കാൻസറിനെ ഭയപ്പെട്ട് ഓടിയൊളിക്കുകയല്ല രോഗത്തെ കൃത്യമായി മനസ്സിലാക്കി ശരിയായ ചികിത്സ തേടുകയാണ് വേണ്ടതെന്ന് പറയുകയാണ് പ്രമുഖ കാൻസർ ചികിത്സാ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ. കാൻസറിനെക്കുറിച്ചുള്ള ചില സംശയങ്ങൾക്ക് മറുപടി നൽകുകയാണ് അദ്ദേഹം.

To advertise here,

കാൻസർ നേരത്തെ കണ്ടെത്താനാവുമോ?

എല്ലാ കാൻസറുകളും നേരത്തെ കണ്ടെത്താൻ സാധിക്കില്ല. എന്നാൽ മുപ്പത് ശതമാനം കാൻസറുകളും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കും. സ്തനാർബുദം, ഗർഭാശയ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, വായ്ക്കുള്ളിലെ കാൻസർ, വൻകുടൽ കാൻസർ എന്നിവ ഉദാഹരണങ്ങളാണ്. പ്രകടമായ ലക്ഷണങ്ങളിലൂടെയും സ്വയം നടത്തുന്ന പരിശോധനകളിലൂടെയും ഇവ നമുക്ക് തന്നെ തിരിച്ചറിയാനാകും.

പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ കാൻസറിനെ ഫലപ്രദമായി ചികിത്സിക്കാനും സൗഖ്യം നേടാനും സാധിക്കും.

ശരീരഭാരം അകാരണമായി പെട്ടെന്ന് കുറയുക, മുഴകൾ, തടിപ്പുകൾ, വിട്ടുമാറാത്ത ചുമ, രക്തസ്രാവം തുടങ്ങിയ പല ലക്ഷണങ്ങളും കാൻസറിനും കാണാറുണ്ട്. ഇവ ശ്രദ്ധിക്കാതെ പോകരുത്.

നേരത്തെ കണ്ടെത്താൻ സ്‌ക്രീനിങ്

കാൻസറിനെ പ്രതിരോധിക്കാൻ നമുക്ക് നിരവധി ആയുധങ്ങളുണ്ട്. അതിൽ ആദ്യത്തേതാണ് സ്‌ക്രീനിങ് ടെസ്റ്റുകൾ. രോഗം നേരത്തെ കണ്ടെത്താനുള്ള മാർഗമാണ് ഇവ. കാൻസർ രോഗത്തെക്കുറിച്ചുള്ള യാതൊരു സൂചനകളും ഇല്ലാത്ത ആളുകളാണ് സ്‌ക്രീനിങ് ചെയ്യേണ്ടത്. പ്രമേഹമുണ്ടോ, ബി.പിയുണ്ടോ എന്നൊക്കെ അറിയാൻ നമ്മൾ ടെസ്റ്റുകൾ ചെയ്യാറില്ലേ? അതുപോലെ കാണണം ഈ സ്‌ക്രീനിങ് ടെസ്റ്റുകളെ. പലപ്പോഴും കാൻസർ സാധ്യത തിരിച്ചറിയാൻ ഇതുവഴി സാധിക്കും. ഇത്തരത്തിൽ രോഗം നേരത്തെ തിരിച്ചറിയാനായിൽ വേഗം ചികിത്സ തുടങ്ങാനും രോഗം പൂർണമായും സുഖപ്പെടുത്താനും സാധിക്കും.

സ്തനാർബുദത്തിന്റെ കാര്യം തന്നെയെടുക്കാം. മറ്റു പരിശോധനകളൊന്നും കൂടാതെ സ്വയം പരിശോധന വഴി നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന ഒരു രോഗമാണിത്. അങ്ങനെ വന്നാൽ വേഗം ചികിത്സ തുടങ്ങാൻ സാധിക്കും. രോഗം വന്ന ഭാഗം നീക്കം ചെയ്ത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കാൻസർ വ്യാപിക്കാതെ നോക്കാനും ഇതുവഴി സാധിക്കും. അതിനാൽ സ്‌ക്രീനിങ് പരിശോധനകളെ ഒഴിവാക്കരുത്.

ജീവിതശൈലിയും കാൻസറും തമ്മിൽ

ഒരു ജീവിതശൈലി രോഗമായാണ് കാൻസറിനെ കണക്കാക്കുന്നത്. കൊഴുപ്പ് കൂടിയ ആഹാരശൈലിയും വ്യായാമമില്ലാത്ത അവസ്ഥയുമാണ് ഇതിന് ഒരു കാരണം. സ്തനാർബുദം, ഗർഭാശയ കാൻസർ എന്നിവയൊക്കെ ഇതു മൂലം വരാനിടയുള്ള രോഗങ്ങളാണ്.

മലയാളിയുടെ ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം ആഹാരശീലങ്ങളെയാകെ മാറ്റിമറിച്ചു. ഫാസ്റ്റ്ഫുഡ് ശീലമായതോടെ വലിയ അളവിൽ കൊഴുപ്പും കലോറിയും ശരീരത്തിലെത്തി. ആഴ്ചയിൽ മൂന്നു ദിവസത്തിൽ കൂടുതൽ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന രീതി കുടുംബങ്ങൾക്കിടയിൽ പോലും കൂടിവരുകയാണ്.

വിദേശ ഭക്ഷണരീതി നാം സ്വീകരിച്ചെങ്കിലും അവയിലെ സാലഡ് പോലുള്ള നല്ല ഭക്ഷണരീതികൾ നാം ഉപേക്ഷിക്കുകയാണ് ചെയ്തത്. കൊഴുപ്പും കലോറിയും കൂടുതലുള്ള ഭക്ഷണം സ്വീകരിച്ചപ്പോൾ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ നിന്ന് പാടെ ഉപേക്ഷിച്ചു.

ഫാസ്റ്റ് ഫുഡിൽ നിറത്തിനും മണത്തിനും രുചിക്കുമായി ചേർക്കുന്ന പല വസ്തുക്കളും കൂടിയ അളവിലുള്ള കലോറിയും ഭക്ഷണശീലങ്ങളെ പാടെ മാറ്റിമറിച്ചു.

ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിന്റെ അമ്പതു ശതമാനം പഴങ്ങളാണ് വേണ്ടത്. അരിയും ഗോതമ്പും 25 ശതമാനമേ പാടുള്ളു. മറ്റൊരു 25 ശതമാനം ആയിരിക്കണം പ്രോട്ടീൻ. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് നേരെ തിരിച്ചാണ്.

ഇതൊടൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ് വ്യായാമം. മുഴുവൻ സമയവും ഇരുന്നുള്ള ജോലിക്കിടെ വ്യായാമം ചെയ്യാൻ ആരും ശ്രദ്ധിക്കുന്നില്ല. കുട്ടികളുടെ അവസ്ഥയും ഇതുതന്നെ. ഫാസ്റ്റ്ഫുഡ് പിന്തുടർന്നതോടെ ചീരയും ഇലക്കറികളും ഉൾപ്പെട്ട നാടൻ ഭക്ഷണങ്ങൾ ഉപേക്ഷിച്ചു. കളികളും കുറഞ്ഞു.

സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ പുലർത്തുന്ന പോലെ തന്നെ അവരുടെ ആരോഗ്യത്തിലും രക്ഷിതാക്കൾക്ക് ശ്രദ്ധ വേണം. ആരോഗ്യമുള്ള കുട്ടികളായി അവരെ വളർത്തണം. നല്ല ഭക്ഷണശീലങ്ങളും വ്യായാമരീതികളും അവരിൽ പ്രോത്സാഹിപ്പിക്കണം.

അപകടമാകുന്ന പുകവലിയും മദ്യപാനവും

കാൻസറിനെ ക്ഷണിച്ചുവരുത്തുന്ന പ്രധാനപ്പെട്ട കാരണങ്ങളാണ് പുകയില ഉപയോഗവും മദ്യപാനവും. ഇവ ഉപേക്ഷിച്ചാൽ തന്നെ കാൻസർ സാധ്യത മുപ്പതു ശതമാനത്തോളം കുറയ്ക്കാനാകും. അമ്പതു ശതമാനത്തോളം കാൻസറുകളും തടയാനോ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനോ സാധിക്കുന്നവയാണ്. പുകവലിയും മദ്യപാനവും ഉപേക്ഷിച്ചാൽ തന്നെ നിങ്ങളിൽ കാൻസർ സാധ്യത കുറയും.

പുകവലിയാണ് 90 ശതമാനം ശ്വാസകോശ കാൻസറിന്റെയും പ്രധാന കാരണം. ഇത് പെട്ടെന്ന് കണ്ടുപിടിക്കാനുമാവില്ല. നിങ്ങൾ പുകവലി എന്ന് തുടങ്ങുന്നുവോ അന്ന് കാൻസറിനുള്ള നിലമൊരുക്കലാണ് ചെയ്യുന്നത്. എന്നു നിർത്തുന്നുവോ അന്നു മുതൽ കാൻസർ സാധ്യത നിങ്ങളിൽ കുറയും. ശ്വാസകോശ കാൻസറിന് ചികിത്സയ്‌ക്കെത്തുന്ന ചിലർ പറയാറുണ്ട്, രണ്ടു വർഷമായി ഞാൻ പുകവലി നിർത്തിയിട്ട്, എന്നിട്ട് എനിക്കെങ്ങനെ കാൻസർ വന്നു എന്ന്. ഇത്രയും നാൾ പുകവലിച്ചതിന്റെ ഫലമാണ് ആ കാൻസർ.

ഇപ്പോൾ പുകയില്ലാത്ത പുകവലി കൂടിവരുന്നുണ്ട്. പ്രത്യേകിച്ചും സ്‌കൂൾ കുട്ടികളാണ് ഇതിന്റെ ഇരകൾ, നാലാം ക്ലാസ് മുതൽ കുട്ടികൾ ഇങ്ങനെ പുകവലിയിൽ പെട്ടുപോകുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഈ രീതി വളർന്നുവരാൻ അനുവദിക്കരുത്. സ്‌കൂൾ പരിസരത്തൊന്നും പുകയില ഉത്പന്നങ്ങൾ വിൽക്കാൻ അനുവദിക്കരുത്.

ആറു ലക്ഷത്തോളം പേരാണ് മറ്റുള്ളവരുടെ പുകവലി (പാസ്സീവ് സ്‌മോക്കിങ്) മൂലം മരിക്കുന്നത്. അതായത് ഒരാൾ പുകവലിക്കുന്നതു വഴി അയാൾക്ക് മാത്രമല്ല, അയാൾക്ക് ചുറ്റുമുള്ള പുകവലിക്കാത്ത മറ്റുള്ളവർ കൂടി ആപത്തിൽപ്പെടുകയാണ്.

കേരളത്തിൽ കൂടുതൽ

കേരളത്തിൽ പുരുഷൻമാരിൽ കൂടുതലായി കണ്ടുവരുന്നത് പ്രധാനമായും ശ്വാസകോശ കാൻസറും വായ-കഴുത്ത് എന്നിവയെ ബാധിക്കുന്ന കാൻസറുമാണ്.

സ്ത്രീകളിലാകട്ടെ ഒന്നാമത് നിൽക്കുന്നത് സ്തനാർബുദം തന്നെയാണ്. ഗർഭാശയ കാൻസറും അണ്ഡാശയ കാൻസറുമാണ് രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത്. ഇപ്പോൾ ഗർഭാശയ കാൻസർ കുറഞ്ഞുവരുന്നുണ്ട്. എന്നാൽ അണ്ഡാശയ കാൻസർ കൂടിവരുകയാണ്.

കാൻസർ രോഗികൾക്ക് വേണം മാനസിക പിന്തുണ

കാൻസർ ബാധിച്ച ഒരു വ്യക്തിയെ സംബന്ധിച്ച ചികിത്സയോടൊപ്പം വേണ്ട ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് മാനസിക പിന്തുണ.
രോഗത്തിന്റെ കാഠിന്യവും പൊതുസമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലും മൂലം പൊതുവേ അവർ മാനസികമായി വളരെ തളർന്ന അവസ്ഥയിലായിരിക്കും. ഒരു ഉദ്ദാഹരണം പറയാം. കാൻസർ രോഗികളോട് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ചിത്രം വരയ്ക്കൂ എന്നു പറഞ്ഞപ്പോൾ കൂടുതലും അവർ വരച്ചത് വാടി വീണ ഇലകളും കൊഴിഞ്ഞ പൂക്കളുമൊക്കെയാണ്. നല്ലൊരു വിരിഞ്ഞുനിൽക്കുന്ന പൂവ് വരയ്ക്കാൻ അവർക്ക് സാധിക്കുന്നില്ല. അവരുടെ മനസ്സിന് ഒരിക്കലും സന്തോഷമുണ്ടാകുന്നില്ല. പ്രതീക്ഷകളുണ്ടാകുന്നില്ല. കാരണം കാൻസർ രോഗി എപ്പോഴും എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അങ്ങനെ ഒരു സാഹചര്യമുണ്ടാകുന്നത് അവരിൽ വലിയ മാനസിക ബുദ്ധിമുട്ടുകൾക്കിടയാക്കും.

അതിനാൽ തന്നെ കാൻസർ രോഗിക്ക് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും വലിയൊരു പിന്തുണയാണ് നൽകേണ്ടത്. കുടുംബത്തിൽ നിന്ന് മാത്രം പോര. സമൂഹത്തിൽ നിന്നു കൂടി നല്ല പിന്തുണ അവർക്ക് ലഭിക്കേണ്ടതുണ്ട്. എനിക്ക് എന്തുവന്നാലും എനിക്കൊപ്പം എല്ലാവരുമുണ്ട് എന്ന ചിന്ത രോഗിക്ക് എപ്പോഴും ഉണ്ടാകണം. പ്രതീക്ഷകൾ വറ്റാതെ നോക്കണം. അത് ചികിത്സയ്ക്കും ഗുണം ചെയ്യും.

 

(പുനഃപ്രസിദ്ധീകരണം)