
75 വയസ്സ് പിന്നിട്ടവരിൽ പകുതിയിലധികം ആളുകളും ഹൃദയധമനികളിൽ ബ്ലോക്കുകൾ ഉള്ളവരാണെന്നാണ് കണ്ടെത്തൽ. ഹൃദ്രോഗത്തിന് മരുന്നുകൾ മതിയാവാതെവരുകയും തടസ്സങ്ങൾ നീക്കാൻ ആൻജിയോപ്ലാസ്റ്റി അനുയോജ്യമല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ബൈപ്പാസിന്റെ പ്രസക്തി.
ഹൃദയധമനികളിൽ ഉണ്ടാകുന്ന തടസ്സങ്ങൾക്ക് ബൈപ്പാസ് സൃഷ്ടിക്കുന്ന രീതിയാണ് ബൈപ്പാസ് ശസ്ത്രക്രിയ. തടസ്സങ്ങളെ തുറക്കുകയോ നീക്കംചെയ്യുകയോ ചെയ്യുന്നില്ല. അവയെ മറികടക്കാൻ ശരീരത്തിലെ മറ്റു രക്തക്കുഴലുകളുപയോഗിച്ച് ബദൽ സംവിധാനമുണ്ടാക്കുകയാണ് ശസ്ത്രക്രിയയിൽ ചെയ്യുന്നത്. പ്രായം പരിഗണിച്ചു തുടക്കത്തിൽ മരുന്നുകൊണ്ടുള്ള ചികിത്സമാത്രം മതിയെന്ന് തീരുമാനിക്കുന്ന ചില ഹൃദ്രോഗികളിലെങ്കിലും നെഞ്ചുവേദന സങ്കീർണമാവുമ്പോൾ, ബൈപ്പാസ് ശസ്ത്രക്രിയ നിർദേശിക്കപ്പെടാറുണ്ട്. ദീർഘകാലം നീണ്ടുനിൽക്കുന്ന ഫലപ്രാപ്തിയാണ് ബൈപ്പാസിന്റെ സവിശേഷത.
ഈ പ്രായത്തിലോ?
നിലവിൽ നടക്കുന്ന ബൈപ്പാസ് ശസ്ത്രക്രിയകളിൽ 25 ശതമാനവും 70 വയസ്സിനുമുകളിൽ ഉള്ളവരാണ്. അതിൽത്തന്നെ ഏഴുശതമാനം രോഗികളും 80 വയസ്സ് പിന്നിട്ടവരാണ്.
പ്രായാധിക്യംമൂലം പലരിലും പ്രമേഹം, രക്താദിസമ്മർദം, വൃക്കകളുടെ തകരാർ, കരൾവീക്കം എന്നിങ്ങനെ പലവിധ രോഗങ്ങളുമുണ്ടാകാം. ശസ്ത്രക്രിയക്ക് മുമ്പുള്ള സ്ക്രീനിങ് പരിശോധനകളിൽ ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതകളില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമായിരിക്കും ശസ്ത്രക്രിയ.
ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയരാകുന്ന പകുതിയിലധികം രോഗികളും പ്രമേഹവും രക്താദിസമ്മർദവും ഉള്ളവരാണ്. അതുകൊണ്ടുതന്നെ ഇത്തരം രോഗികളിൽ ബൈപ്പാസ് ശസ്ത്രക്രിയ സാധ്യമാണോ എന്ന സംശയം ആവശ്യമില്ല.
ഹൃദയം തുറക്കേണ്ട
ഹൃദയത്തിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന ശുദ്ധരക്തധമനിയാണ് കൊറോണറി ആർട്ടറി. ഈ ധമനികളിൽ ബൈപ്പാസ് ഗ്രാഫ്ട് വച്ചുപിടിപ്പിക്കുന്നതിന് ഹൃദയം തുറക്കേണ്ടതായ സാഹചര്യം വരുന്നില്ല.
നിലവിലുള്ള 85 ശതമാനം ബൈപ്പാസ് ശസ്ത്രക്രിയകളും ഹാർട്ട് ലങ് മെഷീനിന്റെപോലും സഹായമില്ലാതെ ‘ഓഫ്-പമ്പ്’ ശസ്ത്രക്രിയകളായാണ് നടക്കുന്നത്. ഹൃദയത്തിന്റെ ബ്ലോക്കുകൾ ബൈപ്പാസ് ചെയ്യാൻ ഉപയോഗിക്കുന്ന കാലിലെ സിരകളെക്കുറിച്ചാണ് പിന്നീടുള്ള ചില ആശങ്കകൾ.
മനുഷ്യന്റെ കാലുകളിൽ രണ്ടുതരം സിരകളുണ്ട്. ഉപരിതലത്തിലുള്ളതും ആഴത്തിലുള്ളതുമായ സിരകൾ. ബൈപ്പാസ് ശസ്ത്രക്രിയയിൽ, പുറമേയുള്ള സിരകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് കാലിന്റെ ചലനശേഷിയെയോ മറ്റു പ്രവർത്തനങ്ങളെയോ ബാധിക്കില്ല.
ബൈപ്പാസ് കഴിഞ്ഞാൽ
ഹൃദയശസ്ത്രക്രിയക്കുശേഷം ഒരാഴ്ചക്കുള്ളിൽത്തന്നെ ആശുപത്രി വിടുന്ന തരത്തിലാണ് ശസ്ത്രക്രിയാനന്തര പരിചരണം ക്രമീകരിച്ചിട്ടുള്ളത്. ഇടവിട്ടിടവിട്ട് നടത്തം, പ്രാണായാമം പോലുള്ള ശ്വാസോച്ഛ്വാസ വ്യായാമങ്ങൾ, പകൽസമയം ഉന്മേഷത്തോടെ കുടുംബത്തോടൊപ്പം സമയം ചെലവിടുന്നത്, കൃത്യമായ ഉറക്കം തുടങ്ങിയവ പരിശീലിക്കാം. രണ്ടുമാസത്തിനുള്ളിൽത്തന്നെ സാധാരണജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കും.
(തിരുവനന്തപുരം കിംസ്ഹെൽത്ത് ആശുപത്രിയിലെ കാർഡിയോതൊറാസിക് സർജറി വിഭാഗം കൺസൾട്ടന്റാണ് ലേഖകൻ)
Content Highlights: coronary artery bypass surgery in elderly people
Published: 02 Aug 2023, 11:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented