പ്രമേഹംകുട്ടികളില്‍ തുടങ്ങണം പ്രതിരോധ പാഠങ്ങള്‍

To advertise here,

അവഗണിച്ചാല്‍ അത്യന്തം അപകടകാരിയാവുന്ന രോഗമാണ് പ്രമേഹം. പല രോഗങ്ങളുടെയും അടിസ്ഥാന കാരണമായി മാറുന്നതിനും സങ്കീര്‍ണത കൂട്ടുന്നതിനും പിന്നില്‍ പ്രമേഹമുണ്ട്. രക്തത്തിലെ ഷുഗര്‍നില ശരിയായി നിയന്ത്രിച്ചില്ലെങ്കില്‍ അത് വൃക്ക, ഹൃദയം, കരള്‍ തുടങ്ങിയ പ്രധാന അവയവങ്ങളെയും നാഡികളെയും രക്തക്കുഴലുകളെയുമെല്ലാം തകരാറിലാക്കും. ജീവിതശൈലീരോഗമായി കണക്കാക്കുന്ന ടൈപ്പ് 2 പ്രമേഹം ഇപ്പോള്‍ കുട്ടികളില്‍പോലും കണ്ടുവരുന്നു എന്നത് ഗൗരവമുള്ള ആരോഗ്യവെല്ലുവിളിയാണ്. ഇതിനെ നേരിടാന്‍ ആരോഗ്യകരമായ ജീവിതരീതിയെക്കുറിച്ചുള്ള അറിവുകള്‍ കുട്ടികളില്‍ നിന്ന് തുടങ്ങണം. ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയായ ടൈപ്പ് 1 പ്രമേഹം ബാധിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നതും ഗൗരവത്തോടെ കാണണം.

കണക്കുകള്‍ ചെറുതല്ല

പ്രമേഹത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്.

  • ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ 2025 ഡയബറ്റിസ് അറ്റ്ലസ് പ്രകാരം ലോകത്തിലെ 20-നും 79-നുമിടയില്‍ പ്രായമുള്ള ഒന്‍പതില്‍ ഒരാള്‍ക്ക് പ്രമേഹമുണ്ട്. ഇതില്‍ 10-ല്‍ നാലുപേര്‍ പ്രമേഹമുണ്ട് എന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുമില്ല.
  • പ്രമേഹം കാരണമുണ്ടായ വൃക്കരോഗത്താല്‍ 2021-ല്‍ ലോകത്ത് ജീവന്‍ നഷ്ടമായത് 20 ലക്ഷത്തിലധികം പേര്‍ക്ക്. ഹൃദയധമനീരോഗങ്ങളാലുണ്ടായ മരണങ്ങളില്‍ ഏകദേശം 11 ശതമാനം അനിയന്ത്രിതമായ പ്രമേഹം കാരണമാണെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
  • സംസ്ഥാനത്ത് സാംക്രമികേതര രോഗങ്ങളുടെ വിവരശേഖരണം തുടരുകയാണ്. ഇതുവരെ വ്യക്തമാകുന്നത് 30 വയസ്സിന് മുകളിലുള്ളവരില്‍ 8.65 ശതമാനം പേരില്‍ പ്രമേഹമുണ്ട് എന്നാണ്. 5.75 ശതമാനം പേരില്‍ പ്രമേഹവും അമിത രക്തസമ്മര്‍ദവുമുണ്ട്.
  • നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപോര്‍ട്ട് പ്രകാരം 2015-16 ല്‍ കേരളത്തില്‍ അമിതവണ്ണമുള്ള കുട്ടികള്‍ 3.4 ശതമാനമായിരുന്നു. 2019-21 ല്‍ ഇത് 4 ശതമാനമായി ഉയര്‍ന്നു.

എന്താണ് പ്രമേഹം ?

ശരീരത്തിലെ ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഇല്ലാതാവുകയോ അളവ് കുറയുകയോ അതിന്റെ പ്രവര്‍ത്തനശേഷി കുറയുകയോ ചെയ്യുന്നതുകൊണ്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണം ദഹിച്ചശേഷം ഗ്ലൂക്കോസ് രക്തത്തിലെത്തുന്നു. ഗ്ലൂക്കോസ് കൂടുതലായി എത്തുമ്പോള്‍ അത് നിയന്ത്രിക്കാന്‍ പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കും. ഇന്‍സുലിനാണ് ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് കടത്തിവിടുന്നത്. ഗ്ലൂക്കോസിനെ കോശങ്ങള്‍ക്കുള്ളില്‍ കടത്തിവിടാനുള്ള താക്കോല്‍ പോലെയാണ് ഇന്‍സുലിന്‍ പ്രവര്‍ത്തിക്കുക. പ്രമേഹമുള്ളവരില്‍ ഇതിന് ആവശ്യമായ ഇന്‍സുലിന്‍ ഉണ്ടാകില്ല. ഉണ്ടെങ്കില്‍തന്നെ അതിന് പ്രവര്‍ത്തനശേഷി ഉണ്ടാകില്ല. അതോടെ കോശങ്ങള്‍ക്ക് ഗ്ലൂക്കോസിനെ സ്വീകരിക്കാന്‍ കഴിയാത്ത ഇന്‍സുലിന്‍ പ്രതിരോധം എന്ന അവസ്ഥവരും. അതോടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിക്കൊണ്ടിരിക്കും.

ടൈപ്പ് 1

പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ നശിച്ചുപോയതിനാല്‍ ഇന്‍സുലിന്‍ ഉത്പാദനം നിലച്ചുപോകുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനംതന്നെ ബീറ്റാകോശങ്ങളെ അന്യവസ്തുവാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചുകളയുന്ന ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയാണ് ഇതിന് കാരണം. കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്.

ടൈപ്പ് 2

ജീവിതശൈലീരോഗമായാണ് ഇതിനെ കണക്കാക്കുന്നത്. ഏറ്റവും കൂടുതല്‍ കാണുന്ന പ്രമേഹവും ടൈപ്പ് 2 ആണ്. ഇന്‍സുലിന്‍ ആവശ്യമായ അളവില്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ ഇന്‍സുലിന് വേണ്ടത്ര പ്രവര്‍ത്തനശേഷി ഇല്ലാതിരിക്കുയോ ചെയ്യുന്ന അവസ്ഥയാണിത്.

ഗര്‍ഭകാല പ്രമേഹം

നേരത്തെ പ്രമേഹം ഇല്ലാതിരിക്കുകയും ഗര്‍ഭാവസ്ഥയില്‍ ആദ്യമായി രക്തത്തിലെ ഷുഗര്‍നില ഉയരുകയും ചെയ്യുന്ന അവസ്ഥയാണ് ക്ലാസിക്കല്‍ ജസ്റ്റേഷണല്‍ ഡയബറ്റിസ്. പ്രസവശേഷം മിക്കവരിലും ഇത് സാധാരണ നിലയിലേക്ക് വരാറുണ്ട്. എന്നാല്‍ തുടര്‍നിരീക്ഷണം ആവശ്യമാണ്.

മാതാപിതാക്കള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെങ്കില്‍ കുട്ടിക്ക് ടൈപ്പ് 1 പ്രമേഹത്തിന് സാധ്യതയുണ്ടോ?

മാതാപിതാക്കള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെങ്കില്‍ കുട്ടിക്ക് ടൈപ്പ് 1 പ്രമേഹമുണ്ടാകാന്‍ സാധ്യതയില്ല. അത്തരത്തില്‍ ഒരു പഠനം ഇതുവരെ പുറത്തുവന്നിട്ടില്ല. ടൈപ്പ് വണ്‍ പ്രമേഹം പാരമ്പര്യമായി വരുന്ന ഒരു രോഗമല്ല. എന്നാല്‍, മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും ടൈപ്പ് 2 പ്രമേഹമുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത പത്ത് ശതമാനമായി വര്‍ധിക്കും. മാതാപിതാക്കള്‍ രണ്ട് പേര്‍ക്കും പ്രമേഹമുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഭാവിയില്‍ ടൈപ്പ് 2 പ്രമേഹമുണ്ടാകാനുള്ള സാധ്യത 40 ശതമാനം വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കുട്ടികളിലും ടൈപ്പ് 2 പ്രമേഹം കണ്ടുവരുന്നുണ്ടോ? അതിനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്?

ഇന്നത്തെ കാലത്ത് കുട്ടികളിലും ടൈപ്പ് 2 പ്രമേഹം വര്‍ധിച്ചുവരുന്നുണ്ട്. മുന്‍കാലങ്ങളില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടോയെന്ന് അറിയാനുള്ള സ്‌ക്രീനിങ് 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് വളരെ ചെറുപ്പം മുതല്‍ തന്നെ പ്രമേഹ സ്‌ക്രീനിങ് ചെയ്യുന്നുണ്ട്. 11 മുതല്‍ 20 വയസ്സ് വരെ പ്രായമുള്ളവരിലും ടൈപ്പ് 2 പ്രമേഹം കാണുന്നുണ്ട്. മാറുന്ന ജീവിതശൈലി, സ്ട്രെസ്സ്, മലിനീകരണം എന്നിവ ടൈപ്പ് 2 പ്രമേഹമുണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്.

ഭക്ഷണശീലങ്ങളില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ചെറുപ്രായം മുതല്‍ അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങളും ജങ്ക് ഫുഡും കുട്ടികള്‍ ധാരാളമായി കഴിക്കുന്നുണ്ട്. ഇതിനൊപ്പം ശാരീരികമായി അധ്വാനിക്കുന്ന കളികള്‍ കുറയുകയും ചെയ്തു. ഇത് കുട്ടികളിലും അമിതവണ്ണത്തിന് ഇടയാക്കി. മാതാപിതാക്കള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെങ്കില്‍ ആ പാരമ്പര്യ ഘടകവും കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹത്തിന് വഴിയൊരുക്കുന്നുണ്ട്.

അമിത സ്ട്രെസ്സും ടൈപ്പ് 2 പ്രമേഹത്തിന് ഇടയാക്കുന്നു. ഇന്നത്തെ മത്സരാധിഷ്ഠിത സമൂഹത്തില്‍ കുട്ടികളിലും സ്ട്രെസ്സ് കൂടുകയാണ്. പഠനത്തില്‍ മാത്രമല്ല പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്ട്രെസ്സ് കൂടിവരുന്നുണ്ട്. ഡിജിറ്റല്‍ അഡിക്ഷനും കുട്ടികളില്‍ സ്ട്രെസ്സ് കൂട്ടുന്ന ഘടകമാണ്.

ഡോ. പ്രേം നാരായണന്‍

മേധാവി

എന്‍ഡോക്രൈനോളജി & ഡയബറ്റോളജി വിഭാഗം

അഹല്യ ഡയബറ്റിസ് ഹോസ്പിറ്റല്‍

പാലക്കാട്

കുട്ടിക്കാലത്ത് തുടങ്ങണം പ്രമേഹ പ്രതിരോധം

പ്രമേഹപ്രതിരോധം കുട്ടിക്കാലത്ത് തന്നെ തുടങ്ങണോ? കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാം. എന്നാല്‍ പ്രമേഹം പോലുള്ള ജീവിതശൈലീരോഗപ്രതിരോധം ശൈശവം മുതല്‍തന്നെ തുടങ്ങണം എന്നുപറയുന്നതില്‍ ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ കാര്യങ്ങളുണ്ട്.

നമ്മുടെ പെരുമാറ്റരീതികളും ശീലങ്ങളും ഏറ്റവും വേഗം രൂപപ്പെടുന്നത് കുട്ടിക്കാലത്താണ്. ആരോഗ്യകരമായ ഭക്ഷണരീതി, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം തുടങ്ങിയ ശീലങ്ങള്‍ രൂപപ്പെടുന്നത് കുട്ടിക്കാലത്താണ്. അങ്ങനെ രൂപപ്പെട്ട ശീലങ്ങള്‍ നമ്മള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ന്യൂറോപ്ലാസ്റ്റിസിറ്റി (ശീലങ്ങള്‍ക്ക് നമ്മുടെ തലച്ചോറില്‍ അടിത്തറ പാകുക എന്നുപറയാം) ഏറ്റവും കൂടുതലുള്ളത് ഈ പ്രായത്തിലാണ്. തലച്ചോറില്‍ ന്യൂറോണുകള്‍ പുതുബന്ധങ്ങള്‍ ഉണ്ടാക്കി ഇത്തരം ശീലങ്ങളെ സ്ഥിരമായി നിലനില്‍ക്കുന്നവയായി മാറ്റുന്നു. മുതിര്‍ന്നവരില്‍ ശീലങ്ങള്‍ മാറ്റിയെടുക്കുന്നത് വളരെ ക്ലേശകരമാണ്.

മുന്‍പ് മുതിര്‍ന്നവരില്‍ മാത്രം കണ്ടുവന്നിരുന്ന ടൈപ്പ് 2 പ്രമേഹം ഇപ്പോള്‍ കുട്ടികളിലും കൗമാരക്കാരിലും വ്യാപകമാവുകയാണ്. കുട്ടികളിലെ അമിതവണ്ണമാണ് ഇതിന്റെ പ്രധാന കാരണം. അമിതവണ്ണം ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കുകയും പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും. ചെറുപ്പത്തില്‍ തന്നെ അമിതവണ്ണം പ്രതിരോധിക്കുന്നതും നിത്യവ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും ശീലിക്കുന്നതും ഭാവിയില്‍ ജീവിതശൈലീരോഗങ്ങള്‍ വരുന്നത് തടയാന്‍ സഹായിക്കും.

എന്തിനും ഏതിനും മധുരം വിളമ്പേണ്ട

പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ വീടും വിദ്യാലയവും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ആരോഗ്യകരമായ ജീവിതരീതി കുട്ടികളെ ശീലിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. കുട്ടിക്കാലം മുതല്‍ക്കേ മധുരപലഹാരങ്ങള്‍, മധുരപാനീയങ്ങള്‍ ഇവ കൂടുതലായി ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുക.

  • സന്തോഷവേളകളിലെല്ലാം മധുരം വിളമ്പുന്ന രീതി ഒഴിവാക്കുക. പകരം ആരോഗ്യകരമായ ഭക്ഷണങ്ങള്‍ നല്‍കാം.
  • നാരുകള്‍ അടങ്ങിയ ധാരാളം പച്ചക്കറികള്‍ മൂന്ന് നേരവും ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.
  • വിളമ്പുന്ന പാത്രത്തിന്റെ വലുപ്പം കുറച്ച്, ആഹാരത്തിന്റെ അളവ് നിയന്ത്രിക്കാന്‍ പഠിക്കുക.
  • ദിവസവും 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ശീലിപ്പിക്കുക.
  • മൊബൈല്‍ ഫോണ്‍, ടി.വി. ഇവയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുക. അത് ദിവസവും രണ്ട് മണിക്കൂറില്‍ അധികമാകാതെ ശ്രദ്ധിക്കുക.
  • ആവശ്യത്തിന് ഉറങ്ങാന്‍ അനുവദിക്കുക.
  • വിദ്യാലയങ്ങള്‍ കുട്ടികളുടെ ഭക്ഷണ, വ്യായാമ ശീലങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. വിദ്യാലയങ്ങളുടെ കാന്റീനുകളില്‍ നിന്നും അടുത്തുള്ള കടകളില്‍നിന്നും മധുരപലഹാരങ്ങള്‍, അമിതമായി കൊഴുപ്പടങ്ങിയ ആഹാരങ്ങള്‍ മുതലായവ കഴിവതും ഒഴിവാക്കുക.
  • ദാഹിക്കുമ്പോള്‍ മധുരപാനീയങ്ങള്‍ വേണ്ടാ, തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശീലിക്കുക.
  • ആരോഗ്യ വിദ്യാഭ്യാസം പാഠ്യപദ്ധയുടെ ഭാഗമാക്കുന്നത് ആരോഗ്യകരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കും.
  • ഫിസിക്കല്‍ ട്രെയ്‌നിങ് (പി.ടി.) ക്ലാസുകള്‍ വെട്ടിക്കുറയ്ക്കാതെ കുട്ടികള്‍ക്ക് ഓടിക്കളിക്കാന്‍ സുരക്ഷിതമായ കളിസ്ഥലങ്ങള്‍ ഒരുക്കി നല്‍കുക.
  • കളിക്കുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് സമയം പാഴാക്കലല്ല, മറിച്ച് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും അത് വഴി പഠിത്തത്തെ സഹായിക്കുകയുമാണ് ചെയ്യുന്നത്.

ഡോ.എസ്. കെ. സുരേഷ് കുമാര്‍

ഡയബറ്റോളജിസ്റ്റ്

രാജേന്ദ്ര ഹോസ്പിറ്റല്‍

കോഴിക്കോട്

ചികിത്സാപരാജയം ഒഴിവാക്കാന്‍ പ്രമേഹവിദ്യാഭ്യാസം തുടരണം

പ്രമേഹ വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഇക്കാലത്ത് പതിന്മടങ്ങ് കൂടുതലാണ്. പ്രമേഹചികിത്സ ഇന്ന് എല്ലാവര്‍ക്കും ലഭ്യമാണെങ്കിലും 80 ശതമാനത്തിലധികം പേരിലും ചികിത്സ പരാജയപ്പെടുന്നുണ്ട്. പലതരത്തിലുള്ള തെറ്റിദ്ധാരണകളാണ് ഇതിന്റെ പ്രധാന കാരണം. ശാസ്ത്രീയമായി തെളിയക്കപ്പെട്ടില്ലാത്തവ

യഥാര്‍ഥ ഔഷധങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് ഉപയോഗിക്കുക, ശാസ്ത്രീയമായി പരീക്ഷിച്ച് ആഗോളതലത്തില്‍ ലഭ്യമായിട്ടുള്ള മരുന്നുകള്‍ പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന ഭയത്താല്‍ നിര്‍ത്തുക, മരുന്നുകള്‍ എപ്പോള്‍ എങ്ങനെ ഉപയോഗിക്കണം എന്ന്് അറിയാതെ ഉപയോഗിക്കുക എന്നിങ്ങനെ തെറ്റിദ്ധാരണകള്‍ ഒട്ടേറെയാണ്.

പ്രമേഹ ചികിത്സയില്‍ വ്യായാമവും ഭക്ഷണരീതിയും മരുന്നുകളും ആവശ്യമാണ്. എന്നാല്‍ സ്വയം ഗ്ലൂക്കോസ് നിരീക്ഷണത്തിന് അതിനേക്കാള്‍ പ്രാധാന്യമുണ്ട്. ഈ പ്രാധാന്യം അറിയാതിരിക്കുന്നത് പ്രമേഹചികിത്സാപരാജയത്തിന് ഇടയാക്കുന്നുണ്ട്.

എന്തുകൊണ്ടാണ് പ്രമേഹം വന്നതെന്ന് മനസ്സിലാക്കാതെയാണ് പലരും മുന്നോട്ടുപോകുന്നത്. തെറ്റായഭക്ഷണരീതിയിലൂടെ അമിതവണ്ണമുണ്ടാകുകയും അതുകാരണം കുട്ടികളില്‍ പോലും പ്രമേഹം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. പ്രമേഹം വന്നിരുന്ന പ്രായം 60 വയസ്സില്‍ നിന്ന് കുറഞ്ഞ് വന്ന് ഇപ്പോള്‍ ശരാശരി 25-35 വയസ്സില്‍ എത്തിനില്‍ക്കുന്നു. പ്രമേഹവിദ്യാഭ്യാസം പല പ്രായത്തിലുള്ളവര്‍ക്ക് തുടര്‍ച്ചയായി നല്‍കേണ്ടതുണ്ട്. ജീവിതകാലം മുഴുവന്‍ ഇത് തുടരേണ്ട സാഹചര്യത്തിലാണ് നമ്മള്‍ എത്തിനില്‍ക്കുന്നത്.

പുതിയ ഔഷധങ്ങള്‍ പ്രതിരോധ ഉപകരണങ്ങള്‍

കാന്‍സര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്ന മേഖലയാണ് പ്രമേഹം. അതുകൊണ്ട് ധാരാളം പുതിയ ഔഷധങ്ങളും ചികിത്സാവിധികളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഉപകരണങ്ങളും മൊബൈല്‍ ആപ്പുകളും ഉള്‍പ്പെടെ പ്രതിരോധ ചികിത്സാമാര്‍ഗങ്ങള്‍ പ്രമേഹചികിത്സയില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.

അമിതവണ്ണം കാരണം ടൈപ്പ് 2 പ്രമേഹം ഉണ്ടായവരില്‍ വ്യായാമത്തിനും ഡയറ്റിനുമൊപ്പം സെമഗ്ലൂടൈഡ് പോലുള്ള മരുന്നുകള്‍ കൂടി ഉപയോഗിക്കുമ്പോള്‍ പ്രമേഹം ഭേദമാകുന്ന ഘട്ടത്തില്‍ എത്തിയിട്ടുണ്ട്.

ടൈപ്പ് 1 പ്രമേഹ നിയന്ത്രണത്തിനുള്ള ഓട്ടോമേറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സംവിധാനം വലിയ പ്രതീക്ഷ നല്‍കുന്ന കണ്ടെത്തലാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ് ലേണിങ്ങും വന്നതോടെ വളരെ വേഗത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ന്യൂറല്‍ നെറ്റ്‌വര്‍ക്ക് അല്‍ഗോരിതം പ്രയോജനപ്പെടുത്തി നിരന്തരഗ്ലൂക്കോസ് നിരീക്ഷണവും ഓട്ടോമേറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സംവിധാനവുമെല്ലാം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.

ഷുഗര്‍നില കുറയ്ക്കുക എന്നതിനേക്കാള്‍ പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ വരാന്‍ സാധ്യതയുള്ള 200 ഓളം രോഗങ്ങള്‍ ഫലപ്രദമായി തടയാനുള്ള ഔഷധങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു എന്നതാണ് ചികിത്സയില്‍ വന്ന പ്രധാനമാറ്റം. പേറ്റന്റ് കാലവധി കഴിഞ്ഞതിനാല്‍ ഇത്തരം ചില മരുന്നുകള്‍ നമ്മുടെ നാട്ടില്‍ കുറഞ്ഞവിലയില്‍ ലഭ്യമാകുന്നുമുണ്ട്.

ഇന്‍ഹേലര്‍ രൂപത്തില്‍ ഇന്‍സുലിന്‍

കുത്തിവയ്ക്കാതെ തന്നെ ഇന്‍സുലിന്‍ ശരീരത്തിലെത്തിക്കാന്‍ പുതിയ രീതി ഭാരതത്തിലും എത്തുകയാണ്. വായിലൂടെ വലിച്ചെടുക്കാവുന്ന ഇന്‍ഹെയ്ല്‍ഡ് രൂപത്തിലുള്ള ഇന്‍സുലിനാണ് ലഭ്യമാകുക. ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക. ആഹാരത്തിന് തൊട്ടുമുന്‍പ് ഇന്‍സുലിന്‍ ഉപയോഗിക്കുന്ന ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും പ്രയോജനം ചെയ്യും. ശ്വാസകോശരോഗമുള്ളവര്‍ക്ക് ഇന്‍ഹെയ്ല്‍ഡ് ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. കുട്ടികള്‍ക്കായുള്ള ഇന്‍ഹെയ്ല്‍ഡ് ഇന്‍സുലിന്‍ പരീക്ഷണങ്ങള്‍ നടന്നുവരുന്നതേയുള്ളൂ.

ഡോ. ജ്യോതിദേവ് കേശവദേവ്

ചെയര്‍മാന്‍, ജ്യോതിദേവ്‌സ് ഡയബറ്റിസ്

റിസര്‍ച്ച് സെന്റര്‍, കേരള

(തുടരും)