പൂർണ വളർച്ചയെത്തുന്നതിനു മുൻപ് ജനിക്കുന്ന അഥവാ പ്രീടേം കുഞ്ഞുങ്ങളുടെ സംരക്ഷണം ആരോഗ്യരംഗത്തിന് മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്നായിരുന്നു. ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾക്ക് പിറന്നയുടൻ തന്നെ ഭാരക്കുറവ് , ശരീരത്തിലെ താപനില നിലനിർത്താനുള്ള ബുദ്ധിമുട്ട്, ശ്വാസതടസം, അണുബാധകൾ എന്നിവയുടെ സാധ്യത വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അതീവ കരുതലോടെയുള്ള പ്രത്യേക പരിചരണം അനിവാര്യമാണ്.
1979-ൽ കൊളംബിയയിലെ ബൊഗോട്ടയിൽ, ഭാരക്കുറവുള്ള ശിശുക്കൾക്കുള്ള പരമ്പരാഗത ഇൻകുബേറ്റർ ചികിത്സയ്ക്ക് പകരമായി ഗവേഷകരായ എഡ്ഗർ റേ സനാബ്രിയയും ഹെക്ടർ മാർട്ടിനെസ് ഗോമസും ചേർന്നാണ് “കങ്കാരു മദർ കെയർ പ്രോഗ്രാം” (Kangaroo Mother Care Program) വികസിപ്പിച്ചെടുത്തത്. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജീവൻ രക്ഷിക്കാനുള്ള ലളിതവും ചെലവ് കുറഞ്ഞതുമായ പരിഹാരമായിരുന്നു ഈ രീതി.
2018-ലെ കണക്കുകൾ പ്രകാരം, ഭാരക്കുറവും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും ലോകത്ത് ശിശുമരണം ഉയരുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി തുടരുകയാണ്, പ്രത്യേകിച്ച് വികസ്വരവും അവികസിതവുമായ രാജ്യങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ, കങ്കാരു മദർ കെയർ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് പ്രതീക്ഷയും ജീവനും നൽകുന്നതിനു വഴിയൊരുക്കി.
പരമ്പരാഗത ചികിത്സാരീതികൾക്കൊപ്പമോ അതിലും ഫലപ്രദമായ രീതിയിലോ പ്രവർത്തിക്കാൻ കഴിയുമെന്ന് തെളിയിച്ച ഈ പരിചരണരീതി ഇന്ന് ലോകമെമ്പാടും നവജാത ശിശു പരിചരണത്തിന്റെ നിർണായക ഘടകമായി മാറിക്കഴിഞ്ഞു.
അമ്മയുടെ നെഞ്ചോട് കുഞ്ഞിനെ ചേർത്ത് വെയ്ക്കുമ്പോൾ ഇരുവരുടെയും ചർമ്മങ്ങൾ പരസ്പരം സമ്പർക്കത്തിൽ വരുന്നു. ഈ രീതിയിൽ കുഞ്ഞിനെ പരിപാലിക്കുന്ന രീതിയെയാണ് കങ്കാരു മദർ കെയർ എന്ന് വിശേഷിപ്പിക്കുന്നത്. കങ്കാരുവിന്റെ കുഞ്ഞ് അമ്മയുടെ ശരീരത്തോട് ചേർന്ന് സുരക്ഷിതത്വം കണ്ടെത്തുന്നതുപോലെ, ഈ പരിചരണരീതിയിലും കുഞ്ഞിന് അമ്മയുടെ സ്നേഹവും ചൂടും കരുതലും നേരിട്ട് ലഭിക്കുന്നു. ആധുനിക ചികിത്സാസൗകര്യങ്ങൾക്കൊപ്പം തന്നെ അമ്മയുടെ സ്പർശനത്തിനും സ്നേഹത്തിനും ഉള്ള ചികിത്സാപരമായ ശക്തിയെ ലോകത്തിന് മുന്നിൽ തെളിയിച്ച മാതൃക കൂടിയാണ് കങ്കാരു മദർ കെയർ.
അമ്മയുടെ ശരീരത്തിലെ ചൂട് കുഞ്ഞിന് സ്വാഭാവിക ഇൻക്യൂബേറ്ററായി പ്രവർത്തിക്കുന്നതിലൂടെ കുഞ്ഞിന്റെ ശരീര താപനില സ്ഥിരതയോടെ നിലനിർത്താൻ കങ്കാരു മദർ കെയർ സഹായിക്കുന്നു. ഇതുവഴി ഹൈപ്പോതെർമിയ പോലുള്ള അപകടസാധ്യതകൾ വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും. മാത്രമല്ല കുഞ്ഞിന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും കൂടുതൽ സ്ഥിരത കൈവരിക്കാനും ഈ രീതി സഹായകമാണ്. അമ്മയോടുള്ള അടുത്ത സമ്പർക്കം കുഞ്ഞിന് മുലയൂട്ടൽ എളുപ്പമാക്കുന്നതിനൊപ്പം അമ്മയുടെ മുലപ്പാൽ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു. ഇതിലൂടെ കുഞ്ഞിന്റെ പ്രതിരോധശേഷി മെച്ചപ്പെടുകയും അണുബാധകളിൽ നിന്ന് കുഞ്ഞിന് കൂടുതൽ സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.
ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ആരോഗ്യ ഏജൻസികൾ കങ്കാരു മദർ കെയറിനെ പ്രീടേം കുഞ്ഞുങ്ങളുടെ പരിചരണത്തിൽ ഫലപ്രദമായ മാർഗമായി നിർദ്ദേശിക്കുന്നുണ്ട് . ആശുപത്രികളിൽ മാത്രമല്ല,മറിച്ച് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും ശരിയായ നിർദ്ദേശത്തോടെ വീട്ടിലും ഇത് സുരക്ഷിതമായി തുടരാനാകും.
കുഞ്ഞിന്റെ ശാരീരിക ആരോഗ്യത്തിനൊപ്പം തന്നെ, അമ്മയുടെ മാനസികാരോഗ്യത്തിനും കങ്കാരു മദർ കെയർ ഏറെ ഗുണകരമാണ്. സ്ത്രീകൾ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം നേരിടുന്ന ഒരു കാലഘട്ടമാണ് പ്രസവാനന്തര സമയം. ഈ ചികിത്സയിലൂടെ അമ്മമാർക്കുണ്ടാവുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനും കുഞ്ഞുമായി കൂടുതൽ ആത്മബന്ധം വളർത്താനും ഇത് സഹായിക്കുന്നു. അമ്മമാർക്ക് മാത്രമല്ല, ഈ രീതിയിൽ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് ശരീരത്തിന്റെ ചൂട് അച്ഛനും മറ്റു കുടുംബാംഗങ്ങൾക്കും കുഞ്ഞിന്റെ പരിചരണത്തിൽ കൂടുതൽ പങ്കാളികളാകാൻ കഴിയുന്നതും ഈ പരിചരണരീതിയുടെ മറ്റൊരു പ്രത്യേകതയാണ്.
സാങ്കേതികവിദ്യകളും ആധുനിക ചികിത്സാരീതികളും അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും, ഒരമ്മയുടെ കരുതലിനും സ്പർശത്തിനും സ്നേഹത്തിനും പകരംവയ്ക്കാൻ മറ്റൊന്നിനുമാവില്ലെന്ന സത്യം വീണ്ടും ഓർമ്മിപ്പിക്കുകയാണ് കങ്കാരു മദർ കെയർ. ചെലവേറിയ ചികിത്സാസൗകര്യങ്ങൾക്കപ്പുറം, അമ്മയുടെ നെഞ്ചോട് ചേർന്നുള്ള സ്നേഹപരിചരണം പോലും ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാകുമെന്നതിന് ശക്തമായ ഉദാഹരണമാണ് ഈ ചികിത്സാ രീതിയെന്ന് നിസംശയം പറയാൻ കഴിയും. കൂടാതെ ഒരു ചികിത്സാരീതി എന്നതിലുപരി, സ്നേഹത്തിന്റെയും കരുതലിന്റെയും ശക്തി തെളിയിക്കുന്ന മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി കൂടി ഇന്ന് കങ്കാരു മദർ കെയർ മാറിക്കൊണ്ടിരിക്കുകയാണ്.
ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കൺസൾട്ടന്റ് നിയോനേറ്റോളജിസ്റ്റ് ആണ് ലേഖകൻ.
Content Highlights: Explains the origin and history of the Kangaroo Mother Care (KMC) program., Highlights the clinical benefits: temperature regulation, stabilized heart rate, and improved breastfeeding.,
Published: 15 May 2026, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented