ശരീരത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം, ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം എന്നു പറയുന്നത്. ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ നിർജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. കേരളത്തിലെ മിക്ക നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും താപനില ഏതാണ്ട് 40 ഡിഗ്രിയോളമാണ്. അതുകൂടാതെ തന്നെ കേരളം തീരപ്രദേശത്തോടത്ത് കിടക്കുന്നതുകൊണ്ട് അന്തരീക്ഷത്തിലെ ഈർപ്പം അഥവാ ഹ്യൂമിഡിറ്റി വളരെയേറെയാണ്. അതും നിർജലീകരണത്തിന് കാരണമാകും.
എന്തൊക്കെയാണ് നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ ?
- അമിതമായ ദാഹം
- വായും ചുണ്ടും ഉണങ്ങുക
- തൊണ്ട വറ്റി വരളുക
- തലവേദന
- അസ്വസ്ഥത
- മസിലുകൾ കോച്ചി പിടിക്കുക (cramps )
- ശരീര വേദന
- മൂത്രം കുറച്ച് ഒഴിക്കുക
- വിശപ്പ് അനുഭവപ്പെടാതിരിക്കുക
- ആശയക്കുഴപ്പം അനുഭവപ്പെടുക
- ഓർമ്മക്കുറവ്
- ബോധക്ഷയം
- അപസ്മാരം
നിർജലീകരണത്തിന് സാധ്യത കൂടുതലുള്ള വിഭാഗം ?
- വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾ
- ശാരീരികമായി അമിതമായി അധ്വാനിക്കുന്ന തൊഴിലാളികൾ
- ജിം, അത്ലറ്റിക്സ് തുടങ്ങിയവയിൽ ഏർപ്പെടുന്നവർ
- പ്രായമായവർ
- വെയിലിൽ കളിക്കുന്ന കൊച്ചു കുട്ടികൾ
തുടങ്ങിയവരിലെല്ലാം നിർജലീകരണത്തിനുള്ള സാധ്യത വളരെയേറെയാണ്.
പരിഹാരമാർഗങ്ങൾ
ചൂടുള്ള കാലാവസ്ഥയിൽ കൂടുതൽ ജലം കുടിക്കാൻ ശ്രദ്ധിക്കുക. ഒരു സാധാരണ മനുഷ്യൻ ഒരു ദിവസം കുടിക്കേണ്ട ജലം രണ്ട് ലിറ്റർ ആണ്. എന്നാൽ ഉയർന്ന അന്തരീക്ഷ താപനിലയിൽ രണ്ടര ലിറ്ററോ മൂന്ന് ലിറ്ററോ വരെ നമ്മൾ ജലം കുടിക്കേണ്ടതാണ്. ഓരോരുത്തരുടെയും ശരീരത്തിന്റെ അളവിൽ വ്യത്യാസമുണ്ടാവും എന്നതിനാൽ, ശരീരത്തിന് ആവശ്യമായ ജലത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും. ചൂടുള്ള കാലാവസ്ഥയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാവും
- ദാഹം അനുഭവപ്പെടുമ്പോഴൊക്കെ വെള്ളം കുടിക്കുക.
- ശുദ്ധജലം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
- ജലത്തിൽ അമിതമായ ഉപ്പും മധുരവും കൂടുന്നത് നിർജലീകരണത്തിന് കാരണമാവും.
- കായികധ്വാനം ചെയ്യുന്നവരും വെയിലത്ത് പണിയെടുക്കുന്ന വരും ഓരോ അരമണിക്കൂറിലും ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു കൊണ്ടിരിക്കുക. ഓർക്കുക ജലം ഒറ്റയടിക്ക് കുടിക്കുന്നതിലും നല്ലത് ഇടവിട്ട് ശരീരത്തിന് കിട്ടിക്കൊണ്ടിരിക്കുന്നതാണ്.
- ഫ്രഷ് ജ്യൂസുകളും എലെക്ട്രൊലൈറ്റ് അടങ്ങിയ പാനീയങ്ങളും നന്ന്. എന്നാൽ ഇവയൊന്നും ശുദ്ധജലം കുടിക്കുന്നതിന് പകരം ആവരുത്. സാധാരണ കുടിക്കുന്ന ജലത്തിന് പുറമേ ഇവകൂടി കഴിക്കുന്നത് നന്നാവും.
അമിത ഊഷ്മാവിൽ നിന്ന് രക്ഷപ്പെടാൻ ഇനിയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക
- വീട്ടിലെ ജനലുകൾ പകൽ സമയങ്ങളിൽ തുറന്നിടുക, ക്രോസ്സ് വെന്റിലേഷൻ പ്രോത്സാഹിപ്പിക്കുക.
- വീടിനുള്ളിലെ ചൂടു കുറയ്ക്കാൻ കർട്ടനുകൾ ഉപയോഗിക്കാം.
- ഉച്ചസമയത്ത് പ്രത്യേകിച്ചും 12 മണി മുതൽ 2 മണി വരെ പുറത്ത് ഇറങ്ങാതിരിക്കുക. പുറം പണി ചെയ്യുന്നവർ ഈ സമയം ഒഴിവാക്കുക.
- മദ്യപാനം പൂർണമായും ഒഴിവാക്കുക. ഉഷ്ണ കാലാവസ്ഥയിൽ ബിയർ കുടിക്കാം എന്നുള്ളത് തെറ്റിദ്ധാരണയാണ്. എല്ലാ മദ്യവും കൂടുതൽ നിർജലീകരണത്തിന് കാരണമാകും.
- ത്വക്കിൽ സൂര്യതാപം ഏൽക്കാതെ നോക്കുക, സൺസ്ക്രീൻ ലോഷൻ പുരട്ടുക.
- മൂത്രത്തിൽ കല്ലുള്ളവർ ഉയർന്ന അന്തരീക്ഷ ഊഷ്മാവ് ഉള്ളപ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. വീണ്ടും മൂത്രക്കല്ല് വരാനുള്ള സാധ്യത വളരെയേറെയാണ്, കൂടാതെ മൂത്രത്തിലെ അണുബാധയും. അതിനാൽ ധാരാളം വെള്ളം കുടിക്കുക.
- ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ ചർമം വിണ്ടുകീറുകയും ചൊറിച്ചലും അനുഭവപ്പെടാം. കുളിച്ചു കഴിഞ്ഞിട്ടും രാത്രി കിടക്കുമ്പോഴും മോയ്സ്ചറൈസിംഗ് ലോഷൻ ഉപയോഗിക്കുക. കഴിവതും രണ്ടുനേരം കുളിക്കുവാൻ ശ്രമിക്കുക.
- പാദങ്ങൾ സംരക്ഷിക്കാൻ സ്ഥിരമായി ചെരുപ്പുകൾ ഉപയോഗിക്കുക.
- ഉച്ചസമയത്ത് അടുക്കള ജോലികൾ ഒഴിവാക്കുക.
- ഭക്ഷണക്രമത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുക. നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തന്‍, മാതളനാരങ്ങ, മസ്‌ക്‌മെലന്‍ എന്നിവ ഉള്‍പ്പെടുത്തുക. ദിവസവും വെജിറ്റബിൾ സാലഡുകൾ കഴിക്കുന്നത് നല്ലതാണ്. ഫാസ്റ്റ് ഫുഡുകള്‍, പായ്ക്കറ്റ് ആഹാരസാധനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക. എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിതോപയോഗം ദഹനക്കേടിന് കാരണമാകും. ചായ, കാപ്പി എന്നിവയ്ക്ക്പകരം ഫ്രൂട്ട് ജ്യൂസുകളോ ഉപ്പ് കുറച്ച് മാത്രമുള്ള പച്ചക്കറിസൂപ്പുകളോ ഉള്‍പ്പെടുത്താം.
Content Highlights: effective summer health tips, How To Beat The Heat
Published: 20 Apr 2023, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented