വേനൽമഴയ്ക്കൊപ്പമെത്തുന്ന ഇടിമിന്നലിനെ കരുതലോടെ നേരിടണം. മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവഹാനിക്കും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുതചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും നാശത്തിനും ഇടിമിന്നൽ കാരണമാകും.
കാർമേഘം കണ്ടുതുടങ്ങുന്ന സമയംമുതൽതന്നെ മുൻകരുതലെടുക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇക്കാര്യത്തിൽ ഉപേക്ഷ പാടില്ല. ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്രകാലാവസ്ഥാവകുപ്പ് തയ്യാറാക്കിയിട്ടുള്ള 'ദാമിനി (damini)' മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം.
ഇടിമിന്നലേറ്റാൽ
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോവരെ ചെയ്യാം. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹമില്ല. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നലേറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. ഉടൻ വൈദ്യസഹായം നൽകണം.
ഇവ ശ്രദ്ധിക്കുക
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്തുനിൽക്കാതെയിരിക്കുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഉപയോഗിക്കുന്നത് അത്ര അപകടകരമല്ല.
- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്കുചെയ്യരുത്.
- ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്തുതന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്, ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നത് എന്നിവ ഒഴിവാക്കുക.
- ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.
- വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽരക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
Content Highlights: Lightning Safety: Essential Tips to Protect Your Home and Life
Published: 24 Apr 2026, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented