
അമീബിക് മസ്തിഷ്‌കജ്വരം അഥവാ അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് നമുക്കിടയില്‍ ഭീതിയുണര്‍ത്തി നില്‍ക്കുന്ന സമയമാണിത്. ജാഗ്രത കാത്തുസൂക്ഷിച്ചുകൊണ്ട് ഭയമേതുമില്ലാതെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തേണ്ട കാലമാണിത്. ഈ രോഗമുണ്ടാക്കുന്ന സ്വതന്ത്രമായി ജീവിക്കുന്ന അമീബകളാണ്, പ്രധാനമായും നെഗ്ലേറിയ ഫൗളേറി, അകാന്തമീബ എന്നീ ഇനങ്ങളാണ്. 'മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ' എന്ന് വിളിക്കപ്പെടുന്ന നെഗ്ലേറിയ ഫൗളേറി, തടാകങ്ങള്‍, നദികള്‍, മോശമായി പരിപാലിക്കപ്പെടുന്ന നീന്തല്‍ക്കുളങ്ങള്‍ തുടങ്ങിയ ചുറ്റുപാടുകളില്‍ സാധാരണയായി കാണപ്പെടുന്നു. വെള്ളത്തിനടിയിലായി ചേറില്‍ കാണപ്പെടുന്ന ഇവ കലര്‍ന്ന മലിനമായ വെള്ളം മൂക്കില്‍ പ്രവേശിക്കുമ്പോള്‍, അമീബ തലച്ചോറിലേക്ക് സഞ്ചരിക്കുകയും ഇത് വീക്കവും, വ്യാപകമായ മസ്തിഷ്‌കനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് കേസുകളില്‍ വര്‍ദ്ധനവുണ്ടായതിനെ നമ്മുടെ സംസ്ഥാനം ഗൗരവത്തോടെയാണ് കണ്ടത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 വയസ്സുള്ള ആണ്‍കുട്ടി അണുബാധയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഛര്‍ദിയുടെയും തലവേദനയുടെയും ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറോളം വെന്റിലേറ്ററിന്റെ സപ്പോര്‍ട്ടില്‍ കഴിഞ്ഞ ശേഷമാണ് കുട്ടി മരണത്തിനു കീഴടങ്ങിയത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീടിനു സമീപമുള്ള കുളത്തില്‍ നീന്തിക്കുളിച്ച ശേഷമാണ് കുട്ടി വീട്ടിലെത്തിയതെന്നും ഇതുവഴിയാവാം രോഗാണു പ്രവേശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
കണ്ണൂരില്‍ 13 വയസുകാരിയും മലപ്പുറം സ്വദേശിയായ അഞ്ചുവയസ്സുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരണത്തിനു കീഴടങ്ങുകയായിരുന്നു. ഈ രോഗത്തിന് മരണനിരക്ക് 95% ആണ് എന്നതാണ് രോഗത്തെക്കുറിച്ച് കൂടുതൽ ഭയം ജനിക്കുന്നതിന് കാരണം.
നെഗ്ലേറിയ ഫൗളേറി മൂലമുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് (പിഎഎം), അകാന്തമീബ സ്പീഷീസ് മൂലമുണ്ടാകുന്ന ഗ്രാനുലോമാറ്റസ് അമീബിക് എന്‍സെഫലൈറ്റിസ് (ജിഎഇ) എന്നിങ്ങനെ രണ്ടുരൂപത്തില്‍ പ്രകടമാകാം.
പ്രൈമറി അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് (പിഎഎം)
ലക്ഷണങ്ങള്‍:
കഠിനമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്തില്‍ ഞെരുക്കം അനുഭവപ്പെടുക എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്. അസുഖം ദ്രുതഗതിയില്‍ വ്യാപിക്കുന്നത് മാനസികാവസ്ഥയില്‍ മാറ്റം വരുത്താം, കോമ അവസ്ഥയിലേക്ക് വരെ പോകാം. ഉടനടി ചികിത്സ ലഭിച്ചില്ലെങ്കില്‍, സാധാരണയായി 12 ദിവസത്തിനുള്ളില്‍ മരണം വരെ സംഭവിക്കാം. അമീബ മൂക്കിലൂടെ പ്രവേശിക്കുകയും ഘ്രാണ നാഡിയിലൂടെ തലച്ചോറിലേക്ക് കുടിയേറുകയും വീക്കം, നെക്രോസിസ് എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു.
കുട്ടികളിലും മുതിര്‍ന്നവരിലും ഈ രോഗം കാണാമെങ്കിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് കുട്ടികളുടെ കാര്യത്തിലാണ്. മൂക്കിനും തലച്ചോറിനുമിടയില്‍ വരുന്ന നേര്‍ത്ത ചെറുവിരല്‍ നഖത്തോളം വരുന്ന ഒരു ഭാഗം കുട്ടികളില്‍ താരതമ്യേന ബലം പ്രാപിച്ചുവരാന്‍ സമയമെടുക്കുമെന്നതാണ് ഇതിനു കാരണം.
ഗ്രാനുലോമാറ്റസ് അമീബിക് എന്‍സെഫലൈറ്റിസ് (ജിഎഇ)
ലക്ഷണങ്ങള്‍:
തലവേദന, മാനസിക നിലയിലെ മാറ്റങ്ങള്‍, ശ്രദ്ധകൊടുക്കാന്‍ കഴിയാതെ വരുന്നവിധം നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ സാവധാനത്തില്‍ രോഗം മൂര്‍ച്ഛിക്കുന്നു. ഗ്രാനുലോമാറ്റസ് അമീബിക് എന്‍സെഫലൈറ്റിസ് -ജിഎഇ- ചര്‍മ്മം, ശ്വാസകോശം, മറ്റ് അവയവങ്ങള്‍ എന്നിവയെയും ബാധിച്ചേക്കാം. പ്രാഥമിക അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസിനു-പിഎഎം-ന് സമാനമാണ് ഈ രോഗാവസ്ഥയെങ്കിലും, വിട്ടുമാറാത്ത വിധം രോഗം മൂര്‍ച്ഛിക്കുകയും ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.
പ്രതിരോധവും പൊതുഅവബോധവും
ആദ്യമായി തിരിച്ചറിയേണ്ട ഒരു കാര്യം മസ്തിഷ്കജ്വരം എന്നത് കുടിവെള്ളത്തിലൂടെയോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ പകരില്ല എന്നതാണ്. അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന്, പൊതുജനാരോഗ്യ നടപടികളും വ്യക്തിഗത മുന്‍കരുതലുകളും നിര്‍ണായകമാണ്.
- നിങ്ങളുടെ മൂക്കില്‍ വെള്ളം കയറുന്നത് ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, പ്രത്യേകിച്ച് ശുദ്ധജലാശയങ്ങളില്‍.
- ശരിയായ പൂള്‍ ശുചിത്വം ഉറപ്പുവരുത്തുക: നീന്തല്‍ക്കുളങ്ങള്‍ നന്നായി പരിപാലിക്കുന്നതും ക്ലോറിനേറ്റ് ചെയ്യുന്നതും ഉറപ്പാക്കുക.
- വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക.
- പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക: മലിനമായ ജലവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചും അണുബാധയുടെ ആദ്യകാല ലക്ഷണങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുക.
അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് അപൂര്‍വവും എന്നാല്‍ അതിഗൗരവാവസ്ഥയിലുള്ള രോഗമായി തന്നെ തുടരുന്നു. ജര്‍മ്മനിയില്‍ നിന്നുള്‍പ്പെടെ ഏഴോളം മരുന്നുകള്‍ പ്രതിരോധത്തിനായും ചികിത്സയ്ക്കായും മറ്റും നമ്മുടെ സംസ്ഥാനം എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്കിലും രോഗത്തെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതില്‍ അവയുടെ പങ്കിനെ പ്രതീക്ഷയോടെയാണ് ആരോഗ്യരംഗം കാണുന്നത്.
ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ അടിയന്തര മെഡിക്കല്‍ പരിചരണത്തിലേക്ക് എത്തിക്കുകയും ഇക്കാര്യത്തിലുള്ള പൊതുജനാവബോധം വളര്‍ത്തിയെടുക്കുകയുമാണ് ഈ സാഹചര്യം നമ്മോട് ആവശ്യപ്പെടുന്നത്.
(വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. പൂജ ചന്ദ്രന്‍,
കണ്‍സല്‍ട്ടന്റ് പീഡിയാട്രീഷ്യന്‍
കാലിക്കറ്റ് ഹോസ്പിറ്റല്‍ ആൻഡ് നഴ്‌സിങ് ഹോം
കോഴിക്കോട്)
Content Highlights: Amoebic Meningoencephalitis, Naegleriasis, Symptoms
Published: 06 Jul 2024, 05:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented