'ഈ ലോകത്തിന്റെ സൗന്ദര്യം കാഴ്ചയിലാണ്'. കാവ്യാത്മകം എന്നപോലെ ശാസ്ത്രീയവുമാണ് ഈ വാചകം. കാരണം മനുഷ്യമസ്തിഷ്‌കത്തെ ഉദ്ദീപിപ്പിക്കുന്ന ഘടകങ്ങളില്‍ തൊണ്ണൂറ് ശതമാനം കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് പഠനങ്ങളില്‍ തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. കാഴ്ചയെ ബാധിക്കുന്ന, പൂര്‍ണമായ അന്ധതയിലേക്ക് നയിച്ചേക്കാവുന്ന ഒരു നേത്രരോഗമാണ് പ്രമേഹജന്യ നേത്രപടലാന്തര രോഗങ്ങള്‍ (Diabetic Retinopathy). കേരളത്തിലും ഇന്ത്യയിലും വളരെ സാധാരണമായ ഈ നേത്രരോഗത്തിന്റെ പ്രാധാന്യവും പ്രതിരോധ മാര്‍ഗങ്ങളും ലക്ഷണങ്ങളും ഈ ലേഖനം ചര്‍ച്ചചെയ്യുന്നു.
എന്താണ് ഡയബറ്റിക്ക് റെറ്റിനോപ്പതി?
ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രമേഹരോഗത്തിന്റെ സങ്കീര്‍ണാവസ്ഥ കണ്ണിന്റെ നേത്രാന്തരപടലത്തിലെ (Retina) രക്തക്കുഴലുകളെ ബാധിച്ച് റെറ്റിനയുടെ ശരിയായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന ഒരു രോഗമാണ് ഡയബറ്റിക്ക് റെറ്റിനോപതി.
കണക്കുകള്‍ പറയുന്നത്
ലോകത്താകമാനം 450 മില്യണ്‍ പ്രമേഹരോഗികള്‍ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. പ്രായം കണക്കിലെടുത്തുള്ള കണക്കുക്കൂട്ടലുകള്‍ പ്രകാരം ലോകമാകെയുള്ള പ്രായപൂര്‍ത്തിയായ ജനവിഭാഗത്തില്‍ 1980ല്‍ നാല് ശതമാനം പേര്‍ക്കുണ്ടായിരുന്ന ഈ അസുഖം 2019 ആയപ്പോഴേയ്ക്കും എട്ടര ശതമാനം ആയിരിക്കുന്നു. അതായത്, മൂന്ന് പതിറ്റാണ്ടു കൊണ്ട് ഇരട്ടിയിലധികം വളര്‍ച്ച. ആരോഗ്യരംഗത്ത് രോഗങ്ങളുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ ഇത് വളരെ അസാധാരണമായ രീതിയിലുള്ള വളര്‍ച്ചയാണ്.
പ്രമേഹം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് വികസ്വര രാഷ്ട്രങ്ങളെയാണെന്നതും ശ്രദ്ധേയമാണ്. ഏഷ്യന്‍ ഭൂഖണ്ഡമാണ് പ്രമേഹരോഗത്തിന്റെ പ്രഭവകേന്ദ്രം. 60 ശതമാനം പ്രമേഹരോഗികളും ഏഷ്യന്‍ രാജ്യക്കാരാണ്. ചൈനയാണ് പ്രമേഹരോഗികളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍. രണ്ടാം സ്ഥാനം നമ്മുടെ ഇന്ത്യയ്ക്കു തന്നെ. ഇന്ത്യയില്‍ 69.2 മില്ല്യണ്‍ പ്രമേഹരോഗികള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ തലസ്ഥാനം എന്ന വിശേഷണത്തിന് അര്‍ഹത നേടിയിട്ടുള്ളത് നമ്മുടെ കൊച്ചു കേരളമാണ്. 2016- ലെ ഒരു പഠനമനുസരിച്ച് കേരളീയരുടെ പ്രമേഹബാധാ നിരക്ക് 23.6 ശതമാനമാണ്. നഗരവാസികളായ മലയാളികളില്‍ നൂറില്‍ 24.7 ശതമാനം ആളുകളും ഗ്രാമവാസികളില്‍ 23 ശതമാനം ആളുകളും പ്രമേഹബാധിതരാണ്. അതായത് കേരളത്തില്‍ നാലുപേരിലൊരാള്‍ എന്ന നിലയില്‍ പ്രമേഹബാധ എത്തിനില്‍ക്കുന്നു. ഇന്ത്യയൊട്ടാകെയുള്ള നിരക്ക് വെറും എട്ട് ശതമാനം മാത്രമാണെന്നുകൂടി ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. അതായത്, മനുഷ്യരാശിയെ അതിവേഗം ബാധിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കെല്പുള്ള പ്രമേഹമെന്ന വില്ലന്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒരിടമാണ് ഇന്നത്തെ കേരളം. ജീവിതശൈലി, വ്യായാമക്കുറവ്, ആഹാരരീതികളിലുള്ള മാറ്റം എന്നീ ഘടകങ്ങള്‍ മൂലം ഇത് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. 2040-ഓടെ പ്രമേഹബാധിതരുടെ എണ്ണം ഇരട്ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഡയബറ്റിക്ക് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങള്‍
ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രമേഹം ശരീരത്തിലെ എല്ലാ അവയവങ്ങളിലും രക്തചംക്രമണവുമായി ബന്ധപ്പെട്ട വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കേട് സംഭവിക്കുന്നത് കണ്ണ്, വൃക്ക, കൈകാലുകളിലെ ഞരമ്പുകള്‍ എന്നിവയിലാണ്. end organ damage എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം തിരിച്ചുകൊണ്ടുവരാനാകാത്ത മാറ്റങ്ങള്‍ കണ്ണില്‍ റെറ്റിനോപ്പതിയും വൃക്കകളില്‍ നെഫ്രോപ്പതിയും കൈകാലുകളില്‍ പെരിഫറല്‍ ന്യൂറോപ്പതിയും ഉണ്ടാക്കുന്നു. അടിസ്ഥാനപരമായി പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ക്ക് വിധേയമാകുന്നത് ചെറിയ രക്തക്കുഴലുകളാണ്. ഈ അവസ്ഥയെ ഡയബറ്റിക്ക് മൈക്രോ ആന്‍ജിയോപ്പതി എന്ന് പറയുന്നു. കണ്ണിന്റെ റെറ്റിനയാണ് കാഴ്ചയുടെ ബിംബങ്ങളെ മസ്തിഷ്‌കത്തിന് വിശകലനം ചെയ്യുന്ന സിഗ്നലുകളായി മാറ്റി സംവേദനം നടത്തുന്നത്. ഈ നേത്രപടലത്തിന് പോഷണം നല്‍കുന്ന രക്തക്കുഴലുകള്‍ക്ക് പ്രമേഹം മൂലം കേടുബാധിക്കുന്നു. രക്തക്കുഴലുകളുടെ പ്രവേശനക്ഷമത (permeability) വ്യത്യാസം വരുന്നതുമൂലം കൊഴുപ്പ്, രക്തം എന്നിവ രക്തക്കുഴലുകള്‍ക്ക് പുറത്തേക്ക് ചെറിയ തോതുകളിലായി ചോര്‍ന്നുപോകുന്നതിനാല്‍ നേത്രാന്തരപടലത്തില്‍ നീര് അടിയുകയും ചെയ്യുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഈ മാറ്റങ്ങള്‍ നേത്രാന്തരപടലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൃശ്യസംവേദന ഇടമായ മാക്യുല (Macula) യില്‍ അടിയുന്നതോടെ നീര്‍ക്കെട്ട് (Macula edema) ഉണ്ടാവുകയും കാഴ്ചയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. നോണ്‍പ്രോലിഫറേറ്റീവ് റെറ്റിനോപ്പതി എന്ന ഡയബറ്റിക്ക് റെറ്റിനോപ്പതിയുടെ അവസ്ഥയില്‍ ഇതാണ് സംഭവിക്കുന്നത്.
കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ പ്രോലിഫറേറ്റീവ് റെറ്റിനോപ്പതി എന്ന ഗുരുതരമായ അടുത്ത ദശയിലേക്ക് രോഗം മൂര്‍ച്ഛിക്കാം. രക്തക്കുഴലുകളുടെ കേടുമൂലം നേത്രാന്തരപടലത്തിന് വേണ്ടത്ര ഓക്സിജന്‍ ലഭിക്കാതെ വരുമ്പോള്‍ ശരീരം തന്നെ ചില സവിശേഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങും. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓക്സിജന്റെ ലഭ്യത കൂട്ടാനായി പുതിയ രക്തക്കുഴലുകള്‍ സൃഷ്ടിക്കുക എന്നത്. ഇത്തരം പുതിയ രക്തക്കുഴലുകളാകട്ടെ, വളരെ ദുര്‍ബലവും അവയുടെ സാന്നിധ്യം ആവശ്യമില്ലാത്ത നേത്രാന്തരപടലത്തിന്റെ പല ഭാഗങ്ങളിലുമായിരിക്കും മുളച്ചുപൊന്തുന്നത്. ഇത് Neovascularization എന്ന പേരില്‍ അറിയപ്പെടുന്നു. ഇത്തരം രക്തക്കുഴലുകള്‍ കാലക്രമേണ പൊട്ടുകയും നേത്രാന്തരപടലത്തില്‍ രക്തസ്രാവം (വിട്രിയസ് ഹെമറേജ്), നേത്രാന്തരപടലം വിട്ടുപോകാനും (Tractional retinal detachment) സാധ്യത ഉണ്ടാക്കുന്നു. ഇത് പൂര്‍ണമായ അന്ധതയിലേക്ക് നയിച്ചേക്കാം.
പ്രതിരോധ മാർഗങ്ങൾ എന്തൊക്കെ?
ഡയബറ്റിക്ക് റെറ്റിനോപ്പതി എന്ന രോഗം വരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രമേഹരോഗത്തിന്റെ കാലപ്പഴക്കമാണ്. എല്ലാ തരത്തിലുള്ള പ്രമേഹരോഗത്തിലും (Type 1, Type 2, ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന പ്രമേഹം) പ്രമേഹത്തിന്റെ കാലപ്പഴക്കത്തിനനുസരിച്ച് റെറ്റിനോപ്പതി വരാനുള്ള സാധ്യത കൂട്ടുന്നു.
അതുപോലെ തന്നെ പ്രധാനമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് കൊണ്ടുപോകുന്ന ഒരാള്‍ക്ക് റെറ്റിനോപ്പതിയുടെ ഗുരുതരഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ പ്രമേഹനിയന്ത്രണം വേണ്ടത്ര ഫലപ്രദമായി ചെയ്യാത്ത വ്യക്തികളില്‍ ഗുരുതരമായ പ്രമേഹജന്യനേത്രാന്തരപടലരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാണ്.
ഏറ്റവും പ്രധാനപ്പെട്ട വസ്തുത റെറ്റിനോപ്പതി വരാതെ പ്രതിരോധിക്കുക എന്നതാണ്. 'പ്രതിരോധമാണ് ഏറ്റവും ഫലപ്രദമായ ചികിത്സ' എന്ന ആശയം പ്രമേഹവുമായി ബന്ധപ്പെട്ടു കാണുന്ന റെറ്റിനോപ്പതിയില്‍ അക്ഷരംപ്രതി ശരിയാണ്. അതുകൊണ്ടുതന്നെ എല്ലാ പ്രമേഹരോഗികളും പ്രമേഹം കണ്ടുപിടിക്കുന്ന സമയത്തും പിന്നീട് ഓരോ വര്‍ഷംതോറുമെങ്കിലും നേത്രാന്തരപടലത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തേണ്ടതാണ്. നേത്രരോഗവിദഗ്ധരുടെ സഹായത്തോടെ മരുന്നുകള്‍ ഒഴിച്ച് കൃഷ്ണമണി വികസിപ്പിച്ചതിനുശേഷമാണ് ഈ പരിശോധന ഫലപ്രദമായി നടത്താന്‍ സാധിക്കുക.
കൂടുതൽ ആരോഗ്യസംബന്ധമായ പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
റെറ്റിനോപ്പതി ഉണ്ടെന്ന് തെളിഞ്ഞാല്‍ അതിന്റെ അവസ്ഥയനുസരിച്ച് OCT (ഓപ്റ്റിക്കല്‍ കൊഹറന്‍സ് റ്റോമോഗ്രഫി), ഫണ്ടസ് ഫ്ളൂറസില്‍ ആന്‍ജിയോഗ്രഫി എന്നീ പരിശോധനകളും ആവശ്യമായി വന്നേക്കാം. അനീമിയ, രക്തസമ്മര്‍ദ്ദം, അധിക കൊളസ്ട്രോള്‍, വൃക്കകളുടെ തകരാര്‍ എന്നീ രോഗാവസ്ഥകള്‍ റെറ്റിനോപ്പതിയുടെ തീക്ഷ്ണത കൂട്ടിയേക്കാം.
രോഗലക്ഷണങ്ങള്‍
റെറ്റിനോപ്പതിയുടെ ആദ്യഘട്ടങ്ങളില്‍ രോഗിക്ക് യാതൊരു രോഗലക്ഷണങ്ങളും അനുഭവവേദ്യമാകണമെന്നില്ല. അതിനാല്‍ തന്നെ പലപ്പോഴും റെറ്റിനോപ്പതി നിര്‍ണയിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്. പലപ്പോഴും കാഴ്ചക്കുറവാണ് രോഗികള്‍ ശ്രദ്ധിക്കുന്ന ആദ്യലക്ഷണം. ഇത് മിക്കവാറും സംഭവിക്കുന്നത് നീര്‍ക്കെട്ട് വരുന്ന അവസ്ഥയിലാണ്. കണ്ണിനു മുമ്പില്‍ ഒരു തിരശ്ശീല വീഴുന്നതുപോലെ തോന്നുന്നത് സാധാരണയായി ഗുരുതരമായ രോഗാവസ്ഥയില്‍ റെറ്റിനല്‍ ഡിറ്റാച്ച്മെന്റ് എന്ന അവസ്ഥ സംഭവിക്കുമ്പോഴാണ്. രക്തസ്രാവം ഉണ്ടാകുമ്പോള്‍ കണ്ണിനുമുമ്പില്‍ ചുവന്ന തിരശ്ശീല വീഴുന്നപോലെ രോഗിക്ക് അനുഭവപ്പെട്ടേക്കാം. ഇതെല്ലാം ഗുരുതരമായ രോഗലക്ഷണങ്ങളാണ്.
ചികിത്സാരീതികള്‍
നേരത്തെപ്പറഞ്ഞപോലെ സമയബന്ധിതമായി റെറ്റിനോപ്പതി ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉണ്ടെങ്കില്‍, പ്രമേഹനിയന്ത്രണം, ജീവിതശൈലി മെച്ചപ്പെടുത്തല്‍, ആഹാരക്രമീകരണം, വ്യായാമം എന്നിവയില്‍ കൃത്യമായ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. കാഴ്ചക്കുറവിനുള്ള പ്രധാനപ്പെട്ട ഒരു കാരണം ഡയബറ്റിക്ക് മാക്യുലാര്‍ എഡിമ എന്ന (Diabetic Macular Edema) റെറ്റിനയുടെ മധ്യഭാഗത്തുണ്ടാകുന്ന നീര്‍ക്കെട്ടാണ്. ലേസര്‍ ചികിത്സ, കണ്ണിനകത്ത് വിട്രിയസ് ക്യാവിറ്റിയില്‍ എടുക്കുന്ന ഇന്‍ജക്ഷന്‍ എന്നിവയിലൂടെ നീര്‍ക്കെട്ട് കുറയ്ക്കാനും കാഴ്ച ഏറെക്കുറെ പുനഃസ്ഥാപിക്കാനും സാധ്യമാണ്. ഗുരുതരമായ പ്രോലിഫറേറ്റീവ് റെറ്റിനോപ്പതി ബാധിച്ചാല്‍ ലേസര്‍, intravitreal injection എന്നിവയ്ക്കൊപ്പം വിട്രിയോ റെറ്റിനല്‍ സര്‍ജറികളും വേണ്ടിവന്നേക്കാം.
പ്രമേഹബാധയും ഡയബറ്റിക്ക് റെറ്റിനോപ്പതിയും ആരോഗ്യകരമായ ജീവിതത്തിന്റെ അന്ത്യവാക്കല്ല. എന്നാല്‍, ജീവിതത്തെ ക്രമീകരിക്കുന്ന ഒരവസരമാണെന്ന് മനസ്സിലാക്കേണ്ടതാണ്. ജീവിതശൈലി വ്യത്യാസപ്പെടുത്തുന്നതിലൂടെയും കൃത്യമായ ചികിത്സാരീതി അവലംബിക്കുന്നതിലൂടെയും പ്രമേഹജന്യ നേത്രരോഗങ്ങളെ പ്രതിരോധിക്കാനും കാഴ്ചയെന്ന അത്ഭുതകരമായ ശേഷിയിലൂടെ ഈ ലോകത്തെ അറിയാനും തീര്‍ച്ചയായും സാധിക്കും.
Key Points:
- Diabetic retinopathy is a serious eye condition caused by diabetes.
- It is prevalent in Kerala and India.
- Early detection and treatment are crucial to prevent vision loss.
- Maintaining blood sugar levels, healthy lifestyle, and regular eye test are essential for prevention.
- Treatment options include laser therapy, intravitreal injections, and vitreoretinal surgery.
Content Highlights: diabetic retinopathy eye disease diabetes kerala india prevention symptoms treatment vision loss eye
Published: 14 Nov 2024, 03:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented