നെടുങ്കണ്ടം: മദ്യമില്ലാത്ത ഒരു നിമിഷം പോലും പണിക്കൻകുടി തെക്കേകൈതയ്ക്കൽ ബെന്നി (53)ക്ക് ചിന്തിക്കാനാവാത്ത ഒരു കാലമുണ്ടായിരുന്നു. ബെന്നിയുടെ വാക്കുകൾ കടമെടുത്താൽ വെള്ളത്തിൽ കിടക്കുന്ന മീനിനെ പോലെ സദാ മദ്യത്തിൽ മുങ്ങിയൊരു ജീവിതം. 14-15 വയസ്സിൽ തുടങ്ങിയ മദ്യപാനം 40-ാംവയസ്സിൽ ഉപേക്ഷിക്കാൻ തീരുമാനമെടുത്തത് ടി.ബി മുതൽ അൾസറും ശ്വാസം മുട്ടലും അടക്കമുള്ള രോഗങ്ങൾ അലട്ടി തുടങ്ങിയതോടെയാണ്.
കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയെ തുടർന്നാണ് മദ്യപാനം 10 വർഷക്കാലം പൂർണമായും നിർത്തിയത്. എന്നാൽ ഇതിനിടെ ഒരു സ്വകാര്യ ചടങ്ങിൽ അര ഗ്ലാസ് വൈൻ കുടിച്ചതോടെ മദ്യാസക്തി പൂർവ്വാധികം കരുത്തോടെ തിരിച്ചെത്തുകയായിരുന്നു. ഇതിനിടയ്ക്കും മദ്യപാനം നിർത്താൻ ആത്മാർഥ പരിശ്രമം തുടർന്നെങ്കിലും സാധിച്ചില്ല. ഇതിനെ തുർടന്ന് പഴയ സ്വകാര്യ ആശുപത്രിയിൽ പലതവണ ചികിത്സ തേടിയെങ്കിലും മദ്യപാനം നിർത്താനായില്ല. നാലു ലക്ഷത്തോളം രൂപയും ഇതിനായി ചിലവായി. പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഒരു വർഷത്തിന് മുകളിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെന്ന് ബെന്നി പറഞ്ഞു.
ഇതിനെല്ലാമൊടുവിലാണ് സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥൻ ഇടുക്കി മെഡിക്കൽ കോളേജിനോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററിനെപ്പറ്റി പറഞ്ഞു കൊടുക്കുന്നത്. ഇവിടുത്തെ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.അജയ് കുര്യാക്കോസാണ് തന്റെ ജീവിതം തിരികെ നൽകിയതെന്ന് ബെന്നി പറയുന്നു. ഡോക്ടറുടെ ചികിത്സയും ഉപദേശങ്ങളുമാണ് ഇന്ന് കാണുന്ന നിലയിൽ തന്റെ ജീവിതം മാറ്റിത്തീർത്തത്. ഡോക്ടറെയും അവിടുത്തെ മറ്റ് ജീവനക്കാരെയും ഒരിക്കലും മറക്കാനാവില്ല. ചികിത്സ തുടങ്ങിയ ആദ്യ കാലങ്ങളിൽ പലപ്പോളും മദ്യപിക്കാനായി വലിയ തോതിൽ ആസക്തി തോന്നിയിരുന്നു. ചിലപ്പോൾ അർധരാത്രിയിലൊക്കെയാകും തോന്നുക. ഈ സമയം ഡോക്ടറെ ഫോണിൽ വിളിച്ച് പറയും. അദ്ദേഹത്തിന്റെ വിലയേറിയ നിർദേശങ്ങളും ഉപദേശങ്ങളുമാണ് അപ്പോൾ പിടിച്ചു നിൽക്കാൻ കരുത്തു പകരുന്നത്. ബെന്നി പറഞ്ഞു.
അതേസമയം, മദ്യപാനം നിർത്താനുള്ള ബെന്നിയുടെ ആത്മാർഥമായ ആഗ്രഹം കൂടിയാണ് അദ്ദേഹത്തിനെ തുണച്ചതും തന്റെ ചികിത്സ എളുപ്പമാക്കിയതെന്നും ഡോ.അജയ് പറയുന്നു. കാര്യമായ പിൻവാങ്ങൽ ലക്ഷണങ്ങൾ ഉള്ള ആളായിരുന്നു ബെന്നി. എന്നാൽ അദ്ദേഹം ഇതിനെ മനക്കരുത്ത് കൊണ്ട് നേരിട്ടുവെന്നും ഡോ.അജയ് പറയുന്നു. മദ്യപാനം ഉപേക്ഷിക്കാൻ നിരവധി സുഹൃത്തുക്കൾ തന്നെ സഹായിച്ചെന്ന് പറയുമ്പോളും ചില സൗഹൃദങ്ങൾ ഇതിനായി ഉപേക്ഷിക്കുകയും ചെയ്‌തെന്ന് ബെന്നി പറഞ്ഞു. ഇപ്പോൾ നാലര വർഷമായി ബെന്നി മദ്യപാനം ഉപേക്ഷിച്ചിട്ട്. സാമ്പത്തികമായും ആരോഗ്യപരമായും ഇത് തന്റെ ജീവിതത്തിൽ ഇപ്പോൾ പ്രതിഫലിക്കുന്നുണ്ട്. തന്റെ നിരവധി സുഹൃത്തുക്കളെയും ഡോ.അജയ്‌യുടെ അടുത്തെത്തിച്ച് മദ്യപാന ശീലത്തിൽ നിന്നും വിമുക്തി നേടാൻ ബെന്നി സഹായിച്ചിട്ടുണ്ട്. ലോട്ടറി കച്ചവടക്കാരനായ ബെന്നി പറയുന്നു, നാളെയല്ല, നാളെയല്ല, ഇന്നാണ് ലഹരിയോട് വിടപറയാൻ പറ്റിയ സമയം.
Content Highlights: Personal struggle with alcohol-related health issues like TB and ulcers., Multiple failed attempts at private hospitals costing significant financial loss., Success achieved through the Idukki Vimukthi De-addiction Centre under Dr. Ajay Kuriakose
Published: 26 Jun 2026, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented