വണ്ണംകുറയ്ക്കുക എന്നത് പലരുടേയും ലക്ഷ്യമാണ്. അതിനായി ഡയറ്റിങ്ങും വർക്കൗട്ടുമൊക്കെ ആരംഭിക്കുമെങ്കിലും പലർക്കും അതു മുമ്പോട്ടു കൊണ്ടുപോകാനും കഴിയാറില്ല. ശാസ്ത്രീയമായി വണ്ണംകുറയ്ക്കുന്നതാണ് ഏറ്റവും അഭികാമ്യം. ഡയറ്റിങ്ങും വർക്കൗട്ടുമൊക്കെ ആരംഭിക്കുംമുമ്പ് അതാതുരംഗത്തെ വിദഗ്ധരുടെ നിർദേശം തേടുന്നത് ഗുണംചെയ്യും. വണ്ണംകുറയ്ക്കുന്ന പ്രക്രിയയിൽ മിക്കവരും വരുത്താറുള്ള ചില തെറ്റുകളേക്കുറിച്ച് പങ്കുവെക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് റുജുത ഇക്കാര്യം പറയുന്നത്.
നല്ല ശീലങ്ങൾ മാറ്റിവെക്കേണ്ട
നല്ല ശീലങ്ങൾ തുടങ്ങാൻ വൈകിക്കേണ്ട എന്നതാണ് ആദ്യത്തേതായി റുജുത പറയുന്നത്. ആരോഗ്യകരമായ ഡയറ്റിങ്ങും വ്യായാമം ശീലമാക്കുന്നതുമൊക്കെ നാളത്തേക്കു മാറ്റിവെക്കാതെ ഇന്നുതന്നെ തുടങ്ങണമെന്നാണ് റുജുത പറയുന്നത്. വണ്ണംകുറയ്ക്കാനുള്ള ആരോഗ്യകരമായ ജീവിതശൈലി ആരംഭിക്കാൻ അടുത്തവർഷം വരെ കാത്തിരിക്കാതെ പോസിറ്റീവായ മാറ്റങ്ങൾ ഉടനടി തുടങ്ങാമെന്നാണ് ന്യൂട്രീഷണിസ്റ്റ് പറയുന്നത്.
ഭാരം കുറയുന്ന നമ്പറിലല്ല കാര്യം
മറ്റൊന്ന് വണ്ണംകുറയ്ക്കൽ ആരോഗ്യകരമായിരിക്കണം എന്നതാണ്. മിക്കവരും എങ്ങനെയെങ്കിലും കുറച്ചുവണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുന്നവരാണ്. എന്നാൽ വണ്ണം എത്രകുറയുന്നു എന്നതിനേക്കാൾ അത് ആരോഗ്യകരമാണോ എന്നതാണ് പ്രഝാനമെന്ന് റുജുത പറയുന്നു. വണ്ണംകുറയുന്നതിന്റെ നമ്പർമാത്രം ലക്ഷ്യംവെച്ചല്ല മുന്നോട്ടുപോകേണ്ടത്. ശരീരഭാരം കുറയുന്നതിനൊപ്പം ഉറക്കവും വിശപ്പും സന്തോഷവുമൊക്കെ കുറയുകയാണെങ്കിൽ അത് ആരോഗ്യകരമല്ല. ആരോഗ്യം കൈവിടാതെ ശരീരഭാരം കുറയ്ക്കുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നു പറയുകയാണ് റുജുത.
ജീവിതശൈലി പ്രധാനം
ലളിതവും സുസ്ഥിരവുമായ ജീവിതശൈലി സ്വീകരിക്കണമെന്നതാണ് മൂന്നാമത്തെ മാറ്റമായി റുജുത പറയുന്നത്. പെട്ടെന്നുവണ്ണം കുറയ്ക്കാനായുള്ള ഉത്പന്നങ്ങളിലും ഗുളികകളിലും ആപ്പുകളിലുമൊക്കെ വീഴുകയോ അത്തരം ഡയറ്റുകൾ ശീലമാക്കുകയോ ചെയ്യരുത്. അതിനുപകരം പുറത്തുനിന്നുള്ള ഭക്ഷണം കുറച്ച് വീട്ടിലെ ഭക്ഷണമാക്കുക, ആഹാരം അമിതമാകാതിരിക്കുക, മതിയായ ഉറക്കം ഉറപ്പുവരുത്തുക, വ്യായാമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുക എന്നിവയിലൂടെ ആരോഗ്യകരമായി വണ്ണംകുറയ്ക്കാനാവുമെന്ന് റുജുത വ്യക്തമാക്കുന്നു.
വണ്ണം കുറയ്ക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട മറ്റുചിലകാര്യങ്ങൾ
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യായാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം, എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
- ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
- ടി.വിയോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
Content Highlights: Nutritionist Rujuta Diwekar shares Weight Loss Tips
Published: 17 Oct 2023, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented