
കോവിഡ് പോലെ ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു പകര്‍ച്ചവ്യാധി എന്ന രീതിയിലാണ് എച്ച്.എം.പി.വിയെ കുറിച്ച് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഇതൊരു പുതിയ രോഗമല്ല. ഏകദേശം 50 വര്‍ഷങ്ങള്‍ക് മുന്നേ തന്നെ കണ്ടുപിടിച്ച ഒരു വൈറസ് ആണ് 'human Meta Pneumo Virus' (എച്ച്.എം.പി.വി/ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ് ). ചൈനയില്‍ അടുത്തിടെ ഇന്‍ഫ്‌ലുവന്‍സ കേസുകളും ന്യൂമോണിയ കേസുകളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത കൂട്ടത്തില്‍ എച്ച്.എം.പി.വിയും കണ്ടെത്തി എന്നതുകൊണ്ടാണ് ഇപ്പോള്‍ ഇത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന വാര്‍ത്ത കൂടെ വന്നതോടെ പൊതുജനങ്ങളുടെ ആശങ്ക പതിന്മടങ്ങായി വര്‍ദ്ധിച്ചു. യഥാര്‍ത്ഥത്തില്‍ ഇവിടെ ആശങ്കയ്ക്കുള്ള സാധ്യതകള്‍ ഒന്നുമില്ല. കാരണം നമ്മുടെ നാട്ടില്‍ കാലങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു വൈറസ് ആണ് ഇത്.
എന്താണ് എച്ച്.എം.പി.വി
കുട്ടികളിലും മുതിര്‍ന്നവരിലും ജലദോഷം വരുത്തുന്ന ഒരിനം ആര്‍.എന്‍.എ വൈറസ് ആണ് എച്ച്.എം.പി.വി. ഇന്‍ഫ്‌ലുവന്‍സ, കൊറോണ വൈറസ് ബാധ പോലെ മൂക്കിലും തൊണ്ടയിലും ഇന്‍ഫെക്ഷന്‍ (upper respiratory tract infection) വരുത്തുന്ന രീതിയിലാണ് ഈ വൈറസ് പ്രവര്‍ത്തിക്കുന്നത്. രോഗമുള്ള വ്യക്തി തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉണ്ടാകുന്ന കണങ്ങളില്‍ കൂടി വൈറസ് അടുത്ത് ഇടപെടുന്ന ആളില്‍ എത്തും (droplet infection). പ്രതലങ്ങളില്‍ വീഴുന്ന കണങ്ങളില്‍ (fomites) സ്പര്‍ശിച്ച കൈകൊണ്ട് മൂക്കിലും കണ്ണിലും സ്പര്‍ശിച്ചാലും രോഗം പകരാം. ശരീരത്തില്‍ കടന്നാല്‍ 2-5 ദിവസത്തില്‍ മൂക്കൊലിപ്പ്, തുമ്മല്‍, തൊണ്ടവേദന, പനി എന്നീ ലക്ഷണങ്ങളോടെ അസുഖം തുടങ്ങും.
കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ആരൊക്കെയാണ്
സാധാരണഗതിയില്‍ രോഗം പ്രത്യക്ഷപ്പെട്ട് ഒരാഴ്ച്ച കൊണ്ട് തനിയേ ഭേദമാവും. അപ്പൂര്‍വമായി ശ്വാസകോശങ്ങളെയും ബാധിച്ചു ന്യൂമോണിയ പോലുള്ള കഠിനമായ അവസ്ഥയും (Lower Respiratory Tract Infection ) വന്നേക്കാം. 5 വയസ്സില്‍ താഴെയുള്ള കുട്ടികളിലും പ്രായമായവരിലും ഗര്‍ഭിണികളിലും പ്രതിരോധശക്തി കുറഞ്ഞവരിലും (കാന്‍സര്‍ രോഗികള്‍, കീമോ തെറാപ്പി എടുക്കുന്നവര്‍, steroid എടുക്കുന്നവര്‍, ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവര്‍ തുടങ്ങിയവര്‍) ശ്വാസകോശ, ഹൃദയ, വൃക്ക, കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ എന്നീ വിഭാഗങ്ങളെ എച്ച്.എം.പി.വി ബാധിക്കാനും അത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങളില്‍ RT - PCR ടെസ്റ്റ് വഴി എച്ച്.എം.പി.വിയെ കണ്ടുപിടിക്കാന്‍ സാധിക്കും.
ചികിത്സ
എച്ച്.എം.പി.വിക്കു പ്രത്യേകിച്ച് ആന്റിവൈറല്‍ മരുന്നില്ല. തനിയെ മാറുന്ന അസുഖമാണ്. എന്നാല്‍ ശ്വാസകോശങ്ങളെ ബാധിച്ച് ന്യൂമോണിയ ആവാന്‍ സാധ്യതയുണ്ട്. എച്ച്.എം.പി.വി മറ്റൊരു കോവിഡ് അല്ല. മഞ്ഞുകാലത്ത് വിവിധ ജലദോഷ വൈറസുകള്‍ സജീവമാകുന്ന കൂട്ടത്തില്‍ എച്ച്.എം.പി.വി യും ചിലയിടത്ത് പടരും. ഇപ്പോള്‍ ചൈനയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഒരു പാന്‍ഡെമിക് ആയി പടര്‍ന്നു പിടിച്ചിട്ടില്ല. കോവിഡ് പോലെ പെട്ടെന്ന് അതിവേഗം പടരുന്ന, തിരിച്ചറിയാന്‍ വൈകിയ, പുതുതായി കണ്ടുപിടിച്ച വൈറസും അല്ല. ഇത് നേരത്തേ തന്നെ കണ്ടുപിടിക്കപ്പെട്ട വൈറസ് ആണ്.
മുന്‍കരുതല്‍
ഇന്‍ഫ്‌ലുവന്‍സ, കോവിഡ് എന്നീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ തന്നെ എച്ച്.എം.പി.വി വരാതിരിക്കാനും ഉപയോഗിക്കാം. ആള്‍ക്കൂട്ടത്തിലും രോഗികളോട് ഇടപെഴുകുമ്പോളും മാസ്‌ക് ധരിക്കുക, കൈ സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കഴുകുക, എന്നീ കാര്യങ്ങള്‍ എല്ലാ ജലദോഷ വൈറസുകളെയും പോലെ എച്ച്.എം.പി.വി യേയും അകറ്റി നിര്‍ത്തും.
കോവിഡുമായി താരതമ്യം ചെയ്ത് എച്ച്.എം.പി.വിയെ പറ്റി ചിന്തിച്ച് ഭയപ്പെടേണ്ടതില്ല. എന്നിരുന്നാലും അത് വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
Content Highlights: human metapneumovirus hmpv symptoms and treatment
Published: 06 Jan 2025, 08:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented