പ്രായം അറുപതുകഴിഞ്ഞാൽ ഓർമ്മകൾ മായാതെ സൂക്ഷിക്കാൻ കൂടുതൽ കരുതൽ വേണം. ഡിജിറ്റൽ കാലത്ത് മനുഷ്യന്റെ ഓർമ്മശക്തി കുറഞ്ഞുകൊണ്ടിരിക്കയാണ്. എല്ലാം വിരൽത്തുമ്പിലെത്തിയതോടെ തലച്ചോറിന് പണികുറഞ്ഞു. ഓർമ്മകൾ നശിക്കാതിരിക്കാൻ ഇനിയെങ്കിലും ശ്രമം വേണം. സ്വയം നിയന്ത്രിച്ചാൽ ഒരുപരിധിവരെ ഓർമ്മകൾ നഷ്ടമാകുന്ന രോഗാവസ്ഥയിലേക്ക് എത്താതിരിക്കാനാകും. എന്നാൽ, ഒരിക്കൽ രോഗം പിടിപെട്ടാൽ പൂർണമായി ഭേദമാക്കാൻ കഴിയില്ല.
പ്രായമാകുമ്പോൾ ചെറിയ ചില മറവികൾ സ്വാഭാവികമാണ്. ജനിതകപരമായ മറവിരോഗമല്ലെങ്കിൽ ഒരുപരിധിവരെ ചെറുക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു. മറവിരോഗം (ഡിമെൻഷ്യ) എന്ന അവസ്ഥ പലതലത്തിലൂടെയാണ് കടന്നുപോകുന്നത്. അതിൽ ഓർമ്മയെ ബാധിക്കുന്നതാണ് അൽസ്‌ഹൈമേഴ്സ്. സ്വഭാവത്തെത്തന്നെ മാറ്റിമറിക്കുന്നത് ഫ്രണ്ടോടെംപറൽ ഡിമെൻഷ്യ. ഭാഷ മറക്കുന്ന അവസ്ഥയെ പ്രൈമറി പ്രോഗ്രസീവ് അഫാസിയ എന്നുപറയും. പ്രായവും രോഗത്തിന്റെ തീവ്രതയുമനുസരിച്ച് പലതരം മറവിരോഗങ്ങളുണ്ട്. 60 വയസ്സ് കഴിഞ്ഞവരിലാണ് മറവിരോഗം കൂടുതലായി കാണുന്നത്. രോഗാവസ്ഥ തുടങ്ങി അഞ്ചുമുതൽ ഏഴുവരെ വർഷത്തിനിടയിലാണ് മൂർച്ഛിക്കുന്നത്. നേരത്തേ കണ്ടെത്തി ചികിത്സതേടിയാൽ ഇത് കുറയ്ക്കുന്നതിന് സഹായിക്കും.
മറവിരോഗം: പ്രധാന ലക്ഷണങ്ങൾ
- അടുത്തടുത്ത ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ മറന്നുപോകുക
- പതിവായി ഉപയോഗിച്ചുകൊണ്ടിരുന്ന സാധനങ്ങൾ എവിടെ വെച്ചെന്ന് ഓർമ്മയില്ലാതാകുക
- അടുത്ത ദിവസങ്ങളിൽകണ്ട വ്യക്തികളെ മറക്കുക
- പതിവായി കണ്ടുകൊണ്ടിരിക്കുന്ന ആളുകളെയും അവരുടെ പേരുകളും മറക്കുക സംസാരിക്കുന്നതിനിടെ വാക്കുകൾ കിട്ടാതെ ആശയം പൂർത്തിയാക്കാൻ സാധിക്കാതിരിക്കുക
- വാക്കുകൾ മറക്കുക
- പതിവായി സഞ്ചരിച്ചിരുന്ന വഴി മറക്കുക
- രാവും പകലും തിരിച്ചറിയാതാകുക
- സന്ദർഭത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ വസ്ത്രം ധരിക്കുക അനിയന്ത്രിതമായ രീതിയിൽ ദേഷ്യവും സങ്കടവും പ്രകടിപ്പിക്കുക
ഓർമകൾ നശിക്കാതിരിക്കാൻ
- പ്രായമാകുംതോറും ഓർമ്മകൾക്ക് ഉണർവും ഉന്മേഷവും നൽകിക്കൊണ്ടിരിക്കണം.
- അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കാം.
- സംസാരക്കൂട്ടങ്ങളിൽ ഓർമ്മകൾ പങ്കുവെക്കാം.
- കാൽക്കുലേറ്ററില്ലാതെ കണക്കുകൂട്ടുന്നത് പതിവാക്കുക.
- പുസ്തകങ്ങൾ വായിച്ച് കുട്ടികളുമായി ആശയങ്ങൾ പങ്കുവെക്കുക.
- വായിച്ചുമനസ്സിലാക്കുന്ന കാര്യങ്ങൾ നോട്ട്ബുക്കിൽ എഴുതിവെക്കുക
- പണ്ടത്തെപ്പോലെ ഫോൺ നമ്പറുകൾ കാണാതെ പഠിച്ചുവെക്കുന്നത് നല്ലതാണ്.
- ഇടയ്ക്കിടെ അത് ഓർത്തെടുത്ത് വിളിക്കുക.
- ഉപകരണങ്ങളുടെ സഹായമില്ലാതെ കഴിയുന്നത്ര കാര്യങ്ങൾ ഓർമ്മയിൽനിന്ന് കണ്ടെത്തിയെടുക്കാനും ശ്രമിക്കുക.
ചികിത്സാരീതികൾ
പൂർണമായി ഭേദമാക്കാൻ കഴിയില്ലെങ്കിലും നേരത്തേ കണ്ടെത്തിയാൽ രോഗത്തിന്റെ തീവ്രത കുറയ്ക്കാനാകും. രോഗലക്ഷണങ്ങൾ വിലയിരുത്തിയും പരിശോധനകളിലൂടെയുമാണ് ഇത് നിർണയിക്കുന്നത്. മരുന്നുകളിലൂടെയും കൃത്യമായ പരിചരണത്തിലൂടെയുമാണ് രോഗം നിയന്ത്രിക്കുന്നത്. വ്യായാമം, മികച്ച രീതിയിലുള്ള ആഹാരക്രമം, മാനസികസമ്മർദം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങൾ തുടങ്ങിയവ ഓർമ്മശക്തി വർധിപ്പിക്കും.
വിവരങ്ങൾക്ക് കടപ്പാട്
എം.ജെ. സുശാന്ത് (കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, എസ്‍യുടി, തിരുവനന്തപുരം)
Content Highlights: Boost Memory After 60: Prevent Dementia
Published: 04 May 2025, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented