വേനൽക്കാലത്ത് ചൂടുകൂടുന്നതിന് അനുസരിച്ച് പലതരം ആരോഗ്യപ്രശ്നങ്ങളും പിന്നാലെവരും. വെള്ളം കുടിക്കുന്നത് കുറയുന്നതുകൊണ്ടും നിർജലീകരണം കൊണ്ടുമൊക്കെ യൂറിനറി ഇൻഫെക്ഷൻ, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ കണ്ടുവരാറുണ്ട്. ഇതിൽ ചൂട് കൂടുന്നതിനൊപ്പം കൂടുന്ന ഗൗരവകരമായ ആരോഗ്യപ്രശ്നമാണ് മഞ്ഞപ്പിത്തം.
ഹെപ്പറ്റെെറ്റിസ് എ വെെറസ് കരളിനെ ബാധിക്കുന്നതു മൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. പ്രായമായവരിലും കുട്ടികളിലും ഗർഭിണികളിലുമൊക്കെ മഞ്ഞപ്പിത്തം ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണ്.
എങ്ങനെയൊക്കെ പകരും ?
മഞ്ഞപ്പിത്തത്തിന് മുഴകൾ, പിത്താശയക്കല്ല്, മലേറിയ തുടങ്ങി പല കാരണങ്ങളുണ്ടെങ്കിലും ജലം മലിനമാവുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ആണ് പ്രധാന രോഗകാരി. രോഗികളുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസ് നേരിട്ടോ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മറ്റൊരാളുടെ അകത്തെത്തുമ്പോഴാണ് രോഗം ഉണ്ടാവുന്നത്. ഏറ്റവുമധികം മലിനമാകാൻ സാധ്യതയുള്ളത് വെള്ളംതന്നെ. അതുവഴി ഭക്ഷണവും മലിനമാവും. രോഗികൾ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുകവഴിയും പകരാം.
ലക്ഷണങ്ങൾ
ശരീരത്തിൽ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, ക്ഷീണം, ഛർദി എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. ഇവ കണ്ടാൽ ഉടൻ ചികിത്സ തേടണം. വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണിലും ചർമത്തിലും മൂത്രത്തിലും മഞ്ഞനിറം കാണുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയും കണ്ടുവരാറുണ്ട്.
അഞ്ചുദിവസം കഴിഞ്ഞാലേ ശരീരത്തിൽ മഞ്ഞനിറം കാണൂ. അപ്പോൾ മാത്രമേ ഇത് മഞ്ഞപ്പിത്തമാണെന്ന് ആളുകൾ തിരിച്ചറിയൂ. പിത്തരസ നിർമാണത്തിന്റേയും വിതരണത്തിന്റേയും തകരാറുമൂലമാണ് ഈ മഞ്ഞനിറം വരുന്നത്.
ഹെപ്പറ്റൈറ്റിസ് (എ), (ഇ) വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. (ബി), (സി), (ഡി) എന്നീ വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയുമാണ് പകരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ കൂടുതൽ ദിവസമെടുക്കും. എ, ഇ വിഭാഗങ്ങൾക്ക് ഇത് 15 ദിവസം മുതൽ 60 ദി ദിവസം വരെ ആയേക്കാം. ബി, സി, ഡി വിഭാഗങ്ങൾക്ക് 15 മുതൽ ആറുമാസം വരെ നീണ്ടേക്കാം. നമ്മുടെ നാട്ടിൽ കൂടുതൽ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയും പകരുന്ന എ, ഇ വിഭാഗം മഞ്ഞപ്പിത്തമാണ്. കുഞ്ഞുങ്ങൾക്ക് ഇത് അത്ര ഗുരുതരമാവാറില്ലെങ്കിലും പ്രായപൂർത്തിയായവരിൽ പലപ്പോഴും ഗൗരവമാകാറുണ്ട്.
പ്രതിരോധിക്കാം ഇങ്ങനെ
- നന്നായി തിളപ്പിച്ച വെള്ളംമാത്രം കുടിക്കുക
- ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
- കുഞ്ഞുങ്ങളുടെ കൈയിലെ നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക
- മലവിസർജനത്തിനു ശേഷം കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക
- തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം ചെയ്യാതിരിക്കുക
- കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കംചെയ്യുക
- വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക
- ഈച്ചശല്യം ഒഴിവാക്കുക
- കന്നുകാലിത്തൊഴുത്തുകൾ കഴിവതും വീട്ടിൽനിന്ന് അകലെയായിരിക്കണം
- പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
- ആഹാര സാധനങ്ങൾ എപ്പോഴും അടച്ചുസൂക്ഷിക്കുക
- പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക
- പഴവർഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിയ്ക്കാൻ ഉപയോഗിക്കുക
- വെള്ളം എപ്പോഴും അടച്ചുസൂക്ഷിയ്ക്കുക
- ഇടയ്ക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക
ഇവ ശ്രദ്ധിക്കാം
ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റു ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം. ലക്ഷണങ്ങൾ കണ്ടാൽ വെെകാതെ ചികിത്സിക്കണം. രക്തപരിശോധനയും ലിവർ ഫങ്ഷൻ ടെസ്റ്റും ചെയ്യേണ്ടി വരും. ലക്ഷണങ്ങൾക്ക് അനുസരിച്ചാണ് ചികിത്സ. നല്ല വിശ്രമവും ഈ സമയത്ത് ആവശ്യമാണ്. ഹെപ്പറ്റെെറ്റിസ് എയ്ക്ക് വാക്സിൻ ലഭ്യമാണ്.
Content Highlights: Jaundice Prevention: Essential Tips to Stay Safe This Summer
Published: 08 Apr 2026, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented