നിരന്തരമായ ക്ഷീണവും ഊർജക്കുറവും
ആവശ്യത്തിന് വിശ്രമിച്ചിട്ടും നിരന്തരമായ ക്ഷീണം അനുഭവപ്പെടുന്നത് ശരീരത്തിൽ ജലാംശം കുറവാണെന്നതിന്റെ സൂചനയാകാം. ശരീരത്തിൽ ദ്രാവകങ്ങളുടെ കുറവുണ്ടാവുമ്പോൾ രക്തയോട്ടം കുറയുകയും ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു.

ഇടയ്ക്കിടെയുള്ള തലവേദന 
ചൂടുള്ള കാലാവസ്ഥയിൽ ഇടയ്ക്കിടെയുള്ള തലവേദന നിർജ്ജലീകരണത്തിന്റെ സൂചനയായിരിക്കാം. ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയിലെ വ്യതിയാനങ്ങൾ രക്തയോട്ടത്തെ ബാധിക്കുകയും തലവേദനയ്ക്ക് കാരണമാകുന്ന സമ്മർദമാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഹാർവാർഡ് ഹെൽത്ത് അനുസരിച്ച്, നിർജ്ജലീകരണം തലവേദനയ്ക്ക് ഒരു കാരണമാണെന്നും ദ്രാവകത്തിന്റെ അളവ് പുനഃസ്ഥാപിക്കുമ്പോൾ രോഗലക്ഷണങ്ങൾ മെച്ചപ്പെടാറുണ്ടെന്നും പറയുന്നുണ്ട്.

മൂത്രം ഇരുണ്ട മഞ്ഞ നിറത്തിലാവുകയോ അളവ് കുറയുകയോ ചെയ്യുന്നു 
മൂത്രത്തിന്റെ നിറത്തിൽ മാറ്റം വരുന്നത് ശരീരത്തിലെ ജലാംശക്കുറവിനെക്കുറിച്ച് സൂചന നൽകുന്നു. മൂത്രത്തിന്റെ നിറം

ഇരുണ്ടതോ കൂടുതൽ സാന്ദ്രതയുള്ളതോ ആണെങ്കിൽ, നിങ്ങളുടെ ശരീരം വെള്ളം സംരക്ഷിക്കാൻ ശ്രമിക്കുകയായിരിക്കാം.

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ട് 
ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാവുകയോ മാനസികമായി മന്ദത അനുഭവപ്പെടുകയോ ചെയ്യുന്നതും നിർജ്ജലീകരണവുമായി ബന്ധപ്പെട്ടിരിക്കാം. ദ്രാവക സന്തുലിതാവസ്ഥയിലെ ചെറിയ മാറ്റങ്ങൾ പോലും തലച്ചോറ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ബാധിക്കാം. നിർജ്ജലീകരണം ശ്രദ്ധ, പ്രതികരണ സമയം, മൊത്തത്തിലുള്ള മാനസിക പ്രവർത്തനം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രിഷനിലെ ഒരു അവലോകനത്തിൽ വ്യക്തമാക്കുന്നുണ്ട്.

വെള്ളം കുടിച്ചിട്ടും നിർജ്ജലീകരണം അനുഭവപ്പെടുന്നത് 
നിങ്ങൾ ധാരാളം വെള്ളം കുടിച്ചിട്ടും ഊർജ്ജക്കുറവോ ദാഹമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതിന് കാരണം ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ആയിരിക്കാം. വേനൽക്കാലത്ത്, വിയർപ്പ് സോഡിയം, മറ്റ് ധാതുക്കളുടെ നഷ്ടത്തിലേക്ക് നയിക്കുന്നു. ക്ലിനിക്കൽ ഗവേഷണങ്ങൾ കാണിക്കുന്നത്, നിർജ്ജലീകരണത്തിൽ ജലനഷ്ടവും ലവണനഷ്ടവും ഉൾപ്പെടുന്നു, അതായത് വെള്ളം മാത്രം കുടിക്കുന്നത് ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ പൂർണമായി പുനഃസ്ഥാപിച്ചെന്ന് വരില്ല എന്നാണ്.

ജലാംശം നിലനിർത്തുന്നതിന് വെള്ളം കുടിക്കുന്നത് മാത്രമല്ല, ഭക്ഷണക്രമത്തിനും പ്രധാന പങ്കുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താൻ വെള്ളം കൂടുതലുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതിനായി ഉയർന്ന അളവിൽ വെള്ളം അടങ്ങിയ കക്കരി, തണ്ണിമത്തൻ, തക്കാളി, ലെറ്റിയൂസ്, വിറ്റാമിൻ സി അടങ്ങിയതിനാൽ ഓറഞ്ച്, മുന്തിരി എന്നിവയെല്ലാം കഴിക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)