എന്താണ് വീട്ടുപ്രസവത്തിന്റെ കുഴപ്പങ്ങൾ ? അന്വേഷണ പരമ്പര-രണ്ടാംഭാഗം
''കാട്ടിൽ ആന പെറുന്നത് ആശുപത്രിയുണ്ടായിട്ടാണോ? പൂച്ചയും പട്ടിയുമൊക്കെ അഞ്ചും ആറും പെറുന്നു. ഒരാളും ആശുപത്രിയിൽ പോകുന്നില്ല. എന്റെ ഭാര്യ ഒൻപതു പെറ്റു. എല്ലാം വീട്ടിലാണ്, ഒന്നാംമാസം മുതൽ പത്താംമാസം വരെ ഞാൻ തന്നെയാണ് ഡോക്ടർ''..
ആയിരക്കണക്കിന് കേൾവിക്കാരുള്ള ഒരു പ്രഭാഷകൻ സ്റ്റേജിന് മുകളിൽ നിന്ന് അഭിമാനത്തോടെ പരസ്യമായി വിളിച്ചുപറഞ്ഞതാണിത്. ഏതെങ്കിലും നൂറ്റാണ്ടിലല്ല. മൂന്നുവർഷം മുൻപ്. അത് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മാത്രമല്ല, സ്കാനിങ് ലോകത്തിലെ ഏറ്റവും വലിയ അപകടമാണെന്നും വിധിക്കുന്നുണ്ട്. "ഒന്നാമത്തെ സ്കാനിങ്ങിൽ കുഞ്ഞിൻറെ കിഡ്‌നി കേടുവരും. രണ്ടാം സ്കാനിങ്ങിൽ ഡോക്ടർ പറയും കൂട്ടിയുടെ കിഡ്‌നി കേടാണെന്ന്. രണ്ടാം സ്കാനിങ്ങിൽ കുട്ടിയുടെ തലച്ചോർ കേടുവരും അടുത്ത സ്കാനിങ്ങിൽ ഡോക്ടർ പറയും കുട്ടിയുടെ തലച്ചോർ കേടാണെന്ന് - ഇങ്ങനെ പോകുന്നു വാക്കുകൾ. സ്റ്റേജിനു താഴെ കുറേ പാവങ്ങൾ 'ആശാൻ അപാര പണ്ഡിതൻതന്നെ' എന്ന മട്ടിൽ എല്ലാം കേട്ട് തലയാട്ടുന്നുമുണ്ട്.
ഇത്തരം അന്ധവിശ്വാസ പ്രചാരണങ്ങൾക്കെതിരേ നിയമനടപടിയെടുക്കാൻ കഴിയാത്തതാ ണ് നമ്മുടെ ഗതികേട്. ആരോഗ്യവകുപ്പ് എംഎംആർ, കോവിഡ്, ടെറ്റനസ് വാക്‌സിനുകൾക്കായി ശക്തമായ പ്രചാരണം നടത്തിയപ്പോൾ അതിനെതിരേ പരസ്യമായി പ്രചാരണം നടത്തിയ സംഘങ്ങളും സംഘടനകളുമുണ്ടായിരുന്നു നമ്മുടെ കേരളത്തിൽ. അതിന്റെ ഫലമായി പലരും ടെറ്റനസ് ബാധിച്ചു മരിച്ചു. മുണ്ടിനീർ പരക്കെ വ്യാപിച്ചു. കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ കഷ്ടപ്പെടുകയും ചെയ്തു.
വിവരമില്ലായ്മയെ ആഘോഷമാക്കുന്നു.
മനുഷ്യ ശരീരത്തെക്കുറിച്ചോ, അവയവങ്ങളെക്കുറിച്ചോ രോഗങ്ങളെക്കുറിച്ചോ പോലും ഒരു ധാരണയുമില്ലാത്തവരാണ് ഇത്തരം അന്ധവിശ്വാസ പ്രചാരണം നടത്തുന്നതെന്നാണ് വൈരുധ്യം. പ്രസവം നടക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല. പ്രസവത്തിന് മുന്‍പും പിന്‍പും ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചറിയില്ല. മലവിസര്‍ജ്ജനം പോലെ സ്വാഭാവികമായി നടന്നോളും എന്നാണ് വാദം. എന്നാല്‍ മനുഷ്യപ്രസവം മറ്റുമൃഗങ്ങളുടെ പ്രസവം പോലെ ലളിതപ്രക്രിയയല്ലെന്നതാണ് സത്യം. അതിന് പരിണാമപരമായി കുറേകാരണങ്ങളുണ്ട്. എടപ്പാള്‍ ഹോസ്പിറ്റലിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റായ ഡോ.വി.അനന്തനാരായണന്‍ ഈ വ്യത്യാസം വിശദീകരിക്കുന്നു.
എന്താണ് വീട്ടുപ്രസവത്തിന്റെ കുഴപ്പങ്ങൾ ? അന്വേഷണ പരമ്പര- ആദ്യഭാഗം വായിക്കാം..
ഇരുകാലിയായ നാല്‍ക്കാലി
നാല്‍ക്കാലികളായിരുന്ന നമ്മള്‍ ഇരുകാലികളായ പരിണാമത്തോടെയാണ് മനുഷ്യപ്രസവവും സങ്കീര്‍ണമായി മാറിയതെന്ന് ഡോ.വി.അനന്തനാരായണന്‍ പറയുന്നു. ഇങ്ങനെ സംഭവിച്ചതോടെ മനുഷ്യന്റെ ഘടന നിവര്‍ന്നതായി. അതിനനുസരിച്ച് ഇടുപ്പെല്ലിന്റെ(pelvis) രൂപത്തിലും മാറ്റംവന്നു. ഇടുപ്പെല്ലിന് തുടക്കം(in let)നടു(cavtiy) അവസാനം(out let) എന്നിങ്ങനെ മൂന്നു ഘട്ടമുണ്ടായി. അത് മൂന്നുവളവുള്ള പൈപ്പിന്റെ രൂപത്തിലായി. അതേസമയം നാല്‍ക്കാലി മൃഗങ്ങളുടേത് നിവര്‍ന്ന പൈപ്പ് പോലെയും. ഇതാണ് മറ്റുജീവികളില്‍ നിന്ന് മനുഷ്യന്റെ പെല്‍വിസിനുള്ള ഏറ്റവും പ്രധാന വ്യത്യാസം. ഇത് പ്രസവകാര്യത്തില്‍ സങ്കീര്‍ണതയുണ്ടാക്കി. അമ്മയുടെ ഇടുപ്പെല്ലും കുഞ്ഞിന്റെ വലിപ്പവും തമ്മില്‍ പൊരുത്തക്കേടുണ്ടായാല്‍ പ്രസവം പ്രയാസമാവും. സിപിഡി എന്ന അവസ്ഥയില്‍ ഗര്‍ഭപാത്രം പൊട്ടാന്‍ കാരണമാവും. കുഞ്ഞ് ഈ പൈപ്പിനുള്ളില്‍ വിലങ്ങനെ കിടന്നാലും പ്രശ്‌നമായി. ഇതെല്ലാം മാതാവിന്റെ മരണത്തില്‍ കലാശിക്കും. ഇതല്ലാതെ പ്രസവസമയത്ത് രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി മറ്റ് അനേകം ശാരീരിക പ്രശ്‌നങ്ങളുമുണ്ടാകാം. കുഞ്ഞിനുണ്ടാകാന്‍ സാധ്യതയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ വേറേയും. ഇതൊക്കെക്കൊണ്ടുതന്നെ മനുഷ്യപ്രസവം നല്ല ശ്രദ്ധവേണ്ട പ്രക്രിയയാണെന്ന് ഡോ.അനന്തനാരായണന്‍ പറയുന്നു.
വയറ്റാട്ടി എന്ന ഭാഗ്യപരീക്ഷണം...
ഇതുമാത്രമല്ല, മറ്റുജീവികളുടേയും മനുഷ്യന്റേയും കുഞ്ഞിന്റെ തലയുടെ വലിപ്പത്തിലും കാര്യമായ വ്യത്യാസമുണ്ട്. ശരീരവലിപ്പത്തെ അപേക്ഷിച്ച് വലിയ തലച്ചോറാണ് മനുഷ്യന്റേത്. അതുകൊണ്ടുതന്നെ തലയുടെ വലിപ്പവും കൂടും. ഇത് ഇടുപ്പെല്ലിനിടയിലൂടെ ഇറങ്ങിവരിക പ്രയാസമാണ്. ഇതൊന്നുമറിയാത്ത ഒതുക്കുങ്ങലിലെ ഫാത്തിമ എന്ന വയറ്റാട്ടിയെക്കൊണ്ടാണ് ചട്ടിപ്പറമ്പില്‍ മരിച്ച യുവതിയുടെ പ്രസവമെടുപ്പിച്ചത്. അവര്‍ പണികഴിഞ്ഞ് പോവുകയും ചെയ്തു. നാലുകിലോഗ്രാമോളം ഭാരമുള്ള കുഞ്ഞിനെ അവര്‍ എങ്ങനെയാണ് പുറത്തെടുത്തത് എന്ന് അവര്‍ക്കും ആ പാവം സ്ത്രീക്കും മാത്രമേ അറിയൂ. വൈകാതെ ശ്വാസംമുട്ടലും അസ്വസ്ഥതകളുമുണ്ടായി എന്നാണ് ഭര്‍ത്താവായ മതപ്രഭാഷകന്‍ പറഞ്ഞത്. അങ്ങനെയാണ് യുവതി മരിക്കുന്നത്. മറ്റ് സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് വയറ്റാട്ടിമാരായിരുന്നു നമുക്ക് ആശ്രയം. ഇന്നങ്ങനെയല്ല, അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യത്തിനും ജീവരക്ഷയ്ക്കും അത്യാധുനിക ചികിത്സാസംവിധാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയാണ് മാതൃമരണനിരക്ക് ലക്ഷത്തിൽ 19 എന്ന നിലയിലേക്ക് നമ്മൾ കുറച്ചുകൊണ്ടുവന്നത്. 1980കളിൽപ്പോലും ഇത് ലക്ഷത്തിന് 80-ന് മുകളിൽ ആയിരുന്നു എന്നോർക്കണം. ഇത്തരം സൗകര്യങ്ങൾ അമ്മയുടേയും കുഞ്ഞിന്റേയും അവകാശം കൂടിയാണ്..
Content Highlights: Home Delivery Risks of Home Births
Published: 09 Apr 2025, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented