"കുഷ്ഠരോഗികൾക്കായി ഒരു സമ്മാനം എനിക്ക് നൽകാൻ കഴിയുമായിരുന്നെങ്കിൽ അത് 'വേദന' എന്ന സമ്മാനമായിരിക്കും" എന്ന് ലോകപ്രശസ്ത ശസ്ത്രക്രിയ വിദഗ്ധനായിരുന്ന ഡോ. പോൾ ബ്രാൻഡ് തന്റെ 'The Gift of Pain' എന്ന പുസ്തകത്തിലൂടെ പറയുന്നുണ്ട്. ആശുപത്രി വാർഡിൽ ഉറങ്ങിക്കിടക്കുന്ന രോഗിയുടെ കാൽവിരലുകൾ എലികൾ കരണ്ട് തിന്നുകൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ച അദ്ദേഹം ഒരിക്കൽ കാണുകയുണ്ടായി. രക്തം വാർന്നൊലിച്ചിട്ടും അവരത് അറിയുന്നത് പോലുമുണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തെ വല്ലാതെ ആശ്ചര്യപ്പെടുത്തി. കുഷ്ഠരോഗം നേരിട്ട് അവയവങ്ങളെ നശിപ്പിക്കുകയല്ല, മറിച്ച് വേദനയെന്ന സംരക്ഷണകവചത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്ന നിരീക്ഷണം അങ്ങനെയാണ് ലോകമറിയുന്നത്.
കുഷ്ഠരോഗികളെ ദുശ്ശകുനമായും മുജ്ജന്മപാപമായും അവജ്ഞയോടെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു ചരിത്രത്തിൽ. വികൃതമായ മുഖങ്ങളും മുറിഞ്ഞുപോയ വിരലുകളുമുള്ള ഭീതിയുളവാക്കുന്ന രോഗ'വാഹകരായി' സമൂഹം അവരെ മുദ്രകുത്തിയിരുന്നു. എന്നാൽ ഇന്ന് ശാസ്ത്രാവബോധം വളർന്നതോടുകൂടി, കുഷ്ഠരോഗത്തെ പിടിച്ചുകെട്ടാനും നിയന്ത്രിക്കാനും ഒരുപരിധി വരെ നമുക്ക് സാധിച്ചിട്ടുണ്ട്.
2005 ഡിസംബറോടെ രാജ്യത്ത് കുഷ്ഠരോഗം നിവാരണം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ നിന്ന് കുഷ്ഠരോഗം മുഴുവനായും തുടച്ചുനീക്കിക്കഴിഞ്ഞു എന്ന് ഇന്നും പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. രോഗികളുടെ എണ്ണം പതിനായിരത്തിൽ, ഒന്നിൽത്താഴെ മാത്രമാകുമ്പോഴാണ് ഒരു രോഗം നിവാരണം ചെയ്തതായി പ്രഖ്യാപിക്കുന്നത്. നിലവിൽ കേരളത്തിൽ കുറച്ചു വർഷങ്ങളായി വലിയ മാറ്റങ്ങളില്ലാതെ, പതിനായിരത്തിൽ 0.11 എന്ന നിരക്കിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അത് പൂജ്യത്തിലേക്ക് എത്തിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഇന്നും കുട്ടികളിൽ രോഗം കണ്ടെത്തിക്കൊണ്ടിരിക്കുന്നു എന്നത്, കൂടുതൽ മുതിർന്നവരിൽ രോഗം മറഞ്ഞിരിക്കുന്നതിന്‍റെ സൂചനകളായാണ് ശാസ്ത്രീയമായി കണക്കാക്കപ്പെടുന്നത്.
മൈക്കോബാക്ടീരിയം ലെപ്രേ എന്ന ബാക്റ്റീരിയയാണ് ഈ രോഗത്തിന് കാരണക്കാരൻ. ഈ രോഗമുള്ള വ്യക്തി ചുമച്ചാലോ തുമ്മിയാലോ ഉണ്ടാവുന്ന സ്രവങ്ങളിലൂടെയാണ് രോഗം പകരാറുള്ളത്. ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം മൂന്ന് മുതൽ അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങാറുള്ളത്. ഇത്ര ദൈർഘ്യമുള്ളത് കൊണ്ട് തന്നെ അനാവശ്യമായ ഒരു നിസ്സാരവൽക്കരണവും പലപ്പോഴും ഈ രോഗത്തിന്റെ കൂടെപ്പിറപ്പാണ്.
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചു എന്നതുകൊണ്ട് കുഷ്ഠരോഗം ഉണ്ടാവണമെന്നില്ല. പ്രതിരോധശേഷി കൂടുതലുള്ളവർക്ക് ട്യൂബർക്കുലോയ്ഡ് (tuberculoid) ഇനം രോഗമാണ് ഉണ്ടാവുക, ഇവരുടെ ശരീരത്തിൽ അണുക്കൾ താരതമ്യേന കുറവായിരിക്കും (paucibacillary). മാത്രമല്ല, മറ്റുള്ളവർക്ക് ഇവരിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയും കുറവാണ്. പ്രതിരോധശേഷി കുറവുള്ളവരിൽ (lepromatous) രോഗാണു രക്തത്തിലൂടെ ശരീരമാസകലം പടർന്ന് (multibacillary) ഒരുപാട് നാഡികൾക്ക് തടിപ്പുണ്ടാക്കുകയും, തൊലിപ്പുറത്ത് നിരവധി പാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.
തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന നിറം മങ്ങിയതും സ്പർശനശേഷിക്കുറവുള്ളതുമായ പാടുകളും, നാഡികളുടെ വീക്കവും തടിപ്പും, പേശികളുടെ ബലക്കുറവും, അംഗവൈകല്യവുമെല്ലാമാണ് രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളെ കൃത്യമായി തിരിച്ചറിയാൻ കഴിയാത്തതും, വാതമാണെന്ന് തെറ്റിദ്ധരിച്ച് അതിനുള്ള ആയുർവേദ ചികിത്സ നേടുന്നതും, ഫംഗൽ അണുബാധയുമാകുമെന്ന് കരുതി മെഡിക്കൽ ഷോപ്പുകളിൽ പോയി ഓയിൻമെന്റുകൾ വാങ്ങി പുരട്ടുന്നതുമെല്ലാം ഇന്ന് സർവ്വസാധാരണമാണ്. ഇത്തരം തെറ്റിദ്ധാരണകളുള്ളതുകൊണ്ട് തന്നെ, നേരത്തെ ചികിത്സ ആരംഭിക്കുന്നതിനും അതിലൂടെ അംഗവൈകല്യമടക്കമുള്ള പ്രത്യാഘാതങ്ങൾ തടയുന്നതിനും ഇന്നും അനല്പമായ പ്രയാസങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നു.
കുഷ്ഠരോഗം നേരത്തെ തിരിച്ചറിയുന്നതിലെ പ്രധാന വെല്ലുവിളിയും എന്നാൽ അതിനെക്കുറിച്ച് അറിയുന്നവർക്കുള്ള വലിയ മുന്നറിയിപ്പും ആ തൊലിപ്പുറത്തെ പാടുകൾക്ക് വേദനയില്ല എന്നതാണ്. ചർമ്മത്തിലെ ഏത് നിറം മാറ്റവും പ്രത്യേകിച്ച് സ്പർശനശേഷി കുറവാണെങ്കിൽ, അത് കുഷ്ഠരോഗമല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. സർക്കാർ ആശുപത്രികളിൽ അതിനുള്ള സൗകര്യം ലഭ്യമാണ്.
നിശ്ചിത കാലയളവിലുള്ള തുടർച്ചയായ ചികിത്സയിലൂടെ കുഷ്ഠരോഗം പൂർണ്ണമായും ഭേദമാക്കാവുന്നതാണ്. തുടക്കകാലത്ത് തന്നെ രോഗം കണ്ടെത്തി 6 മുതൽ 12 മാസം വരെയുള്ള ഗുളികകളിലൂടെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കും. രോഗപ്രതിരോധത്തിനായുള്ള ഗുളികകളും വാക്സിനും ഇന്ന് പ്രചാരത്തിലുണ്ട്. 'പാടുകൾ നോക്കാം, ആരോഗ്യം കാക്കാം' എന്ന സന്ദേശവുമായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'അശ്വമേധം' ക്യാമ്പയിൻ കുഷ്ഠരോഗ നിർമ്മാർജ്ജന യജ്ഞത്തിൽ നിസ്തുലമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. സർക്കാർതലത്തിലുള്ള വ്യത്യസ്ത ചികിത്സാ ബോധവൽക്കരണ പ്രവർത്തനങ്ങളും സക്രിയമായി നടക്കുന്നു.
രോഗാണുവിനേക്കാൾ ഭീതിതമായി പടർന്നുകൊണ്ടിരിക്കുന്ന രോഗികളോടുള്ള വിവേചനവും എല്ലാക്കാലത്തും ഒരു വലിയ വെല്ലുവിളിയാണ്. എന്നാൽ, ശാസ്ത്രീയമായി പറഞ്ഞാൽ ചികിത്സയെടുക്കുന്ന രോഗിയേക്കാൾ സുരക്ഷിതനായി മറ്റാരുമില്ല. കുഷ്ഠരോഗികളെ പരിചരിക്കുന്നതിലും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിലും സ്തുത്യർഹമായ സേവനം നിർവഹിച്ച നമ്മുടെ രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി, ഇന്ത്യയിൽ എല്ലാവർഷവും അദ്ദേഹത്തിന്റെ ചരമദിനമായ ജനുവരി 30 - ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജ ദിനമായി ആചരിച്ചു വരുന്നു. മരവിച്ച വേദനകളെ കരുതൽ കൊണ്ട് പുനരുജ്ജീവിപ്പിക്കാം; കുഷ്ഠരോഗ പ്രതിരോധത്തിൽ നമുക്കും പങ്കാളികളാകാം.
(മംഗലാപുരം യേനപൊയ മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ട്യൂട്ടറാണ് ലേഖകൻ)
Content Highlights: Learn about leprosy causes, symptoms like loss of sensation, and India`s progress in eradication.
Published: 30 Jan 2026, 11:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented