വ്രതമനുഷ്ഠിക്കുമ്പോൾ ആരോഗ്യസംബന്ധമായ ചിലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യമുള്ളവരാണ് നോമ്പ് എടുക്കേണ്ടത്. യാത്രക്കാർ, ഗുരുതരമായ ആരോഗ്യപ്രശ്‌നം നേരിടുന്നവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മാനസിക അസ്വസ്ഥത നേരിടുന്നവർ തുടങ്ങിയവർക്കൊക്കെ നോമ്പിന്റെ കാര്യത്തിൽ ഇളവുണ്ട്.

To advertise here,

നമ്മുടെ ഭക്ഷണക്രമത്തിൽ 20% കാർബോഹൈഡ്രേറ്റ് ഉൾപ്പെടുന്ന ഭക്ഷണങ്ങൾ കുറച്ചാൽ കൂടുതൽ കാലം ആരോഗ്യത്തോടെ ഇരിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. റംസാന് പുറമെ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സ്ഥിരമായി നോമ്പ് എടുക്കുന്നവരും ഉണ്ട്. പല രോഗങ്ങളിൽ നിന്നും ഇത്തരത്തിലുള്ള വ്രതം നമ്മെ തടയുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പ്രമേഹം, ഹൃദ്രോഗങ്ങൾ, അതെറോസ്‌ക്ലിറോസിസ്, പക്ഷാഘാതം, എസ്എൽഇ പോലെയുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസീസസ്, ഹൃദയാഘാതം, അമിത രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, കിഡ്‌നി സ്റ്റോൺ, ഗാൾ സ്റ്റോൺ, യൂറിക് ആസിഡ് തുടങ്ങിയ അസുഖങ്ങൾ ബാധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാൻ വ്യവസ്ഥാപിതമായ വ്രതം കൊണ്ട് സാധിക്കും. മാനസികാസ്വാസ്ഥ്യങ്ങൾ പോലും കുറയ്ക്കാൻ വ്രതത്തിനു സാധിക്കും.

മറ്റൊന്ന് നോമ്പുകാലത്ത് ഹൃദയമിടിപ്പ് സാധാരണ ഗതിയിലേക്ക് വരാനുള്ള സാധ്യത കൂടുന്നു എന്നതാണ്. തിരക്കുപിടിച്ചതും സമ്മർദമേറിയതുമായ ജീവിതത്തിൽ നിന്ന് നമുക്ക് ലഭിച്ചേക്കാവുന്ന അമിത രക്തസമ്മർദത്തിന് നിയന്ത്രണം ലഭിക്കുന്ന കാലം കൂടിയാണ് നോമ്പുകാലം. അതുകൊണ്ടുതന്നെ അമിത രക്തസമ്മർദ്ദം മൂലം ഉണ്ടാകുന്ന മറ്റു രോഗങ്ങൾക്കും ഉദാഹരണത്തിന് പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയുടെ സാധ്യത കുറയാനും ഇത് കാരണമാകുന്നു.

നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ രീതിയിൽ ഹൃദയമിടിപ്പിന്റെ വേഗം പലപ്പോഴും കൂടുകയും കുറയുകയും വേണം. ഈ ഏറ്റക്കുറച്ചിലുകൾ ആരോഗ്യകരമായ നിലയിൽ ആവാൻ നോമ്പ് സഹായിക്കും. കൂടാതെ ഹൃദയമിടിപ്പിന്റെ ഭാഗമായി ഹൃദയം ചുരുങ്ങുന്നതിന്റെ അളവ് കൂട്ടാനും രക്തക്കുഴലുകൾ വികസിക്കുന്നതിന്റെ തോത് കൂട്ടാനും അതിലൂടെ വിവിധതരത്തിലുള്ള അസുഖങ്ങൾ വരുന്നത് കുറയ്ക്കാനും വ്രതം നമ്മുടെ ശരീരത്തെ സഹായിക്കുന്നു.

സ്ട്രെസ് ഹോർമോണുകൾ കുറയുന്ന കാലം കൂടിയാണ് നോമ്പുകാലം. തൈറോയിഡ്, പാരാ തൈറോയിഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പല എൻഡോക്രൈൻ രോഗങ്ങൾക്കും ഇക്കാലത്ത് ആശ്വാസം ലഭിച്ചേക്കാം.

നോമ്പ് എടുക്കുന്ന ആളുകൾക്ക് പലതരം ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനം വർദ്ധിക്കുന്നത് കൊണ്ട് പ്രത്യേകമായ ഊർജ്ജം ലഭിക്കാറുണ്ട്. ഉള്ള അസുഖങ്ങൾ കുറയുകയോ പുതിയ അസുഖങ്ങൾ വരാതിരിക്കുകയോ ഒക്കെ ചെയ്യാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കുന്ന ഒരു പ്രക്രിയയാണ് നോമ്പ്.

അതുകൊണ്ടുതന്നെ നോമ്പു തുറക്കുന്നത് വളരെ ലളിതമായ രൂപത്തിലാക്കുക. ഈന്തപ്പഴമോ, വെള്ളമോ ഉപയോഗിച്ച് നോമ്പു തുറന്ന ശേഷം ലഘുപാനീയങ്ങൾ കുടിക്കുകയും ഒന്നോ രണ്ടോ മണിക്കൂർ ശേഷം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ശീലമാക്കുക. ഇലകൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക. എണ്ണയിൽ പൊരിച്ചെടുത്ത വിഭവങ്ങൾ എപ്പോഴെങ്കിലും വളരെ ആഗ്രഹമുണ്ടെങ്കിൽ മാത്രം കഴിക്കുക. അണ്ടിപ്പരിപ്പ് പോലെയുള്ളവ കഴിക്കാവുന്നതാണെങ്കിലും ഉപ്പു ചേർത്ത് തയ്യാറാക്കിയത് കഴിക്കുന്നത് ഒഴിവാക്കുക. പുലർച്ചെ കഴിക്കുന്ന ഭക്ഷണവും ലളിതമാക്കുക. കൂടുതൽ കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റും പ്രോട്ടീനും ശരീരത്തിന് ലഭിക്കുന്ന രൂപത്തിൽ ഉള്ള ഭക്ഷണങ്ങൾ കഴിക്കുക. സാധാരണ കുടിക്കുന്ന വെള്ളത്തിന്റെ അളവ് നോമ്പുകാലത്തു കുറഞ്ഞു പോകാതെ നോക്കണം. നോമ്പു തുറന്നശേഷം രാത്രി ഉറങ്ങുന്നതിനിടയിൽ ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളമെങ്കിലും പലതവണയായി കുടിക്കാൻ ശ്രമിക്കുക. അധിക മധുരമുള്ളതും എണ്ണയിൽ പൊരിച്ചതും പൂർണമായും ഒഴിവാക്കുക.

പ്രമേഹ രോഗികൾ പ്രത്യേകിച്ച് ഇൻസുലിൻ എടുക്കുന്നവർ നോമ്പെടുക്കുകയാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇൻസുലിൻ പുനഃക്രമീകരിക്കാവുന്നതാണ്. മൂന്നോ നാലോ ദിവസം കൂടുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് അപകടകരമല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. നോമ്പ് എടുക്കുന്നതിനുള്ള മുന്നൊരുക്കം എന്നുള്ള നിലയിൽ മുൻകൂട്ടി ഡോക്ടറെ കണ്ട് ഗുളിക കഴിക്കുന്നതിൽ ആവശ്യമായ ഡോസേജ് പുനക്രമീകരണം ആവശ്യപ്പെടാവുന്നതാണ്. ഡോക്ടർമാർ ചിലപ്പോൾ ഗുളിക മാറ്റി എഴുതുകയോ ഗുളികയുടെ കഴിക്കേണ്ട അളവ് മാറ്റുകയോ ചെയ്‌തേക്കാം. ഷുഗർ ലെവൽ 60ൽ താഴുകയോ മുന്നൂറിൽ കൂടുകയോ ഒക്കെ ചെയ്യുമ്പോൾ നോമ്പ് അവസാനിപ്പിക്കുന്നതാണ് ഉചിതം. പാർക്കിൻസൺസ് രോഗം, അപസ്മാരം തുടങ്ങി മറ്റുള്ള രോഗങ്ങൾക്ക് സ്ഥിരമായ മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശത്തോടെ മരുന്നുകൾ കഴിക്കേണ്ട സമയം പുനഃക്രമീകരിച്ചു വാങ്ങണം. ഹൃദ്രോഗം ഉള്ള ആളുകൾ നെഞ്ചുവേദന, ശ്വാസം മുട്ട്, രക്തസമ്മർദ്ദം കൂടുക, കുറയുക, മറ്റ് അസ്വസ്ഥതകൾ അനുഭവിക്കുക തുടങ്ങിയവ സംഭവിക്കുമ്പോൾ നോമ്പ് മുറിക്കേണ്ടതാണ്. ഏതു രോഗികൾ ആണെങ്കിലും രോഗം ഗുരുതരാവസ്ഥയിൽ ആണെങ്കിൽ നോമ്പ് നിർബന്ധമല്ല.

രക്തസമ്മർദ്ദത്തിലും ഷുഗറിന്റെ അളവിലും ആരോഗ്യ അവസ്ഥയിലും വളരെ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നവർക്ക് നോമ്പിന്റെ കാര്യത്തിൽ രോഗികൾക്കുള്ള ഇളവ് സ്വീകരിക്കുന്നതാണ് ഉചിതം. ശരീരത്തെ ആരോഗ്യകരമാക്കി മാറ്റുന്നതോടൊപ്പം അനാരോഗ്യപ്രവണതകളിൽ നിന്ന് മാറ്റിനിർത്താൻ ശരീരത്തെ പരിശീലിപ്പിക്കാനും വ്രതം ഒരു മാർഗമാണ്. പുകവലി പോലെയുള്ള ദുശ്ശീലമുള്ള ആളുകൾക്ക് പുകവലി നിർത്താൻ ഏറ്റവും അനുയോജ്യമായ മാസം കൂടിയാണ് റംസാൻ മാസം. പകൽ നോമ്പിനു വേണ്ടി പുകവലി ഒഴിവാക്കുന്നവർ രാത്രി കൂടി അത് ഒഴിവാക്കാൻ തീരുമാനിച്ചാൽ വലിയൊരു ദുശ്ശീലത്തിൽ നിന്ന് അവർക്ക് രക്ഷപ്പെടാം. ജാതിമതഭേദമന്യേ ശരീരത്തെ ആരോഗ്യകരമാക്കി മാറ്റുന്നതിനുള്ള ഒരു പരിശീലന കാലം കൂടിയായി ഈ നോമ്പുകാലത്തെ നമുക്ക് കാണാം.

(തലശ്ശേരി മിഷൻ ആശുപത്രിയിലെ ഫാമിലി മെഡിസിൻ വിഭാഗം കൺസൾട്ടന്റാണ് ലേഖിക)