
ഏകലവ്യന്റെ പെരുവിരല്‍ ദ്രോണര്‍ ചോദിച്ചുവാങ്ങുകയായിരുന്നു, ഗുരുദക്ഷിണയായി. എന്നാല്‍, രാം കാര്‍ത്തിക് എന്ന യുവാവ് മനസ്സറിഞ്ഞുനല്‍കുകയാണ് അപൂര്‍വമായ ഒരു ഗുരുദക്ഷിണ. സ്വന്തം കരളിന്റെ പകുതി. അതും തന്നെ പഠിപ്പിച്ചിട്ടില്ലാത്ത, എന്നാല്‍ മറ്റനേകം പേര്‍ക്ക് പ്രിയപ്പെട്ട ഒരു ഗുരുവിന്.
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിലെ കുട്ടികളുടെ സ്വന്തമായിരുന്നു കലാതത്പരനായ കെ.പി. അച്യുതനെന്ന വിനയന്‍ സാര്‍. കഴിഞ്ഞവര്‍ഷം അവധിക്കാല നാടകക്യാമ്പുകള്‍ക്കായി ഗള്‍ഫ് പര്യടനം നടത്തി മടങ്ങിവന്നപ്പോള്‍ അദ്ദേഹത്തിന്റെ കാലില്‍ നീരുനിറഞ്ഞിരുന്നു. വൈകാതെ ബോധം മറഞ്ഞു. ലഹരി ഉപയോഗിക്കാത്ത ആളായിട്ടും കരള്‍ ഇനി നാലിലൊന്നുപോലും ശേഷിക്കുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ജീവന്‍ നിലനിര്‍ത്താന്‍ ഒരുവര്‍ഷത്തിനുള്ളില്‍ കരള്‍ മാറ്റിവെക്കണം.
പ്രിയ ഗുരുവിന് കൈത്താങ്ങാകാന്‍ അന്‍പതോളം ഡോക്ടര്‍മാരടങ്ങുന്ന ശിഷ്യസമൂഹം ഉറച്ചു. 'ഗുരുദക്ഷിണ' എന്ന പുതിയ കൂട്ടായ്മ പിറന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാല്‍വിന്‍ കെ. അഗസ്റ്റിന്‍, മാനേജര്‍ ഡോ. സ്റ്റീഫന്‍ സി. തടം എന്നിവരുടെ അനുഗ്രഹം നേടി. വിനയന്‍ സാര്‍ സ്‌കൂളില്‍ ഹിന്ദി അധ്യാപകനായെത്തിയ 1992 മുതലുള്ള ബാച്ചുകള്‍ സ്‌നേഹക്കൂട്ടായ്മകളായി. പീരുമേട് ബ്ലോക്ക് വ്യവസായ ഓഫീസര്‍ പ്രഭു ടി. സയന കോ-ഓര്‍ഡിനേറ്ററുടെ ചുമതല ഏറ്റെടുത്തു. ഫെയ്‌സ്ബുക്കിലും വാട്സാപ്പിലും വിവരങ്ങള്‍ കൈമാറി. പ്രഭാഷകന്‍ ജോസഫ് അന്നംകുട്ടി ജോസും സംഗീതസംവിധായകന്‍ സൂരജ് എസ്. കുറുപ്പും വീഡിയോ സന്ദേശങ്ങള്‍ നല്‍കി. അത് വൈറലായി. ധനശേഖരണം വേഗത്തിലായി. എന്നാല്‍, അരക്കോടി സമാഹരിച്ചിട്ടും അവയവദാതാവിനെ കണ്ടെത്താനായില്ല.
ഈ കൂട്ടായ്മയുടെ അര്‍പ്പണബോധത്തില്‍ മനസ്സുനിറഞ്ഞാണ് കരള്‍ നല്‍കാന്‍ രാം കാര്‍ത്തിക് എത്തുന്നത്. പനജി ഡോണ്‍ ബോസ്‌കോ കോളേജില്‍ സോഷ്യല്‍ സയന്‍സ് ബിരുദവിദ്യാര്‍ഥിയാണ് രാം കാര്‍ത്തിക്. നവമാധ്യമങ്ങളില്‍നിന്നാണ് ഗുരുവിനുവേണ്ടി ഇത്രയും ശിഷ്യര്‍ അണിനിരന്നതറിയുന്നത്. എറണാകുളം പനങ്ങാട് രാംലക്ഷ്മി ഭവനില്‍ താമസിക്കുന്ന അമ്മ ശശികലയും മകന്റെ ആഗ്രഹത്തിന്റെ കൂടെനിന്നു.
ഒക്ടോബര്‍ 15-നായിരുന്നു കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ. ഡോ. എസ്. സുധീന്ദ്രന്റെ നേതൃത്വത്തില്‍ കൊച്ചി അമൃത ആശുപത്രിയില്‍. ശിഷ്യരുടെ മനസ്സുകുളിര്‍പ്പിച്ച് വിനയന്‍ സാര്‍ ഇപ്പോള്‍ സുഖപ്പെട്ടുതുടങ്ങി. ജൂണില്‍ ഇനി ഒരു പരിശോധനകൂടിയുണ്ട് രണ്ടുപേര്‍ക്കും.
പൊന്‍കുന്നം കോട്ടപ്പുറം വീട്ടിലാണ് വിനയന്‍ മാഷ് ഇപ്പോള്‍. കോട്ടയം ചെങ്ങളം സെയ്ന്റ് ആന്റണീസ് സ്‌കൂള്‍ അധ്യാപികയായ ഭാര്യ ഷേര്‍ളിയും എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ധീരജും കൂടെയുണ്ട്. ജീവിതത്തിന് ഒരു അര്‍ഥം കൈവന്ന സംതൃപ്തിയോടെ ഗോവയില്‍ പഠനം തുടരുന്ന തിരക്കിലാണ് കാര്‍ത്തിക്.
Content Highlights: Liver Donation to unknown Teacher by a student, Health, Organ Donation
Published: 20 Apr 2020, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented