ദീർഘസമ‌യം ഇരിക്കുന്നത് പുകവലിയോളം ദോഷം ചെയ്യുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വർ‌ക് ഫ്രം ഹോം സംവിധാനമെല്ലാം കൂടുതൽ സജീവമായതോടെ ഇരുന്നുള്ള ജോലിക്കാരുടെ എണ്ണവും കൂടി. പലരും ഇടയ്ക്കൊന്ന് എഴുന്നേൽക്കുകയോ അനങ്ങുകയോ ചെയ്യാതെ മണിക്കൂറുകളോളം ഒരേ ഇരിപ്പിൽ തുടരാറുണ്ട്. ഇത് ശരീരത്തിലെ ഷു​ഗർ, ബ്ലഡ് പ്രഷർ എന്നീ നിലകളുടെ താളം തെറ്റിക്കുന്നതിനൊപ്പം കൊഴുപ്പടിയാനും ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, പ്രമേഹം, വൃക്കരോഗം, ആസ്ത്മ, ന്യുമോണിയ, ഞരമ്പ് രോഗങ്ങള്‍ തുടങ്ങിയ പലവിധം രോ​ഗങ്ങൾക്കും കാരണമാകുമെന്നും പഠനങ്ങൾ കണ്ടെത്തിയിരുന്നു. ദീർഘനേരം ഇരിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് ന്യൂട്രീഷണിസ്റ്റ് നമാമി അ​ഗർവാൾ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. 

To advertise here,

എട്ടുമണിക്കൂറോളം ഒരേ ഇരിപ്പ് ഇരിക്കുന്നത് വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നു പറഞ്ഞാണ് നമാമി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പുകവലിയെ പോലെ തന്നെ ഏറെ നേരം ഇരിക്കുന്നതും ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നമാമി പറയുന്നു. ഇത്തരത്തിൽ ഇരിക്കുന്നവർ ദിവസത്തിൽ എന്തെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്ത് മസിലുകളെ ആക്റ്റീവ് ആക്കേണ്ടതിനെക്കുറിച്ചും നമാമി പറയുന്നു. ജോലി എത്ര തന്നെ പ്രധാനമാണെങ്കിലും ഇതിനായി സമയം കണ്ടെത്തണമെന്നും ആരോ​ഗ്യത്തേക്കാൾ പ്രധാനമായത് ഒന്നുമില്ലെന്നും നമാമി പറയുന്നു.

ഇരിപ്പിന്റെ ദോഷവശങ്ങളെക്കുറിച്ച് നമാമി പങ്കുവെച്ചത്

ഹൃ​ദയാരോ​ഗ്യത്തെ ബാധിക്കുന്നു

ഏറെ നേരം ഇരിക്കുന്നത് ഹൃദയാരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ആർട്ടറികൾ ബ്ലോക് ചെയ്യാനും ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കാനും കാരണമാകുന്നു. 

റെസ്പിറേറ്ററി സിസ്റ്റത്തെ ബാധിക്കുന്നു

ഏറെ നേരം ഇരിക്കുന്നത് ശ്വാസകോശത്തിന്റെ കപ്പാസിറ്റിയെ ബാധിക്കുന്നു

അമിതവണ്ണം

കുറേനേരം ഇരിക്കുന്നത് കലോറികൾ കുറഞ്ഞ അളവിൽ മാത്രം എരിയാൻ കാരണമാകുന്നു. ഇത് വണ്ണം കൂടാൻ കാരണമാകുന്നു. ശരീരത്തിൽ കൊളസ്ട്രോൾ വർധിക്കാനും കാരണമാകുന്നു. 

എല്ലിന്റെ ആരോ​ഗ്യം

കൂടുതൽ സമയം ഇരിക്കുന്നത് എല്ലിന്റെയും സന്ധികളുടെയും ആരോ​ഗ്യത്തെ വിപരീതമായി ബാധിക്കുന്നു. എല്ലുകളുടെ ബലം ക്ഷയിപ്പിക്കുന്നതിനൊപ്പം പുറംഭാ​ഗം, കഴുത്ത്, സന്ധികൾ തുടങ്ങിയ ഇടങ്ങളിൽ വേദനയുണ്ടാവാനും കാരണമാകും. 

മാനസികാരോ​ഗ്യം

ഇരിപ്പ് കൂടുന്നതുകൊണ്ടുള്ള ശാരീരിക പ്രശ്നങ്ങൾ പലരും ചർച്ച ചെയ്യാറുണ്ടെങ്കിലും മാനസിക പ്രശ്നങ്ങൾ അധികമാരും പറയാറില്ല. നടക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നതു മൂലം മാനസികാരോ​ഗ്യം മെച്ചപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കുന്നു. തുടർച്ചയായി ഇരിക്കുന്നിടത്തു നിന്ന് ഇടയ്ക്കെല്ലാം എഴുന്നേൽക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നതു വഴി മാനസികാരോ​ഗ്യം മെച്ചപ്പെടുത്താമെന്നും നമാമി വീഡിയോയിൽ പറയുന്നു. 

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ മാംസപേശികള്‍ക്ക് അയവുവരുത്താന്‍ സഹായകമാവുന്ന ലളിതമായ അഞ്ചു വ്യായാമങ്ങള്‍

  • പാദം നിലത്ത് പൂര്‍ണമായും ഉറപ്പിക്കുക. ഇടുപ്പ് മുന്നോട്ടും പിന്നോട്ടും പതുക്കെ വളയ്ക്കുക. പല തവണ ഇത് ആവര്‍ത്തിക്കുന്നതിലൂടെ പേശികള്‍ക്ക് അയവ് ലഭിക്കും
  • വലതുമുട്ട് ഉയര്‍ത്തി, ഇടതുകാലിന്റെ മുകളില്‍ വെക്കുക. വലതുഭാഗത്തേക്ക് ഇടുപ്പ് തിരിക്കുക. ഇത് എതിര്‍ദിശയിലും ആവര്‍ത്തിക്കുക.
  • കസേരയുടെ അറ്റത്തേക്ക് ഇരിക്കുക. ഉപ്പൂറ്റി മാത്രം നിലത്തു മുട്ടുന്ന രീതിയില്‍ ഇരുകാലുകളും വിടര്‍ത്തുക. വലതുകാല്‍മുട്ട് ഉയര്‍ത്തി ഇടതുകാല്‍മുട്ടില്‍ വെക്കുക. ശ്വാസമെടുക്കുകയും വിടുകയും ചെയ്യുക. തുടയുടെ പിന്‍വശത്തെ ഞരമ്പുകള്‍ക്ക് ആശ്വാസം തോന്നുന്ന വരെ ചെയ്യുക.
  • ഇരുകൈകളും കഴുത്തിനു മുകളില്‍, തലയ്ക്കു പിന്നിലായി ചേര്‍ത്തുപിടിക്കുക. വലതു ചെവി, വലതു തോളിലേക്കു ചരിക്കുക, തിരികെ നേരെയാക്കുക. ഇടത്തേക്കും ഇതാവര്‍ത്തിക്കുക. ശേഷം, കഴുത്ത് ഇരുവശത്തേക്കും പരമാവധി തിരിക്കുക.
  • കസേരയുടെ അറ്റത്തേക്ക് ഇരിക്കുക. വിരലുകള്‍ മുകളിലേക്ക് ഉയര്‍ത്തി, കൈകള്‍ പിന്‍ഭാഗത്തേക്ക് കൊണ്ടുവരിക. ശ്വാസമെടുക്കുകയും വിടുകയും ചെയ്യുക. ഓരോശ്വാസത്തിലും വാരിയെല്ല് ഉയരുന്നതായി അനുഭവപ്പെടണം.