പത്തനംതിട്ട: ബോക്സിനെ തൊട്ടുരുമ്മിപ്പോയ ഫ്രീകിക്കിനും തട്ടിയകറ്റിയ പെനാൽറ്റി കിക്കിനുമൊപ്പം ഉറക്കം മനസ്സിന്റെ മൈതാനംവിട്ടുപോയ നാളുകൾക്ക് ഫൈനൽ വിസിൽ മുഴങ്ങാറായി. പാതിരാത്രി കളികണ്ട് പകൽ ക്ലാസിൽ ഉറക്കംതൂങ്ങിയ കുട്ടികൾ, തുടർച്ചയായ കളികണ്ട് ഉറക്കംവിട്ടകന്ന കളിഭ്രാന്തൻമാർ.
ആളുകളുടെ ഉറക്കംപോയിട്ട് മാസം ഒന്നുകഴിഞ്ഞു. ഇനിയെങ്ങനെ ഉറക്കം തിരിച്ചുപിടിക്കും. അതിനു ചില ടെക്നിക്കുകൾ ഉണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
തലച്ചോറിനും വേണം ‘ഓഫ് സീസൺ’
രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേൽക്കുകയും ചെയ്താൽ ശരീരത്തിന്റെ താളം തെറ്റാം. രാത്രി മൊബൈൽ, ടി.വി., മറ്റ് സ്ക്രീനുകൾ എന്നിവയിലെ നീലവെളിച്ചം തലച്ചോറിന് ‘ഇപ്പോഴും പകലാണ്’ എന്ന സന്ദേശം നൽകും. ഇതുമൂലം ഉറക്കത്തിന് സഹായിക്കുന്ന മെലട്ടോണിൻ ഹോർമോണിന്റെ ഉത്പാദനം കുറയാം.
ഫുട്ബോളിലെ ഓരോ ഗോൾ അവസരവും നമ്മുടെ തലച്ചോറിലെ ശ്രദ്ധ, വികാരം, തുടങ്ങിയ പ്രതിഫലന സംവിധാനങ്ങളെ സജീവമാക്കുന്നു. അതുകൊണ്ടാണ് ആവേശകരമായ മത്സരം കഴിഞ്ഞാലും മനസ്സ് ഉടൻ ശാന്തമാകാതെ വീണ്ടും അതിനെക്കുറിച്ച് ചിന്തിക്കുന്നത്. ശരീരത്തിനും തലച്ചോറിനും സാധാരണ ദിനചര്യയിലേക്ക് മടങ്ങാൻ കുറച്ച് ദിവസം നൽകണം. രണ്ടാഴ്ചയിലേറെയായി ഉറക്കക്കുറവ് തുടർന്നാൽ മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കുന്നത് നല്ലതാണ്.
- ഡോ.പി.ടി.സന്ദീഷ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ആരോഗ്യവകുപ്പ്)
കുട്ടികൾക്ക് വളരെ എളുപ്പം
കളി കാണുമ്പോൾ അഡ്രിനാലിൻ പോലുള്ള ഉദ്ദീപന(എക്സൈറ്റേറ്ററി) ഹോർമോണുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെയും ഉറക്കത്തെയും ബാധിക്കും.
ഇഷ്ടമുള്ള ടീമിന്റെ തോൽവി വൈകാരിക അസ്വസ്ഥത(ഇമോഷണൽ ഡിസ്റ്റർബൻസ്) ഉണ്ടാക്കുന്നവരുണ്ട്. ഇത്രയുംനാൾ ഉയർന്ന അഡ്രിനാലിൻ ലെവലിലായിരുന്ന നാഡീവ്യവസ്ഥ സാധാരണ നിലയിലേക്ക് എത്തേണ്ടതുണ്ട്. കുട്ടികൾക്ക് പഴയരീതിയിലേക്ക് എളുപ്പം മടങ്ങാം. മുതിർന്നവർക്കാണ് പ്രശ്നമുണ്ടാകാൻ സാധ്യത. മിക്കവരുടെയും ഉറക്കക്രമം ഒരാഴ്ചയ്ക്കുള്ളിൽ പതിയെ സാധാരണനിലയിലേക്ക് മടങ്ങും. ജീവിതശൈലിക്കനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും.
- ഡോ.റെജി പോൾ (ന്യൂറോളജി വിഭാഗം മേധാവി, സ്ലീപ് മെഡിസിൻ കൺസൾട്ടന്റ്, ആസ്റ്റർ മെഡ്സിറ്റി കൊച്ചി)
Content Highlights: How to Reset Your Sleep Cycle After Sports Binge-Watching
Published: 18 Jul 2026, 02:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented