
സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. വ്യാപനശേഷി കൂടുതലുള്ള ജെ.എൻ.-1 ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഒരു മരണം കൂടി രേഖപ്പെടുത്തിയതോടെ വീണ്ടും ആശങ്കയിലേക്ക് നീങ്ങുകയാണ്. ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് നിരക്കുകൾ കൂടുതലാണെന്നാണ് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചത്. പനിരോഗികളിൽ ഏറെപേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതാണ് രോഗികളുടെ നിരക്ക് പൊടുന്നനെ കൂടിയതിനു പിന്നിൽ.
ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. രോഗപ്രതിരോധശേഷി കുറയ്ക്കുകയും അതേസമയം വ്യാപനശേഷി കൂടുതലുള്ളതുമായ വൈറസാണ് ജെ.എൻ.വൺ ഉപവകഭേദം. ചൈനയുൾപ്പെടെയുള്ള പലരാജ്യങ്ങളിലും ഈ വകഭേദം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
പിരോളയുടെ പിൻമുറക്കാരൻ
BA.2.86 അഥവാ പിരോള എന്ന വകഭേദത്തിന്റെ പിൻമുറക്കാരനാണ് ഇപ്പോൾ സ്ഥിരീകരിച്ച ജെ.എൻ.1. മുൻ വകഭേദങ്ങളേക്കാൾ വ്യാപനശേഷി കൂടുതലായിരിക്കും ഇതിനെന്നാണ് ഗവേഷകർ കരുതുന്നത്. ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ കാരകുളത്തുനിന്ന് ശേഖരിച്ച സാമ്പിളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ജെ.എൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ചൈനയിലും ഈ വകഭേദം വിവിധയാളുകളിൽ സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ അമേരിക്ക, യു.കെ, ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗൽ, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങളിലാണ് ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ഈ രോഗികളിലെ പ്രധാനലക്ഷണങ്ങൾ. കൂടാതെ ഭൂരിഭാഗം രോഗികളിലും നേരിയ തോതിലുള്ള ശ്വസനേന്ദ്രിയ അണുബാധാ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്. മറ്റു വൈറൽ അണുബാധകൾക്ക് സമാനമായതു തന്നെയാണ് ഈ വകഭേദവും എന്നതാണ് ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ജെ.എൻ.1 വകഭേദത്തിന് മനുഷ്യരുടെ പ്രതിരോധശേഷിയെ മറികടക്കാനുള്ള പ്രാപ്തിയുണ്ടെന്നാണ് സി.ഡി.സി. (Centers for Disease Control and Prevention) വ്യക്തമാക്കിയത്. മഞ്ഞുകാലങ്ങളിൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾ കൂടുന്നതിനാൽ തന്നെ രോഗവ്യാപനവും കൂടുതലായിരിക്കും. പുതുതായുണ്ടാകുന്ന അഞ്ചിലൊന്നു കോവിഡ് കേസുകൾക്കും പിന്നിൽ ഈ വൈറസാണെന്നാണ് സി.ഡി.സി. പറയുന്നത്.
കോവിഡ് വകഭേദത്തിന് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുകയാണെന്ന് സി.ഡി.സി.യുടെ ഡയറക്ടറായ മാൻഡി കോഹെൻ പറയുന്നു. ഈ വർഷം ഓഗസ്റ്റിലാണ് കോവിഡ് വകഭേദത്തിലെ ഏറ്റവും വലിയ മാറ്റമായ BA.2.86-ന് നാം സാക്ഷ്യം വഹിച്ചത്. ആ വകഭേദത്തിന്റെ മറ്റൊരു ശാഖയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
കേരളത്തിൽ ജെ.എൻ.1 ഉപവകഭേദം കണ്ടെത്തിയതിൽ ആശങ്ക വേണ്ട കാര്യമില്ലെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയത്. മാസങ്ങൾക്കു മുമ്പ് സിംഗപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരെ ജീനോമിക് സീക്വൻസിങ്ങിന് വിധേയരാക്കിയപ്പോൾ ഈ ഉപവകഭേദം സ്ഥിരീകരിച്ചിരുന്നുവെന്നും ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ നേരത്തേയുള്ളതാണെന്നും മന്ത്രി അറിയിച്ചു. സൂക്ഷ്മമായി നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും അനുബന്ധരോഗങ്ങളുള്ളവർ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറയുകയുണ്ടായി.

