'Man is not destroyed by suffering,     
He is destroyed by suffering without meaning
Viktor Frankle    

To advertise here,

ജനുവരി 15-ന് പാലിയേറ്റീവ് കെയര്‍ ദിനമാണ്. 'ഞാനുമുണ്ട് പരിചരണത്തിന്' എന്നതാണ് ഇത്തവണത്തെ സന്ദേശം. എന്നാല്‍ 1993 ല്‍ , ഡോ.എം.ആര്‍. രാജഗോപാല്‍,ഡോ. കെ. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് കേരളത്തില്‍ ആദ്യമായി പാലിയേറ്റീവ് കെയറിന് ആരംഭം കുറിച്ചത്. അനസ്തേഷ്യ ഡിപ്പാര്‍ട്ട്മെന്റിന്റെ അടുത്തുള്ള ചെറിയൊരു മുറിയിലായിരുന്നു പാലിയേറ്റീവ് കെയറിന്റെ തുടക്കം. ലളിതമായ രീതിയില്‍ ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയായി മാറാന്‍ കഴിഞ്ഞത് സമൂഹത്തിന്റെ വിലയേറിയ പരിശ്രമഫലമാണ്. ജനകീയ പങ്കാളിത്തത്തിലൂടെ, മാതൃകാപരമായ ഒരു പരിചരണരീതി സമൂഹത്തില്‍ വളര്‍ന്നുവന്നത് അങ്ങിനെയാണ്. 

2005-ലാണ് തൃശൂര്‍ ജില്ലയില്‍ എടമുട്ടത്ത് ആല്‍ഫ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സി.നൂറുദ്ദീന്‍ നട്ടുവളര്‍ത്തിയ സാന്ത്വനത്തിന്റെ ആ തൈ വളര്‍ന്നു പന്തലിച്ച്, ആ തണലില്‍ എത്രയോ രോഗബാധിതരായ മനുഷ്യര്‍ ശാന്തമായ മരണം കൈവരിച്ചിരിക്കുന്നു. വേദനയില്‍ നിന്ന് മുക്തി നേടി, സൗഖ്യത്തിലേക്ക് തിരിച്ചെത്തിക്കുകയും  ജീവിതത്തിന് പുതിയൊരു പ്രതീക്ഷ നല്‍കുകയും ആണ് ആല്‍ഫ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.                              

എന്റെ അച്ഛനും അമ്മയ്ക്കും ഭര്‍ത്താവിനും കാന്‍സര്‍ രോഗമായിരുന്നു. അവര്‍ മൂന്നുപേരും ഇന്നില്ല. അച്ഛന്‍ വേദന മാത്രം തിന്നുകൊണ്ട് മരണത്തിലേക്ക് മടങ്ങിയപ്പോള്‍ അമ്മയ്ക്ക് ആഗ്രഹിച്ച പോലെ സ്വസ്ഥമായ ഒരു അന്ത്യമാണ് ലഭിച്ചത്. ഭര്‍ത്താവും വേദനയില്ലാത്ത നാളുകളിലൂടെ കടന്നുപോയി. അമ്മയുടെ അന്ത്യനിദ്ര ആല്‍ഫയിലെ സേവന സന്നദ്ധരായ പ്രവര്‍ത്തകര്‍ ഒരുക്കിയ ശാന്തികുടീരത്തില്‍ ആയിരുന്നു.

ഈ സ്ഥാപനത്തിലേക്ക് 2006-ലാണ് പാലിയേറ്റീവ് സിസ്റ്റര്‍ ആയി ഞാന്‍ വരുന്നത്. ഇവിടെ അതിന്റെ പാഠങ്ങള്‍ പറഞ്ഞുതരാന്‍ വിദഗ്ധരായ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍,നേഴ്സുമാര്‍, വൊളണ്ടിയേഴ്സ്. ഇവരുടെ ഒപ്പം ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സ്വയം അഭിമാനം അനുഭവിച്ച നാളുകളായിരുന്നു അത്. ഗൃഹസന്ദര്‍ശനങ്ങളായിരുന്നു ഞങ്ങളുടെ പ്രധാന പ്രവര്‍ത്തന മണ്ഡലം. 
അവ ജീവിതത്തിന് വിലപ്പെട്ട പാഠങ്ങള്‍ നല്‍കി. വ്യക്തിജീവിതത്തില്‍ പോലും എന്തൊക്കെ പറയണം, പറയാതിരിക്കണം എന്നുള്ള തിരിച്ചറിവുകള്‍ തന്നത് ഈ രംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയതിനുശേഷമാണ്. 

ഗൃഹസന്ദര്‍ശനങ്ങള്‍ പാലിയേറ്റീവ് കെയറിന്റെ നട്ടെല്ലാണ് ഹോം കെയര്‍. യഥാര്‍ത്ഥ പാലിയേറ്റീവ് കെയര്‍ തിരിച്ചറിയുന്നത് ഹോം കെയറിലൂടെയാണ്. ഇവിടെ നമ്മള്‍ രോഗിയുടെ അടുത്തേക്കാണ് ചെല്ലുന്നത്. അവിടെ നമ്മള്‍ എന്താണ് കാണുന്നത്? രോഗം തിരിച്ചറിഞ്ഞതില്‍ പിന്നീടുള്ള ദുരിത പൂര്‍ണ്ണമായ നിമിഷങ്ങള്‍. മരണം കാത്തു കഴിയുന്ന രോഗിയും എല്ലാം സഹിക്കാന്‍ പാടുപെടുന്ന കുടുംബാംഗങ്ങളും. എന്തുചെയ്യണമെന്നറിയാതെ തളര്‍ന്നു നില്‍ക്കുന്ന കുടുംബം. 

ആദ്യമായി അവിടേക്ക് പ്രവേശിക്കുമ്പോള്‍ വേദന കൊണ്ട് പുളയുന്നവര്‍ ഞങ്ങളെ തുറിച്ചു നോക്കി ഉറക്കെ നിലവിളിച്ചുകൊണ്ട് ചോദിക്കും 'ചാവാനുള്ള വല്ല മരുന്നും ഉണ്ടോ?' അല്ലെങ്കില്‍                     
'എന്നെ ഒന്നു കൊന്നു തരുമോ?'. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടോ? അല്ലെങ്കില്‍ ഉത്തരമാണോ അവര്‍ക്കാവശ്യം? മലവും മൂത്രവും കൃത്യമായി പോകാത്തവര്‍, വായിലെ വ്രണങ്ങളില്‍ പുഴുവരിക്കുന്നവര്‍,  തൊണ്ടയിലെ രോഗം മൂലം ശ്വാസം വിടാന്‍ കഴിയാതെ പിടയുന്നവര്‍, വേദനകളില്‍ നിന്നുള്ള വിടുതലാണ് അവര്‍ക്ക് വേണ്ടത്.

ശാരീരിക വേദന മാത്രമല്ല, മാനസികമായും, സാമ്പത്തികമായും, സാമൂഹികമായും അവരിപ്പോള്‍ തീര്‍ത്തും തളര്‍ന്നിരിക്കുകയാണ്. ആദ്യമായി അവരുടെ ശാരീരിക വേദനയ്ക്കുള്ള പരിഹാരം കാണണം. മൊത്തം മറ്റുള്ള വേദനകള്‍ക്കും. അവരുടെ ചീഞ്ഞുനാറുന്ന വ്രണങ്ങളില്‍ ആദ്യമായി നമ്മളാവണം വൃത്തിയാക്കി മരുന്ന് വെച്ച് കെട്ടിക്കൊടുക്കേണ്ടത്. മലമൂത്രവിസര്‍ജനം കൊണ്ട് ദുര്‍ഗന്ധം അവരെ തുടപ്പിച്ച്, വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കേണ്ടത് നമ്മള്‍ തന്നെയാണ്. കാന്‍സര്‍ ചികിത്സ കൊണ്ട് രൂപവും ഭാവവും മാറി അപകര്‍ഷതാബോധത്തില്‍ ആയി മാറിയ ഇവരെ  വീടിന്റെ മൂലയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരേണ്ടതും നമ്മള്‍ തന്നെ. ഇവര്‍ ചെറുപ്പക്കാരാവാം, കുട്ടികള്‍ ആവാം, ഒരു വീടിന്റെ നാഥനോ,നാഥയോ ആവാം. പാലിയേറ്റീവ് പിന്തുണ വാക്കുകള്‍ കൊണ്ട് മാത്രമല്ല, പ്രവൃത്തികള്‍ കൊണ്ടുമാണ് വേണ്ടത്.

പരിചരണം നല്‍കുന്നതിലൂടെ നമ്മളില്‍ അവര്‍ക്ക് വിശ്വാസം ഉണ്ടാവണം. എന്തും പറയാനും, പങ്കുവെക്കാനും അവര്‍ തയ്യാറാവണം. അതിനെ കുറച്ച് സമയമെടുക്കും. എങ്കിലും പിന്നീടുള്ള ഹോം കെയറുകളില്‍ പരിചരണം നമുക്ക് കുടുംബാംഗങ്ങളെ പഠിപ്പിച്ചു കൊടുക്കേണ്ടതായി വരും. എങ്ങനെ രോഗിയ്ക്ക് ഭക്ഷണം കൊടുക്കണം, വ്രണങ്ങളില്‍ ഏത് രീതിയില്‍ മരുന്നുവെച്ചു കെട്ടണം, മൂത്രത്തിന് ട്യൂബ് ഇട്ടവര്‍ക്ക് അത് എങ്ങനെ വൃത്തിയാക്കി കൊടുക്കണം, കൃത്യമായി വിസര്‍ജനം നടക്കാത്ത സമയത്ത് മലം എങ്ങനെ എടുത്തു കളയണം എന്നുള്ളതെല്ലാം നമ്മള്‍ ചെയ്തു കാണിച്ചുകൊണ്ട് അവരെ പഠിപ്പിച്ചു കൊടുക്കണം. നമ്മുടെ ഇത്തരം പ്രവര്‍ത്തികളിലൂടെയാണ് കുടുംബാംഗങ്ങള്‍ക്ക് മടിയും, പേടിയും, അറപ്പും മാറി കൃത്യമായ പരിചാരകന്മാരാകാന്‍ പ്രാപ്തി ഉണ്ടാവുന്നത്.

സമൂഹ പങ്കാളിത്തം ഇവിടെ അത്യാവശ്യമാണ്. അയല്‍വക്കക്കാരെയും നമ്മള്‍ ചേര്‍ത്തു പിടിക്കണം. അവരുടെ സഹകരണം രോഗിക്കും കുടുംബത്തിനും കരുത്തേകും. മാത്രമല്ല രോഗിയുടെ കുടുംബത്തില്‍ പഠിക്കുന്ന കുട്ടികള്‍, വൃദ്ധരായ മാതാപിതാക്കള്‍, മറ്റ് അസുഖബാധിതര്‍ തുടങ്ങിയവരും ഉണ്ടാകാം. ഇവര്‍ക്കും പിന്തുണ ആവശ്യമാണ്. എന്താണ് ആ കുടുംബം അനുഭവിക്കുന്ന വേദനകള്‍ എന്ന് അറിഞ്ഞുകൊണ്ട് സഹായിക്കാന്‍ കഴിയണം. കുറച്ച് ദൂരെയുള്ള ആരോഗ്യ പ്രവര്‍ത്തകരേക്കാള്‍ ആവശ്യമായി വരുന്നത് അയല്‍ക്കാരെയാണ്. ഒന്നുറക്കെ വിളിച്ചാല്‍ അവര്‍ കേള്‍ക്കും. ഏത് പാതിരാത്രിയിലും ഓടി വരും. സ്നേഹത്തോടെയുള്ള ഈ തലോടലും, കരുതലും ആ കുടുംബത്തിന് പുതിയൊരു ജീവനും, പ്രതീക്ഷയും നല്‍കുന്നു.

മരണത്തെ മുഖാമുഖം കണ്ടിരുന്ന അവര്‍ ജീവിതത്തെപ്പറ്റി ചിന്തിക്കുന്നു. ജീവിതത്തിലെ വരാനിരിക്കുന്ന നല്ല നിമിഷങ്ങളെ അനുഭവിക്കാന്‍ തയ്യാറാകുന്നു. ഈയൊരു അവസ്ഥയിലേക്ക് കൊണ്ടുവരിക എന്ന ദൗത്യമാണ് പാലിയേറ്റീവ് കെയര്‍ ചെയ്യുന്നത്. രോഗിയുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ നമുക്ക് കഴിഞ്ഞെന്നു വരില്ല. പക്ഷേ അടുത്തിരുന്നു കൊണ്ട് അവരെ കേള്‍ക്കാന്‍ നമുക്ക് കഴിയും. അതില്‍ പലതും ചെയ്തു കൊടുക്കാനും പലതിന്റെ കൂടെ നില്‍ക്കാനും അതോടൊപ്പം സമയവും സന്ദര്‍ഭവും നോക്കാതെ അവരുടെ വിളികള്‍ക്ക് കാതോര്‍ത്തിരിക്കാനും നമുക്ക് കഴിയണം. ജീവിച്ചിരിക്കുന്ന നാളുകള്‍ അര്‍ത്ഥപൂര്‍ണമാക്കി മാറ്റിയെടുക്കാന്‍ നമുക്ക് അവര്‍ക്കൊപ്പം നില്‍ക്കാം. അതാവട്ടെ സാന്ത്വന പരിചരണത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും. 

എടമുട്ടം ആല്‍ഫ പാലിയേറ്റീവ് സിസ്റ്ററാണ്‌ ലേഖിക