ഒരു അവയവത്തിനു ചുറ്റുമുള്ള കവചത്തിനു പുറത്തേക്ക് അവയവമോ അതിന്റെ ഭാഗമോ തള്ളിവരുന്നതാണ് ഹെർണിയ. ഇത് സാധാരണയായി കണ്ടു വരുന്നത് വയറിന്റെ ഭാഗത്താണ്. വയറിൽ മാത്രമല്ല, ശരീരത്തിൽ എവിടെ വേണമെങ്കിലും വരാം. കുടൽ ഉൾപ്പെടെ പല അവയവങ്ങളെയും വലയം ചെയ്ത് നിൽക്കുന്നത് വയറിന്റെ ഭിത്തിയാണ്. എവിടെയെങ്കിലും ഒരു ദുർബലമായ അവസ്ഥ ആ ഭിത്തിക്കുണ്ടെങ്കിൽ അതു വഴി അകത്തുള്ള അവയവഭാഗം പുറത്തേക്ക് വരാൻ ശ്രമിക്കുന്ന അവസ്ഥയാണ് ഹെർണിയ. കുടൽ തള്ളി പുറത്തുവരാൻ ശ്രമിക്കുന്ന അവസ്ഥ ചികിത്സ ആവശ്യമുള്ളതുമാണ്.

To advertise here,

ആദ്യം കാണുന്ന ലക്ഷണമെന്നത് പലപ്പോഴും മുഴ തന്നെയാണ്. ശരീരത്തിന്റെ ഒരു ഭാഗം മുഴച്ചു നിൽക്കുന്നതായി കാണുക, കിടക്കുമ്പോൾ മുഴ അകത്തേക്ക് പോയതായി അനുഭവപ്പെടുക, അമർത്തിയാൽ മുഴ ഇല്ലാതായി പോകുന്നതായി അനുഭവപ്പെടുക തുടങ്ങിയവയൊക്കെയാണ് തുടക്കത്തിൽ പ്രകടമാവുക. എഴുന്നേറ്റു നിൽക്കുമ്പോഴും ചുമയ്ക്കുമ്പോഴും വേദന തോന്നുക, ഭാരം എടുക്കുമ്പോൾ വേദന കൂടുക തുടങ്ങിയ കാര്യങ്ങൾ ഹെർണിയയുടെ ലക്ഷണങ്ങളായി കണക്കാക്കാം. 

ആദ്യം മുഴയായി തിരിച്ചറിയുകയും പിന്നീട് വേദന അനുഭവപ്പെടുകയും ചെയ്യുന്ന രീതിയാണ് സാധാരണയായി കാണാറുള്ളത്.  കൂടുതൽ ഗുരുതരമാകുമ്പോൾ കുടലിന് തടസ്സമുണ്ടാകും. മാലിന്യങ്ങൾ അവിടെയെത്തി തടസ്സപ്പെട്ട് നിൽക്കുന്ന അവസ്ഥയുണ്ടായാൽ ഛർദ്ദി, വയർ സ്തംഭനം തുടങ്ങിയവ അനുഭവപ്പെടാം. ഒരു ദ്വാരം വഴി കുടൽ തള്ളി പുറത്തേക്കിറങ്ങുമ്പോൾ അവിടെയുള്ള രക്തക്കുഴലുകളിൽ തടസ്സം നേരിടുന്നു. ഇത് മൂലം കുടലിന്റെ അറ്റത്തേക്ക് രക്തസഞ്ചാരം കുറയുകയും ഇത് വേദന അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യുന്നു. വേദനയുള്ളപ്പോൾ മുഴയും അനുഭവപ്പെടും. കുടലിന്റെ ഭാഗം ഈ ദ്വാരത്തിൽ കൂടുതൽ കുരുങ്ങുന്ന പക്ഷം കുടലിനകത്തുകൂടിയുള്ള ഭക്ഷണത്തിന്റെയും മറ്റും സഞ്ചാരം തടസ്സപ്പെടുകയും അവിടെ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും. ഇത് കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് മാറാം. കുടൽ പൊട്ടുക എന്നത് ജീവന് അപകടമുണ്ടാക്കുന്ന അവസ്ഥയാണ്. അത്തരം സാഹചര്യങ്ങളിൽ ആദ്യം ആ ഭാഗത്ത് അണുബാധയുണ്ടാകും. ആ ഭാഗം ചുവന്ന്, ദുർബലമാകുകയും കുടൽ പൊട്ടുന്ന അവസ്ഥയും ഉണ്ടാകാം. ഇങ്ങനെ വരുമ്പോഴാണ് താരതമ്യേന അപകടമില്ലാത്ത ഹെർണിയയും ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നത്. തക്ക സമയത്ത് ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും ആവശ്യമായ ചികിത്സ തേടുകയും വേണം. 

ഹെർണിയ ഉള്ള ഒരാൾ കഠിനമായ ജോലി ചെയ്യുന്നത് അയാൾക്ക് കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കാൻ കാരണമായേക്കാം. നമ്മുടെ ശരീരത്തിലെ പേശികളുടെ ഘടനയിൽ ചില കുഴപ്പങ്ങൾ ഉള്ളവർക്കാണ് ഹെർണിയ വരാൻ സാധ്യതയുള്ളത്. ഹെർണിയ വരാൻ തക്ക വിധത്തിലുള്ള ശരീരഘടനയുള്ളവരിൽ, ഭാരമെടുക്കുന്നവർ, നിരന്തരമായി ചുമ, മൂത്ര തടസ്സം, മലബന്ധം എന്നിവ ഉള്ളവരാണെങ്കിൽ രോഗം വരാനുള്ള സാധ്യത കൂടും.  മുഴയുടെ സ്ഥാനവും കാരണവും അനുസരിച്ച് വ്യത്യസ്ത തരം ഹെർണിയകളുണ്ട്. 

ഇൻ​ഗ്വിനൽ ഹെർണിയ

ഹെർണിയ പല സ്ഥലങ്ങളിൽ വരാം. കീഴ്‌നാഭിക്കു സമീപം വരുന്ന ഹെർണിയയാണ് ഇൻ​ഗ്വിനൽ ഹെർണിയ. കുട്ടികളിൽ വളരെ സാധാരണമായി കാണുന്ന ഒരു രോഗാവസ്ഥയാണിത്. ഗർഭാവസ്ഥയിലായിരിക്കേ കുടലിന്റെ ഒരു ഭാഗം അടിവയറ്റിലെ ഭിത്തിയിലെ ദുർബലമായ സ്ഥലത്തിലൂടെ,  ഇൻഗ്വിനൽ കനാലിലൂടെ കടന്നു പോകുന്ന അവസ്ഥയുണ്ടാകുന്നു. പുരുഷന്മാരിൽ അടിവയറ്റിൽ നിന്ന് വൃഷണസഞ്ചിയിലേക്കും സ്ത്രീകളിൽ ലാബിയയിലേക്കും കുടലിന്റെ ഒരു ഭാഗം കടന്നുപോകുമ്പോൾ ഇത് സംഭവിക്കുന്നു. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് ഇൻ​ഗ്വിനൽ ഹെർണിയ കൂടുതലായി കാണപ്പെടുന്നത്.

അംബ്ലിക്കൽ ഹെർണിയ

കുടലിന്റെ ഒരു ഭാഗം പൊക്കിളിനു സമീപമുള്ള ഒരു ദ്വാരത്തിലൂടെ പൊങ്ങിവരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നവജാത ശിശുക്കളിലും കുട്ടികളിലുമാണ് ഇത് കൂടുതലും കാണപ്പെടുന്നത്. അവ സാധാരണയായി 2 വയസ്സ് ആകുമ്പോഴേക്കും സ്വയം ഇല്ലാതാകും. അമിതവണ്ണം, ഗർഭം, അല്ലെങ്കിൽ അസ്സൈറ്റ് (അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടൽ) എന്നിവ കാരണം മുതിർന്നവരിലും ഇത് സംഭവിക്കാം.

ഇൻസിഷനൽ ഹെർണിയ

ഒരു ശസ്ത്രക്രിയാ വടുക്കളിലൂടെയോ വയറിന്റെ ഭിത്തിയിലെ മുറിവിലൂടെയോ ടിഷ്യു നീണ്ടുനിൽക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വയറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇൻസിഷനൽ ഹെർണിയ ഉണ്ടാകാം, കാലക്രമേണ അവയുടെ വലുപ്പം വർധിക്കുകയും അവ വേദനയ്ക്കും അണുബാധയ്ക്കും കുടലിന്റെ തടസ്സത്തിനും കാരണമാകുകയും ചെയ്യാം.

വെൻട്രൽ ഹെർണിയ

ഉദരഭിത്തിയുടെ ഏതെങ്കിലും ഒരു വശത്തോ മുൻവശത്തോ ഉണ്ടാകുന്ന ഹെർണിയയാണിത്. അംബിളിക്കൽ, ഇൻസിഷണലൽ, എപ്പിഗാസ്ട്രിക് ഹെർണിയ, സ്‌പൈജിലിയൻ ഹെർണിയ (റെക്ടസ് അബ്‌ഡോമിനിസ് പേശിയുടെ അരികിൽ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ചികിത്സ

ഹെർണിയക്ക് ഏറ്റവും ഫലപ്രദമായി ഒരേയൊരു ചികിത്സയേ ഉള്ളൂ. അത് സർജറിയാണ്. കുഞ്ഞുങ്ങളിൽ ചെറിയ ദ്വാരമാണുള്ളതെങ്കിൽ ഹെർണിയോട്ടമി ആണ് ചെയ്യുക. മുതിർന്നവരിൽ ദ്വാരമുള്ള ഭാഗം മെഷ്- വല വച്ചുകൊണ്ട് അടയ്ക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഹെർണിയോപ്ലാസ്റ്റി. ഹെർണിയയുടെ വലിപ്പമനുസരിച്ച് വയറിൽ മുറിവുണ്ടാക്കി ദ്വാരം കവർ ചെയ്യുന്ന രീതിയിൽ വല- മെഷ് വയ്ക്കുകയാണ് ചെയ്യുന്നത്. വല വച്ചതിനുശേഷം ഒരു പുതിയ ലെയർ ദശ രൂപപ്പെട്ടു വരും. ഇതാണ് വീണ്ടും രോഗം വരുന്നതിൽ നിന്ന് തടയാൻ സഹായിക്കുന്നത്. ഹെർണിയയുടെ തരം, വലിപ്പം, സ്ഥാനം, തീവ്രത, രോഗിയുടെ പ്രായം, ആരോഗ്യം, മുൻഗണനകൾ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഹെർണിയയ്ക്കുള്ള ചികിത്സ. ‌

പ്രധാന ചികിത്സാ സാധ്യതകൾ

കാര്യമായ ചികിത്സ നടത്താതെ ഹെർണിയയിൽ എന്തെങ്കിലും മാറ്റങ്ങൾ അല്ലെങ്കിൽ സങ്കീർണതകൾ ഉണ്ടോ എന്ന് നിരീക്ഷിക്കുക എന്നത് ഒരു രീതിയാണ്. ദൈനംദിന പ്രവർത്തനങ്ങളിലോ ജീവിതനിലവാരത്തിലോ ഇടപെടാത്ത ചെറുതോ ലക്ഷണമില്ലാത്തതോ ആയ ഹെർണിയകളുടെ കാര്യത്തിലാണ് ആരോഗ്യവിദഗ്ധർ ഇത്തരം സമീപനം സ്വീകരിക്കാറുള്ളത്. എന്നാൽ ചികിത്സയില്ലാതിരിക്കുമ്പോൾ ഹെർണിയ കൂടുതൽ വഷളാകാനുള്ള സാധ്യതയുണ്ട്. അതിനാൽ രോഗബാധയുള്ളവർ ഡോക്ടറെ കണ്ട് പരിശോധനകൾ പതിവാക്കുകയാണ് നല്ലത്.

ശസ്ത്രക്രിയ

കവചം ഭേദിച്ച് പുറത്തേക്ക് തള്ളിയ ടിഷ്യു തിരികെ വയ്ക്കുന്നതിനും പേശികളിലോ ടിഷ്യുവിലോ ഉള്ള ബലഹീനമായ ഭാഗത്തെ ശക്തിപ്പെടുത്തുന്നതിനുമാണ് ശസ്ത്രക്രിയ ചെയ്യുന്നത്. വേദനയോ അസ്വാസ്ഥ്യമോ സങ്കീർണതകളോ ഉണ്ടാക്കുന്ന ഹെർണിയകൾക്കാണ് സാധാരണയായി ശസ്ത്രക്രിയ ശുപാർശ ചെയ്യാറുള്ളത്. ടിഷ്യൂവിന് കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നത് തടയാനും ആവർത്തന സാധ്യത കുറയ്ക്കാനും ശസ്ത്രക്രിയയ്ക്ക് കഴിയും. ഹെർണിയ റിപ്പയർ ചെയ്യുന്നതിന് രണ്ട് പ്രധാന ശസ്ത്രക്രിയകളുണ്ട്:

ഓപ്പൺ സർജറി

ഇതിൽ ഹെർണിയയ്ക്ക് സമീപം മുറിവുണ്ടാക്കുകയും ടിഷ്യു വീണ്ടും സ്ഥലത്തേക്ക് തള്ളുകയും ചെയ്യുന്നു. ദുർബലമായ സ്ഥലം പിന്നീട് ഒരു സിന്തറ്റിക് മെഷ് ഉപയോഗിച്ച് തുന്നിക്കെട്ടുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്നു. മുറിവ് പിന്നീട് തുന്നലുകൾ, സ്റ്റേപ്പിൾസ് അല്ലെങ്കിൽ പശ ഉപയോഗിച്ച് അടയ്ക്കുന്നു. ലോക്കൽ അനസ്‌തേഷ്യ (പ്രത്യേകഭാഗം മാത്രം മരവിപ്പിക്കൽ), റീജിയണൽ അനസ്‌തേഷ്യ (ശരീരത്തിന്റെ വലിയൊരു ഭാഗം മരവിപ്പിക്കൽ), അല്ലെങ്കിൽ ജനറൽ അനസ്‌തേഷ്യ എന്നിവയ്ക്ക് വിധേയമായി തുറന്ന ശസ്ത്രക്രിയ നടത്താം. 

ലാപ്രോസ്‌കോപ്പിക് സർജറി

ഹെർണിയയ്ക്ക് ചുറ്റും രണ്ടോ മൂന്നോ ചെറിയ മുറിവുകൾ ഉണ്ടാക്കുകയും അവയിലൂടെ ക്യാമറയും (ലാപ്രോസ്‌കോപ്പ്) ചെറിയ ഉപകരണങ്ങളും ഉപയോഗിച്ച് നേർത്ത ട്യൂബ് കയറ്റുകയും ചെയ്താണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. ടിഷ്യു വീണ്ടും അകത്തേക്ക് തള്ളാനും മെഷ് ഉപയോഗിച്ച് ശരിയാക്കാനും സർജൻ ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. മുറിവുകൾ പിന്നീട് തുന്നലുകൾ അല്ലെങ്കിൽ പശ ഉപയോഗിച്ച് അടയ്ക്കുന്നു. ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്ക് ജനറൽ അനസ്‌തേഷ്യ ആവശ്യമാണ്.

ഏറ്റവും കൂടുതൽ പേർ ഇപ്പോൾ സ്വീകരിക്കുന്നത് താക്കോൽദ്വാര ശസ്ത്രക്രിയകൾ തന്നെയാണ്. കാരണം വേദന കുറവാണ്, കൂടാതെ, ശസ്ത്രക്രിയ കഴിഞ്ഞ് ഭാരമെടുക്കുന്നത് ഒഴികെയുള്ള ജോലികൾ ചെയ്യുന്നവർക്ക്, പെട്ടെന്ന് ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചുവരാം. താക്കോൽദ്വാര ശസ്ത്രക്രിയ മിനിമലി ഇൻവേസീവ് രീതിയാണ്. എല്ലാ ഹെർണിയകളും ഈ രീതിയിൽ ചെയ്യാം എന്നതാണ് ആധുനിക സംവിധാനങ്ങളുടെ പ്രത്യേകത. ചെറിയ മുറിവുകൾ മാത്രം ഉണ്ടാക്കുന്നതുകൊണ്ട് വേഗത്തിൽ സുഖപ്പെടാം. എന്നാൽ നല്ല തടിയുള്ള വയറ് അധികമുള്ള ആളുകൾക്ക് വയറിന്റെ ഒരു ഭാഗം നീക്കം ചെയ്ത്,- അബ്‌ഡൊമിനോപ്ലാസ്റ്റി- ഹെർണിയ കൂടി നീക്കം ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ അത് ഓപ്പൺ സർജറിയിലൂടെ മാത്രമേ കഴിയൂ. ജനറൽ അനസ്‌തേഷ്യ നൽകിയുള്ള താക്കോൽദ്വാര ശസ്ത്രക്രിയയാണെങ്കിൽ അടുത്ത ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിയും. ശസ്ത്രക്രിയയുടെ തിരഞ്ഞെടുപ്പ് നിങ്ങളുടെ ഡോക്ടറുടെ വൈദഗ്ധ്യം, നിങ്ങളുടെ ആരോഗ്യസ്ഥിതി, നിങ്ങളുടെ വ്യക്തിപരമായ മുൻഗണന എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

ഓപ്പൺ സർജറിയിൽ ബൾജ് ചെയ്ത് നിൽക്കുന്നതിന്റെ ഏതാണ്ട് മുക്കാൽ ഭാഗം വലിപ്പമുള്ള മുറിവ് ഉണ്ടാക്കിയാണ് മെഷ് വയ്ക്കുക. അതേ സമയം കീ ഹോൾ സർജറി ആണെങ്കിൽ ഒന്നോ രണ്ടോ മൂന്നോ ചെറിയ ദ്വാരങ്ങൾ ഇട്ട് അതു വഴി മെഷ് അകത്തേക്ക് കടത്തി ദ്വരത്തിനു മേൽ വിരിച്ച് ദ്വാരം അടയ്ക്കുന്ന രീതിയാണ് സ്വീകരിക്കുക. വയറിനകത്താണെങ്കിൽ കൂടുതൽ വലിപ്പത്തിലുള്ള വല ഉപയോഗിക്കാൻ കഴിയും. കീഹോൾ സർജറിയിൽ മുറിവ് സംബന്ധമായ സങ്കീർണ്ണതകൾ കുറവാണ്. ഓപ്പൺ സർജറിയിൽ മുറിവുണ്ടാക്കി വല വയ്ക്കുന്ന രീതിയാണെങ്കിൽ കീഹോൾ സർജറി രീതിയിൽ ഹെർണിയ ഉള്ള ഭാഗത്തല്ല ദ്വാരങ്ങൾ ഉണ്ടാക്കുന്നത്. മുറിവിന് തൊട്ടു താഴെ മെഷ് ഇരിക്കുമ്പോൾ മുറിവിന് അണുബാധയോ മറ്റോ ഉണ്ടായാൽ മെഷിനെയും അത് ബാധിക്കാം. ഇത്തരം പ്രശ്‌നങ്ങൾ താക്കോൽദ്വാര ശസ്ത്രക്രിയയിൽ ഇല്ല.

ശസ്ത്രക്രിയയുടെ തരം, നിങ്ങളുടെ ആരോഗ്യ നില, പ്രവർത്തന നില എന്നിവയെ ആശ്രയിച്ചാണ് ശസ്ത്രക്രിയക്ക് ശേഷമുള്ള സ്വാഭാവിക ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്.  പൊതുവേ, ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാകും. എന്നിരുന്നാലും, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞത് ആറാഴ്ചയെങ്കിലും നിങ്ങൾ കഠിന ഭാരം ഉയർത്തൽ, കഠിനമായ വ്യായാമം അല്ലെങ്കിൽ വയറിൽ സമ്മർദ്ദം ചെലുത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ ഒഴിവാക്കണം. മുറിവ് പരിചരണം, വേദന നിയന്ത്രിക്കൽ, ഭക്ഷണക്രമം എന്നിവയിൽ ഡോക്ടറുടെ നിർദ്ദേശങ്ങളും പാലിക്കുക. അണുബാധ, രക്തസ്രാവം, അല്ലെങ്കിൽ ഹെർണിയ വീണ്ടും വരുന്നതായുള്ള സൂചനകൾ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.

തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ ജനറൽ ആന്റ് ലാപ്രോസ്‌കോപിക് സർജൻ ആണ് ലേഖകൻ.