ചിലർക്ക് ചില ഭക്ഷണങ്ങളോട് അലർജിയുണ്ടാകും. അത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശാരീരികാസ്വാസ്ഥ്യങ്ങൾ പ്രകടമാവുകയും തീവ്രമായാൽ മരണത്തിനുവരെ കാരണമാവുകയും ചെയ്യും. എന്നാൽ കാലങ്ങളോളം ഒരു കുഴപ്പവുമില്ലാതെ കഴിച്ചിരുന്ന ഭക്ഷണങ്ങൾ പൊടുന്നനെ അലർജിക് ആവുന്ന അവസ്ഥയേക്കുറിച്ച് കേട്ടിട്ടുണ്ടോ? ആൽഫാ-ഗാൽ സിൻഡ്രോം എന്ന ഈ അവസ്ഥയ്ക്ക് പിന്നിൽ ഒരുതരത്തിലുള്ള ചെള്ള് കടിക്കുന്നതാണ്. 

To advertise here,

പ്രധാനമായും ബീഫ്, പന്നിയിറച്ചി, ആട് പോലുള്ള റെഡ് മീറ്റും പാലുത്പന്നങ്ങളും കഴിക്കുമ്പോഴാണ് അലർജിയുടെ ലക്ഷണങ്ങൾ പ്രകടമാവുക. ശ്രദ്ധിച്ചില്ലെങ്കിൽ ​ഗുരുതരമാവുകയും ജീവന് ആപത്തുണ്ടാവുകയും ചെയ്യും. ചിലയിനം ചെള്ളുകൾ കടിക്കുന്നതിനു പിന്നാലെയാണ് പ്രതിരോധസംവിധാനം റെഡ് മീറ്റിനും പാലുത്പന്നങ്ങൾക്കും എതിരായി പ്രവർത്തിക്കുക. തത്ഫലമായി ഒരുകാലംവരെ സുരക്ഷിതമായി കഴിച്ചിരുന്ന ഭക്ഷണങ്ങൾ പിന്നീട് ​ഗുരുതരമായ അലർജിക് റിയാക്ഷന് കാരണമാകും. 

എന്താണ് ആൽഫ-​ഗാൽ സിൻഡ്രോം? 

ഒരുതരം ഫുഡ് അലർജിയാണിത്. സസ്തനികളിൽ നിന്നുള്ള മാംസവും മറ്റ് ഉത്പന്നങ്ങളുമാണ് അലർജിക്കിടയാക്കുന്നത്. ലോൺ സ്റ്റാർ ടിക്ക് എന്ന ചെള്ളിന്റെ കടിക്കു പിന്നാലെ ഈ അലർജി സ്ഥിരീകരിച്ച സംഭവങ്ങൾ അമേരിക്കയിൽ നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാനുകളിലൂടെയാണ് ഈ ചെള്ള് രാജ്യത്തിന്റെ മറ്റുഭാ​ഗങ്ങളിലേക്കും എത്തുന്നത്. ലോൺ സ്റ്റാർ ടിക്ക് കടിക്കുന്നതിലൂടെ ആൽഫാ-​ഗാൽ എന്ന മോളിക്യൂൾ മനുഷ്യശരീരത്തിലെത്തുകയും ഇത് അലർജിക്ക് കാരണമാവുകയുമാണ് ചെയ്യുന്നത്. എന്നാൽ മറ്റുചില ചെള്ളുകളും ആൽഫാ-​ഗാൽ സിൻഡ്രോമിലേക്ക് നയിക്കാറുണ്ട്. യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലെ ചിലഭാ​ഗങ്ങളിൽ അത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ലക്ഷണങ്ങൾ

സാധാരണ ഫുഡ് അലർജികളെ അപേക്ഷിച്ച് ആൽഫാ-​ഗാൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ പ്രകടമാകാൻ വൈകും. നിലക്കടല, ഷെൽഫിഷുകൾ തുടങ്ങിയവയോടുള്ള അലർജിക് റിയാക്ഷന്റെ ലക്ഷണങ്ങൾ കഴിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ പ്രകടമാകും. എന്നാൽ ആൽഫാ-​ഗാൽ സിൻഡ്രോമിൽ ഭക്ഷണം കഴിച്ച് മൂന്നുമുതൽ ആറുമണിക്കൂറിനുള്ളിലാണ് ലക്ഷണങ്ങൾ കാണുക. 

ശരീരത്തിൽ ചൊറിച്ചിലും തടിപ്പും, ചുണ്ടും മുഖവും നാവും തൊണ്ടയും ശരീരത്തിലെ മറ്റുഭാ​ഗങ്ങളും വീർക്കുക, ശ്വാസതടസ്സം, വലിവ്, വയറുവേദന, വയറിളക്കം, ഛർദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. 

പ്രതിരോധം

ആൽഫാ-​ഗാൽ സിൻഡ്രോമിനെ പ്രതിരോധിക്കാനുള്ള മാർ​ഗങ്ങളിൽ പ്രധാനം ചെള്ളുകടി ഏൽക്കാതിരിക്കുക എന്നതാണ്. കാടുപിടിച്ച പ്രദേശങ്ങളിലും പുല്ലുള്ള ഭാ​ഗങ്ങളിലുമൊക്കെ ശരീരഭാ​ഗങ്ങൾ മറച്ച് പോവണം. അത്തരം സ്ഥലങ്ങളിൽ പോയി വന്നയുടൻ ശരീരം വൃത്തിയാക്കണം.