കോഴിക്കോട്: പരിഹാരമില്ലാത്ത പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് രക്ഷിതാക്കളും അധ്യാപകരും കുട്ടികളും തിരിച്ചറിയുമ്പോൾ കാഴ്ചപ്പാടുകളുംമാറും. ലഹരിയിലും അങ്ങനെത്തന്നെയാണ്. എന്റെ കുട്ടി തെറ്റു ചെയ്യില്ലെന്ന മുൻവിധി മാറ്റാൻ രക്ഷിതാക്കളും അത്തരമൊരു വഴിയിലേക്ക് പോകില്ലെന്നു കുട്ടികളും ഉറപ്പാക്കണം. അവഹേളനമല്ല, ചേർത്തുപിടിക്കലാണ് കുട്ടികൾക്കുള്ള മരുന്ന്.

To advertise here,

കുട്ടികളോട് 

അറിയാത്ത ഒന്നും സ്വീകരിക്കരുത്: ആരെങ്കിലും തരുന്ന മിഠായി, ചോക്ലേറ്റ്, കൂൾഡ്രിങ്ക്, വലിക്കുന്ന വസ്തുക്കൾ, ഗുളിക, പൊടി തുടങ്ങിയവയൊന്നും ഉപയോഗിക്കരുത്

സമ്മർദത്തിനു വഴങ്ങരുത്: ഒരുതവണ പരീക്ഷിച്ചാൽ മതി, ഒന്നും സംഭവിക്കില്ലെന്നൊക്കെ പറഞ്ഞാൽ ഉറച്ച മനസ്സോടെ ’വേണ്ടെന്ന് ’ പറയാം

സംശയംതോന്നിയാൽ പറയാം: അധ്യാപകർ, മാതാപിതാക്കൾ, അല്ലെങ്കിൽ വിശ്വസിക്കാവുന്ന മറ്റേതെങ്കിലും മുതിർന്നവരോട് ഉടൻ വിവരം അറിയിക്കുക.

ഹാനികരമായ ശീലങ്ങളിൽനിന്ന് അകന്നുനിൽക്കാം: സിഗരറ്റ്, മദ്യം, ലഹരിമരുന്നുകൾ തുടങ്ങിയവ കൗതുകത്തിനോ തമാശയ്ക്കോ പോലും പരീക്ഷിക്കരുത്. ചിലപ്പോൾ ശീലത്തിന്റെ തുടക്കമാകാം.

ആരോഗ്യകരമായ കൂട്ടുകെട്ടും ശീലങ്ങളും: നല്ല സുഹൃത്തുക്കൾ, കായികവിനോദങ്ങൾ, കലാപ്രവർത്തനങ്ങൾ, വായന, സംഗീതം എന്നിവ തിരഞ്ഞെടുക്കുക

രക്ഷിതാക്കളോട്

  • വീടുകളിലെ അന്തരീക്ഷം സുഖകരമല്ലെങ്കിൽ കുട്ടികൾ ലഹരിക്കടിമപ്പെടാനുള്ള സാധ്യതയുണ്ട്. അതിന്റെ അപകടത്തെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതും കുട്ടികളെ ഇതിലേക്കു നയിക്കുന്നു.
  • പണംസമ്പാദിക്കാനുള്ള വഴിയായും ലഹരിയെ ഉപയോഗിക്കുന്നുണ്ട്. അമിതമായ പണം കുട്ടിയുടെ കൈയിൽ ഉണ്ടെങ്കിൽ അന്വേഷിക്കുക
  • ആവശ്യത്തിലധികം പോക്കറ്റ് മണി നൽകരുത്. ന്യായമായ ആവശ്യത്തിനു മാത്രം നൽകാം.
  • പെട്ടെന്ന് നിർത്താനാവുന്നതല്ല ലഹരി ശീലം. ലഹരിവിമോചന ചികിത്സയ്ക്കിടയിൽ ചിലപ്പോൾ വീണ്ടും അത്തരം ശീലങ്ങളിലേക്ക് പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ കുട്ടിക്കൊപ്പം നിൽക്കാം.

അധ്യാപകർക്ക്

  • കുട്ടികളുടെ പെരുമാറ്റത്തിലും സംസാരത്തിലുമുള്ള വ്യതിയാനം ശ്രദ്ധിക്കണം
  • അന്തർമുഖരാവുകയോ കാരണമില്ലാതെ പ്രകോപിതരാവുകയോ ചെയ്യുന്നുണ്ടെങ്കിൽ കാരണം മനസ്സിലാക്കണം
  • അനാവശ്യ മത്സരബുദ്ധി ഉണ്ടാക്കരുത്
  • പൂർണമായി വിശ്വസിച്ച് പ്രശ്‌നങ്ങൾ തുറന്നുപറയാൻ ധൈര്യം നൽകുക

ഇംഹാൻസിൽ സൈക്യാട്രിക് സോഷ്യൽവർക്ക് വിഭാഗം അസി. പ്രൊഫസറും മേധാവിയുമാണ് ലേഖിക.