ആരോഗ്യരംഗത്ത് ഏറ്റവും പ്രാധാന്യമുള്ളവയാണ് സിറിഞ്ചുകളും സൂചികളും. ചെറിയ കുത്തിവയ്പ്പുകൾ മുതൽ വലിയ പരിശോധനകളിൽ വരെ ഇവ ആവശ്യമാണ്.
സൂചികൾ
സൂചി മൂടിവെയ്ക്കുന്ന ഒരു നീഡിൽ ക്യാപ്, സൂചി സിറിഞ്ചിലുറപ്പിക്കുന്ന നീഡിൽ ഹബ്, നീഡിൽ ഹബ്ബിനെയും സൂചിയെയും തമ്മിലുറപ്പിക്കുന്ന ഷാഫ്റ്റ്, സൂചിയുടെ അറ്റമായ ലുമൻ (Lumen), ലുമനിലെ ചെറിയ ദ്വാരമായ ബിവെൽ (Bevel) എന്നീ ഭാഗങ്ങളാണ് സൂചിക്കുള്ളത്.
ഗേജ് നമ്പർ, നീളം, ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് സൂചികൾ തിരഞ്ഞെടുക്കുന്നത്. സൂചിയുടെ വ്യാസമാണ് ഗേജ് നമ്പർ. ഗേജ് നമ്പർ കുറയുമ്പോൾ സൂചിയുടെ വ്യാസം കൂടുകയും ഗേജ് നമ്പർ കൂടുമ്പോൾ സൂചിയുടെ വ്യാസം കുറഞ്ഞ് നേർത്തതാവുകയും ചെയ്യും. ഉയർന്ന ഗേജ് നമ്പറുള്ള സൂചി ശരീരത്തിലെ ചെറിയ സിരകളിലാണ് ഉപയോഗിക്കുക (ഉദാ: കൈകളിലെയും കാലുകളിലെയും സിരകളിൽ). ചെറിയ ഗേജാണെങ്കിൽ ആ സൂചി കട്ടിയുള്ളതും കടുപ്പമേറിയതുമായിരിക്കും. കട്ടിയുള്ള ചർമത്തിലൂടെ തുളച്ചുകയറി മരുന്നുകളെത്തിക്കാൻ ഇതാണ് കൂടുതൽ മികച്ചത്.
നീഡിൽ ഹബ് മുതൽ സൂചിയുടെ അറ്റം വരെയുള്ളതാണ് നീളം. സൂചി എത്രമാത്രം ആഴത്തിൽ ചെന്ന് ഇഞ്ചക്‌ഷൻ ചെയ്യണമെന്നും കണക്കാക്കണം. ഇതിനനുസരിച്ചാണ് സൂചി തിരഞ്ഞെടുക്കുക. ചർമത്തിന്റെ കട്ടിയും ഇഞ്ചക്‌ഷന്റെ ആഴവും എത്രയെന്ന് കണക്കാക്കിയാണ് സൂചിയുടെ ഗേജ് നിശ്ചയിക്കുന്നത്.
ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോതൊറാക്സ് (Pneumothorax) എന്ന അവസ്ഥയിൽ നിന്ന് രോഗിയെ രക്ഷിക്കാനുള്ള അടിയന്തിര ചികിത്സയിൽ സൂചി ഉപയോഗിക്കുന്നുണ്ട്. എമർജൻസി നീഡിൽ ഡികംപ്രഷൻ പ്രൊസീജ്യർ എന്ന ഈ ചികിത്സ അടിയന്തിര ജീവൻരക്ഷാ നടപടിയാണ്. വലിയ ഗേജ് നമ്പറുള്ള സൂചി ഉപയോഗിച്ച് വാരിയെല്ലിലെ അഞ്ചാമത്തെ വാരിയെല്ലിനിടയിലെ ഇന്റർകോസ്റ്റൽ സ്പെസിൽ (5th Intercostal Space) കുത്തി അവിടെ നിന്ന് വായുവിനെ നീക്കുകയാണ് ഇതുവഴി ചെയ്യുന്നത്.
സൂചിയുടെ നീളം
- സാധാരണ ഉപയോഗിക്കുന്ന സൂചിയുടെ പരമാവധി നീളം മൂന്നരയിഞ്ചാണ്. പൊതുവേ 26-27 ഗേജ് സൂചികളാണ് ഇഞ്ചക്‌ഷനുപയോഗിക്കുന്നത്.
- ഇൻട്രാ മസ്കുലാർ ഇഞ്ചക്‌ഷന് ഉപയോഗിക്കുന്നത് ഒന്നരയിഞ്ചുവരെ നീളമുള്ള സൂചിയാണ്. ഗേജ് നമ്പർ 26G-30G
- സബ് ക്യൂട്ടേനിയസ് ഇഞ്ചക്‌ഷനുപയോഗിക്കുന്ന സൂചി അരയിഞ്ചിന്റെതാണ്. ഗേജ് നമ്പർ 19G-27G
- ഇൻട്രാഡെർമൽ ഇഞ്ചക്‌ഷനുപയോഗിക്കുന്നത് മുക്കാലിഞ്ച് നീളമുള്ള സൂചിയാണ്. ഗേജ് നമ്പർ 26G-28G
- ഇൻട്രാവീനസ് ഇഞ്ചക്‌ഷനുപയോഗിക്കുന്ന സൂചിയുടെ വലുപ്പം ഒന്നരയിഞ്ചായിരിക്കും. ഗേജ് നമ്പർ 28G-29G
- സൂചി കൃത്യമല്ലെങ്കിൽ മരുന്ന് ശരിയായ വിധത്തിൽ എത്തില്ല. അതുകൊണ്ട് ഫലം ലഭിക്കാതെപോവുകയും രോഗിയുടെ കോശങ്ങൾക്ക് നാശമുണ്ടാവുകയും ചെയ്യും. ഇതുവഴി രക്തസ്രാവവും ചർമത്തിൽ നിറംമാറ്റവും ഉണ്ടാവാം.
ഇഞ്ചക്‌ഷന് സിര കണ്ടെത്തുന്നത്
സാധാരണമായി ചർമത്തിൽ തൊട്ടുനോക്കി സിരകൾ കണ്ടെത്താൻ സാധിക്കാറുണ്ട്. മെലിഞ്ഞ ആളുകളിൽ ഇവ വ്യക്തമായിരിക്കും. എന്നാൽ മറ്റുള്ളവരിൽ അല്പം ബുദ്ധിമുട്ടായിരിക്കും. ഒട്ടും സാധിക്കാത്തവരിൽ വെയിൻ ഫൈൻഡർ എന്നൊരു ഉപകരണം ഉപയോഗിച്ച് സിരകൾ കണ്ടെത്താം. ടോർച്ച് പോലുള്ള ഒരു ഉപകരണമാണിത്. ഇതിൽ നീല, ചുവപ്പ് നിറങ്ങളിൽ പ്രകാശമുണ്ട്. സാധാരണമായി കൈമുട്ടിന് മറുവശത്താണ് ഇഞ്ചക്‌ഷൻ എടുക്കാൻ സിര നോക്കാറുള്ളത്. വെയിൻ ഫൈൻഡർ ഉപയോഗിച്ച് ഒരു പരിധിവരെ സിര കണ്ടെത്താനാകും.
ഐ.സി.യുകളിൽ ആണെങ്കിൽ അൾട്രാ സോണോഗ്രാഫി ഉപയോഗിച്ച് വലിയ സിരകൾ കണ്ടെത്താം. പ്രത്യേകിച്ചും കഴുത്തിലെ സിരകളായ ഇന്റേണൽ ജുഗുലാർ വെയിൻ, എക്‌സ്റ്റേണൽ ജുഗുലാർ വെയിൻ, തുടയിലുള്ള ഫിമോറൽ വെയിൻ എന്നിവ കണ്ടെത്താൻ ഇത് ഉപയോഗിക്കാം. അൾട്രാ സോണോഗ്രാഫിയിൽ ഹൈ ഫ്രീക്വൻസി പ്രോബ് ഉപയോഗിച്ചാണ് സിരകൾ കണ്ടെത്തുക. സിരയാണോ ധമനിയാണോ കാണുന്നതെന്ന് ഇതുവഴി വ്യക്തമാകും.
രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം ആർട്ടീരിയൽ ഫ്ളോ(ധമനി)യാണോ വീനസ് ഫ്‌ളോ(സിര)യാണോ എന്ന് തിരിച്ചറിയാനും ഇതുവഴി സാധിക്കും. അൾട്രാ സോണോഗ്രാഫി ഗൈഡഡ് വീനസ് കാനുലേഷൻ എന്നാണ് ഇതിനെ പറയുന്നത്.
കാനുലകൾ
ശരീരത്തിലേക്ക് മരുന്നോ മറ്റ് ദ്രാവകങ്ങളോ കടത്തിവിടാനോ, രക്തമോ മറ്റെന്തെങ്കിലും ദ്രാവകങ്ങളോ ശരീരത്തിനുള്ളിൽനിന്ന് നീക്കം ചെയ്യാനോ വേണ്ടി രോഗിയുടെ രക്തക്കുഴലിലേക്ക് സൂചി കൊണ്ട് ദ്വാരമുണ്ടാക്കി കടത്തിവയ്ക്കുന്ന ചെറിയ പ്ലാസ്റ്റിക് കുഴലാണ് കാനുല. ഇത് ആ ഭാഗത്ത് ഉറപ്പിച്ചുവയ്ക്കുമെന്നതിനാൽ അവിടെ പലതവണ സൂചികുത്തുന്നത് ഒഴിവാക്കാനാകും.
ഐ.വി. കാനുല മൂന്ന് തരം
മരുന്നും രക്തവുമൊക്കെ നൽകുന്നതിനായി ഉപയോഗിക്കുന്നതാണ് ഐ.വി. കാനുല. ഇത് മൂന്ന് തരത്തിലുണ്ട്.
പെരിഫെറൽ ഐ.വി. കാനുല: ഇതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. സർജറി സമയത്തും അടിയന്തര ചികിത്സാ വിഭാഗത്തിലും കൂടുതലായി ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ളതാണ്. ഒരുതവണ ശരീരത്തിൽ ഉറപ്പിച്ചാൽ പരമാവധി മൂന്ന് ദിവസമാണ് പെരിഫെറൽ ഐ.വി. കാനുല ഉപയോഗിക്കുക. ഇതിന് ഇളക്കം തട്ടാതിരിക്കാൻ അഡെസീവ് ടേപ്പ് ഉപയോഗിച്ച് ചർമം കാനുലയുമായി ഒട്ടിച്ചുവയ്ക്കും.
സെൻട്രൽ ലൈൻ ഐ.വി. കാനുല: ദിവസങ്ങളോ മാസങ്ങളോ തുടരുന്ന ചികിത്സ വേണ്ടിവരുന്ന രോഗികൾക്കാണ് ഇത് വേണ്ടിവരുക. തുടയിലെ ഫിമോറൽ വെയിൻ, ശരീരത്തിലെ വലിയ സിരകളായ സബ്ക്ലാവിയൻ വെയിൻ, കഴുത്തിലെ ജുഗുലാർ വെയിൻ എന്നിവിടങ്ങളിലാണ് സെൻട്രൽ ലൈൻ ഐ.വി. കാനുല ഘടിപ്പിക്കുക.
മിഡ്‌ലൈൻ കത്തീറ്റർ: അഞ്ച് ദിവസത്തിൽ കൂടുതലും എന്നാൽ ഒരു മാസത്തിൽ കുറവും ചികിത്സയിലിരിക്കുന്ന രോഗികളിലാണ് ഇത് ഉപയോഗിക്കുന്നത്. രക്തസാംപിളുകൾ വേർതിരിക്കാൻ ഇതാണ് ഉപയോഗിക്കുന്നത്.
കാനുലയുടെ വലുപ്പം
ഇവ പല വലുപ്പത്തിലുണ്ട്. ഗേജ് നമ്പർ എന്നാണ് ഇത് അറിയപ്പെടുന്നത്. G എന്ന ഇംഗ്ലീഷ് അക്ഷരമാണ് ഇത് തിരിച്ചറിയാൻ ഉപയോഗിക്കുന്നത്. സൂചികളുടെ വലുപ്പവും വ്യാസവും തിരിച്ചറിയാനാണ് ഗേജ്‌നമ്പർ ഉപയോഗിക്കുന്നത്.
പൊതുവേ ഐ.വി. കാനുലയുടെ വലുപ്പം 14 മുതൽ 24 ഗേജ് വരെയാണ്. ഇതുവഴി എത്ര വേഗത്തിൽ മരുന്ന് നൽകണം എന്നതിന് അനുസരിച്ചാണ് കാനുലയുടെ വലുപ്പം തിരഞ്ഞെടുക്കുന്നത്.
14 G: ഇതിന് ഓറഞ്ച് നിറമായിരിക്കും. സർജറികൾ, രക്തം കയറ്റൽ, ട്രോമ കേസുകൾ, ഫ്ലൂയിഡ് റീപ്ലേസ്‌മെന്റ് തുടങ്ങിയ സമയങ്ങളിൽ ഇതാണ് ഉപയോഗിക്കുക.
16 G: ഇതിന് ചാര നിറമായിരിക്കും. ഐ.വി. ഫ്ലൂയിഡ് റീപ്ലേസ്‌മെന്റ്, സർജറികൾ, രക്തം കയറ്റൽ എന്നീ ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നത്.
20 G: ക്ലിനിക്കൽ ആവശ്യങ്ങൾക്ക് കൂടുതൽ ഉപയോഗിക്കുന്നതാണിത്. പിങ്ക് നിറമാണിതിന്. ഐ.വി. ഫ്ലൂയിഡ്, രക്തം എന്നിവ നൽകാൻ ഇത് ഉപയോഗിക്കുന്നു.
22 G: ഇതിന് നീലനിറമായിരിക്കും. ചെറിയ രക്തക്കുഴലുകളിലൂടെ രക്തം, ഫ്ലൂയിഡുകൾ എന്നിവ കടത്തിവിടുന്നതിന് ഇത് ഉപയോഗിക്കുന്നു. ഒപ്പം പ്രായമായവരിലും, കാൻസർ ചികിത്സ, കുഞ്ഞുങ്ങളുടെ ചികിത്സ എന്നിവയിലും ഇത് ഉപയോഗിക്കുന്നു.
24 G: ഇതിന് മഞ്ഞനിറമായിരിക്കും. നവജാതശിശുക്കളിലും കുട്ടികളിലും ഉപയോഗിക്കുന്നു.
മുതിർന്നവരിൽ 20-15 G കാനുലകളാണ് ഉപയോഗിക്കാറുള്ളത്. 20G ആണ് കൂടുതലും ഉപയോഗിക്കുക.
ഡ്രിപ്പിടുമ്പോൾ വായുകുമിളകൾ വന്നാൽ
സിറിഞ്ചിൽ മരുന്ന് നിറയ്ക്കുമ്പോഴോ ഡ്രിപ്പ് ഇടുമ്പോഴോ വായുകുമിളകൾ ഉണ്ടാകാൻ അപൂർവമായി സാധ്യതയുണ്ട്. ഇത്തരം വായുകുമിളകൾ സിരയിലൂടെ രക്തത്തിലേക്ക് കടന്നാൽ അതിനെ വീനസ് എംബോളിസം എന്നാണ് പറയുന്നത്. ധമനിയിലേക്ക് കടക്കുന്നതിനെ ആർട്ടീരിയൽ എയർ എംബോളിസമെന്നും പറയുന്നു. ഇവ മസ്തിഷ്കത്തിലേക്കോ ഹൃദയത്തിലേക്കോ ശ്വാസകോശത്തിലേക്കോ എത്തി ഹൃദയാഘാതമോ, സ്‌ട്രോക്കോ ശ്വസന തകരാറുകളോ സംഭവിക്കാം. അതിനാൽ ഡ്രിപ്പ് ശരീരത്തിൽ കയറുന്നതിനിടെ ഇത്തരം വായുകുമിളകൾ എപ്പോഴെങ്കിലും ഉണ്ടായാൽ അത് നീക്കംചെയ്യാനായി പെട്ടെന്നുതന്നെ രോഗിയുടെ കൂട്ടിരിപ്പുകാർ നഴ്‌സുമാരെ അറിയിക്കണം.
സിറിഞ്ചിൽ മരുന്ന് നിറയ്ക്കുമ്പോൾ
രണ്ട് എം.എൽ. മുതൽ 50 എം.എൽ. വരെ ശേഷിയുള്ള സിറിഞ്ചുകൾ ലഭ്യമാണ്. ആന്റിബയോട്ടിക് ഇഞ്ചക്‌ഷൻ നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. സാധാരണമായി ആന്റിബയോട്ടിക്കുകൾ പൊടിരൂപത്തിലാണ് ഉണ്ടാവുക. ഇവ ശരീരത്തിലേക്ക് ദ്രവരൂപത്തിൽ ഇഞ്ചക്‌ഷൻ ചെയ്യുന്നതിനായി ഇതിനൊപ്പമുള്ള പ്ലാസ്റ്റിക് പൗച്ചിൽ ഒരു ഡൈല്യൂവന്റ് ഉണ്ടായിരിക്കും. ഡിസ്റ്റിൽഡ് വാട്ടർ അല്ലെങ്കിൽ 0.9 ശതമാനം സലൈൻ എന്നിവയാണ് ഡൈല്യൂവന്റ് ആയി ഉപയോഗിക്കുന്നത്. ഇതിലേക്ക് ആന്റിബയോട്ടിക് പൊടി നന്നായി മിക്‌സ് ചെയ്യണം. ഒരു തരി പോലും താഴെ അടിയാതെ നോക്കണം. നന്നായി മിക്‌സ് ചെയ്തുകഴിഞ്ഞാൽ ആ ദ്രാവകം നല്ല ക്ലിയർ ആയി കാണപ്പെടും. നിറമുള്ളതാണെങ്കിൽ ആ നിറമാണ് കാണുക. ഒരു തരിയെങ്കിലും അലിയാതെ വന്നാൽ അത് ഇഞ്ചക്‌ഷന് ഉപയോഗിക്കാൻ പാടില്ല.
സിറിഞ്ചിലേക്ക് മരുന്ന് എടുക്കുന്നതിന് മുൻപ് സിറിഞ്ചിൽ അൽപംപോലും വായു ഉണ്ടായിരിക്കാൻ പാടില്ല. ഇതിനായി സിറിഞ്ചിന്റെ പ്ലഞ്ചർ (മുന്നിലേക്ക് തള്ളാനും പിന്നിലേക്ക് വലിക്കാനും ഉപയോഗിക്കുന്ന സിറിഞ്ചിന്റെ പിന്നിലുള്ള ഭാഗം) മുന്നിലേക്കും പിന്നിലേക്കും നീക്കി വായു പൂർണമായും പുറത്തുകളയണം. മരുന്ന് കുപ്പിയിലേക്ക് സൂചി കുത്തുമ്പോഴും പ്ലഞ്ചർ പിന്നിലേക്ക് വലിച്ച് എയർ വരാതെ നോക്കണം. മരുന്നുകൾ സിറിഞ്ചിലേക്ക് നിറയ്ക്കുമ്പോൾ കൈകൾ ശുചിയായിരിക്കണം. ഈ സമയത്ത് ഇൻഫെക്‌ഷൻ കൺട്രോൾ മാർഗരേഖകൾ പാലിക്കണം.
സൂചി മാറ്റിക്കൊണ്ട് ഒരേ സിറിഞ്ചിൽനിന്ന് പല രോഗികൾക്ക് ഇഞ്ചക്‌ഷൻ നൽകരുത്
ഒരിക്കൽ ഉപയോഗിച്ച സിറിഞ്ചും സൂചിയും ഉപയോഗിച്ച് പുതിയ വയൽ (ഇഞ്ചക്‌ഷനുള്ള മരുന്നിന്റെ കുപ്പി) മരുന്ന് എടുക്കരുത്.
ഒറ്റ ഡോസ് ആയോ ഒറ്റത്തവണ ഉപയോഗത്തിനുള്ളതോ ആയ മരുന്ന് പല രോഗികൾക്ക് നൽകരുത്.
ഇൻട്രാവീനസ് സൊല്യൂഷൻ ബാഗ് (ഡ്രിപ്പ് ഇടുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോട്ടിൽ) ഒന്നിലധികം രോഗികൾക്ക് പൊതുവായി നൽകരുത്. ഒരെണ്ണം ഒരാൾക്ക് മാത്രമേ നൽകാവൂ.
ഇഞ്ചക്‌ഷൻ രീതികൾ
ഇൻട്രാ വീനസ് ഇഞ്ചക്‌ഷൻ: രക്തം പരിശോധിക്കാനായി സിരയിൽ സൂചികുത്തി രക്തമെടുക്കുന്ന രീതിയാണ്. ഇതുവഴി ആന്റിബയോട്ടിക്സ് ഉൾപ്പെടെയുള്ള മരുന്ന് നൽകാനും സാധിക്കും.
ഇൻട്രാ മസ്‌കുലാർ ഇഞ്ചക്‌ഷൻ: പേശികളുടെ ഉള്ളിലേക്ക് ഇഞ്ചക്‌ഷനെടുക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ടി.ടി. ഇഞ്ചക്‌ഷൻ ഇങ്ങനെയാണെടുക്കുന്നത്.
ഇൻട്രാ ഡെർമൽ ഇഞ്ചക്‌ഷൻ: ചർമത്തിലെ ഡെർമിസ് എന്ന പാളിയിലേക്ക് നൽകുന്ന കുത്തിവെപ്പിനെയാണ് ഇൻട്രാ ഡെർമൽ ഇഞ്ചക്‌ഷൻ എന്നുപറയുന്നത്. ചർമത്തിലെ പുറംപാളിയായ എപ്പിഡെർമിസിന് തൊട്ടുതാഴെയാണിത്. ഇഞ്ചക്‌ഷനുകൾക്ക് അലർജിയുണ്ടോയെന്നറിയാനുള്ള ടെസ്റ്റ് ഡോസെടുക്കുന്നത് ഇതിലേക്കാണ്. ക്ഷയരോഗത്തിനുള്ള ട്യൂബർകുലിൻ ഇഞ്ചക്‌ഷനും ഇൻട്രാ ഡെർമലാണ്.
സബ്ക്യൂട്ടേനിയസ് ഇഞ്ചക്‌ഷൻ: പേശികൾക്ക് തൊട്ടുമുകളിലുള്ള കൊഴുപ്പുപാളിയെയാണ് സബ്ക്യൂട്ടേനിയസ് എന്ന് പറയുന്നത്. ഇവിടെ ചെയ്യുന്ന ഇഞ്ചക്‌ഷനാണ് സബ്ക്യൂട്ടേനിയസ് ഇഞ്ചക്‌ഷൻ. പ്രമേഹത്തിനുള്ള ഇൻസുലിനെടുക്കുന്നത് ഇപ്രകാരമാണ്. ഉദാ: അടിവയർ, തുടയുടെ വശങ്ങളിൽ.
ഇൻട്രാ ആർട്ടീരിയൽ ഇഞ്ചക്‌ഷൻ: ധമനിയിൽ (ആർട്ടറി) ഇഞ്ചക്‌ഷൻ ചെയ്യുന്നതാണ് ഇത്. ഐ.സി.യു.വിൽ ഇൻട്രാ ആർട്ടീരിയൽ ബ്ലഡ് ഗ്യാസ് അനാലിസിസിന് (രക്തത്തിൽ അമ്ലാംശം, ഓക്സിജൻ, കാർബൺഡയോക്സൈഡ് എന്നിവ എത്രയുണ്ടെന്നറിയാനുള്ള ടെസ്റ്റ്) ഉപയോഗിക്കുന്നു. കൈയുടെ മണിബന്ധത്തിലുള്ള റേഡിയൽ ആർട്ടറിയിൽനിന്ന് ഒരു മില്ലിലിറ്റർ രക്തമെടുത്ത് പരിശോധിക്കുന്നത് ഈ ഇഞ്ചക്‌ഷൻ വഴിയാണ്. വളരെ ശക്തിയോടെ രക്തമൊഴുകുന്ന ഭാഗമാണിത്. അതിനാൽത്തന്നെ ഇവിടെനിന്ന് രക്തമെടുത്തശേഷം അഞ്ചുമിനിറ്റെങ്കിലും അവിടെ നന്നായി അമർത്തിപ്പിടിക്കണം. എങ്കിൽമാത്രമേ രക്തസ്രാവം നിൽക്കുകയുള്ളൂ. ഫിസ്റ്റുല പോലെയുള്ള സർജറികളിൽ ഇൻട്രാ ആർട്ടീരിയൽ ഇഞ്ചക്‌ഷൻ നൽകാറുണ്ട്.
ഇൻട്രാ ഓഷ്യസ് ഇഞ്ചക്‌ഷൻ: അസ്ഥിസംബന്ധമായത് എന്നാണ് ഓഷ്യസ് എന്നതുകൊണ്ട് അർഥമാക്കുന്നത്. വളരെ പ്രാധാന്യമുള്ളതാണ് ഇത്. ഹൃദയാഘാതമുണ്ടായ ആളുകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ചില മരുന്നുകൾ അടിയന്തരമായി നൽകേണ്ടതുണ്ട്. ആസമയത്ത് ചിലപ്പോൾ സിരകൾ വ്യക്തമായി ലഭിക്കില്ല. അപ്പോൾ ചെയ്യുന്ന ഇഞ്ചക്‌ഷൻ രീതിയാണ് ഇൻട്രാ ഓഷ്യസ്. എല്ലുകളുടെ ഉള്ളിലൂടെ മജ്ജയിലേക്കാണ് ഇവിടെ ഇഞ്ചക്‌ഷനെടുക്കുന്നത്. പ്രധാനമായും ഇത് നൽകുന്നത് മുട്ടിൽ (ഇൻട്രാ ടിബിയൽ- ടിബിയ എന്ന എല്ലിന്റെ ഏറ്റവും മുകളിൽ) ആണ്. നെഞ്ചിന്റെ മധ്യഭാഗത്തുള്ള സ്റ്റെർണം എന്ന അസ്ഥിയിലാണ് ഈ ഇഞ്ചക്‌ഷനെടുക്കുന്ന മറ്റൊരുഭാഗം. ഇത് വളരെ അത്യാവശ്യമുള്ള ഘട്ടങ്ങളിൽ മാത്രമാണ് ഉപയോഗിക്കാറുള്ളത്.
ഇൻട്രാ തീക്കൽ ഇഞ്ചക്‌ഷൻ (സ്പൈനൽ, എപ്പിഡ്യൂറൽ): നട്ടെല്ലിനകത്തേക്ക് നേരിട്ട് ഇഞ്ചക്‌ഷൻ ചെയ്യുന്നതിനെയാണ് ഇൻട്രാ തീക്കൽ എന്ന് പറയുന്നത്. മെനിഞ്ചൈറ്റിസ്, ന്യൂറോ പെയിൻ, നട്ടെല്ലിലെ കാൻസർ എന്നീ ഘട്ടങ്ങളിൽ ഇതുപയോഗിക്കാറുണ്ട്. മറ്റൊന്ന് സ്പൈനൽ ഇഞ്ചക്‌ഷനാണ്. അനസ്തീഷ്യയുടെ മറ്റൊരുതരമാണിത്. നട്ടെല്ലിനകത്തെ സബ് അരക്കിനോയ്ഡ് സ്പേസ് എന്ന ഭാഗത്തേക്കാണ് ചെറിയ സൂചി ഉപയോഗിച്ച് നാഡികളെ നിർവീര്യമാക്കുന്ന ഇഞ്ചക്‌ഷനെടുക്കുന്നത്. ഇതോടെ കുത്തിവെയ്ക്കുന്നതിന് താഴോട്ടുള്ള ഭാഗം താത്കാലികമായി മരവിക്കും. സിസേറിയൻ പോലുള്ള ശസ്ത്രക്രിയകൾക്ക് ഇത് ഉപയോഗിക്കുന്നു.
ഒരേ കാനുല എത്ര ദിവസം ഉപയോഗിക്കാം ?
ഐ.വി. ലൈൻ ഇട്ടിരിക്കുന്ന ഭാഗത്ത് അഴുക്ക്, ചോർച്ച, നീര്, വേദന, കാനുലയിലൂടെ ഫ്ലൂയിഡ് പോകുമ്പോൾ വേദനഎന്നിവയുണ്ടായാൽ ഉടൻ ആ കാനുല മാറ്റി പുതിയത് ഇടണം. പ്രശ്നങ്ങളില്ലെങ്കിലും ഒരു കാനുല മൂന്ന് ദിവസം കഴിഞ്ഞാൽ മാറ്റിയിടണം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ചെറിയാൻ റോയ്
ഡി.എം. റെസിഡന്റ്
ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം
ഐ.എം.എസ്.&എസ്.യു.എം. ഹോസ്പിറ്റൽ
ഭുവനേശ്വർ, ഒഡിഷ
Content Highlights: things to know about injection and syringe
Published: 29 Dec 2023, 02:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented