കൊച്ചി: ഒകുലോപ്ലാസ്റ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 36-ാം വാർഷിക സമ്മേളനം (ഒപായ് 2026) കൊച്ചിയിൽ ആരംഭിച്ചു. കലൂർ ഹോട്ടൽ ഗോകുലം പാർക്കിൽ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടാണ് കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.

To advertise here,

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആധുനിക വൈദ്യശാസ്ത്രം ഇന്ന് മുന്നേറുന്നത് കൃത്യത, നേരത്തെയുള്ള ചികിത്സ, ഉയർന്ന ജീവിത നിലവാരം എന്നിവ മാനദണ്ഡമാക്കിയാണ്. രോഗ വിമുക്തിക്ക് പുറമെ അവയവങ്ങളുടെ പ്രവർത്തന ശേഷിയും രൂപവും സൗന്ദര്യവും പുനഃസ്ഥാപിക്കുന്നത് വരെ ഇന്ന് ചികിത്സയുടെയും വൈദ്യശാസ്ത്ര പുരോഗതിയുടെയും ഭാഗമായി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ഒ.പി.എ. ഐ ദേശീയ പ്രസിഡന്റ് ഡോ. കസ്തൂരി ഭട്ടാചാർജി മുഖ്യപ്രഭാഷണം നടത്തി. കൺ പോളകൾ, ഐ സോക്കറ്റ് (കൺതടം അഥവാ കൺകുഴി) തുടങ്ങിയ ഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ വലിയ മുന്നേറ്റങ്ങളുണ്ടായതായി അവർ പറഞ്ഞു. തൈറോയ്ഡ് കണ്ണ് രോഗം, ട്യൂമർ, അപകട പരിക്കുകൾ തുടങ്ങിയവയിൽ നേരത്തെ കണ്ടെത്തലും സംയുക്ത ചികിത്സയും നിർണായകമാണെന്ന് കസ്തൂരി ഭട്ടാചാർജി പറഞ്ഞു.

ഒ.പി.എ.ഐ പ്രസിഡന്റ് ഡോ. കസ്തൂരി ഭട്ടാചാർജി, ഓർഗനൈസിങ്ങ് ചെയർമാൻ ഡോ. എസ്.ജെ. സായികുമാർ, ഒ.പി.എ.ഐ സെക്രട്ടറി ഡോ. രമൺ മിത്തൽ, ജനറൽ സെക്രട്ടറി ഡോ. സന്തോഷ് ജി. ഹോണവർ, ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. മരിയൻ പോളി,ഓർഗനൈസിങ്ങ് ജോയിന്റ് സെക്രട്ടറി ഡോ. ഷെബിൻ സലീം, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. സാവരി ദേശായി, ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ. എ. ഗിരിധർ, കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് പ്രസിഡന്റ് ഡോ. രാജീവ് സുകുമാരൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

മൂന്ന് ദിവസങ്ങളിലായി കണ്ണിന് ചുറ്റുമുള്ള ഭാഗത്തെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കുമെന്ന് ഓർഗനൈസിങ്ങ് ചെയർമാൻ ഡോ. എസ്.ജെ. സായികുമാർ പറഞ്ഞു . കൊതുക് വഴി പകരുന്ന പാരസിറ്റിക് രോഗമായ പെരിയോകുലർ ഡിറോഫിലേറിയാസിസ് കേരളത്തിലെ ചില ഭാഗങ്ങളിൽ വർധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കൺപോളയ്ക്ക് ചുറ്റും വീക്കം, ചെറിയ കട്ടകൾ, ചുവപ്പ് എന്നിവ ലക്ഷണങ്ങളാകാം. ചിലപ്പോൾ ചെറിയ വേദനയോ എന്തോ ചലനമുണ്ടെന്ന തോന്നലോ ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധന ആവശ്യമാണ് എന്നും ഡോ. സായികുമാർ പറഞ്ഞു.

മൂന്ന് ദിവസത്തെ ശാസ്ത്ര പരിപാടികൾ ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. മരിയൻ പോളി വിശദീകരിച്ചു. 30-ലധികം സെഷനുകളും ചർച്ചകളും ശസ്ത്രക്രിയ വീഡിയോ പ്രദർശനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. രൂപസൗന്ദര്യ ചികിത്സയിലും പുതിയ മാർഗങ്ങൾ അവതരിപ്പിക്കും. ബോട്ടോക്‌സ്, ഫില്ലേഴ്‌സ് തുടങ്ങിയ രീതികൾ ചർച്ചയാകും.

തൈറോയ്ഡ് കണ്ണ് രോഗം സംബന്ധിച്ച സെഷനുകളിൽ കണ്ണ് പുറത്തേക്ക് തള്ളിയെത്തൽ, ചുവപ്പ്, വീക്കം, കാഴ്ച പ്രശ്‌നങ്ങൾ എന്നിവ ആദ്യ ദിവസം ചർച്ചയായി. കൺപോളയിലും കൺതടത്തിലും ഉണ്ടാകുന്ന ക്യാൻസറുകളും ചർച്ചയായി. ചെറിയ കട്ടിയുള്ള കുരുക്കളായി തോന്നുന്ന ഇത്തരം രോഗങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. ഇവ ഉടൻ പരിശോധിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

അപകടങ്ങൾ മൂലമുള്ള ഐ സോക്കറ്റ് പൊട്ടലുകളും ചർച്ചയായി. ഇത്തരം പരിക്കുകൾ കണ്ണിന്റെ ചലനം തടസപ്പെടുത്തുകയും ഇരട്ട കാഴ്ച ഉണ്ടാക്കുകയും ചെയ്യും. ശസ്ത്രക്രിയയിലൂടെ പൊട്ടിയ ഭാഗങ്ങൾ പുനർനിർമ്മിക്കുന്ന രീതികൾ വിദഗ്ധർ ചർച്ച ചെയ്തു.

ഐ സോക്കറ്റ് പുനർനിർമാണം, കണ്ണിമ ശസ്ത്രക്രിയ, ട്യൂമർ ചികിത്സ, അപകട പരിക്ക് പരിചരണം, കണ്ണുനീർ ശസ്ത്രക്രിയ തുടങ്ങിയ വിഷയങ്ങളിൽ വിവിധ ഹാളുകളിൽ സെഷനുകൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നാനൂറിലധികം പ്രതിനിധികളും അന്താരാഷ്ട്ര വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.