
ഇന്നു ഞാന് അറിയുന്നുണ്ടേതൊരാദര്ശത്തിന്നും
മന്നിലെക്കാറ്റേല്ക്കുമ്പോള് തന് നിറം കെടാമെന്നും
ഏതു നന്മയും ക്രമാല് മുന കൂര്പ്പിച്ചേറ്റം
യാതനാവഹമാക്കാന് കഴിയും നരനെന്നും- ബാലാമണിയമ്മ
ഞാനറിയുന്ന ഒരു ഡോക്ടര് എഴുപത്തിനാലാം വയസ്സില് കാന്സര്ബാധിതനായി. തുടക്കത്തില് റേഡിയേഷനും പിന്നെ മരുന്നുകളുമൊക്കെക്കൊണ്ട് കുറച്ചൊക്കെ ആശ്വാസം കിട്ടിയതാണ്. പക്ഷേ, ഒരു ഘട്ടത്തില് ആ മരുന്നു നിര്ത്താമെന്നും ഇനി പാലിയേറ്റീവ് കെയര് മതിയെന്നും കാന്സര് വിദഗ്ധന് അഭിപ്രായപ്പെട്ടു. പാലിയേറ്റീവ് കെയര് എന്നുകേട്ടപ്പോള്ത്തന്നെ ഡോക്ടര് ഭയന്നു. അത് മരണത്തോടടുത്തവര്ക്കുള്ള ചികിത്സയാണെന്നാണ് ആ ഡോക്ടറുടെ വിശ്വാസം. കുറച്ചധികം ചുമയുണ്ട്; നിര്ത്താതെ തൊണ്ടകുത്തിയുള്ള ചുമ. സാവകാശം ശ്വാസംമുട്ടും തുടങ്ങി. കുളിമുറിയില് ഒന്നു പോയിവരുമ്പോഴേക്കും ശ്വാസംകിട്ടാത്ത അവസ്ഥ. എന്തുചെയ്യണമെന്ന് കുടുംബത്തില് ചര്ച്ചനടക്കവേ, ഒരു രാത്രിയില് ശ്വാസംമുട്ട് കൂടി. ആഞ്ഞുവലിക്കാന് ശ്രമിക്കുംതോറും ബുദ്ധിമുട്ട് കൂടുന്നു. പെട്ടെന്ന് അടുത്തുള്ള ഒരു വലിയ ആശുപത്രിയില്പ്പോയി. അവര് നോക്കിയപ്പോള് ഓക്സിജന്റെ അളവ് കുറവ്. ഇന്റന്സീവ് കെയറില് ആക്കിയാലേ ശ്വാസഗതി ശരിയാക്കാന് ഒക്കുകയുള്ളൂയെന്ന് കാഷ്വാലിറ്റിയില്ക്കണ്ട ഡോക്ടര് പറഞ്ഞു. ആ ആശുപത്രിയിലും പാലിയേറ്റീവ് കെയര് ഉള്ളതാണ്; പക്ഷേ, അതിനെപ്പറ്റി ചര്ച്ചയുണ്ടായില്ല.
ഇന്റന്സീവ് കെയറിലാക്കാന് മകള്ക്ക് മടിയായിരുന്നു. മുന്പ് അതിനകത്തായപ്പോള് അച്ഛന് അകാരണമായ ഭയംവരുകയും കെട്ടിയിടേണ്ടിവരുന്ന അവസ്ഥയുണ്ടായതും കണ്ടിട്ടുള്ളതാണ്. അത് മകള് പറഞ്ഞു. ഓക്സിജന്റെ അളവ് താണാല് പിന്നെന്തുചെയ്യാന്, എന്ന ഡോക്ടറുടെ ചോദ്യത്തിന് മകള്ക്ക് മറുപടിപറയാനുണ്ടായിരുന്നില്ല. വെന്റിലേറ്ററില് കുടുങ്ങി ശാരീരികവും മാനസികവുമായ വേദനയും കടുത്ത ഒറ്റപ്പെടലും അനുഭവിച്ചാണ് ആ മനുഷ്യന് ഏതാനും നാളുകള്ക്കുശേഷം ഇഹലോകവാസം വെടിയാനായത്.
