-
കൊറോണയുടെ ഭീതി നിഴലിക്കുന്ന ആശുപത്രിയിലെ ഇടനാഴിയിലൂടെ ഇന്ന് നടന്ന് പോകുമ്പോഴും ഞാനദ്ദേഹത്തെ കണ്ടു. പതിവ് പ്രസരിപ്പില്ല, എന്നെ കണ്ടപ്പോള്‍ ഇരിപ്പിടത്തില്‍ നിന്ന് അവശതയോടെ എഴുന്നേറ്റ് നിന്നു. രോഗം കാര്‍ന്ന് തിന്നുന്ന ഭാഗം ശരീരത്തിനുള്ളിലുണ്ടെങ്കിലും വേദന അല്‍പ്പം പോലും പുറത്ത് കാണിക്കാതെ ആ ചെറുപ്പക്കാരന്‍ പുഞ്ചിരിക്കുന്നുണ്ട്...
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട് ആദ്യ ആഴ്ച കഴിഞ്ഞപ്പോഴാണവന്‍ ആദ്യമായി വന്നത്. കാസര്‍ഗോഡ് സ്വദേശിയാണ്. നേരത്തെയുള്ള ചികിത്സാ റിപ്പോര്‍ട്ടുകളെല്ലാം പരിശോധിച്ചു. വന്‍കുടലിലാണ് ഞണ്ട് പിടിമുറുക്കിയിരിക്കുന്നത്. മൂന്നാം സ്റ്റേജിലെത്തിയിട്ടുണ്ട്. രണ്ട് കീമോതെറാപ്പി കഴിഞ്ഞിരിക്കുന്നു. മൂന്നാമത്തേതിന്റെ സമയമാണ്. അപ്പോഴാണ് കൊറോണയുടെ പേരില്‍ അതിര്‍ത്തിക്കപ്പുറമുള്ളവര്‍ മനസ്സുകള്‍ക്കിടയിലേക്ക് ചുവന്ന മണ്ണിട്ട് വഴികെട്ടിയടച്ചത്. അങ്ങിനെയാണ് ഈ ചെറുപ്പക്കാരന്‍ എന്റെ മുന്‍പിലെത്തിയത്.
' എന്തൊക്കെയാണ് വിശേഷങ്ങള്‍?' സാവധാനം ഞാന്‍ സംസാരത്തിന് തുടക്കം കുറിച്ചു.
' ഇതല്ലേ ഡോക്ടറേ ഏറ്റവും വലിയ വിശേഷം' അവന്‍ നന്നായൊന്ന് ചിരിച്ചു. 'ഇതിനേക്കാള്‍ വലിയ എന്ത് വിശേഷം' ചിരിച്ച് കൊണ്ട് സംസാരിക്കുമ്പോള്‍ എന്ത് ഭംഗിയാണ് ആ മുഖം കാണാന്‍. രണ്ട് കീമോ തുടങ്ങുന്നതിന് മുന്‍പ് എത്ര സുന്ദരനായിരിക്കണം, ഞാന്‍ മനസ്സിലാലോചിച്ചു. എന്നിട്ട് പറഞ്ഞു
' ഇപ്പോഴത്തെ ഏറ്റവും വലിയ വിശേഷമിതാണ്, പക്ഷെ ഇതിനേക്കാള്‍ വലിയ മറ്റൊരു വിശേഷം നമുക്കുണ്ടാക്കണം'
' എന്റെ അസുഖം മാറിയ വിവരം, അതല്ലേ ഡോക്ടര്‍ ഉദ്ദേശിച്ചത്?'
എത്രപെട്ടന്നാണവന്‍ ആളുകളുടെ മനസ്സ് വായിക്കുന്നത്. ' അതേ, അത് തന്നെ....' ഞാനും പറഞ്ഞു. ' പിന്നെ, ഒന്ന് കൂടിയുണ്ട്, തന്നെ കാത്തിരിക്കുന്ന ഒരു സുന്ദരിക്കുട്ടിയില്ലേ, അവളെ ജീവിതത്തിലേക്ക് കൂട്ടുവിളിക്കണം'
വെറുതെ പറഞ്ഞതാണ്, ചിലപ്പോഴങ്ങിനെയാണ് ചിലരെ കാണുമ്പോള്‍ അവരുടെ ആത്മവിശ്വാസത്തിന് പുറകില്‍ മറ്റെന്തോ ഒരു പ്രേരക ശക്തിയുണ്ടെന്ന് തോന്നും. ഇദ്ദേഹത്തെ കണ്ടപ്പോള്‍ അത് ഒരു പ്രണയിനിയാണെന്നെനിക്ക് വെറുതേ തോന്നി. ഇത്രയും സുന്ദരനായ ചെറുപ്പക്കാരന് ഒരു പ്രണയിനിയെങ്കിലും ഇല്ലാതിരിക്കില്ലല്ലോ.
പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് അവന്റെ മറുപടിയാണ്
വളരെ വിശാലമായൊന്ന് ചിരിച്ചു, എന്നിട്ടവന്‍ പറഞ്ഞു. 'ഡോക്ടറുടെ ആദ്യപകുതി ഊഹം ശരിയാണ്, ഞാന്‍ തിരിച്ച് വരും ജീവിതത്തിലേക്ക്...അത് മാത്രം ശരിയാണ്, പ്രണയിനിയും വിവാഹവും....അര്‍ദ്ധോക്തിയില്‍ നിര്‍ത്തി, അര്‍ത്ഥവത്തായി ഒരു പുഞ്ചിരി കൂടി.' കൂടുതലൊന്നും പറഞ്ഞില്ല.
ഇവിടെ വന്ന് രണ്ടാമത്തെ കീമോതെറാപ്പിക്കായി ഇന്ന് തയ്യാറെടുക്കുകയാണ്. അതിനിടയിലാണ് ഇടനാഴിയില്‍ വെച്ച് കണ്ടത്. ഇപ്പോഴും ഞാനതേ ചോദ്യം തന്നെ ചോദിച്ചു ' എന്തൊക്കെയുണ്ട് വിശേഷങ്ങള്‍'
'ഡോക്ടര്‍ ഈ ചോദ്യം ഒരു ദിവസം എത്ര പേരോട് ചോദിക്കും?' അവന്‍ തിരിച്ച് ചോദിച്ചു.
അങ്ങനെയൊരു ചോദ്യം പ്രതീക്ഷിക്കാത്തതിനാല്‍ എനിക്ക് മറുപടിയുമില്ല. ' ഡോക്ടര്‍, ഞാനൊരു ചോദ്യം ഡോക്ടറോട് ചോദിച്ചോട്ടേ, തെറ്റാണെങ്കില്‍ ക്ഷണിക്കണം'
'ചോദിച്ചോളൂ' ഞാന്‍ പറഞ്ഞു
'കാന്‍സര്‍ വന്നിട്ട് ചികിത്സിച്ച എത്രപേര്‍ രക്ഷപ്പെട്ടിട്ടുണ്ട്?'
'എത്രയോ പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്, എത്ര പേരുടെ നമ്പര്‍ വേണം നിനക്ക്?'
' അല്ല ഡോക്ടര്‍ ഞാന്‍ നന്നായി വായിക്കുന്ന, സിനിമകള്‍ കാണുന്ന വ്യക്തിയാണ് (ഒരു പ്രമുഖ സിനിമാതാരത്തിന്റെ പേര് പറഞ്ഞു) പറഞ്ഞിട്ടുണ്ടല്ലോ കാന്‍സറിന് ചികിത്സയില്ല, എല്ലാം വെറും തട്ടിപ്പാണെന്ന്?'
ഒരു നിമിഷം ഞാനും സ്തബ്ദനായി. പെട്ടെന്ന് എന്തുത്തരം പറയണം? ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ചില പ്രമുഖര്‍, പ്രശസ്തിക്ക് വേണ്ടി നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ എത്ര ആളുകളുടെ ആത്മവിശ്വാസമാണ് ഇല്ലാതാക്കുന്നത്, എത്രപേരുടെ ജീവനാണ് ഇല്ലാതാക്കുന്നത്... ഞാന്‍ അല്‍പ്പം കടുപ്പിച്ച് പറഞ്ഞു
' ആരെങ്കിലും പറയുന്നത് വിശ്വസിക്കലല്ല, ചികിത്സിക്കുന്ന ഡോക്ടറേയും, മരുന്നുകളെയും വിശ്വസിക്കലാണ് അസുഖം ഭേദമാകാന്‍ ആദ്യം ചെയ്യേണ്ടത്. ഈ പറഞ്ഞിരിക്കുന്ന നടനെക്കാള്‍ വലിയ നടന്മാരുടെ ലിസ്റ്റ് ഞാന്‍ തരാം, അവരുടെ പുസ്തകങ്ങളും അനുഭവങ്ങളും ഇന്റര്‍നെറ്റിലുണ്ട്, വായിച്ച് നോക്കൂ... സാധാരണക്കാരായവര്‍, സെലിബ്രിറ്റികള്‍ അര്‍ബുദത്തെ കീഴടക്കി ഇന്നും അതത് ഫീല്‍ഡിയില്‍ വിജയിച്ചിരിക്കുന്നവര്‍....അല്‍പ്പസമയമെടുത്തു ഓരോ കഥയും പറഞ്ഞു കൊടുത്തു...
പിരിയുമ്പോള്‍ അവന്‍ പറഞ്ഞു.
' ഡോക്ടര്‍, നമ്മള്‍ ഈ കൊറോണയെ അതിജീവിക്കില്ലേ, അതുപോലെ ഞാനും അതിജീവിക്കും...ഒരു സംശയവും വേണ്ട'
അല്‍പ്പദൂരം എന്റെ കൂടെ നടന്ന് ശേഷം തിരികെ നടക്കുന്ന ആ ചെറുപ്പക്കാരനെ ഞാന്‍ അല്‍പ്പം കൗതുകത്തോടെ തിരിഞ്ഞ് നോക്കി. സീറ്റില്‍ നിന്ന് എഴുന്നേറ്റ് നടക്കാന്‍ തുടങ്ങുമ്പോഴുണ്ടായിരുന്ന അവശത ഇപ്പോഴില്ല. ആത്മവിശ്വാസത്തെടാണ് തിരിഞ്ഞ് നടത്തം...
എനിക്കുറപ്പുണ്ട്, അവന്‍ മരണത്തെ കീഴടക്കും, അര്‍ബുദം അവന്റെ മുന്നില്‍ കീഴടങ്ങും...കാരണം അവന് ആത്മവിശ്വാസമുണ്ട്, ആത്മവിശ്വാസമാണ് ഏറ്റവും വലിയ മരുന്ന്.
(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റും തലവനുമാണ് ലേഖകന്‍)
Content Highlights: inspiring story of a cancer patient at corona pandemic time
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..