മനുഷ്യനേത്രങ്ങൾക്കു പിടിതരാത്ത, മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന, രൂപമാറ്റം വരുത്താൻ കഴിവുള്ള ഏകകോശ ജീവിയാണ് അമീബ. കുളങ്ങൾ, തടാകങ്ങൾ, സാവധാനത്തിൽ ഒഴുകുന്ന നദികൾ തുടങ്ങിയ ജലാശയങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുക. സ്യൂഡോപോഡിയത്തിന്റെ ഉപയോഗത്തിലൂടെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കുകയും ബൈനറി ഫിഷൻ പോലുള്ള അലൈംഗിക മാർഗങ്ങളിലൂടെ പ്രത്യുത്പാദന പ്രക്രിയ നടത്തുകയും ചെയ്യുന്ന അമീബയുടെ  ആയുസ്സ് രണ്ടു ദിവസമാണ്, എന്നാൽ ബൈനറി വിഘടനത്തിലൂടെ ഉണ്ടാവുന്ന പുതിയ അമീബയുടെ കോശങ്ങൾ അതിന്റെ മാതൃകോശത്തിന് തുല്യമായതിനാൽ അമീബകൾ മരിക്കുന്നില്ലെന്നും പറയാം. അമീബകളെ ഒരു സസ്യമോ മൃഗമോ ഫംഗസോ ആയി തരംതിരിക്കാത്തതിനാൽ കിംഗ്ഡം പ്രോട്ടിസ്റ്റയുടെ കീഴിലാണ് അമീബയെങ്കിലും യഥാർത്ഥ ന്യൂക്ലിയസ് ഉള്ളതിനാൽ അമീബകൾ യൂക്കറിയോട്ടുകൾക്ക് കീഴിലാണ് വരുന്നത്. അമീബയെ കുറിച്ച് ശാസ്ത്രസംബന്ധമായ ഒരു ക്ലാസ് എടുക്കുകയല്ല ലക്ഷ്യം. മറിച്ച്, അമീബ എങ്ങനെ മനുഷ്യനെ രോഗബാധയിലൂടെ കീഴടക്കുന്നു എന്നറിയാനുള്ള ശ്രമമാണ്. 

To advertise here,

പാഠപുസ്തകത്തിൽ പഠിച്ച ആ അമീബയല്ല ഈ അമീബ

എളുപ്പം വരച്ചുപഠിക്കാം എന്നതിനാൽ ബയോളജി പാഠഭാഗങ്ങളിൽ എല്ലാവർക്കും പ്രിയപ്പെട്ട അമീബയെ അമീബിക് മസ്തിഷ്‌കജ്വരം എന്ന രോഗം വന്നതോടെ എല്ലാവരും ഭയത്തോടെയാണ് കാണുന്നത്. അമീബ പ്രോട്ട്യസ് എന്ന പാവം അമീബയല്ല മാരകവും അപൂർവവുമായ ഈ രോഗം പരത്തുന്നത് എന്നതാണ് യാഥാർഥ്യം.

നെഗ്ലേറിയ ഫൗളേരി(naegleria fowleri) അല്ലെങ്കിൽ ബ്രെയിൻ ഈറ്റിങ് അമീബ എന്നത് ഒരു അമീബോയിഡ് ജീവിയാണ്. മനുഷ്യശരീരത്തിൽ പ്രവേശിച്ച് ന്യൂറോണുകളാൽ പരിപോഷിപ്പിക്കപ്പെട്ട് മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുന്നതാണ് നെയ്‌ഗ്ലേറിയ ഫൗളേരി. ഇതു ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ 95 ശതമാനം മുതൽ 100 ശതമാനം വരെയാണ് മരണനിരക്ക് എന്നതാണ് ഏറ്റവും ദൗർഭാഗ്യകരം.

സാധാരണയായി 25 ഡിഗ്രിക്ക് മുകളിൽ 47-50 ഡിഗ്രി വരെ താപനിലയുള്ള കുളങ്ങളിലോ തടാകങ്ങളിലോ സ്വിമ്മിങ് പൂളിലോ ആണ് നെയ്‌ഗ്ലേറിയ ഫൗളേരി കാണപ്പെടുന്നത്. അതിലും താപനില താഴ്ന്ന സ്ഥലങ്ങളിൽ ഇവയുടെ സാന്നിധ്യം ഉണ്ടാവില്ല. മാത്രവുമല്ല, ശുദ്ധജലത്തിൽ മാത്രം ജീവിക്കുന്നതിനാൽ ലവണാംശമുള്ള വെള്ളത്തിൽ ഇവ അതിജീവിക്കില്ല. മനുഷ്യന്റെ മൂക്കിലെ മ്യൂക്കസ് വഴിയാണ് അമീബ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. മൂക്കിൽനിന്നും ഓൾഫാക്ടറി നെർവ്‌സ് വഴി (മണം തലച്ചോറിലേക്ക് എത്തിക്കുന്ന വഴി) തലച്ചോറിൽ എത്തി തലച്ചോർ തിന്ന് നശിപ്പിക്കുന്നതാണ് ഇതിന്റെ പ്രവർത്തനരീതി. കുട്ടികളുടെ മൂക്കിനുളളിലെ സ്തരത്തിന് കട്ടി കുറവായതിനാൽ തലച്ചോറിൽ പ്രവേശിക്കുക എളുപ്പമാണ്. 

നെഗ്ലേറിയ ഫൗളേരി തലച്ചോറിൽ പ്രവേശിച്ചാൽ ഉടൻ പനി, ചർദ്ദി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടും. പിന്നീട് തലച്ചോറിലെ ഓരോ ഭാഗങ്ങളും തിന്നു നശിപ്പിക്കുന്നതോടെ ബോധം മറയുക, അപസ്മാരം, കോമ തുടങ്ങിയ ലക്ഷണങ്ങൾ കൂടി പ്രകടമാകും. പി.സി.ആർ. ടെസ്റ്റ് ഉപയോഗിച്ചാണ് കൂടുതലായും തലച്ചോറിൽ നെഗ്ലേറിയ ഫൗളേരിയുടെ സാന്നിധ്യം കണ്ടെത്തുന്നത്.

താപനില ഉയർന്ന വെള്ളത്തിൽ കാണുന്ന നെഗ്ലേറിയ ഫൗളേരി എന്തുകൊണ്ട് മഴക്കാലത്ത് കാണുന്നു എന്നതും ആശങ്കയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം സൂക്ഷ്മജീവികൾ പെരുകാനുള്ള സാധ്യത ഉണ്ടെന്നാണ് പരിസ്ഥിതി വിദഗ്ദ്ധർ പറയുന്നത്. പ്ലാസ്റ്റിക് കൊണ്ടുള്ള പൂളുകളിലും കൃത്യമായി ക്ലോറിനേറ്റ് ചെയ്യാത്ത കൃത്രിമ വെള്ളക്കെട്ടുകളിലും  നെഗ്ലേറിയ ഫൗളേരി എത്തിയാൽ പെട്ടെന്ന് പെരുകും. ഇത്തരം വെള്ളത്തിൽ കുളിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ ഒരു വെള്ളക്കെട്ടിൽ വരെ ഇതിന്റെ സാന്നിധ്യം ഉണ്ടാവാനും പരക്കാനും സാധ്യത ഉണ്ടെന്നും ഇനിയും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വെള്ളത്തിന്റെ അടിഭാഗത്താണ്  ഇതിന്റെ സാന്നിധ്യം കൂടുതലായും ഉണ്ടാവുക. വെള്ളം കലക്കുകയും ആ വെള്ളത്തിൽ മുങ്ങിക്കുളിക്കുകയും ചെയ്യുന്നതിലൂടെ നെഗ്ലേറിയ ഫൗളേരി മൂക്കിൽ കയറും. ക്ലോറിനേറ്റ് ചെയ്യാത്ത കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാതിരിക്കുന്നതും പൂളിൽ കുളിക്കുമ്പോൾ നോസ് ക്ലിപ്പ്‌സ് ഉപയോഗിക്കുന്നതും ഗുണം ചെയ്യുമെന്നും വിദ​ഗ്ധർ പറയുന്നു. 

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

രോഗകാരിയായ എന്റമീബ

അമീബ പലതരം ഉണ്ടെങ്കിലും മനുഷ്യശരീരത്തിൽ രോഗങ്ങൾ ഉണ്ടാക്കുന്ന അമീബകൾ കുറവാണ്. എന്റമീബ പോലെ ചുരുക്കം ചില അമീബകളാണ് രോഗകാരികൾ ആവുന്നത്. കുടിവെള്ളത്തിലൂടെ വയറ്റിലെത്തി കുടലിൽ പഴുപ്പ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വയറുവേദന, വയറിളക്കം, മലത്തിൽ രക്തത്തിന്റെ സാന്നിധ്യം തുടങ്ങിയവാണ് ഇതിന്റെ ലക്ഷണങ്ങൾ. എന്നാൽ നെഗ്ലേറിയ ഫൗളേരി പോലെ ജീവൻ എടുക്കുന്നതല്ല എന്റമീബ കാരണം ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ. ഇവ തലച്ചോറിനെ ബാധിക്കുന്നതുമല്ല. 

പ്രൈമറി അമീബിക് മെനിൻഞ്ചോ എൻസഫലൈറ്റിസ്

പതിനായിരത്തിൽ ഒരാൾക്ക് പിടിപെടുന്ന അപൂർവ്വ രോഗമാണ് പ്രൈമറി അമീബിക് മെനിൻഞ്ചോ എൻസഫലൈറ്റിസ്. അപൂർവമായി വരുന്ന രോഗമാണ് എന്നതുകൊണ്ട് തന്നെ കാര്യമായ പഠനങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടില്ലെങ്കിലും പ്രതിരോധശേഷിയുടെ കുറവ് ഈ രോഗം ബാധിക്കുന്നതിന്റെ ഘടകങ്ങളിൽ ഒന്നാണെന്നാണ് വിദഗ്ധാഭിപ്രായം. രോഗപ്രതിരോധ ശേഷിയിലെ വ്യതിയാനം രോഗത്തിന്റെ ആഘാതം നിർണയിക്കും. 1965-ൽ ഓസ്ട്രേലിയയിലാണ് അമീബിക് മെനിൻഞ്ചോ എൻസഫലൈറ്റിസ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകത്തിന്റെ മറ്റ് പലഭാഗങ്ങളും  ഇന്ത്യയിലും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അമീബിക് മസ്തിഷ്‌ക ജ്വരത്തിനു നിലവിൽ രാജ്യാന്തര തലത്തിലുള്ള ചികിത്സകളാണു നൽകുന്നത്. യു.എസിലെ സി.ഡി.സി. (സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ) അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് ചികിത്സാരീതി. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന മിൽട്ടിഫോസിൻ, കേരളത്തിൽ ലഭ്യമായ ആംഫോട്രിസിൻബി, അരിത്രോമൈസിൻ തുടങ്ങിയ മരുന്നുകളാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. എം.ഡിവിൻ മുരുകേഷ്, പി.എച്ച്.ഡി.
എകോളജിസ്റ്റ്& അക്കാഡമിക് ട്രെയിനിങ് ഓഫീസർ
AEGON ലേർണിങ്