കടുത്ത വയറുവേദനയേത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ നാല്‍പത്തിയാറുകാരന്റെ ഉദരത്തില്‍ സ്ത്രീ പ്രത്യുല്‍പാദന അവയവങ്ങള്‍ കണ്ടെത്തി ചികിത്സകര്‍. രണ്ട് കുട്ടികളുടെ പിതാവായ രാജ്ഗിര്‍ മിസ്ത്രിയ്ക്ക് ഹെര്‍ണിയയുടെ ശസ്ത്രക്രിയ നിര്‍ദേശിക്കുകയും അതിനുള്ള നടപടികള്‍ നടത്തുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കിടെയാണ് മിസ്ത്രിയുടെ വയറ്റില്‍ സ്ത്രീ പ്രത്യുല്‍പാദന അവയവങ്ങള്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. 

To advertise here,

വയറുവേദന അധികരിച്ചതോടെയാണ് മിസ്ത്രി ഡോക്ടറെ സമീപിച്ചത്. അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തിയതോടെ മിസ്ത്രിയുടെ ആന്തരാവയവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഒരു മാംസപിണ്ഡം ഉള്ളതായും അതാണ് ഹെര്‍ണിയയ്ക്ക് കാരണമായതെന്നുമുള്ള നിഗമനത്തില്‍ ഡോക്ടര്‍മാരെത്തി. തുടര്‍ന്ന് ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോക്ടര്‍ നരേന്ദ്ര ദേവിനെ മിസ്ത്രി തുടര്‍ചികിത്സക്കായി കണ്ടു.

ഡോക്ടര്‍ നരേന്ദ്ര ദേവ് മിസ്ത്രിയുടെ ശസ്ത്രക്രിയ നിശ്ചയിച്ചു. ശസ്ത്രക്രിയക്കിടെയാണ് ഹെര്‍ണിയയ്ക്ക് കാരണമായ മാംസപിണ്ഡം വളര്‍ച്ച പൂര്‍ത്തിയാകാത്ത ഗര്‍ഭപാത്രമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഗര്‍ഭപാത്രത്തിനോട് ചേര്‍ന്ന് ഒരു അണ്ഡാശയവും ഉണ്ടായിരുന്നു. ഇവ നീക്കം ചെയ്തു. 

സ്ത്രീ പ്രത്യുല്‍പാദന അവയവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മിസ്ത്രിയ്ക്ക് സ്ത്രീസമാനമായ പ്രത്യേകതകള്‍ ഒന്നുതന്നെ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജനിതകത്തകരാറ് മൂലമാകാം മിസ്ത്രിയ്ക്ക് ഇത് സംഭവിച്ചതാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം മിസ്ത്രി ആരോഗ്യനില വീണ്ടെടുത്തുവരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.