
സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സാധാരണയായി കണ്ടുവരുന്നതും എന്നാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുമായ അവസ്ഥയാണ്. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണിന്റെ പങ്ക് വളരെ വലുതാണ്, ആയതിനാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വളരെ കൃത്യമായി പരിഹരിക്കേണ്ടതുമുണ്ട്.
ആര്‍ത്തവചക്രത്തെ ബാധിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ സാധാരണ ലക്ഷണങ്ങള്‍
ക്രമം തെറ്റിയുള്ള ആര്‍ത്തവം, സാധാരണയായ ഒരു ആര്‍ത്തവകാലം എന്നു പറയുന്നത് നാലുമുതല്‍ ഏഴുവരെയുള്ള ദിവസമാണ്. 21-35 ദിവസങ്ങള്‍ക്കിടയിലാണ് ഓരോതവണയും ആര്‍ത്തവമുണ്ടാകുന്നത്. ഈ കാലയളവില്‍ വ്യത്യാസം വരികയോ അമിതമായ രക്തസ്രാവമുണ്ടാവുകയോ, 2-3 മാസങ്ങള്‍ ആര്‍ത്തവം വരാതിരിക്കുകയോ ചെയ്യുമ്പോഴാണ് ആര്‍ത്തവ ക്രമക്കേടെന്ന് പറയുന്നത്.
ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ കാരണങ്ങള്‍
പ്രായഭേദമില്ലാതെ യുവതികളിലും കൗമാരക്കാരിലും ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് പി.സി.ഒ.ഡി അല്ലെങ്കില്‍ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. അണ്ഡാശയങ്ങളില്‍ കാണപ്പെടുന്ന സിസ്റ്റുകള്‍ അഥവാ കുമിളകളാണ് പി.സി.ഒ.ഡി.
ജനിതക കാരണങ്ങളാൽ ചില സ്ത്രീകളിൽ തലച്ചോറിലെ പിറ്റ്യൂട്ടറിഗ്രന്ധികളിൽ നിന്നുൽപാദിപ്പിക്കപ്പെടുന്ന ലൂട്ടിനൈസിങ് ഹോർമോൺ( LH), ഫോളിക്യൂലാർ സ്റ്റിമുലേറ്റിംങ് ഹോർമോൺ(FSH) എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ അണ്ഡോൽപ്പാദനം നടക്കാതിരിക്കാനും സ്ത്രീഹോർമോണുകളുടെ ശരിയായ ഉൽപ്പാദനം തടസ്സപ്പെടുത്താനും അതോടൊപ്പം തന്നെ പുരുഷ ഹോർമോണുകളുടെ അമിതോൽപ്പാദനം നടക്കാനും കാരണമായിത്തീരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇവരുടെ ശരീരത്തിലുണ്ടാക്കുന്ന ഇൻസുലിൻ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നതാണ്. ഇപ്രകാരം ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ ഉണ്ടാകുന്നതിനാൽ ശരീരത്തിലെ ഗ്ളൂക്കോസ് കൂടുതലും കൊഴുപ്പായി രൂപാന്തരപ്പെടുകയും അത് രോഗിയുടെ അമിതവണ്ണത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയില്‍ വരുത്തിയ മാറ്റങ്ങളിലൂടെയും പിസിഒഡി നിയന്ത്രിക്കാം. നിയന്ത്രണമില്ലാത്ത ഭക്ഷണക്രമം, കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ, മധുരപലഹാരങ്ങള്‍, ചോക്ലേറ്റുകള്‍, ശരിയായ വ്യായാമമില്ലാത്ത ജീവിതം എന്നിവയാണ് പിസിഒഡിയുടെ പ്രധാന കാരണങ്ങള്‍.
പിസിഒഡി ലക്ഷണങ്ങള്‍
- ക്രമരഹിതമായ ആര്‍ത്തവം
- അസാധാരണമായ രോമവളര്‍ച്ച
- അമിതവണ്ണം: പിസിഒഡി ഉള്ളവരില്‍ അമിതവണ്ണം സാധരണയായി കണ്ടുവരാറുള്ളതാണ്,അതേസമയം ചിലര്‍ നന്നായി മെലിയാറുമുണ്ട്.
- വന്ധ്യത: സ്ത്രീകളില്‍ വന്ധ്യതയുടെ ഏറ്റവും സാധാരണമായ കാരണം പി.സി.ഒ.ഡി ആണ്. പതിവായി അല്ലെങ്കില്‍ ഇടയ്ക്കിടെ അണ്ഡോത്പാദനം നടക്കാതിരുന്നാള്‍ ഗര്‍ഭം ധരിക്കാന്‍ കഴിയാതെ വരും.
- അമിതമായ മുഖക്കുരു, സമ്മർദം തുടങ്ങിയവയെല്ലാം പി.സി.ഒ.ഡിയുടെ ലക്ഷണങ്ങളാണ്.
തിരിച്ചറിയാനുള്ള പരിശോധനകള്‍
അണ്ഡാശയം പരിശോധിക്കാന്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍ എടുക്കാം അതിനു ശേഷം രോഗിയുടെ അവസ്ഥ കണക്കില്‍ അടുത്ത് എന്ത് ചികിത്സയാണ് വേണ്ടത് എന്ന തീരുമാനത്തില്‍ എത്താം. ചില സന്ദര്‍ഭങ്ങളില്‍ ഹോര്‍മോണുകളുടെ സ്രവത്തിന്റെ അളവ് അറിയാന്‍ രക്തപരിശോധനയും ആവശ്യപ്പെടാറുണ്ട്. തൈറോയ്ഡിനും പിസിഒഡിയുടെ സമാന ലക്ഷണങ്ങള്‍ ഉണ്ട്, അതിനാല്‍ സാഹചര്യം സ്ഥിരീകരിക്കാന്‍ തൈറോയിഡ് പരിശോധനയും എടുക്കാന്‍ ആവശ്യപെടാറുണ്ട്
എങ്ങനെ ചികിത്സിക്കാം ?
ഭക്ഷണ ക്രമീകരണം
ശുദ്ധീകരിക്കാത്തതും പ്രകൃതിദത്തവുമായ ഭക്ഷണം. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റ് പ്ലാനില്‍ ഉള്‍പെടുത്തുക.
കാബേജ്, ചീര, ബ്രൊക്കോളി , ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ മുതലായവ ഉള്‍പെടുത്തുക,
വ്യായാമം
പി.സി.ഒ.ഡി യ്ക്ക് പ്രധാനമായും കാരണമാകുന്നത് ജീവിതശൈലിയാണ് അതുകൊണ്ട് തന്നെ ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഗുണകരമായി ബാധിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് ശരീരത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ദിവസവും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വ്യായാമം ചെയുന്നത് വളരെ നല്ലതാണ്, അമിതവണ്ണം കുറക്കാനും ഉന്മേഷത്തോടെ ദിവസം മുഴുവനും പ്രവര്‍ത്തിക്കാനും അത് സഹായിക്കുന്നു. കാര്യമായി വ്യായാമങ്ങള്‍ ഒന്നും ചെയ്യുന്നില്ലയെങ്കില്‍ ദിവസവും മുപ്പത് മിനിറ്റ് നടക്കാം.
ഹോര്‍മോണ്‍ ചികിത്സ
രോഗിയുടെ അവസ്ഥ മനസിലാക്കി ഹോര്‍മോണിന്റെ അളവ് കൃത്യമാകാന്‍ ഹോര്‍മോണ്‍ ഗുളികളാണ് നല്‍കുന്നത് മൂന്ന് മാസം ഹോര്‍മോണ്‍ ഗുളികയോടൊപ്പം ജീവിതശൈലി പരിഷ്കരിക്കുകയും ചെയ്താല്‍ ഹോര്‍മോണ്‍ വ്യതിയാനവും ആര്‍ത്തവ പ്രശ്‌നങ്ങളും മാറും, വീണ്ടും അതേ പ്രശ്‌നങ്ങള്‍ തുടങ്ങുകയാണെങ്കില്‍ ഇതേ ചികിത്സ വീണ്ടും ചെയ്യാം. മൈഗ്രൈന്‍, സ്‌ട്രോക്ക് പാരമ്പര്യം ഉള്ളവര്‍, രക്തം കട്ട പിടിക്കുന്ന അസുഖം ഉള്ളവര്‍, പുകവലി ശീലമാക്കിയവര്‍ക്കൊക്കെ അതൊക്കെ ചോദിച്ചു മനസിലാക്കിയതിന് ശേഷം മാത്രമാണ് മരുന്നുകള്‍ നല്‍കാറുള്ളത്.
വന്ധ്യത പ്രശ്‌നങ്ങള്‍
പോളിസിസ്റ്റിക് അണ്ഡാശയത്തോടുകൂടിയ സ്ത്രീകള്‍ക്ക് വന്ധ്യതാ നിരക്ക് വളരെ ഉയര്‍ന്നതാണ്. ഈ സ്ത്രീകള്‍ക്ക് സാധാരണയായി ഗര്‍ഭധാരണം ബുദ്ധിമുട്ടുണ്ടാകും കൂടാതെ ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് ചികിത്സ ആവശ്യമാണ്.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖിക.
Content Highlights: hormonal imbalance and irregular periods
Published: 28 May 2024, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented