ലഹരിക്കെതിരേ പോലീസും എക്സൈസും ശക്തമായ പോരാട്ടത്തിലാണ്. ലഹരിക്കായി അലോപ്പതി മരുന്നുകൾ ദുരുപയോഗംചെയ്യുന്ന സംഭവങ്ങൾ ഏറെയാണ്. ജീവൻ രക്ഷിക്കാനുള്ള അമൂല്യനിധികളാണ് മരുന്നുകൾ. മാരകമായ അർബുദം ബാധിച്ചവർക്ക് വേദനയിൽ അൽപ്പം ആശ്വാസമായും മനോനില തെറ്റിയവർക്ക് ജീവിതത്തിന്റെ പിടിച്ചുനിൽപ്പിനുമൊക്കെ ശാസ്ത്രലോകം കാലങ്ങൾകൊണ്ട് കണ്ടെത്തിയ മരുന്നുകൾ ലഹരിക്കായി വഴിതിരിഞ്ഞുപോകുന്നു. ശസ്ത്രക്രിയാവേളയിലും മറ്റും മരവിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾക്കുപോലും ലഹരിക്കൂട്ടായി പാഠഭേദം വരുത്തുന്നു. ഇൗ അപകടസ്ഥിതിയെ വിലയിരുത്തുന്ന പരമ്പര തുടങ്ങുന്നു.

To advertise here,

കാഞ്ഞിരപ്പള്ളിയിലെ ഒരു കൂറിയർ സർവീസ് ഏജൻസി ഒാഫീസ്. കഴിഞ്ഞ വെള്ളിയാഴ്ച അവിടേക്ക് ഒരു യുവാവ് വരുന്നു. അയാൾ പാഴ്സൽ സ്വന്തമാക്കിയപ്പോഴേക്കും പോലീസ് സംഘം പിടികൂടി. അയാളുടെ കൈവശമുണ്ടായിരുന്നത് അലോപ്പതി മരുന്നായിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാനോ ഉപയോഗിക്കാനോ കഴിയാത്ത ഷെഡ്യൂൾ എച്ച് വിഭാഗത്തിലുള്ള ‘മെഫൻഡർമൈൻ സൾഫേറ്റ് ഐ.പി.’ ഇൻജക്ഷൻ മരുന്നായിരുന്നു ഉള്ളടക്കം.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നിരീക്ഷണത്തിലാക്കിയിരുന്നു. ഓൺലൈനിലൂടെ ഓർഡർ ചെയ്ത് മരുന്നെത്തുന്ന വിവരം പോലീസിന് ലഭിക്കുന്നു. ബുക്കുചെയ്തയാളുടെ പശ്ചാത്തലം നോക്കിയപ്പോൾ രോഗികളല്ല. വൈദ്യസഹായം തേടിയിട്ടുമില്ല. ഇതോടെ ലഹരിക്കെന്ന സൂചനയായി, ആൾ നിരീക്ഷണത്തിലുമായി.

ഈ യുവാവിനുള്ള മരുന്ന് ഓർഡർചെയ്ത വിവരം രണ്ടുദിവസം മുൻപേ മനസ്സിലാക്കിയ പോലീസ് കൂറിയർ സർവീസ് സ്ഥാപനത്തിൽ മരുന്നെത്തുന്നതുവരെ കാത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മരുന്നു വാങ്ങാനെത്തിയ പൊൻകുന്നം എട്ടുവേലിൽ ഇ.എസ്. അമീർഖാൻ (27)-നെ മരുന്നടക്കം പിടിച്ചു. 10 മില്ലിഗ്രാം വീതമുള്ള 80 വയലുകളടങ്ങിയ പാഴ്‌സലാണ് പിടിച്ചെടുത്തത്. 500 രൂപ നിരക്കിലാണ് ഒരു വയൽ മരുന്ന് ആവശ്യക്കാർക്ക് എത്തിച്ചു നൽകിയിരുന്നത്. 1.75 ലക്ഷം രൂപയുടെ മരുന്നുകൾ മൂന്നുമാസത്തിനിടെ ഇയാൾ എത്തിച്ചിരുന്നു. സാധനങ്ങൾ മൊത്തമായി വിൽക്കാനും വാങ്ങാനും കഴിയുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ഇയാൾ മരുന്ന് ഓർഡർചെയ്തത്. ഡൽഹിയിൽ നിന്നാണ് മരുന്നെത്തിയത്. മുൻപും ഇയാൾ ഇത്തരത്തിൽ മരുന്ന് എത്തിച്ച് വിതരണം ചെയ്തിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിലരും വടംവലി മത്സരങ്ങളിൽ പങ്കെടുക്കുന്ന ചിലരുമാണ് ഉപഭോക്താക്കളെന്ന് പോലീസിന് വിവരം കിട്ടി. ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരും സ്ഥലത്തെത്തി തുടർനടപടികൾക്ക് തുടക്കമിട്ടു.

രോഗിക്ക് കിട്ടാൻ കടമ്പ, ലഹരിക്കാണെങ്കിൽ എളുപ്പം

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കേരളമാകെ വ്യാപിച്ചിരിക്കുന്ന അലോപതി മരുന്നിന്റെ ലഹരിക്കായുള്ള ദുരുപയോഗം തുറന്നുകാട്ടുന്ന ഒരു അനുഭവംമാത്രം. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക് മരുന്ന് വിൽക്കുന്നത് തടയാൻ നിയമനടപടി തുടങ്ങിയ സംസ്ഥാനത്താണ് ഒരു തടയുമില്ലാതെ ഏതുമരുന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വിതരണംചെയ്യുന്നത്. ഇത് നിയന്ത്രിക്കാൻ ശരിയായ നിയമമില്ല. പോലീസ് നിരീക്ഷിക്കുന്നതുകൊണ്ട് പരസ്യമായല്ലെന്നുമാത്രം.

പിടിച്ചാലും കടമ്പ

  • മരുന്നുകൾ പിടിച്ചെടുത്താലും അറസ്റ്റ് അടക്കം നിയമനടപടി സ്വീകരിക്കാൻ പോലീസിനോ എക്സൈസിനോ എളുപ്പം കഴിയില്ല. മരുന്ന് എൻ.ഡി.പി.എസ്. ആക്ടിന്റെ പരിധിയിൽ വരുന്ന മയക്കുമരുന്നിന്റെയോ സൈക്കോട്രോപിക് പദാർഥങ്ങളുടെയോ ഗണത്തിൽപ്പെട്ടതാണെങ്കിൽ മാത്രമേ, പോലീസിനും എക്സൈസിനും കേസെടുക്കാനോ അറസ്റ്റിനോ അധികാരമുള്ളൂ.
  • ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് അനുസരിച്ച് നിയമപരമായ ലൈസൻസില്ലാതെ മരുന്നുകൾ നിർമിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിനുള്ള ശിക്ഷ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാനാകുന്നില്ല.
  • മരുന്നുകടകളിലെ പരിശോധനയ്ക്കുമാത്രമാണ് ഡ്രഗ്സ് ഇൻസ്പെക്ടർമാർക്ക് അധികാരം.
  • പിടിച്ചെടുത്തത് ലഹരിമരുന്നാണെന്ന് സ്ഥിരീകരിക്കാനുള്ള സാങ്കേതിക സഹായം മാത്രമാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് പോലീസിന് നൽകുന്നത്.