അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണം. കൈയിൽ കിട്ടുന്ന ചെറിയ സംഗതികളെന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന പ്രായമാണിത്. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലും. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. പൂർണമായി അടഞ്ഞാൽ ജീവൻ പോകാം.

To advertise here,

ലക്ഷണങ്ങൾ
ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാതിരിക്കൽ, ശരീരത്തിൽ നീലനിറം, പേടിച്ച മുഖഭാവം, തൊണ്ടയിൽ മുറുകെ പിടിക്കൽ എന്നിവ എന്തെങ്കിലും വിഴുങ്ങിയതിന്റെ ലക്ഷണമാവാം.

ശ്രദ്ധിക്കുക
കപ്പലണ്ടി, കശുവണ്ടി, ബദാം പോലുള്ളവ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൊടിച്ചു കൊടുക്കുക. അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഇവ ശ്വാസനാളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ

  • എന്തെങ്കിലും വിഴുങ്ങിയെന്ന് തോന്നുകയും കുട്ടിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.
  • മടിയിൽ കമിഴ്ത്തിക്കിടത്തി വേണം കുട്ടിയെ കൊണ്ടുപോകാൻ.

ചെയ്യാൻ പാടില്ലാത്തത്: ഒരു കാരണവശാലും ഇരുത്തുകയോ മലർത്തിക്കിടത്തുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ വിഴുങ്ങിയ സാധനം ഇറങ്ങി ശ്വാസനാളം അടയാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കുക
കപ്പലണ്ടി, കശുവണ്ടി, ബദാം പോലുള്ളവ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൊടിച്ചു കൊടുക്കുക. അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഇവ ശ്വാസനാളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്.

അപകടകാരികൾ
ബട്ടൺ ബാറ്ററി:
ബട്ടൺ ബാറ്ററിയുള്ള കളിപ്പാട്ടം പൊട്ടുകയോ മറ്റോ ചെയ്താൽ ശ്രദ്ധിക്കുക. കുഞ്ഞുങ്ങൾ ബാറ്ററി വിഴുങ്ങാൻ സാധ്യതയുണ്ട്. വയറ്റിലെത്തിയാൽ ബാറ്ററിയിലെ രാസപദാർഥങ്ങൾ അപകടകരമായ അവസ്ഥയുണ്ടാക്കും.

കാന്തമുള്ള കളിപ്പാട്ടങ്ങൾ: ചെറിയ കാന്തമുള്ള കളിപ്പാട്ടങ്ങൾ വിഴുങ്ങുന്നതും അപകടകരം. രണ്ടെണ്ണം വിഴുങ്ങിയാൽ (രണ്ടു സമയത്താണെങ്കിൽ കൂടി) അപകടകരമാണ്. ഇവ ശരീരത്തിനുള്ളിൽ പരസ്പരം ഒട്ടിപ്പിടിച്ചിരുന്ന് ഇതിനിടയിലുള്ള ടിഷ്യുവിന് ദ്വാരം വീഴാനിടയുണ്ട്. ഇവ ഒട്ടിച്ചേർന്നാൽ ലാപ്രോസ്കോപ്പിയിലൂടെയോ വയർ തുറന്നുള്ള ശസ്ത്രക്രിയയിലൂടേയോ മാത്രമേ പുറത്തെടുക്കാനാകൂ.

നാണയം: ശ്വാസനാളത്തിലല്ലെങ്കിൽ അത്ര അപകടകാരിയല്ല നാണയം പോലുള്ളവ. തൊണ്ടയിൽനിന്ന് ആമാശയമെത്തുന്ന ഭാഗത്തിനിടയ്ക്ക് ചിലയിടങ്ങളിൽ നാണയം പോലുള്ളവ തങ്ങിനിൽക്കാവുന്ന ഇടങ്ങളുണ്ട്. വയറിലേക്കെത്തിയാൽ പ്രശ്നമില്ല, പിന്നെ മലത്തിലൂടെ പുറത്തുപോകും.

ശ്വാസനാളത്തിലേക്ക് ഇറങ്ങിയെന്നു തോന്നിയാൽ
ശക്തമായ ചുമ, ശ്വാസംമുട്ടൽ, ചലനമില്ലാതെ കിടക്കുക, ശരീരം നീലനിറമാവുക എന്നിവ വിഴുങ്ങിയ സാധനം ശ്വാസനാളത്തിലേക്ക് ഇറങ്ങിയതിന്റെ ലക്ഷണങ്ങൾ.

ചെയ്യേണ്ട കാര്യങ്ങൾ

1) ഒരു മുട്ടുകാലിൽ കുട്ടിയെ കമിഴ്ത്തി കിടത്തുക. തലഭാഗം അല്പം താഴെയായി പിടിക്കണം. പുറംഭാഗത്ത് കൈപ്പത്തിയുടെ കീഴ്ഭാഗം ഉപയോഗിച്ച്ശക്തമായി തട്ടുക.
2) കൈപ്പത്തി കുഞ്ഞിന്റെ നെഞ്ചിന്റെ ഭാഗത്തായിരിക്കണം. തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലുള്ള ഭാഗം കുഞ്ഞിന്റെ കഴുത്തിനെ താങ്ങുംവിധമാകണം.
3) തൊണ്ടയിൽ കുടുങ്ങിയ സാധനം പുറത്തു വന്നില്ലെങ്കിൽ, കുഞ്ഞിനെ മറ്റേ മുട്ടുകാലിൽ മലർത്തി കിടത്തണം. നെഞ്ചിന്റെ തൊട്ടുതാഴെയും പൊക്കിളിന് മുകളിലുമുള്ള വയറിന്റെ ഭാഗത്ത് മർദം കൊടുക്കുന്നതിനായി അമർത്തുക. മലർത്തി കിടത്തുമ്പോൾ വിഴുങ്ങിയ വസ്തു വായിലേക്ക് എത്തിയിട്ടുണ്ടോ എന്ന് ഓരോ തവണയും നോക്കണം.
4) വീണ്ടും കമിഴ്ത്തി കിടത്തി പഴയതുപോലെ പുറത്ത് തട്ടൽ ആവർത്തിക്കുക. വിഴുങ്ങിയ സാധനം അധികം താഴേക്ക് പോയിട്ടില്ലെങ്കിൽ പുറത്തുവരും. ഇതിനിടെ ആശുപത്രിയിൽ പോകാനുള്ള ഒരുക്കങ്ങൾ നടത്തണം.

ഇത് ചെയ്യരുത്
കുഞ്ഞിന്റെ വായിൽ വിരലിട്ട് വിഴുങ്ങിയ സാധനം സ്വയം എടുക്കാൻ ശ്രമിക്കരുത്. സൂക്ഷിച്ചില്ലെങ്കിൽ അത് താഴേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്.

തയ്യാറാക്കിയത്: ടി.ജെ. ശ്രീജിത്ത്

കടപ്പാട്: ഡോ. വി.ആർ. കിരൺ പീഡിയാട്രിക് സർജൻ, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി
ഡോ. ശ്രീജ ശിശുരോഗ വിദഗ്ധ, എറണാകുളം ജനറൽ ആശുപത്രി

Content Highlights:Kids can swallow anything, need to know what to do and what not to do at that time, Health, Kids Health