പ്രായാധിക്യം മൂലം കേള്‍വിശേഷി നഷ്ടമാകുന്ന അവസ്ഥയാണ് പ്രെസ്ബിക്യൂസിസ് (Presbycusis). 60 വയസ്സിനോടടക്കുമ്പോഴാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്. ചില സമ്മര്‍ദ്ദങ്ങള്‍ കേള്‍വിനഷ്ടം ഉണ്ടാകുന്നതിന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്യും. പ്രായം, ജനിതകം, ഉച്ചത്തിലുള്ള ശബ്ദം നിരന്തരമായി കേള്‍ക്കാന്‍ ഇടവരിക, ഹോര്‍മോണ്‍ സംബന്ധിയായവ, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ (Ototoxic drugs) തുടങ്ങിയവയാണ് കേള്‍വിനഷ്ടത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍. 

To advertise here,

പ്രായം കൂടുന്നതിനനുസരിച്ച് കേള്‍വിയുമായി ബന്ധപ്പെട്ട നാഡിയുടെ ഘടനയില്‍ മാറ്റം വരാം. ഇത് കൂടാതെ പ്രമേഹം, രക്തസമ്മര്‍ദം, വൃക്ക തകരാറ്, കൊളസ്‌ട്രോള്‍ എന്നിവയും കേൾവിനഷ്ടത്തിന് കാരണമാകുന്നു. നിരന്തരമായി ശബ്ദ മലിനീകരണമുള്ള സാഹചര്യത്തില്‍ ജോലി ചെയ്യുന്നവരിലോ ചെറുപ്പത്തില്‍ തന്നെ ആന്തരകർണ്ണത്തിന് ക്ഷതം സംഭവിച്ചവരിലോ കേള്‍വിനഷ്ടത്തിന് സാധ്യത കൂടുതലാണ്.

ജോലി സംബന്ധമായോ അല്ലാതെയോ ടോലുയിൻ (toluene), സ്റ്റൈറീൻ (styrene), കാർബൺ മോണോക്സൈഡ് (carbon monoxide), മെർകുറി (mercury), ലെഡ് (lead) കൂടാതെ, ototoxic medications തുടങ്ങിയ രാസപദാര്‍ഥങ്ങളുമായുള്ള നിരന്തരസമ്പർക്കം കേള്‍വിനഷ്ടത്തിലേക്ക് നയിക്കുന്നു. അടുത്തിടെ നടന്ന പഠനങ്ങളില്‍ ഹോര്‍മോണ്‍ വ്യതിയാനവും കേൾവിനഷ്ടത്തിന് ഒരു ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പ്രെസ്ബിക്യൂസിസ് എന്നത് കാലക്രമേണ വര്‍ധിച്ചുവരുന്ന തരത്തിലുള്ള കേള്‍വിനഷ്ടമാണ്. ഇത് ഒരു ചെവിയേയോ ഇരു ചെവികളേയോ ബാധിക്കാം. തുടക്കത്തിലെ രോഗനിര്‍ണ്ണയം പ്രയാസകരമാണ്. രോഗിയെക്കാളും അവരുടെ കൂട്ടുകാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ആണ് കേള്‍വിക്കുറവിനെ കുറിച്ച് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഈ അവസ്ഥയില്‍ ചെവിയില്‍ മുഴക്കം ഉണ്ടാകാനും സാധ്യതയുണ്ട്.

ഒരു മുറിയിലിരുന്ന് മറ്റൊരാളുമായി സംസാരിക്കുന്ന സാഹചര്യത്തില്‍ മറ്റു ശബ്ദങ്ങള്‍ ഉണ്ടെങ്കില്‍ രോഗിക്ക് സംസാരിക്കുന്നത് കേള്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ചെവിയുടെ പരിശോധനയില്‍ ചെവിക്കായം (wax), ഡിസ്ചാർജ് (discharge) അല്ലെങ്കില്‍ ഫം​ഗൽ അണുബാധ (fungal debris) കണാനിടയുണ്ട്. ഇത് ഉടനടി വൃത്തിയാക്കേണ്ടതാണ്. ഇതിനുശേഷം കേൾവിപരിശോധന (Pure Tone Audiometry) നടത്തേണ്ടത് അനിവാര്യമാണ്.

പ്രായാധിക്യം മൂലമുള്ള കേള്‍വിനഷ്ടം മാറ്റിയെടുക്കാനാകില്ല. എന്നാല്‍ ശ്രവണസഹായി (Hearing aid) ഉപയോഗിച്ച് മെച്ചപ്പെടുത്താന്‍ സാധിക്കും. ശ്രവണസഹായി ഉപയോഗിക്കുന്നതിലൂടെ സങ്കീര്‍ണ്ണതകള്‍ കുറച്ച് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുന്നു. ശ്രവണസഹായി എന്നത് ഒരു ചെറിയ ഇലക്ട്രോണിക് ഉപകരണമാണ്. ഇത് ചെവിയിലോ തലയുടെ പിന്‍ഭാഗത്തോ വെയ്ക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ഏത് സാഹചര്യത്തിലും രോഗിക്ക് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നു.

കേള്‍വി നഷ്ടത്തിന്റെ തരവും തീവ്രതയും അനുസരിച്ച് ശ്രവണസഹായി തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ദിവസവും ഉപയോഗിക്കേണ്ടതിനാല്‍ അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്നത് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ശ്രവണസഹായി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • രോഗിക്ക് പ്രയോജനപ്രദമായ ഘടന ഏതെന്ന് മനസ്സിലാക്കുക.
  • ശ്രവണസഹായയുടെ ചെലവ്.
  • കൂടുതല്‍ വിലയുള്ളത് വാങ്ങുമ്പോള്‍ അതിന് മികച്ച സാങ്കേതികവിദ്യ ഉള്ളതാണോ എന്ന് ഉറപ്പാക്കുക.
  • പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ലഭിക്കുമോ എന്ന് അന്വേഷിക്കുക.
  • കേടുപാടുകള്‍ സംഭവിച്ചാലോ മറ്റെന്തെങ്കിലും സഹായങ്ങള്‍ക്കോ സേവനങ്ങള്‍ ഉറപ്പുവരുത്തുക.

നിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും

  • ചൂടില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും Hearing aid നെ മാറ്റി വയ്ക്കുക.
  • നിര്‍ദ്ദേശാനുസരണം വൃത്തിയായി സൂക്ഷിക്കുക.
  • ഹെയർ സ്പ്രേ / പെർഫ്യൂം ഉപയോഗിക്കുമ്പോള്‍ ശ്രവണസഹായിയിൽ ആകാതെ സൂക്ഷിക്കുക.
  • ഉപയോഗിക്കാത്ത സമയത്ത് ശ്രവണസഹായി ഓഫ് ചെയ്ത് വയ്ക്കുക.
  • ബാറ്ററി തീരുകയാണെങ്കില്‍ ഉടനടി പുനഃസ്ഥാപിക്കേണ്ടതാണ്.

(തിരുവനന്തപുരം എസ്.യു.ടി. ഹോസ്പിറ്റലില്‍ ഇ.എന്‍.ടി.വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖിക)