കേരളത്തില്‍ സമ്പര്‍ക്ക രോഗികളുടെ തോത് തൊണ്ണൂറു ശതമാനമാകുന്നുവെന്നത് ആശങ്ക ഉണര്‍ത്തുന്ന വസ്തുതയാണ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് സമ്പര്‍ക്കത്തിലൂടെ പടരുന്ന കോവിഡില്‍ പൊതു സമൂഹത്തിന്റെ ആരോഗ്യ പരിപാലന പെരുമാറ്റം (Health Behaviour) നിര്‍ണായക ഘടകമാണ്. അതില്‍ വീഴ്ച സംഭവിച്ചുണ്ടാകുന്ന കോവിഡ് വ്യാപനം മനുഷ്യന്റെ പെരുമാറ്റ വൈകല്യങ്ങളുടെ സൃഷ്ടിയാണെന്ന് പറയേണ്ടി വരും. പകരുന്ന വൈറസ് രോഗങ്ങളുടെ കാര്യത്തില്‍ അതാത് സമൂഹങ്ങളുടെ ആരോഗ്യപരിപാലന ശൈലികള്‍ ആഴത്തില്‍ പഠിക്കേണ്ടതുണ്ട് മാര്‍ഗനിര്‍ദേശങ്ങളില്‍ വീഴ്ച വരുവാനുള്ള മനോനില എന്തെന്ന് മനസ്സിലാക്കേണ്ടതുമുണ്ട്.

To advertise here,

സോപ്പിട്ടോണം, മാസ്‌ക്കിട്ടോണം, ഗ്യാപ്പിട്ടോണം!

സോപ്പിട്ടോണം, മാസ്‌ക്കിട്ടോണം, ഗ്യാപ്പിട്ടോണം- ഇതാണ് ഈ ഓണക്കാലത്തെ പ്രധാന സന്ദേശം. കാണം വില്‍ക്കാതെയും, വലുതായി കാശ് ചെലവാക്കാതെയും കോവിഡിനെ തടയാനുള്ള ഓഷധങ്ങളാണിത്. ഇതാകട്ടെ മനുഷ്യരുടെ പെരുമാറ്റങ്ങളില്‍ തന്നെ സൃഷ്ടിക്കപ്പെടേണ്ടതുമാണ്. ജീവിതശൈലികള്‍ പാലിക്കാതെ പലതരം രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്ന പലരും ഇത് അര്‍പ്പണ മനോഭാവത്തോടെ വേണ്ട രീതിയില്‍ ചെയ്യുന്നുണ്ടോയെന്ന സംശയം സമ്പര്‍ക്ക രോഗികളുടെ ബാഹുല്യം ഉയര്‍ത്തുന്നു. ചങ്ങല മുറിയാതെ നീളുന്നത് കാണുമ്പോള്‍ ഇതിന്റെ പ്രയോഗത്തില്‍ ഇപ്പോള്‍ വെള്ളം ചേരുന്നുണ്ടോയെന്ന ആശങ്കയുണ്ടാകുന്നു. 

സോപ്പിട്ടു വെള്ളമൊഴിച്ചു കഴുകും. എന്നാല്‍ ഇരുപതു സെക്കന്‍ഡ് ചെലവഴിച്ച് നന്നായി കഴുകാതെ ആ കര്‍മ്മം ചെയ്തുവെന്ന് വരുത്താനുള്ള വഴിപാടായി മാറ്റുന്നവര്‍ അനവധി. കഴുകിയോയെന്ന് ചോദിച്ചാല്‍ ഉവ്വെന്ന് ഉത്തരം. ഇതിന് എന്ത് പ്രയോജനം?

ഇന്നലെ പല നിയമസഭ സാമാജികരും മന്ത്രിമാരും സഭാനാഥനും പലപ്പോഴും മാതൃകാപരമായ പെരുമാറ്റമല്ല കേരള സമൂഹത്തിന് മുന്‍പില്‍ കാഴ്ച വെച്ചത്. ഇത് ഖേദകരമാണ്. പൊതു ഇടത്തില്‍ വേണ്ട രീതിയില്‍ മാസ്‌ക് ധരിക്കാത്തതില്‍ കേസ് എടുക്കാവുന്ന കുറ്റം പലരും പരസ്യമായി തന്നെ നിയമസഭയില്‍ ചെയ്തു. അകലം പാലിക്കാത്ത കുറ്റവും ഉണ്ടായി. 

മാസ്‌ക് ഇടാത്തതിന് ആയിരങ്ങളെയാണ് ഇപ്പോഴും പോലീസ് പിടിക്കുന്നത്. എന്നാലും ഗണ്യമായ ഒരു വിഭാഗം മാസ്‌ക് ധരിക്കുന്നുണ്ട്. പക്ഷേ മാസ്‌കില്‍ സൗന്ദര്യ ബോധം കുത്തിക്കയറ്റി അതിനെ പ്രതിരോധ യോഗ്യമല്ലാതാക്കുന്നവരുണ്ട്. അതിലൂടെ ഒന്ന് ഉതിയാല്‍ തൊട്ടു മുമ്പില്‍ കത്തിച്ചു വെച്ച മെഴുകുതിരി മാത്രമല്ല, ചിലപ്പോള്‍ മുമ്പിലിരിക്കുന്നവര്‍ പോലും പറന്ന് പോയേക്കും. പിന്നെ എങ്ങനെ വൈറസിനെ തടയും? ആളുകളുമായി സംസാരിക്കുമ്പോള്‍ മുഖം കാണിക്കാനായി മാസ്‌കിനെ താടിയില്‍ ചാര്‍ത്തുന്നവരും, മൂക്കു ചൊറിയാനുള്ള ഉള്‍പ്രേരണ വരുമ്പോള്‍ മുഖാവരണത്തിനിടയിലൂടെ വിരലുകള്‍ കടത്തുന്നവരും പതിവ് കാഴ്ചകളാണ്. മാസ്‌ക് ഇല്ലേയെന്ന് ചോദിച്ചാല്‍ ഉണ്ടല്ലോയെന്ന് മറുപടി. പക്ഷേ എന്ത് കാര്യം? സമ്പര്‍ക്കരോഗികള്‍ ഇതുപോലെയുള്ള പാളിച്ചകള്‍ ചെയ്തോയെന്ന് നോക്കണ്ടേ?

ഗ്യാപ്പിടുന്ന കാര്യത്തില്‍ മലയാളി ഭീകര പരാജയമാണെന്ന് ചുറ്റും നോക്കിയാല്‍ വ്യക്തം. രണ്ടു മീറ്റര്‍ പോയിട്ട് രണ്ടടി പോലും അകലം പാലിക്കാതെയാണ് ഇടപെടലുകള്‍. സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാന്‍ വലിയ വിഷമമുള്ള കൂട്ടരാണ് നമ്മള്‍. എന്തിനും ഏതിനും കമ്പനി കൂടുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുത്തിട്ടുമുണ്ട്. കണ്ണ് വെട്ടിച്ചു കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ആവശ്യമില്ലാത്ത യാത്രകള്‍ പോകുന്നവരുമുണ്ട്. കൊറോണയെ മറന്ന് ഓണ നാളുകളില്‍ ഇതിനൊക്കെ ഇറങ്ങുന്നവരുണ്ടാകും. ആരോഗ്യ പരിപാലന ചിട്ടകളില്‍ ഇത്തരം വീഴ്ചകള്‍ വന്നാല്‍ ആ പഴുതില്‍ ഗോളടിക്കുന്ന വിദഗ്ധനായ കളിക്കാരനാണ് കൊറോണ വൈറസെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അവനവന്റെ പെരുമാറ്റങ്ങളെ നിശിതമായി ഓഡിറ്റ് ചെയ്ത് വൈകല്യങ്ങളെ ഇല്ലാതാക്കിയില്ലെങ്കില്‍ ന്യൂ കൊറോണയുമായുള്ള സമ്പര്‍ക്കം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം.

placeholder
Photo: Getty Images

പെരുമാറ്റങ്ങള്‍ താളം തെറ്റാതിരിക്കാന്‍

പകര്‍ച്ചവ്യാധികളില്‍ പൊതുജനം പാലിക്കേണ്ട ആരോഗ്യ പരിപാലന പെരുമാറ്റങ്ങള്‍ അനുശാസിക്കാന്‍ ബോധവല്‍ക്കരണം വേണം, കോവിഡിന്റെ കാര്യത്തില്‍ വിവരങ്ങളുടെ പൂരമാണ്. മിക്കവാറും എല്ലാവരും തന്നെ ആരോഗ്യവിദഗ്ധരെ പോലെയാണ് സംസാരിക്കുന്നത്. പക്ഷേ ഇതൊക്കെ പ്രയോഗതലത്തില്‍ വരണമെങ്കില്‍ വേറൊരു തരത്തിലുള്ള മനസ്സുണ്ടാകണം. അതില്‍ നാലു ഘടകങ്ങള്‍ പ്രധാനമാണ്.

  • എല്ലാവരും ഈ രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരാണെന്ന ബോധമാണ് (Perceived Susceptibiltiy) ആദ്യത്തേത്. അത് പൊതുവില്‍ ഉണ്ടെങ്കിലും പ്രവൃത്തിപഥത്തില്‍ വരുമ്പോള്‍ ചിലര്‍ ആ സാധ്യതയെ നിസ്സാരവത്ക്കരിക്കുന്നതായി കാണുന്നു ഇത് വെറുമൊരു ജലദോഷപ്പനിയെന്നു പറഞ്ഞുനടക്കുന്നവരുണ്ട്. എത്ര മഹാമാരികള്‍ വന്നിട്ടുള്ളതാണെന്നും തലവര അതാണെങ്കില്‍ അത് വരുമെന്ന നിലപാടില്‍ അപകടകരമായ ഒരു ധൈര്യം കാട്ടുന്നവരുമുണ്ട്. വരുമ്പോള്‍ നേരിട്ടാല്‍ പോരേയെന്ന മട്ടില്‍ പ്രതിരോധത്തെ ഗൗരവമായി കണക്കാക്കാത്തവരുമുണ്ട്. ഇത്തരം മനോഭാവങ്ങള്‍ കോവിഡ് പ്രതിരോധ പെരുമാറ്റങ്ങളില്‍ വലിയ വീഴ്ചകള്‍ സൃഷ്ടിക്കും. ആ പെരുമാറ്റ വൈകല്യത്തിന് കൊടുക്കേണ്ട വില വലുതാകും. ഇത് തിരുത്തണം. രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരാണെന്ന വിചാരത്തില്‍ ഒത്തുതീര്‍പ്പ് പാടില്ല. എങ്കിലേ ചിട്ടകള്‍ പാലിക്കാനുള്ള പ്രതിബദ്ധത ഉണ്ടാകൂ.
  • പകര്‍ച്ച വ്യാധി ഉണ്ടാക്കാനിടയുള്ള ഗുരുതരാവസ്ഥകളെ കുറിച്ചുള്ള കൃത്യമായ ധാരണകളാണ് (Perceived Seriounsess) രണ്ടാമത്തെ ഘടകം. മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരുമൊക്കെ പേടിച്ചാല്‍ പോരേയെന്ന ചിന്ത അപകടമാണ്. കോവിഡിന്റെ കാര്യത്തില്‍ ഇതിനൊക്കെ അതീതരാണെന്ന യുക്തിയില്ലാത്ത ശുഭാപ്തി വിശ്വാസ ചായ്‌വില്‍ പെടുന്നത് ആരോഗ്യ ശീലങ്ങളില്‍ സംഭവിക്കുന്ന സ്വഭാവദൂഷ്യമാണ്. അവര്‍ കുഴപ്പത്തില്‍ ചാടും. ക്വാറന്റീന്‍ ഉഴപ്പും. മരണസാധ്യത മാത്രമല്ല കോവിഡ് രോഗത്തിലെ അപായ സാധ്യത. ഒരാള്‍ക്ക് വന്നാല്‍ അത് നിരവധി പേര്‍ക്ക് പകര്‍ന്നുനല്‍കാമെന്ന അപകടം കൂടി ഗുരുതരമായ പ്രത്യാഘാതമായി ഉള്‍ക്കൊള്ളണം. അതില്‍ മരണസാധ്യത കൂടുതലുള്ള പ്രിയപ്പെട്ടവരും ഉണ്ടാകും. രോഗം ബാധിച്ചാല്‍ വിവിധ തരത്തിലുള്ള സങ്കീര്‍ണങ്ങളായ സാഹചര്യങ്ങള്‍ ഉണ്ടാകുമെന്ന വിചാരമുള്ളവര്‍ കൂടുതല്‍ പ്രതിബദ്ധതയോടെ രോഗപ്രതിരോധ ചിട്ടകള്‍ പാലിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. മറിച്ചുള്ള നിലപാടുകള്‍ സമ്പര്‍ക്കരോഗ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന പെരുമാറ്റ വൈകല്യങ്ങളിലേക്ക് നയിക്കും.
  • കൃത്യമായി പ്രയോഗിച്ചാല്‍ മാസ്‌ക്കും സോപ്പും ഗ്യാപ്പും കോവിഡ് രോഗത്തിന് ചിറ കിട്ടുമെന്നും രോഗം തടയുമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ന്യൂ കൊറോണ കയറിക്കൂടുമെന്നുമുള്ള യാഥാര്‍ഥ്യം ആത്മാര്‍ഥമായി വിശ്വസിക്കുന്നതാണ് മൂന്നാമത്തെ ഘടകം. പനി വന്നാല്‍ അതിനുള്ള ഗുളിക കഴിക്കുമ്പോഴുള്ളതു പോലെയുള്ള പെട്ടെന്നുള്ള ഫലം ഈ നടപടിയില്‍ ഉണ്ടാവില്ല. രോഗബാധ ഏല്‍ക്കാതെ കഴിയുന്നുവെന്നത് മാത്രമാണ് ഇതിന്റെ സാക്ഷ്യം. രോഗസംഖ്യ കൂടുമ്പോള്‍ ഇത്തരം ചിട്ടകളോടുള്ള വിശ്വാസം കുറയാന്‍ ഇടയുണ്ട്. ഈ ശീലങ്ങള്‍ കൊണ്ട് സ്വയം സുരക്ഷിതനായിയെന്ന വസ്തുത മറക്കരുത്. രോഗത്തിന്റെ തോത് കൂടുന്നത് ചൂണ്ടിക്കാട്ടി ഇതുകൊണ്ട് എന്ത് പ്രയോജനമെന്ന നിഷേധ വിചാരത്തിന്റെ പിടിയില്‍ പെട്ടുപോയാല്‍ ആരോഗ്യ പരിപാലന പെരുമാറ്റങ്ങളില്‍ ദോഷങ്ങളും, ഉദാസീനതയും അറിയാതെ വന്നു കയറും. അവനവന്‍ സുരക്ഷ പാലിക്കുമ്പോള്‍ സമൂഹത്തെ കൂടി രക്ഷിക്കുകയാണെന്ന തത്വം മറന്നു പോകും.
  • സോപ്പും മാസ്‌ക്കും ഗ്യാപ്പുമൊക്കെ സ്വയം എളുപ്പത്തില്‍ ചെയ്യാവുന്ന ഫലപ്രദമായ കര്‍മ്മ പരിപാടിയാണെന്നുള്ള ബോധവും അത് വെടിപ്പായി നടപ്പിലാക്കുവാനുള്ള ഇച്ഛാശക്തിയുമാണ് നാലാമത്തെ ഘടകം. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കേണ്ടെന്നും എന്റെ കാര്യം ഞാന്‍ നോക്കിയാല്‍ മതിയെന്നുമുള്ള നിലപാട് പകര്‍ച്ചവ്യാധി നാളുകളില്‍ പറ്റില്ല. ആരോഗ്യശീലങ്ങള്‍ പകര്‍ച്ച വ്യാധിയെക്കാള്‍ വേഗതയില്‍ മറ്റുള്ളവരിലേക്കും എത്തിക്കുന്ന സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാതെയിരിക്കുന്നതും പെരുമാറ്റ വൈകല്യം തന്നെ.

ഗ്യാപ്പില്ലാതെ, മാസ്‌ക്കില്ലാതെ അടുത്ത ഓണം

കേരളത്തിലെ സമ്പര്‍ക്കരോഗികള്‍ ആരുമായി സമ്പര്‍ക്കം പുലര്‍ത്തി എന്നതില്‍ മാത്രം അന്വേഷണം ഒതുങ്ങരുത് ഇവര്‍ അനുവര്‍ത്തിച്ചിരുന്ന പ്രതിരോധ പെരുമാറ്റങ്ങളില്‍ എന്ത് തരം വീഴ്ചകളാണ് സംഭവിച്ചതെന്ന് കൂടി ഗവേഷണാത്മകമായി എത്രയും വേഗം വിശകലനം ചെയ്യണം. അതില്‍ നിന്നാകണം ഇനി ആരോഗ്യപരിപാലന പെരുമാറ്റങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം.

കോവിഡ് നാളുകളില്‍ സ്വന്തം ആരോഗ്യ പെരുമാറ്റങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നത് പതിവാക്കണം. മറ്റുള്ളവരെയും വിമര്‍ശിക്കാം. തിരുത്തല്‍ ശക്തിയാകുന്ന ഇത്തരം കണ്ണികള്‍ സമൂഹത്തില്‍ ഉണ്ടാകുമ്പോഴാണ് പകര്‍ച്ചവ്യാധിക്ക് എതിരെയുള്ള ചെറുത്തുനില്‍പ്പ് ഒരു സംസ്‌ക്കാരമാവുക.

സമ്പര്‍ക്കത്തിലൂടെ രോഗം വരുന്നത് പെരുമാറ്റ വൈകല്യങ്ങളിലൂടെയാണ്. ആ നിലയില്‍ കോവിഡിന് ഒരു മനോഭാവ തകരാറുകളുടെ തലം (Behavioural Disorder) കൂടിയുണ്ട്. അത് പരിഹരിച്ചാല്‍ മാത്രമേ സമ്പര്‍ക്ക വ്യാപനം തടയാന്‍ കഴിയൂ. ഭീകരനായ ഈ വൈറസ് അസുരനെ ഒരിക്കലും തിരിച്ചു വരാത്ത വിധത്തില്‍ പാതാളത്തിനും അപ്പുറത്തേക്ക് ചവിട്ടി താഴ്ത്താന്‍ അപ്പോഴേ കഴിയൂ. അടുത്ത ഓണമെങ്കിലും ഗ്യാപ്പില്ലാതെ, മാസ്‌ക്കില്ലാതെ നടത്തണ്ടേ? എന്നാല്‍ സോപ്പിനെ അപ്പോഴും കൈവെടിയേണ്ട... 

Content Highlights: Health Behaviour, how we should behave during Covid19, Corona Virus outbreak, health