ആർത്തവ ക്രമക്കേടുകളെക്കുറിച്ച് പരാതികളുമായി ഡോക്ടറുടെ അടുക്കലെത്തുന്നവർ നിരവധിയാണ്. ജീവിതശൈലിയും ഹോർമോൺ വ്യതിയാനങ്ങളുമൊക്കെ ആർത്തവം ക്രമം തെറ്റി വരാൻ കാരണമാകാറുണ്ട്. എന്നാൽ ആർത്തവക്രമക്കേടുകളെ ​ഗൗരവകരമായി കാണേണ്ട ചില സാഹചര്യങ്ങളുമുണ്ട്. അതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ വിമൻസ് ഹെൽത്ത് വിഭാ​ഗം സീനിയർ കൺസൽട്ടന്റായ ഡോ.ഷെർലി മാത്തൻ.

To advertise here,

എനിക്ക് പതിനെട്ട് വയസ്സുണ്ട്. ഒരുവർഷമായി ആർത്തവം ക്രമത്തിലല്ല. ചിലപ്പോൾ വൈകിയാണ് ഉണ്ടാകുന്നത്. കൂടുതൽ ബ്ലീഡിങ്ങുമുണ്ട്. ആ സമയത്ത് കൂടുതൽ വേദനയുമുണ്ട്. എന്റേത് മെലിഞ്ഞ ശരീരമാണ്. ആർത്തവം ക്രമംതെറ്റുന്നത് മറ്റെന്തെങ്കിലും അസുഖം കാരണമാകുമോ എന്ന ആശങ്കയുണ്ട്. കൂടുതൽ പരിശോധനകൾ വേണ്ടിവരുമോ?
അനിത

സാധാരണയായ ഒരു ആർത്തവകാലം എന്നു പറയുന്നത് നാലുമുതൽ ഏഴുവരെയുള്ള ദിവസമാണ്. 21-35 ദിവസങ്ങൾക്കിടയിലാണ് ഓരോതവണയും ആർത്തവമുണ്ടാകുന്നത്. ഈ കാലയളവിൽ വ്യത്യാസം വരികയോ അമിതമായ രക്തസ്രാവമുണ്ടാവുകയോ 2-3 മാസങ്ങൾ ആർത്തവം വരാതിരിക്കുകയോ ചെയ്യുമ്പോഴാണ് ആർത്തവ ക്രമക്കേടെന്ന് പറയുന്നത്. ചിലർക്ക് ആർത്തവ ക്രമക്കേടിനൊപ്പം വേദനയും ഛർദിയുമൊക്കെ വരാം,

കാരണങ്ങൾ

  •  മാനസിക സമ്മർദവും ജീവിതശൈലിയിലെ പ്രശ്നങ്ങളും ആർത്തവ ക്രമക്കേടിന്റെ ഒരു പ്രധാന കാരണമാണ്. അമിതമായി ഭാരം കൂടുതൽ, വളരെപെട്ടെന്ന് മെലിയൽ, ഡയറ്റിങ്, വ്യായാമം വളരെ കൂടുതലാവുന്നത്, ദീർഘ യാത്രകൾ, ​ഗുരുതരമായ അസുഖങ്ങൾ എന്നിവയൊക്കെ ഒരുപരിധിവരെ ആർത്തവത്തെ ബാധിക്കാറുണ്ട്. 
  • ​ഗർഭപാത്രത്തിലെ ഹോർമോൺ വ്യതിയാനം കാരണമുണ്ടാകുന്ന രോ​ഗങ്ങൾ കൊണ്ടും ഈ പ്രശ്നങ്ങൾ വരാം. അതായത് യൂട്ടറൈൻ പോളിപ്പ്, ഫൈബ്രോയ്ഡ് തുടങ്ങിയവ രക്തസ്രാവം കൂടാൻ കാരണമാകാറുണ്ട്. 
  • എൻഡോമെട്രിയോസിസ് കാരണവും കഠിനവേദന ഉണ്ടാകാം. ആർത്തവത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പുതന്നെ വേദന തുടങ്ങും. രക്തസ്രാവം നിന്നാൽപ്പോലും അത് തുടരുകയും ചെയ്യും. 
  • പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് മറ്റൊരു കാരണമാണ്. ഇത് ​ഗർഭപാത്രത്തിൽ അണുബാധയുണ്ടാകാൻ കാരണമാകുന്നു. അതുമൂലം വളരെയധികം വേദനയും ആർത്തവക്രമക്കേടും വരാം. 
  • പി.സി.ഒ.ഡി ആണ് ആർത്തവ ക്രമക്കേടിന്റെ മറ്റൊരു കാരണം. അമിതവണ്ണമുള്ളവരിലാണ് പി.സി.ഒ.ഡി സാധാരണ കണ്ടുവരുന്നത്. എന്നാൽ തീരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും ഇത് കാണാം. 
  • ബ്ലീഡിങ് ഡിസോർഡർ, തൈറോയ്ഡ് തകരാറുകൾ, മറ്റ് ​ഗ്രന്ഥികളുടെ പ്രവർത്തനവൈകല്യം എന്നിവയൊക്കെ ആർത്തവത്തെ ബാധിക്കാറുണ്ട്. 

ഇങ്ങനെ പലകാരണങ്ങൾ കൊണ്ട് ഈ പ്രശ്നങ്ങളുണ്ടാകാം. കാരണം കണ്ടുപിടിക്കാൻ രക്തപരിശോധനകളും പെൽവിക് അൾട്രാസൗണ്ടും ആവശ്യമാണ്. ഇവ ഒരു ​ഗൈനക്കോളജിസ്റ്റിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കണം ചെയ്യേണ്ടത്. തുടർന്ന് കൃത്യമായ ചികിത്സ നടത്തേണ്ടതാണ്. തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സകൾ ചെയ്താൽ പൂർണമായും ഭേദമാക്കാനും വന്ധ്യത പോലെയുള്ള പ്രശ്നങ്ങളിൽ എത്താതിരിക്കാനും സാധിക്കും 

പ്രതിരോധ മാർ​ഗങ്ങൾ

  • ആരോ​ഗ്യകരമായ ജീവിതശൈലി പാലിക്കണം
  • മിതമായി വ്യായാമം ചെയ്യുക
  • ജങ്ക്ഫുഡ്, അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉപേക്ഷിക്കുക
  • പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആഹാരരീതി ശീലിക്കുക
  • അമിതമായ ആഹാരവും കടുത്ത ഡയറ്റിങ്ങും പാടില്ല
  • ആവശ്യത്തിന് വിശ്രമിക്കുക
  • മാനസിക സമ്മർദം കുറയ്ക്കാൻ റിലാക്സേഷൻ ടെക്നിക്കുകൾ ഉപയോ​ഗിക്കുക
  • ഹോർമോൺ ​ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുക. നിർദേശിച്ച ഡോസ് മരുന്നുകളുടെ മുഴുവൻ കോഴ്സും പൂർത്തിയാക്കുക
  • പെൽവിക് അണുബാധ വരാതെ ശ്രദ്ധിക്കുക
  • കൃത്യമായ പരിശോധനകൾ നടത്തുക

ഡോക്ടറെ കാണേണ്ടത് എപ്പോൾ? 

  • വേദനയോടെയുള്ള ആർത്തവം(Dysmenorrhoea)
  • അമിതരക്തസ്രാവം
  • ദുർ​ഗന്ധത്തോടുകൂടിയ ഡിസ്ചാർജ്
  • രക്തത്തുള്ളികൾ കാണുക, അല്ലെങ്കിൽ ക്രമം തെറ്റിയ ആർത്തവം
  • പെൽവിക് അണുബാധയുടെ ലക്ഷണങ്ങളായ കടുത്തപനി, അടിവയർ വേദന തുടങ്ങിയവ ഉണ്ടാവുക.