അതിനിടെ കേരളത്തിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ കർണാടക ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ കർണാടകത്തിൽ കോവിഡ് ബാധിച്ചവർ 58 പേരാണ്. ഇതിൽ 11 പേർ ആശുപത്രിയിലാണ്. കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. കോവിഡ് ലക്ഷണമുള്ളവർക്ക് പരിശോധന ഉറപ്പുവരുത്തണം. ആശുപത്രികളിൽ പരിശോധനയ്ക്കുവേണ്ട ആർ.ടി.പി.സി.ആർ., റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വരുന്ന മൂന്നുമാസത്തേക്ക് ഉറപ്പുവരുത്താനും കർണാടക മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അയൽസംസ്ഥാനമായ തമിഴ്നാട്ടിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനവാണ് രേഖപ്പെടുത്തുന്നത്. ഇരുപത്തിനാലുമണിക്കൂറിനിടെ സംസ്ഥാനത്ത് ഇരുപതുപേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ അറുപത്തിമൂന്നുപേരാണ് ചികിത്സയിൽ കഴിയുന്നത്.
ഞായറാഴ്ച്ച മാത്രം രാജ്യത്ത്335 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,701 ആയി. ഇന്ത്യയുടെ നിലവിലെ കേസുകളുടെ തോത് 4.50 കോടിയും മരണനിരക്ക് 5,33,316-മാണ്.
സിംഗപ്പൂരിൽ കോവിഡ് വ്യാപനം തീവ്രമാണെന്നതിന്റെ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഡിസംബർ മൂന്നുമുതൽ ഒമ്പതുവരെയുള്ള കണക്കുകളെടുക്കുമ്പോൾ 56,043 എന്ന നിലയിലേക്കാണ് കോവിഡ് കേസുകൾ ഉയർന്നിരിക്കുന്നത്. രോഗവ്യാപനം കൂടിയ പശ്ചാത്തത്തിൽ മാസ്ക് നിർബന്ധമാക്കിയിട്ടുമുണ്ട്. JN.1വകഭേദം തന്നെയാണ് നിലവിലെ വ്യാപനത്തിനു പിന്നിലെന്ന് സിംഗപ്പൂർ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ജാഗ്രത തുടരണമെന്ന് ലോകാരോഗ്യസംഘടന
കോവിഡ് കേസുകളും ശ്വാസകോശസംബന്ധമായ രോഗങ്ങളും പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടനയും കരുതൽ തുടരണമെന്ന് അറിയിക്കുന്നുണ്ട്. വൈറസ് ഇപ്പോഴും മാറിക്കൊണ്ടിരിക്കുകയും വ്യതിയാനം സംഭവിക്കുകയുമാണ്. രാജ്യങ്ങൾ സൂക്ഷ്മമായ നിരീക്ഷണം തുടരണമെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്.
നിലവിലെ വിവിധ രോഗങ്ങളുടെ വ്യാപനത്തിനു പിന്നിലെ കാരണത്തേക്കുറിച്ചും സ്വീകരിക്കേണ്ട പ്രതിരോധമാർഗങ്ങളേക്കുറിച്ചും ലോകാരോഗ്യസംഘടനയുടെ കോവിഡ് വിഭാഗം ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് പങ്കുവച്ചു. ഒന്നിലധികം രോഗകാരികളാണ് ലോകത്താകെയുള്ള നിലവിലെ ശ്വാസകോശരോഗങ്ങളുടെ വർധനവിനു പിന്നിൽ. കോവിഡ്, ഫ്ലൂ, റൈനോവൈറസ്, മൈകോപ്ലാസ്മ ന്യുമോണിയ, സാർസ് കോവ്-2 തുടങ്ങിയവ കൂടിക്കൊണ്ടിരിക്കുകയാണ്.
കോവിഡ് മാത്രമല്ല പടരുന്നത്. ഇൻഫ്ലുവൻസ, മറ്റു വൈറസുകൾ, ബാക്ടീരിയ തുടങ്ങിയവയെല്ലാമുണ്ട്. മഞ്ഞുകാലത്തിലേക്ക് കടക്കുകയാണ്. അവധിക്കാലങ്ങളും ആരംഭിച്ചു. ഇതോടെ ആളുകളുടെ ഒത്തുചേരലുകൾ കൂടിയിയിട്ടുണ്ട്. ഇതും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്-മരിയ കെർഖോവ് പറയുന്നു.
കോവിഡ് കേസുകളിലെ വർധനവിന് പിന്നിലെ കാരണം വൈറസ് വികസിച്ചുകൊണ്ടിരിക്കുന്നു എന്നതാണെന്നും അവർ പറഞ്ഞു. സാർസ്-കോവ്-2 വൈറസ് വികസിക്കുകയും മാറിക്കൊണ്ടിരിക്കുകയും വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ചിലരാജ്യങ്ങളിൽ XBB വകഭേദമാണ് 68ശതമാനം വ്യാപനത്തിനുംകാരണം. മറ്റുചിലയിടങ്ങളിൽ ജെ.എൻ.വൺ ആണ്. വാക്സിനേഷന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അണുബാധയുണ്ടെന്ന് സംശയം തോന്നിയാൽ വിദഗ്ധസഹായം തേടാൻ വൈകിക്കരുതെന്നും മരിയ വ്യക്തമാക്കി.

കോവിഡ് എല്ലാ വർഷവും എല്ലാ സ്ഥലങ്ങളിലും ഏറിയും കുറഞ്ഞും കാണപ്പെടാറുണ്ട്. അന്തരീക്ഷത്തിലെ തണുപ്പ്, മഴ തുടങ്ങിയവയെല്ലാം കോവിഡ് കേസുകൾ വർധിക്കാൻ കാരണമായിട്ടുണ്ടെന്നു പറയുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹു. അതിനൊപ്പം കൂടുതൽ ടെസ്റ്റുകൾ ഇപ്പോൾ ചെയ്യുന്നുണ്ട് എന്നതും നിരക്കുകൾ കൂടാൻ കാരണമാകുന്നുണ്ട്. കോവിഡ് ടെസ്റ്റുകൾ ഏറ്റവും കൂടുതൽ ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നുമാണ് കേരളം. എച്ച്1എൻ1, ഡെങ്കിപ്പനി, മറ്റുവൈറൽ പനികൾ തുടങ്ങിയവ പോലെ കോവിഡ് ദീർഘനാളായി കാണാം, അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു എന്നുമാത്രമേയുള്ളു. ജെ.എൻ.1 എന്ന വകഭേദം എന്നത് ഗണ്യമായ മരണനിരക്ക് ഉണ്ടാക്കിയേക്കാവുന്ന ഒരു വകഭേദമാണെന്നൊന്നും പറയാനാവില്ല. കൂടുതൽ ടെസ്റ്റ് ചെയ്യുന്നതുകൊണ്ടും വകഭേദങ്ങളെക്കുറിച്ചു പഠിക്കുന്നതുകൊണ്ടും ഇവിടെ സ്ഥിരീകരിക്കപ്പെട്ടു എന്നുമാത്രം. മരണനിരക്കുകൾ കൂടുക, ആശുപത്രികളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതു കൂടുക തുടങ്ങിയ രീതിയിൽ ശക്തമായ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കുറവാണ്. എങ്കിൽപ്പോലും ഒമിക്രോണിന്റെ വകഭേദമാണ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വ്യാപനശേഷി കൂടുതലായിരിക്കും. സാധാരണ പനിയും ക്ഷീണവുമൊക്കെ പോലെ കടന്നുപോവാനാണ് സാധ്യത കൂടുതൽ. മുൻകാലത്തേതുപോലെ അടച്ചുപൂട്ടൽ അടക്കമുള്ള സാധ്യതയിലേക്ക് ഈ വകഭേദം പോകാൻ ഇടയില്ല. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് കൂടുതലായതുകൊണ്ട് വൈറൽപ്പനികൾ കൂടുതലായി കാണാറുണ്ട്. ശ്വാസകോശരോഗങ്ങളും തണുപ്പ് കാലത്ത് കൂടും. മറ്റുപനികളുടെ നിരക്കും കൂടുതലാണ്. ദീർഘകാലരോഗങ്ങൾ ഉള്ളവരിൽ ഏതുരോഗങ്ങളുടെ കാര്യത്തിലും അതീവശ്രദ്ധ പുലർത്തണമെന്നതുപോലെ ഈ വകഭേദത്തിന്റെ കാര്യത്തിലും തുടരേണ്ടതുണ്ട്. -ഡോ.സുൾഫി നൂഹു
പ്രതിരോധ മാർഗങ്ങൾ
- മാസ്ക് ഉപയോഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
- മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
- ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാന്‍ ഇടവരുത്താതിരിക്കുകയും ചെയ്യുക.
- പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ ഡോക്ടർ നിർദേശിച്ച ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക.
- പൊതുയിടത്ത് തുപ്പാതിരിക്കുക.
- ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.
- കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ സോപ്പുപയോഗിച്ചു കഴുകുകയോ ചെയ്യുക.
- വായുസഞ്ചാരം കുറഞ്ഞതും തിരക്കുള്ള മുറികൾ, ഹാളുകൾ എന്നിവിടങ്ങളിലും കൂടുതൽ സമയം കഴിയരുത്.
- പ്രായമായവർ, കുട്ടികൾ, മറ്റുരോഗങ്ങൾക്ക് ചികിത്സയിലുള്ളവർ കൂടുതൽ ശ്രദ്ധിക്കുക.
- സ്വയംചികിത്സ ചെയ്യരുത്.
Content Highlights: Covid subvariant JN.1 in Kerala
Published: 18 Dec 2023, 10:35 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented