ജീവിതശൈലീ രോഗങ്ങളിൽ പ്രധാനിയാണ് ഷുഗർ. വ്യായാമമില്ലായ്മയും ചിട്ടയില്ലാത്ത ജീവിതരീതിയുമൊക്കെ ഷുഗർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. രാത്രികാല ജോലിയും ഷുഗർനിലയും സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകുകയാണ് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ ഡയബറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആയ ഡോ. എസ്.കെ. സുരേഷ് കുമാർ.
ചോദ്യം
എനിക്ക് 42 വയസ്സുണ്ട്. മൂന്ന് വർഷമായി പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ട്. ഇതിനിടയിൽ രണ്ട് തവണ ഷുഗർ കുറഞ്ഞ് തളർച്ച അനുഭവപ്പെട്ടു. അക്കാര്യം ഡോക്ടറോട് പറഞ്ഞിരുന്നു. മരുന്നിന്റെ ഡോസിൽ ചെറിയ മാറ്റം വരുത്തി. ഞാൻ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ആളാണ്. അതിൽ മാറ്റം വരുത്താനും ഇപ്പോൾ കഴിയില്ല. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് കൊണ്ടാണോ ഷുഗർ കുറഞ്ഞുപോകുന്നത്? രാത്രിയിൽ ജോലി ചെയ്യുന്ന പ്രമേഹബാധിതർ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
ഉത്തരം
നമ്മുടെ ഹൃദയസ്പന്ദനങ്ങളെപ്പോലെ തന്നെ പ്രകൃതിയിൽ അദൃശ്യമായ ഒരു താളമുണ്ട്. എല്ലാ ജീവജാലങ്ങളും ആ താളത്തിനൊത്താണ് നിലനിന്നു പോരുന്നത്. പകലും രാത്രിയും ചൂടും തണുപ്പും മഴയും കാറ്റും വെയിലും മഞ്ഞും ഒക്കെ ഈ താളത്തിനനുസൃതമായി സംഭവിച്ചുകൊണ്ടിരിക്കുന്നു.
അതുപോലെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്കും ഒരു ജൈവതാളമുണ്ട്. പലതരം ജീനുകളാൽ നിയന്ത്രിതമായ ഈ ജൈവതാളമാണ് ജൈവഘടികാരം അഥവാ സിർക്കാഡിയൻ ക്ലോക്ക് എന്നറിയപ്പെടുന്നത്. സ്വാഭാവിക പകലിനോടും ഇരുട്ടിനോടും പ്രതികരിക്കുന്ന ഈ ആന്തരിക ജൈവഘടികാരം പ്രതൃതിയുടെ താളത്തിലധിഷ്ഠിതമാണ്. ഈ ജൈവഘടികാരത്തിന് തകരാറു പറ്റിയാൽ അത് നമ്മുടെ ആരോഗ്യത്തെയും ആയുസ്സിനെയും വിപരീതമായി ബാധിക്കും.
രാത്രികാലങ്ങളലിൽ ജോലി നോക്കുന്നവരിൽ ഈ ജൈവതാളം മാറുന്നുണ്ട്. അത് പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം ഉൾപ്പെടെയുള്ള നിരവധി ജീവിതശൈലീ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുകയും ഒപ്പം രോഗപ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. സ്ഥിരം രാത്രി ജോലി നോക്കുന്നവരിൽ ഉറക്കക്കുറവ്, പകൽ ഉറക്കം തൂങ്ങുക, അമിതമായ ക്ഷീണം മുതലായ നിദ്രാവൈകല്യങ്ങൾ സാധാരണയായി കാണപ്പെടുന്നു.
പകൽ ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് രാത്രി ജോലി നോക്കുന്നവരിൽ പ്രമേഹ രോഗസാധ്യത കൂടുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കുന്നതിലും പ്രയാസമേറും. സ്ഥിരം രാത്രി ഷിഫ്റ്റ് ജോലി നോക്കുന്നവരിൽ പ്രമേഹരോഗസാധ്യത 37 ശതമാനം വരെ വർധിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്നവർ പ്രധാനമായി മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇവ ജീവിതശൈലിയിലുൾപ്പെടുത്തുന്നത് ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ഭക്ഷണക്രമം
കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കുന്നതിന് ഷിഫ്റ്റ് ജോലി തടസ്സമാകും. രാത്രി സമയങ്ങളിൽ പലപ്പോഴും അന്നജം ധാരാളമുള്ളതും പോഷകമൂല്യമില്ലാത്തതുമായ റെഡി മീൽസ്, സ്നാക്ക്സ് എന്നിവയെ കൂടുതൽ ആശ്രയിക്കാറുണ്ട്.
എന്നാൽ വീട്ടിൽ തയ്യാറാക്കിയ പോഷകമൂല്യമുള്ള അന്നജം കുറഞ്ഞതും പച്ചക്കറികളും പയറുവർഗങ്ങളും പാലുൽപ്പന്നങ്ങളും പഴങ്ങളുമടങ്ങിയ ഭക്ഷണപഥാർഥങ്ങൾ കരുതാൻ കഴിഞ്ഞാൽ അത് പ്രമേഹരോഗികൾക്കും മറ്റുള്ളവർക്കും വളരെ ഉപകാരപ്രദമാകും. വീട്ടിൽ തയ്യാറാക്കുന്ന ലഘുഭക്ഷണങ്ങളാകും ഫാസ്റ്റ്ഫുഡിനെക്കാൾ മികച്ചത്.
വ്യായാമം
ഷിഫ്റ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് നിശ്ചിതസമയത്ത് വ്യായാമത്തിലേർപ്പെടാൻ പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതുകൊണ്ട് രാത്രി ജോലിസമയത്ത് ശാരീരികമായി സജീവമായിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം പകൽ സമയങ്ങളിൽ സൗകര്യമുള്ള സമയത്ത് ഇഷ്ടവിനോദങ്ങളിലോ വ്യായാമങ്ങളിലോ ഏർപ്പെടേണ്ടത് ആവശ്യമാണ്. ഇത് പ്രമേഹ നിയന്ത്രണത്തിന് മാത്രമല്ല ഹൃദയത്തിനും മാനസികാരോഗ്യത്തിനും നല്ലതാണ്.
ഉറക്കം
പകൽ മുഴുവൻ ഉണർന്ന് പ്രവർത്തിക്കുമ്പോൾ മനസ്സിനും ശരീരത്തിനും ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ നിത്യവും ആറ്-എട്ട് മണിക്കൂർ ഉറക്കം ആവശ്യമാണ്.
എന്നാൽ രാത്രി ഷിഫ്റ്റ് ഡ്യൂട്ടിയ്ക്ക് ശേഷം ഉറക്കത്തിന്റെ ദൈർഘ്യവും ഗുണനിലവാരവും കുറയുന്നു. ഇത് ഷുഗർനിലയെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ നൈറ്റ് ഡ്യൂട്ടിയെടുക്കുന്നവർ താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കണം.
- നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ഉറങ്ങുന്നതിന് മുമ്പ് മദ്യം, കാപ്പി കുടി, പുകവലി എന്നിവ ഉപേക്ഷിക്കുക. കൂടാതെ ആ സമയത്ത് വ്യായാമം ചെയ്യുന്നതും ഒഴിവാക്കണം.
- കിടപ്പുമുറി ഇരുണ്ടതും ശബ്ദരഹിതവുമാക്കണം. സ്ലീപ് മാസ്കോ, ഇയർപ്ലഗോ ഉപയോഗിക്കുന്നത് നല്ലതാണ്.
- മൊബൈൽഫോൺ, ടി.വി. മുതലായവ ഉറങ്ങുന്നതിന് മുൻപ് ഉപയോഗിക്കരുത്.
മരുന്നുകൾ
രാത്രി ഡ്യൂട്ടി ചെയ്യുന്നവർ ഗുളികകളോ ഇൻസുലിനോ ഉപേക്ഷിക്കരുത്. നൈറ്റ് ഡ്യൂട്ടിയാണെങ്കിലും പകലിലെ ആഹാരരീതിയും മരുന്നുകളും സാധാരണ രീതിയിൽ കഴിക്കുന്നത് ഷുഗർനില മെച്ചപ്പെടുത്താൻ സഹായിക്കും. മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറുമായി ആശയവിനിമയം ചെയ്യുക.
കുറച്ചുവർഷങ്ങൾ മാത്രം പ്രമേഹമുള്ള നിങ്ങളുടെ ഷുഗർനില കുറഞ്ഞുപോകുന്നത് ചിലപ്പോൾ കഴിക്കുന്ന മരുന്നുകളിലെ അപാകതയാകാം. മരുന്നുകൾ മാറ്റുകയോ ഡോസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്താൽ ചിലപ്പോൾ പ്രശ്നം എളുപ്പം പരിഹരിക്കാൻ സാധിക്കും.
Content Highlights: night shift duty and its impact on development and controle of diabetes
Published: 25 Apr 2023, 08:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented