കേരളക്കരയെ ഞെട്ടിച്ച കരുവാരക്കുണ്ടിലെ കൊലപാതകം നമ്മുടെ സമൂഹത്തോട് വിളിച്ചുപറയുന്ന സത്യങ്ങൾ മഹസ്സറുകൾക്കും വിധിപ്രസ്താവനയ്ക്കും ശിക്ഷാവിധിക്കും എല്ലാം അപ്പുറം ഏറെ ഗൗരവത്തോടെ കാണേണ്ട ചില യാഥാർത്ഥ്യങ്ങളാണ്. ടോക്സിക് പ്രണയം എന്ന തലക്കെട്ടിൽ നിസ്സാരമായി എഴുതിത്തള്ളേണ്ട ഒന്നല്ല ഈ സംഭവം. ഒമ്പതാം ക്ലാസുകാരിയായ സുഹൃത്തിനെ അതിക്രൂരമായി ഇല്ലാതാക്കിയ ഹയർസെക്കൻഡറിക്കാരൻ. പഠനത്തിൽ ശ്രദ്ധിക്കേണ്ട, മികവു പുലർത്തേണ്ട പ്രായത്തിൽ ഒരാൾ കൊലപാതകിയാവുക. സ്വന്തം സുഹൃത്തിനെ, അതിക്രൂരമായി കൊല ചെയ്തിട്ടും കുട്ടിപ്രതി പുലർത്തിയ നിസ്സംഗതയും കൂസലില്ലായ്മയും നമ്മുടെ കൗമാര മനസ്സുകളിലേക്കുള്ള ചൂണ്ടുപലകകളാണ്.

To advertise here,

കാലത്തിന്റെ മാറ്റം എല്ലാ മേഖലയിലും എന്നപോലെ പ്രണയത്തിലും കടന്നുവന്നു. കാനനച്ഛായയിൽ ആടുമേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ... പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തുകൂടാ.. എന്ന് പാടിയ ഒരു തലമുറയിൽ നിന്നും

"ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു…
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും..

എന്നൊക്കെ പാടി അനശ്വര പ്രണയത്തിന്റെ വക്താക്കളായി മാറിയ ഒരു തലമുറ... അവിടെനിന്നും "100 സിസി ബൈക്കും അതിലൊരു പൂജാഭട്ടും വേണമെന്നും തമ്മിൽ അടുത്തു മടുത്താൽ പിന്നെ ഗുഡ്ബൈ ചൊല്ലി പിരിയാം... എന്നും പാടിയ അടുത്ത തലമുറ... എനിക്ക് നിന്നെയോ നിനക്കെന്നെയോ വേണ്ടെന്നു തോന്നിയാൽ മടുത്താൽ.. നമുക്ക് പിരിയാം എന്ന് പറയാനുള്ള ഒരു മാന്യത പുലർത്തിയ മറ്റൊരു പ്രണയതലമുറ.... അവിടെനിന്നും ‘കട്ടച്ചോര കൊണ്ട് ജ്യൂസ് അടിക്കാം’ എന്ന് പറയുന്ന ഇല്ലുമിനാട്ടി പ്രണയ തലമുറയിൽ എത്തിനിൽക്കുമ്പോൾ.. ഇത്തരം കൊലപാതകങ്ങൾ ഉണ്ടായില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ...

ചോര കണ്ടാൽ തലകറങ്ങുന്ന ഒരു തലമുറയിൽ നിന്നും ചോര കണ്ടാൽ ഹരം കൊള്ളുന്ന ഒരു തലമുറയിൽ എത്തിനിൽക്കുമ്പോൾ ഇനിയും ഇങ്ങനെ മുന്നോട്ടു പോകണോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇതിനൊക്കെ എങ്ങനെ കടിഞ്ഞാൺ ഇടാം എന്ന് ചിന്തിക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് നമ്മുടെ കുട്ടികളുടെ മാനസിക ആരോഗ്യമാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് യുജിസി കരടു മാർഗ രേഖയിൽ 100 കുട്ടികൾക്ക് ഒരു മാനസിക ആരോഗ്യ വിദഗ്ധൻ എന്ന നിലയിൽ ക്രമീകരണങ്ങൾ കൊണ്ടുവരേണ്ടതുണ്ട് എന്ന നിർദ്ദേശം കണ്ടു. ഇത് ഒരു നിർദ്ദേശം എന്നതിനപ്പുറം എത്രയും വേഗം നടപ്പിലാക്കേണ്ട അനിവാര്യത തന്നെയാണ് എന്ന് ഈ നാളുകളിലെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, അതിനേക്കാൾ എല്ലാം ഉപരിയായി നമ്മുടെ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ തികഞ്ഞ ഗൗരവത്തോടെ നാം കാണേണ്ടിയിരിക്കുന്നു. അതിന് ഇനിയും വൈകിക്കൂടാ. ഇതിന് മുൻകൈയെടുക്കാൻ എല്ലാ സിലബസിലുംപെട്ട വിദ്യാഭ്യാസ സമ്പ്രദായങ്ങൾ തയ്യാറാകണം. കേന്ദ്ര-സംസ്ഥാന സർക്കാർ തലങ്ങളിൽ ഇതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. പ്രണയത്തിന്റെ പേരിലും പരീക്ഷാഭയത്തിന്റെ പേരിലും പരാജയഭീതിയുടെ പേരിലും എല്ലാം ജീവനൊടുക്കുന്ന നമ്മുടെ കൗമാരക്കാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു.

കരുവാരക്കുണ്ടിലെ കൊലപാതക വാർത്തകളിൽ കൊലപാതക കൃത്യം നിർവഹിച്ച പയ്യന്റെ സ്വഭാവത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്കു മുൻപ് വളരെ ശാന്തശീലനായിരുന്ന അവൻ കഴിഞ്ഞ രണ്ടു വർഷമായി പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന, നിർബന്ധ ബുദ്ധിയുള്ള ഒരാളായി മാറി എന്ന് പറയുന്നുണ്ട്. ഈ മാറ്റങ്ങൾ അവനിൽ കണ്ടു തുടങ്ങിയപ്പോഴെങ്കിലും മാതാപിതാക്കളോ അധ്യാപകരോ ഇത് കാര്യഗൗരവത്തോടെ എടുത്തോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ കൗൺസിലിംഗ് സൗകര്യമുണ്ടോ? ഉണ്ടെങ്കിൽ അത് ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുണ്ടോ? ഇങ്ങനെ അനേകം  ചോദ്യങ്ങൾ ഉയരേണ്ടതുണ്ട്. ഒന്നിനോടും ഒരു മമതയും പുലർത്താത്ത, ആഗ്രഹിക്കുന്നത് എന്തും സ്വന്തമാക്കണമെന്ന് മാത്രം ചിന്തിക്കുന്ന, അതിനായി ഏത് കുതന്ത്രവും മാർഗ്ഗവും പ്രയോഗിക്കുന്ന, മാതാപിതാക്കളെയും മുതിർന്നവരെയും അധ്യാപകരെയും തങ്ങളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങുതടികളായി കാണുന്ന ഒരു തലമുറയ്ക്ക് മുന്നിൽ നാം പകച്ചു നിൽക്കുമ്പോൾ പരിഹാരങ്ങളിലേക്ക് കൂടി അടിയന്തരമായി കടന്നുചെല്ലേണ്ടിയിരിക്കുന്നു. ഇങ്ങനെ ഒരു തലമുറയെ സൃഷ്ടിച്ചത് ആരാണ്? മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒരുപോലെ ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടിയിരിക്കുന്നു.

കുട്ടികളുടെ ശാരീരിക, മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഈ വിഷയത്തിൽ നമ്മൾ തികച്ചും പരാജയപ്പെട്ടിരിക്കുകയാണ്. പോഷകാഹാരക്കുറവുകൊണ്ട് കഷ്ടപ്പെട്ടവരുടെ ഒരു തലമുറയിൽ നിന്നും അമിത ആഹാരത്തിന്റെ ഉപയോഗം മൂലം രോഗികളായി തീർന്നുകൊണ്ടിരിക്കുന്ന ജെൻസിയും ആൽഫയും ഉൾപ്പെടുന്ന ഒരു തലമുറ. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അതിനെ പ്രതിരോധിക്കുന്നതാണ് നല്ലതെന്ന് പറയാറുണ്ടല്ലോ. മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതോടൊപ്പം രോഗികൾ ആവാതിരിക്കാനുള്ള മുൻകരുതലുകൾ കൂടി സ്വീകരിക്കാൻ നാം തയ്യാറാകണം. സർക്കാരും ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും എല്ലാം ഇതിനാവശ്യമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ഇനി വൈകിക്കൂടാ. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും സത്വര നടപടികൾ ഉണ്ടായേ തീരൂ.

താൻ ഉൾപ്പെട്ടിരിക്കുന്നത് ടോക്സിക് റിലേഷനിൽ ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും അതിൽനിന്നും ആ പെൺകുട്ടിക്ക് സ്വയം രക്ഷപ്പെടാനോ നമുക്ക് രക്ഷപ്പെടുത്താനോ സാധിച്ചില്ല എന്നത് എത്രയോ വേദനിപ്പിക്കുന്ന ഒരു സത്യമാണ്. ആ പയ്യന്റെ ശല്യത്തെ കുറിച്ച് പോലീസിൽ പോലും റിപ്പോർട്ട് ചെയ്തിരുന്നു എന്ന വാർത്തകളിൽ നിന്ന് മനസ്സിലാക്കി. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചു. ഇനിയും എത്രയോ ദുരന്തങ്ങൾ നമ്മെ കാത്തിരിക്കുന്നു. എ പ്ലസിന് വേണ്ടി അധ്യാപകരും മാതാപിതാക്കളും മത്സരിക്കുമ്പോൾ അതിനിടയിൽ ഞെരിഞ്ഞമരുന്ന കുഞ്ഞുമനസ്സുകളുടെ വികാരവിചാരങ്ങൾക്ക് ഒരു വിലയുമില്ല. നമ്മുടെ കുഞ്ഞുങ്ങൾ എത്രമാത്രം മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ നാളുകളിലെ കൗൺസിലിംഗ് അനുഭവങ്ങളിലൂടെ നമ്മുടെ വിദ്യാർഥികൾ കടന്നുപോകുന്ന ഭയാനകമായ മാനസിക സമ്മർദങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂളുകൾ പലപ്പോഴും കുട്ടികൾക്ക് ജയിലുകൾക്ക് തുല്യമായി മാറുന്നു. തങ്ങളുടെ പേരും പ്രശസ്തിയും ഡിസിപ്ലിനും നിലനിർത്താൻ കുട്ടികളുടെ സ്വതസിദ്ധമായ വാസനകളെ തച്ചുടക്കാൻ നമ്മുടെ സ്കൂളുകൾക്ക് ഒരു മടിയും ഇല്ലാതായിരിക്കുന്നു.

രാവിലെ എട്ടുമണിക്കൊ എട്ടരയ്ക്കൊ ക്ലാസ്സിൽ കയറുന്ന കുഞ്ഞുങ്ങൾ.. വെളുപ്പിന് അഞ്ചു മണിക്കും മറ്റും ട്യൂഷന് പോയിട്ടാണ് എത്തുന്നത്.. വേണ്ടത്ര ഉറക്കം പോലും ഇല്ലാതെ അവിടെയെത്തുന്ന കുട്ടികൾക്ക് ഒന്നു മനസ്സ് തുറക്കാൻ ഒരിടം പലപ്പോഴും ലഭിക്കുന്നില്ല. നമ്മുടെ പല സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും മറ്റും കായിക വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിട്ടുള്ളത് ആഴ്ചയിൽ ഒരു ദിവസമോ രണ്ടാഴ്ച കൂടുമ്പോൾ ഒരു ദിവസമോ മാത്രമാണ്. കുട്ടികളുടെ മാനസികാരോഗ്യത്തിന് കായിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് കായിക വിദ്യാഭ്യാസം നമ്മുടെ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നിട്ടും അത് നിഷേധിക്കപ്പെടുന്നു. ഇത്തരം സ്കൂളുകളിലെ കായികാധ്യാപകരുടെ പ്രധാന ജോലി സ്കൂളിലെ സെക്യൂരിറ്റി ആവുക എന്നതാണ്. രണ്ടാഴ്ച കൂടുമ്പോൾ ഒരിക്കൽ വീണു കിട്ടുന്ന കായിക വിദ്യാഭ്യാസത്തിനായുള്ള പിരീഡിൽ ഈ അധ്യാപകർ ചെയ്യുന്നത് കുട്ടികളുടെ മുടി നീണ്ടിട്ടുണ്ടോ, നഖം നീണ്ടിട്ടുണ്ടോ എന്നൊക്കെ നോക്കുകയാണ്. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ആ കുട്ടിയുടെ പി.ടി പീരിയഡ് കട്ടാക്കും എന്ന് ഒരുപാട് കുട്ടികൾ പങ്കുവെച്ചിട്ടുണ്ട്.

ഇടവേളകളിൽ ഒന്നു വരാന്തയിൽ നിൽക്കാനോ മിണ്ടാനോ സ്വാതന്ത്ര്യമില്ല. ക്ലാസ് റൂമിൽ സംസാരിക്കാൻ പാടില്ല. സകലതും ക്യാമറ നിരീക്ഷണത്തിലാണ്. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ അധ്യാപകർക്കെതിരെ മാതാപിതാക്കൾ വാളെടുക്കുമ്പോൾ സ്വയം പ്രതിരോധിക്കാൻ അവർക്കുള്ള ആയുധമാണ് ക്യാമറ. ഇതിനിടയിൽ നഷ്ടപ്പെടുന്ന കുട്ടികളുടെ സ്വകാര്യത, സ്വതസിദ്ധമായ വാസനകൾ ഇതൊന്നും ആരും പരിഗണിക്കുന്നില്ല. ഇത്തരത്തിൽ വീട്ടിലും സ്കൂളിലും സമൂഹത്തിലും സമ്മർദങ്ങളിലൂടെ മാത്രം കടന്നുപോകുന്ന ഒരു തലമുറ അതിനെ പ്രതിരോധിക്കാൻ സ്വയം കണ്ടെത്തുന്ന മാർഗങ്ങൾ പലപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങളിൽ കൊണ്ടുവന്നെത്തിക്കുന്നു. സ്വാർത്ഥതയും വാശിയും അകാരണമായ ദേഷ്യവും ആകുലതയും ഡിപ്രഷനും എല്ലാം ഒരു തലമുറയെ വിഴുങ്ങുകയാണ്. അവർക്ക് ഒന്നിനോടും സമചിത്തത പുലർത്താൻ ആവുന്നില്ല. തങ്ങളുടെ സമ്മർദത്തെ തടുക്കാൻ ആവുന്നില്ല. പക്വതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ ആവുന്നില്ല. ഒന്നും വിട്ടുകൊടുക്കാനോ, ക്ഷമിക്കാനോ, സഹിക്കാനോ അവർ തയ്യാറാകുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാം. എത്രയും വേഗം പ്രതിരോധ നടപടികൾ നമ്മൾ കൈക്കൊണ്ടേ മതിയാവൂ. കോവിഡിനെ പ്രതിരോധിക്കാൻ നാം കാണിച്ച അതേ ജാഗ്രത, അല്ലെങ്കിൽ അല്പം കൂടെ തീക്ഷ്ണമായ ജാഗ്രത ഇവിടെ അനിവാര്യമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൂറു കുട്ടിക്ക് ഒരു കൗൺസിലർ എന്നതാണ് നിർദ്ദേശിക്കപ്പെടുന്നതെങ്കിൽ സ്കൂൾതലത്തിൽ 50 കുട്ടിക്ക് ഒരാൾ എന്ന നിലയിലേക്ക് കാര്യങ്ങൾ മാറേണ്ടിയിരിക്കുന്നു.

എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ സ്കൂളുകളിൽ കൗൺസിലർമാർ പലപ്പോഴും പേരിനു മാത്രമാണുള്ളത്. വർഷത്തിൽ ഒരു ദിവസമെങ്കിലും ഒരു കുട്ടി കൗൺസിലിങ്ങിലൂടെ കടന്നുപോകുന്നു എന്ന് ഉറപ്പിക്കാൻ പറ്റുന്ന എത്ര വിദ്യാലയങ്ങൾ നമുക്കുണ്ട്? സാമ്പത്തിക ലാഭം കണക്കെടുത്ത് ബയോളജി ടീച്ചറെയോ, കെമിസ്ട്രി ടീച്ചറേയോ പത്ത് ദിവസം ഒരു കോഴ്സ് ചെയ്യിച്ച് കൗൺസിലിംഗ് സൗകര്യമൊരുക്കിയെന്ന് പറയുന്ന വിദ്യാലയങ്ങളും ഉണ്ട് നാട്ടിൽ. കുട്ടികളുടെ മാനസികാരോഗ്യത്തെ അവഗണിച്ച് എന്തെല്ലാം സൗകര്യങ്ങൾ നമ്മൾ ചെയ്തു കൊടുത്താലും അതെല്ലാം വെള്ളത്തിൽ വരച്ചവര പോലെയാകും. ഒരു സ്കൂൾ കൗൺസിലറുടെ പ്രാധാന്യവും സേവനവും എന്താണെന്ന് കുട്ടികൾക്ക് അറിഞ്ഞുകൂടാ. ഏതെങ്കിലും തരത്തിലുള്ള പ്രശ്നക്കാരെ കൈകാര്യം ചെയ്യേണ്ടവരാണ് സ്കൂൾ കൗൺസിലർമാർ എന്നാണ് ഇപ്പോഴും മിക്ക കുട്ടികളുടെയും ധാരണ. ഇത് മാറ്റിയെടുക്കാനും മാസത്തിൽ ഒരു ദിവസം എങ്കിലും ഓരോ കുട്ടിയും കൗൺസിലിംഗ് സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പിക്കാനും ഇനിയെങ്കിലും നമുക്ക് കഴിഞ്ഞില്ലെങ്കിൽ നമ്മുടെ കുട്ടികളുടെ ജീവിതം കൈവിട്ടു പോകും

പ്രണയപ്പകയും അതിന്റെ പേരിൽ ഉണ്ടാകുന്ന കൊലപാതകങ്ങളും ഇനിയും ഉണ്ടാകും. ആത്മഹത്യകൾ പെരുകും. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താനും പക്വതയോടെ ബന്ധങ്ങളെ കൈകാര്യം ചെയ്യാനും പ്രണയവും പ്രണയക്കുരുക്കും തിരിച്ചറിയാനും പറയേണ്ടിടത്ത് പറയാനും സ്വയം പ്രതിരോധിക്കാനും എല്ലാം നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ എത്രയും വേഗം ആരംഭിക്കണം.. ശ്രീനിവാസനും മകനും ചേർന്ന് അഭിനയിച്ച ഒരു സിനിമയിൽ "പുസ്തകം അങ്ങനെ തിന്നു മടുത്തു മൊത്തം പേർക്കും പ്രാന്തായി"... എന്നൊരു പാട്ട് സീൻ ഉണ്ട്.. നമ്മുടെ കുട്ടികൾ കടന്നുപോകുന്ന മാനസിക സമ്മർദം ഒരു പരിധിവരെയെങ്കിലും തുറന്നു കാണിച്ച ചിത്രം. ഇന്നും ആ അവസ്ഥ തുടരുന്നു. ഓരോ സംഭവങ്ങളും വാർത്തകളിൽ നിറയുമ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളായി എഴുതിത്തള്ളി നിസ്സംഗരായി തുടരുന്ന നിലപാട് നാം മാറ്റിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നമ്മെ കാത്തിരിക്കുന്നു. പ്രണയം ഒരു തെറ്റെന്ന് പറയാനാവില്ല. പക്വതയില്ലാത്ത പ്രണയങ്ങൾ വളരുന്നതാണ് പ്രശ്നം. പ്രണയവും കാമവും തിരിച്ചറിയാനാവാത്തതാണ് പ്രശ്നം. പ്രണയിക്കേണ്ടത് എപ്പോഴെന്നും എങ്ങനെയെന്നും ആരെയെന്നും തിരിച്ചറിയാത്തതാണ് പ്രശ്നം.

നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യം തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് പരിഹാരം. അതിനുള്ള നടപടികൾ വിദ്യാലയങ്ങളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകണം. വിദ്യാഭ്യാസ വകുപ്പും സർക്കാരും ഇക്കാര്യത്തിൽ ഉദാസീനത വെടിയണം. ജയിലുകളിലും ജുവനൈൽ ഹോമുകളിലും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനേക്കാൾ നല്ലതല്ലേ അങ്ങോട്ടുള്ള പ്രയാണം തടയുന്നത്.

 

(കൗൺസിലിംഗ് സൈക്കോളജിസ്റ്റാണ്)