അവസാനനിമിഷങ്ങള് അന്തസ്സുള്ളതാവണം
കാന്സര് ചികിത്സിക്കുന്ന ആശുപത്രികളുടെ ദേശീയകൂട്ടായ്മയാണ് 'നാഷണല് കാന്സര് ഗ്രിഡ്'. ടാറ്റാ മെമ്മോറിയല് ആശുപത്രിയുടെ ഡയറക്ടറും അറിയപ്പെടുന്ന കാന്സര് വിദഗ്ധനുമായ ഡോ. പ്രമേഷിന്റെ നേതൃത്വത്തിലാണ് കാന്സര് ഗ്രിഡിന്റെ പ്രവര്ത്തനം. ഭാരതത്തിലെ മുന്നൂറ്റിയന്പതിലേറെ കാന്സര് ആശുപത്രികള് അതിലെ അംഗങ്ങളാണ്. ഈ കൂട്ടായ്മ കാന്സര് ചികിത്സയില് ചെയ്യാന്പാടില്ലാത്ത പത്തുകാര്യങ്ങള് എന്നപേരില് ലാന്സെറ്റ് ഓങ്കോളജി ജേണലില് പ്രസിദ്ധീകരിച്ച മാര്ഗരേഖകളിലൊന്നാണ്, പടര്ന്നുകഴിഞ്ഞ, ചികിത്സിച്ചു മാറ്റാന്കഴിയാത്ത കാന്സറുള്ളവരെ ഇന്റന്സീവ് കെയറില് കിടത്തി ചികിത്സിപ്പിക്കരുത് എന്നത്. പക്ഷേ, പല കാരണങ്ങള്കൊണ്ട് നടപ്പില്വരുന്നത് മറ്റൊന്നാണ്, മേല്പ്പറഞ്ഞ ഡോക്ടറുടെ കാര്യത്തില് സംഭവിച്ചതുപോലെ.
ഞാന് ഇന്റന്സീവ് കെയര് ചെയ്തിരുന്ന ഡോക്ടറാണ്. അത് വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും ഫലവത്തായ ചികിത്സാവിധികളിലൊന്നാണ് എന്നെനിക്കറിയാം. ഓരോ മിനിറ്റിലും ഹൃദയത്തിന്റെയും മറ്റ് അവയവങ്ങളുടെയും പ്രവര്ത്തനം മനസ്സിലാക്കി, എന്തെങ്കിലും തകരാറുണ്ടെങ്കില് അത് അപ്പോഴപ്പോള് പരിഹരിച്ച് ശരീരത്തിനെ മുഴുവന് കേടുവരാതെ സൂക്ഷിച്ച് രോഗിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന് അതിന് അദ്ഭുതകരമായ കഴിവുണ്ട്. പക്ഷേ, ശ്വാസകോശത്തിലെ കാന്സര് തലച്ചോറിലേക്ക് പടര്ന്നുകഴിഞ്ഞ മേല്പ്പറഞ്ഞ ഡോക്ടര്ക്ക് അതുകൊണ്ട് എന്തു പ്രയോജനം? പ്രയോജനം ഇല്ലെന്നുമാത്രമല്ല, കഠിനമായ വേദനയും ഏകാന്തതടവും വിധിച്ച് മഹത്തായ ഇന്റന്സീവ് കെയറിനെ ദുരിതംനല്കാനുള്ള ഒരു ആയുധമാക്കിമാറ്റുകയല്ലേ ഇവിടെ സംഭവിച്ചത്? ഇങ്ങനെ മരണം വലിച്ചുനീട്ടേണ്ടത് ഒരു ഡോക്ടറുടെയോ ആശുപത്രിയുടെയോ കടമയാണെന്ന് മെഡിക്കല് എത്തിക്സില് ഒരിടത്തും പറയുന്നില്ല. 2023-ലെ സുപ്രീംകോടതി വിധിയനുസരിച്ച് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നു മാത്രമല്ല; രോഗചികിത്സകൊണ്ട് പ്രയോജനമില്ല എന്നുവരുമ്പോള് രോഗിയെ വെന്റിലേറ്ററില്നിന്നോ മറ്റ് കൃത്രിമ ജീവനോപാധികളില്നിന്നോ മാറ്റി തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നാണ് സുപ്രീംകോടതിയുടെ വിധി. പക്ഷേ, ഇത് നടപ്പില്വരുത്താന് ഭാരതത്തിന് സാധിച്ചിട്ടില്ല എന്നുമാത്രം.
ലിവിങ് വില് ഒരു മാതൃക
ഒരു വ്യക്തിയെന്നനിലയില് നമുക്ക് നമ്മെത്തന്നെ ഈ ദുരിതത്തില്നിന്ന് രക്ഷിക്കാനാവും. നമ്മുടെ ജീവിതാന്ത്യശുശ്രൂഷ എങ്ങനെ വേണമെന്നുള്ള ഒരു 'ലിവിങ് വില്' നമുക്ക് എഴുതിവെക്കാം. ഒരു ഗസറ്റഡ് ഓഫീസര് (നോട്ടറിയും ആകാം) ഒപ്പിട്ടുകഴിഞ്ഞാല് അതിന് നിയമസാധുതയുണ്ട് എന്ന് മേല്പ്പറഞ്ഞ വിധിയില് വ്യക്തമായി പറയുന്നുണ്ട്. ഇത് ഭാരതത്തില് മുഴുവന് പ്രാവര്ത്തികമാകുന്ന ഒരു കാലം വരുമായിരിക്കും. അതുവരെ കാത്തിരിക്കാതെ നമുക്ക് നമ്മളെത്തന്നെ രക്ഷിക്കാന് എന്തുചെയ്യാമെന്നാണ് ഇപ്പോള് തീരുമാനിക്കേണ്ടത്. ഡിസംബര് 16-ലെ മാതൃഭൂമി പത്രത്തില് ഒരു വാര്ത്താശകലമുണ്ടായിരുന്നു. കൊല്ലത്തെ പാരിപ്പള്ളിയിലുള്ള സര്ക്കാര് മെഡിക്കല് കോളേജില് ലിവിങ് വില് ഉണ്ടാക്കാന് വ്യക്തികളെ സഹായിക്കാനായി ഒരു പ്രത്യേക കൗണ്ടര് തുടങ്ങിയിരിക്കുന്നെന്ന്.
എത്രനല്ല കാര്യം! വൈദ്യശാസ്ത്രം സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുള്ള എത്ര ഉദാത്തമായ മാര്ഗം! ഇങ്ങനെയൊക്കെ സര്ക്കാര്സ്ഥാപനങ്ങളില് നടക്കുമോയെന്ന് ചിന്തിക്കുന്നുണ്ടോ നിങ്ങള്? ഇതു മാത്രമല്ല; സൗന്ദര്യംനിറഞ്ഞ മറ്റുചിലതും അവിടെ കാണാനായി. അവിടെ ഒരു പാലിയേറ്റീവ് കെയര് ക്ലിനിക്കുണ്ട്. അവിടെ രോഗബാധിതരെ രോഗി എന്നോ പേഷ്യന്റ് എന്നോയല്ല പറയുക. അവര് അതിഥികളാണ്. അവിടേക്കു കയറിച്ചെല്ലുന്ന ഏതൊരു 'അതിഥി'യെയും അവിടെയിരിക്കുന്ന വ്യക്തി, ഡോക്ടറായാലും നഴ്സായാലും വൊളന്റിയറായാലും എണീറ്റ് കൈകൂപ്പി സ്വീകരിക്കുന്നു. ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഇന്ദുപ്രഭാ യാദവും കൂട്ടരും ചേര്ന്ന് തുടങ്ങിയതാണ് ഈ സംരംഭം. അതോട് അനുബന്ധമായാണ് ലിവിങ് വില് കൗണ്ടര്. ഇങ്ങനെ ഒരു മഹത്കാര്യം യാഥാര്ഥ്യമാക്കിയ പ്രിന്സിപ്പല് ഡോ. പദ്മകുമാറും കൂട്ടരും തീര്ച്ചയായും നമ്മുടെ നന്ദിയര്ഹിക്കുന്നു.
സഹായംനല്കാന് പാരിപ്പള്ളിക്കു ചുറ്റുമുള്ളവര്ക്ക് ഈ മാര്ഗമുണ്ടായതുപോലെ, മറ്റിടങ്ങളിലുള്ളവര്ക്കും ലിവിങ് വില് തയ്യാറാക്കാന് അഭിഭാഷകരുടെ അടുത്തുപോകേണ്ട ആവശ്യമൊന്നുമില്ല. അവരവര്ക്ക് സ്വയം ചെയ്യാവുന്നതേയുള്ളൂ. ഒരു സാംപിള് വേണമെങ്കില് https://palliumindia.org/2024/06/livingwillandattorneyauthorisation എന്ന പേജില് പോയാല് കിട്ടും. ഈ ഫോമില് വ്യക്തിയുടെ ഇഷ്ടമനുസരിച്ചു വേണ്ട വ്യത്യാസങ്ങള്വരുത്തി രണ്ടുസാക്ഷികള് ഒപ്പിട്ടാല് പ്രക്രിയ കഴിഞ്ഞു. വ്യക്തിക്ക് സ്വയം തീരുമാനമെടുക്കാന് കഴിവില്ലാതാകുമ്പോള് പകരം നടപടികള് മുന്നോട്ടുകൊണ്ടുപോകാന് മറ്റൊരാള്ക്ക് 'പവര് ഓഫ് അറ്റോര്ണി' നല്കുകയുമാകാം. ഈ രേഖ എഴുതിവെച്ചതുകൊണ്ടു മാത്രമായില്ല. സര്വപ്രധാനമായ കാര്യം, കുടുംബത്തിനകത്ത് തീരുമാനങ്ങളെടുക്കുന്ന ഉറ്റവരുമായി (ഉദാഹരണത്തിന് ഭാര്യ അല്ലെങ്കില് ഭര്ത്താവ്, പ്രായപൂര്ത്തിയെത്തിയ മക്കള്) ഈ കാര്യം ചര്ച്ചചെയ്തിരിക്കണം എന്നതാണ്. അവരില് ഒരാള് എതിര്ത്താല് ആശുപത്രിയില് തീരുമാനങ്ങള് എങ്ങുമെത്തിയെന്നുവരില്ല. പാരിപ്പള്ളിയിലെ സംരംഭം ഒരു നല്ല തുടക്കമാകട്ടെ, ഇന്റെന്സീവ് കെയര് നല്ല ഒരു ഉപകരണമായിത്തന്നെ തുടരാനും ആയുധമായി മാറാതിരിക്കാനും.
(ഇന്ത്യയിലെ സാന്ത്വന പരിചരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ.രാജഗോപാല് പദ്മശ്രീ ജേതാവാണ്)
Content Highlights: dr mr rajagopal on living will
Published: 20 Dec 2024, 09:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented