മനുഷ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടതും രോഗബാധിതർ ക്രൂരമായ വിവേചനങ്ങൾ നേരിട്ടതുമായ ഒരു രോഗമാണ് കുഷ്ഠരോഗം അഥവാ ലെപ്രസി. ഈ രോഗം പുരാതന കാലം മുതൽക്കേ ശാപമായും പാപത്തിന്റെ ഫലമായും കരുതപ്പെട്ടിരുന്നു. കുഷ്ഠരോഗ ബാധിതരെ അവരുടെ വാസസ്ഥലത്തിനു പുറത്തേക്ക് നാടുകടത്തിയിരുന്ന ഇരുണ്ട കാലഘട്ടം നമുക്കുണ്ടായിരുന്നു.

To advertise here,

എന്നാൽ ഈ സാമൂഹിക ഭീതിയെയും അന്ധവിശ്വാസങ്ങളെയും സ്നേഹം കൊണ്ടും ശാസ്ത്രബോധം കൊണ്ടും നേരിട്ട മഹത് വ്യക്തികളുടെ പോരാട്ടങ്ങൾ ചരിത്രത്തിന് പുതിയ ദിശാബോധം നൽകി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി കുഷ്ഠരോഗ ബാധിതനെ സ്വന്തം കൈകൾ കൊണ്ട് പരിചരിച്ചത് രോഗികളോടുള്ള സാമൂഹിക അവഗണനക്കെതിരെ വലിയ സന്ദേശമാണ് സമൂഹത്തിന് നൽകിയത്.

ഹവായിയിലെ മൊലോക്കായ് ദ്വീപിൽ രോഗികകളുടെ പരിചരണത്തിനായി ജീവിതം സമർപ്പിക്കുകയും ഒടുവിൽ അതേ രോഗം ബാധിച്ച് മരിക്കുകയും ചെയ്ത ഫാദർ ഡാമിയനും, ഇന്ത്യയിൽ 'ആനന്ദ്‌വൻ' എന്ന പ്രസ്ഥാനത്തിലൂടെ രോഗികൾക്ക് ആത്മാഭിമാനം നൽകിയ ബാബ ആംതെയും കുഷ്ഠരോഗ ചികിത്സയുടെ ചരിത്രത്തിലെ ഉജ്ജ്വല നക്ഷത്രങ്ങളാണ്.

വൈദ്യശാസ്ത്രപരമായി നോക്കിയാൽ, കുഷ്ഠരോഗം എന്നത് മൈക്കോബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയ പടർത്തുന്ന തികച്ചും സാധാരണമായ ഒരു രോഗം മാത്രമാണ്. പലരും ഭയപ്പെടുന്നത് പോലെ ഇതൊരു ജനിതക രോഗമോ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നോ അല്ല. ലോകജനസംഖ്യയിലെ 95 ശതമാനം ആളുകൾക്കും ഈ രോഗാണുവിനെ ചെറുക്കാനുള്ള സ്വാഭാവിക പ്രതിരോധശേഷിയുണ്ട്. രോഗിയുമായി ദീർഘകാലം വളരെ അടുത്ത് സമ്പർക്കം പുലർത്തുന്നവർക്ക് മാത്രമേ വായുവിലൂടെ ഇത് പകരാൻ സാധ്യതയുള്ളൂ. ചർമ്മത്തിൽ കാണപ്പെടുന്ന സ്പർശനശേഷി കുറഞ്ഞ, നിറം മങ്ങിയ പാടുകൾ, കൈകാലുകളിലെ മരവിപ്പ്, പേശികളുടെ ബലക്കുറവ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. നേരത്തെ കണ്ടെത്തിയാൽ യാതൊരു വൈകല്യങ്ങളുമില്ലാതെ ഇത് മാറ്റിയെടുക്കാം. വ്യക്തിശുചിത്വവും മികച്ച പോഷകാഹാരവും അടങ്ങുന്ന ജീവിതശൈലി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

ദേശീയ തലത്തിൽ കുഷ്ഠരോഗ നിർമ്മാർജ്ജനത്തിൽ രാജ്യം ഇന്ന് നിർണ്ണായക ഘട്ടത്തിലാണ്. 2024-25 കാലയളവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ രോഗവ്യാപന നിരക്ക് പതിനായിരം പേരിൽ 0.57 ആയി കുറഞ്ഞു. കേരളത്തിലാകട്ടെ ഇത് 0.11 എന്ന വികസിത രാജ്യങ്ങൾക്ക് സമാനമായ മികച്ച നിലയിലാണ്.

2027-ഓടെ കുഷ്ഠരോഗ വ്യാപനം പൂർണ്ണമായി തടയാൻ രാജ്യം ലക്ഷ്യമിടുമ്പോൾ, കേരളം സമ്പൂർണ്ണ കുഷ്ഠരോഗ മുക്തി കൈവരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി രോഗം നേരത്തെ കണ്ടെത്തുകയും സമയബന്ധിതമായ ചികിത്സ നൽകുകയും ചെയ്യുന്ന തീവ്ര ദൗത്യത്തിലാണ്. ആരോഗ്യ വകുപ്പിന്റെ 'അശ്വമേധം' പോലുള്ള സ്ക്രീനിംഗ് ക്യാമ്പുകൾ രോഗികളെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്നുണ്ട്.

എല്ലാ വർഷവും ജനുവരി മാസത്തിലെ അവസാന ഞായറാഴ്ച ലോക കുഷ്ഠരോഗ ദിനം (World Leprosy Day) ആചരിക്കുന്നു. 2026-ൽ ഇത് ജനുവരി 25-നാണ്. ഇന്ത്യയിൽ, മഹാത്മാഗാന്ധിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ജനുവരി 30-നാണ് ഈ ദിനം ആചരിക്കുന്നത്. Leprosy is curable, the real challenge is stigma എന്ന ഈ വർഷത്തെ പ്രമേയം ഏറെ ചിന്തിപ്പിക്കുന്നതാണ്. രോഗത്തേക്കാൾ ഉപരിയായി രോഗിയെ തളർത്തുന്നത് സമൂഹത്തിന്റെ ക്രൂരമായ വിവേചനങ്ങളാണ്. ഈ സാമൂഹിക മുദ്രകുത്തൽ കാരണം ആളുകൾക്ക് ജോലി നഷ്ടപ്പെടുന്നു, വീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്നു, കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. പലരും ലക്ഷണങ്ങൾ ഒളിച്ചുവെക്കുന്നത് ഈ വിവേചനം ഭയന്നാണ്. അറിവില്ലായ്മയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ പേടി ചികിത്സ തേടാതെ രോഗം സങ്കീർണ്ണമാകാനും കൂടുതൽ ആളുകളിലേക്ക് ക്രമേണ പടരാനും കാരണമാകുന്നു. ശാസ്ത്രീയമായ ചികിത്സയിലൂടെ രോഗമുക്തി നേടിയ ഒരാൾക്ക് മറ്റേതൊരു വ്യക്തിയെയും പോലെ സാധാരണ ജീവിതം നയിക്കാൻ സാധിക്കും.

കുഷ്ഠരോഗം എന്നത് ലളിതമായ ആന്റിബയോട്ടിക് ചികിത്സയിലൂടെ (MDT - Multi Drug Therapy) സമ്പൂർണ്ണമായി ഭേദമാക്കാവുന്നതാണ്.

റിഫാംപിസിൻ, ഡാപ്‌സോൺ, ക്ലോഫാസിമിൻ തുടങ്ങിയ മരുന്നുകൾ ഉൾപ്പെട്ടതാണ് ഈ ചികിത്സാ രീതി. രോഗത്തിന്റെ തീവ്രതയനുസരിച്ച് പൗസിബാസിലറി (PB), മൾട്ടിബാസിലറി (MB) എന്നിങ്ങനെ തിരിച്ചാണ് മരുന്നുകൾ നൽകുന്നത്.

സാധാരണയായി 12മാസം വരെയാണ് ചികിത്സാ കാലാവധി. മരുന്ന് ആരംഭിക്കുന്നതോടെ തന്നെ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഇല്ലാതാകുന്നു. ഡോക്ടർ നിർദ്ദേശിക്കുന്ന കാലാവധി വരെ കൃത്യമായി മരുന്ന് കഴിക്കേണ്ടത് രോഗം വീണ്ടും വരാതിരിക്കാൻ അത്യാവശ്യമാണ്. എല്ലാ സർക്കാർ ആശുപത്രികളിലും ഈ ചികിത്സ തികച്ചും സൗജന്യമാണ്. കൂടാതെ, രോഗം വൈകി കണ്ടെത്തിയത് മൂലം വൈകല്യങ്ങൾ സംഭവിച്ചവർക്കായി റീകൺസ്ട്രക്റ്റീവ് സർജറി പോലുള്ള ആധുനിക സൗകര്യങ്ങളും ഗവൺമെന്റ് തലത്തിൽ ലഭ്യമാണ്.

പഴയകാലത്തെ അന്ധവിശ്വാസങ്ങളെ കൈവിട്ട് ശാസ്ത്രീയമായ അറിവും കരുതലുമാണ് ഈ രോഗത്തെ പരാജയപ്പെടുത്താൻ നമുക്കാവശ്യം. ഗാന്ധിജിയെയും ഫാദർ ഡാമിയനെയും പോലുള്ളവരുടെ പാത പിന്തുടർന്ന്, രോഗബാധിതരെ മാറ്റിനിർത്താതെ ചേർത്തുപിടിക്കുകയും അവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ കുഷ്ഠരോഗമില്ലാത്ത ഒരു ലോകം നമുക്ക് സാധ്യമാകൂ.

കൊച്ചി അമൃത ഹോസ്പിറ്റലിൽ ഡെർമറ്റോളജി വിഭാഗം പ്രൊഫസറാണ് ലേഖിക.