കോവിഡ്മൂലം ലോകം തിളച്ചുമറിയുമ്പോഴും അതൊന്നുമറിയാതെ ഇവിടെ ഒരുകൂട്ടം ജീവികള്‍ സസുഖം വാഴുകയാണ്.

To advertise here,

വൈറസ് പോലെയുള്ള സൂക്ഷ്മജീവികള്‍മുതല്‍ എലികള്‍പോലെ അടിസ്ഥാനഗവേഷണത്തിനുള്ള ജീവിവര്‍ഗങ്ങള്‍വരെ. ഒരു രോഗാണുപോലും അവയെ തൊടാതെ കാത്തുപരിപാലിക്കുന്നതാകട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) തിരുവനന്തപുരം കേന്ദ്രവും.

ഐസര്‍ സ്‌കൂള്‍ഓഫ് ബയോളജിയില്‍ 1,50,000 ചതുരശ്ര അടിയോളം വരുന്ന അനിമല്‍ഹൗസാണ് സജ്ജമാക്കിയിട്ടുള്ളത്. പ്രത്യേക രോഗാണുമുക്ത മേഖലയായ ഇവിടെ ഒരേസമയം 12 കേന്ദ്രങ്ങളിലായി 10,000 ജീവികളെവരെ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇതുവരെ ഐസറിലെ ഗവേഷകര്‍ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന ഈ ജീവിവര്‍ഗങ്ങളെ ഗവേഷണ ആവശ്യങ്ങള്‍ക്കായി വ്യവസായലോകത്തിനും തുറന്നുനല്‍കാന്‍ ധാരണയായി. തോന്നയ്ക്കലില്‍ വികസിപ്പിക്കുന്ന ലൈഫ്സയന്‍സ് പാര്‍ക്കില്‍ എത്തുന്ന ഗവേഷണസ്ഥാപനങ്ങള്‍ക്ക് അവയെ ഉപയോഗിക്കാം. ഇതിനായി സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനും ഐസറും കഴിഞ്ഞദിവസം ധാരണാപത്രം ഒപ്പുവെച്ചു.

എലികളുടെ കോളനി വികസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച ഐസര്‍ അതേവര്‍ഗത്തില്‍പ്പെട്ട കൂടുതല്‍ ട്രാന്‍സ്ജനിക് വിഭാഗങ്ങളെ വിദേശത്തുനിന്നും മറ്റും ഇറക്കുമതിചെയ്യാന്‍ അനുമതി തേടിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ധാരണപ്രകാരം മരുന്നുഗവേഷണരംഗത്തടക്കം ലൈഫ് സയന്‍സ് പാര്‍ക്കില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് ഐസറിലെ പരീക്ഷണജീവജാലങ്ങളെ ഉപയോഗിക്കാനാകുമെന്ന് കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.

ഐസറില്‍നിന്ന് ജീവികളെ ലഭിക്കുന്നതോടെ കമ്പനികള്‍ക്ക് ലാഭകരമായി ഗവേഷണം നടത്താനാകും. ശാസ്ത്രഗവേഷണസ്ഥാപനങ്ങള്‍ വ്യാവസായികവികസനങ്ങളുമായി കൈകോര്‍ക്കണമെന്ന ലക്ഷ്യം നേടാനും കരാര്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലൈഫ് സയന്‍സ് പാര്‍ക്ക് ആദ്യഘട്ടമായി വികസിപ്പിച്ച 75 ഏക്കറില്‍ 38 ഏക്കര്‍ വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി നല്‍കിക്കഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന ആദ്യഘട്ടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ലൈഫ് സയന്‍സ് പാര്‍ക്കിന്റെ രണ്ടാംഘട്ടത്തില്‍ (123 ഏക്കര്‍) 86 ഏക്കര്‍ ഏറ്റെടുത്തു. ഇത് വിവിധ കമ്പനികള്‍ക്കു കൊടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Content Highlights: Indian institute of Science Education and Research Thiruvananthapuram animal house, Health