മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന പ്രത്യേകതരം രക്താർബുദമാണ് ഹോജ്കിൻസ് ലിംഫോമ. വെളുത്ത രക്താണുക്കളുടെ അസാധാരണമായ വർധനയ്ക്ക് ഈ രോഗാവസ്ഥ കാരണമാകും, അത് ലിംഫ് നോഡുകളുടെ വീക്കത്തിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില മുഴകൾ ഉണ്ടാകാനും കാരണമാകും. ഈ രോഗം വളരെ അപൂർവവും ഗുരുതരവുമാണെങ്കിലും നേരത്തെ കണ്ടെത്തി ശരിയായ രീതിയിലുള്ള ചികിത്സ നടത്തിയാൽ വിജയകരമായി രോഗത്തെ നേരിടാൻ സാധിക്കും.

To advertise here,

കണക്കുകളും രോഗം ഉണ്ടാക്കുന്ന ഘടകങ്ങളും
2020ൽ, ഇന്ത്യയിൽ പുതുതായി കണ്ടെത്തിയ ഹോജ്കിൻസ് ലിംഫോമ രോഗികളുടെ എണ്ണം 11,230 ആയിരുന്നു. ഈ രോഗം 20 - 39 വയസിനിടയിലുള്ളവരോ അല്ലെങ്കിൽ 65 വയസിനു മുകളിലുള്ളവരോ ആയ പുരുഷന്മാരിലാരിലാണ് കൂടുതലായും കണ്ടുവരുന്നത്. ജനിതക ഘടകവും ഇതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. എപ്സ്റ്റീൻബാർ (Epstein-Barr), എച്ച്‌ഐവി/എയ്ഡ്‌സ് തുടങ്ങിയ ചില വൈറൽ അണുബാധകൾ ഈ രോഗത്തിന്റെ അപകടാവസ്ഥ വർധിപ്പിക്കും.

രോഗാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ
ഹോജ്കിൻസ് ലിംഫോമയുടെ ആദ്യ ലക്ഷണങ്ങൾ അവ്യക്തമാണെങ്കിലും കഴുത്ത്, കക്ഷം, നാഭി തുടങ്ങിയ ഭാഗങ്ങളിൽ വേദനയില്ലാത്ത വലിയ ലിംഫ് നോഡുകൾ പ്രത്യക്ഷപ്പെടും. തുടർച്ചയായ ക്ഷീണം, നേരിയ തോതിൽ പനി, രാത്രിയിൽ അമിതമായ വിയർപ്പ് എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഈ ലക്ഷണങ്ങൾ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണെന്ന് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയുണ്ടെങ്കിലും, കൃത്യവും സമയബന്ധിതവുമായ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

രോഗനിർണയ നടപടിക്രമങ്ങളും രോഗം വിലയിരുത്തലും
ഹോജ്കിൻസ് ലിംഫോമ രോഗനിർണയത്തിന്റെ ആദ്യ ഘട്ടമെന്നത് വീർത്ത ലിംഫ്‌നോഡുകൾ കേന്ദ്രീകരിച്ചുള്ള ശാരീരിക പരിശോധനയാണ്. ഇതിന് പിന്നാലെ രക്തപരിശോധനയും നടത്തും. ഇത് ഒരാളുടെ ആരോഗ്യത്തെക്കുറിച്ചുള്ള സമഗ്ര വിശകലനവും ഹോജ്കിൻസ് ലിംഫോമ രോഗസാധ്യതയെക്കുറിച്ചുള്ള സൂചനയും നൽകിയേക്കാം. രോഗം ഉണ്ടെന്ന് ഉറപ്പിക്കുന്നതിനായി സിടി ഇമേജിംഗ്, പെറ്റ് സ്‌കാനിംഗ്, ബയോപ്‌സി തുടങ്ങിയവും നടത്തുന്നു. ഒരിക്കൽ രോഗനിർണയം നടത്തിക്കഴിഞ്ഞാൽ ഡോക്ടർമാർ രോഗത്തെ അതിന്റെ തീവ്രത അനുസരിച്ച് സ്‌റ്റേജ് ഒന്ന് മുതൽ നാല് വരെയുള്ള ഘട്ടമായി തരംതിരിക്കും. പിന്നീട് ഇതിന് അനുസരിച്ചായിരിക്കും ചികിത്സ നിശ്ചയിക്കുന്നത്.

ചികിത്സാമാർഗങ്ങൾ

  • ഹോജ്കിൻസ് ലിംഫോമയ്ക്ക് വിവിധ തരത്തിലുള്ള ചികിത്സാ രീതികൾ ലഭ്യമാണ്-  
  • കീമോതെറാപ്പി: കാൻസർ കോശങ്ങളെ ഉന്മൂലനം ചെയ്യാൻ രൂപകൽപന ചെയ്തിരിക്കുന്ന മരുന്നുകൾ സിംഗിൾ ഡോസ് അല്ലെങ്കിൽ മരുന്നുകളുടെ സംയോജിപ്പിച്ച ഡോസ് ആയി ഞരമ്പിലൂടെ നൽകുന്നു.
  • റേഡിയേഷൻ തെറാപ്പി: കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഉയർന്ന ഊർജത്തിലുള്ള രശ്മികൾ ഉപയോഗിക്കുന്നു.
  • ബയോളജിക്കൽ തെറാപ്പി: ചെക്ക് പോയിന്റ് ഇർഹിബിറ്ററുകൾ ഉപയോഗിച്ച് പ്രതിരോധശേഷി വർധിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതി.
  • ടാർഗറ്റഡ് തെറാപ്പി: ഉന്മൂലനം ചെയ്യേണ്ട പ്രത്യേക കാൻസർ കോശങ്ങളെ ലക്ഷ്യം വച്ചുള്ള ചികിത്സ.
  • മജ്ജ മാറ്റിവയ്ക്കൽ: രോഗിയിൽ നിന്നോ ദാതാവിൽ നിന്നോ ഉള്ള സ്‌റ്റെം സെല്ലുകൾ ഉപയോഗിച്ച് രോഗബാധിതമായ മജ്ജയ്ക്ക് പകരം ആരോഗ്യകരമായ സ്‌റ്റെം സെല്ലുകൾ പകരം വയ്ക്കുന്നു. അതുവഴി രക്തത്തെയും രോഗപ്രതിരോധ സംവിധാനത്തേയും പുനരുജ്ജീവിപ്പിക്കുന്നു.
placeholder
ഡോ. അജു മാത്യു

രോഗികൾക്കുള്ള ജീവിതശൈലി
ഹോജ്കിൻസ് ലിംഫോമ രോഗികൾക്ക്, ജീവിതശൈലിയിലുള്ള ചില മാറ്റങ്ങൾ രോഗാവസ്ഥയിൽ ഏറെ മാറ്റം വരുത്തും. ഭക്ഷണരീതിയും രോഗവും തമ്മിൽ നേരിട്ട് യാതൊരു ബന്ധവുമില്ലെങ്കിലും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഹോജ്കിൻസ് ലിംഫോമ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. രോഗം നേരത്തെ കണ്ടെത്തി സമയോചിതമായി ചികിത്സ നൽകിയാൽ രോഗം ഭേദമാക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. അജു മാത്യു
കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ്
എറണാകുളം മെഡിക്കൽ സെന്റർ, കൊച്ചി