ആരോഗ്യകരമായ ജീവിതത്തിനായി ഡയറ്റ് പിന്തുടരുന്നവര്‍ ഒരുപാടുണ്ട്. കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ പാടേ ഒഴിവാക്കി, ഡയറ്റ് ചെയ്യുന്നവര്‍ പ്രത്യേകിച്ചും സ്ത്രീകള്‍ അവരുടെ ഭക്ഷണരീതിയില്‍ ചെയ്യുന്ന പ്രധാനപ്പെട്ട ചില തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ന്യൂട്രീഷനിസ്റ്റ് ലവ്‌നീത് ബത്ര.
അല്‍പം കഴിക്കുക എന്നതല്ല ഡയറ്റിങ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, ശരിയായ രീതിയില്‍ കഴിക്കുക എന്നതാണ്. തെറ്റായ ഡയറ്റിങ് മെറ്റബോളിസത്തെ അവതാളത്തിലാക്കുകയും ഊര്‍ജം നഷ്ടപ്പെടുത്തുകയും ശരീരഭാരം കൂട്ടുകയുംചെയ്യുന്നു.
ഡയറ്റിങ്ങില്‍ സ്ത്രീകള്‍ ചെയ്യുന്ന അഞ്ച് പ്രധാന തെറ്റുകളായി ന്യൂട്രീഷനിസ്റ്റ് ലവ്‌നീത് ബത്ര പട്ടികപ്പെടുത്തിയ ചില കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്;
കലോറി കുറഞ്ഞ ഭക്ഷണത്തെ ആശ്രയിക്കുന്നു
പാക്ക് ചെയ്ത ഡയറ്റ് സ്‌നാക്‌സുകളില്‍ പലതിലും പഞ്ചസാര, സോഡിയം, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കഴിച്ചാല്‍ വിശപ്പ് കൂടുകയാണ് ചെയ്യുക. ആരോഗ്യകരമാണെന്ന് തോന്നിപ്പിക്കുമെങ്കിലും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെല്ലാം ഇവ നിഷ്ഫലമാക്കുന്നു.
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നതാണ് ഇത് മറികടക്കാനുള്ള വഴിയെന്നാണ് ന്യുട്രീഷനിസ്റ്റ് പറയുന്നത്. പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഫൈബറുമെല്ലാം ലഭിക്കുന്നു. ഇത് വിശപ്പടങ്ങാനും ആരോഗ്യത്തിനും നല്ലതാണ്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് ഗുണകരം.
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പാടേ ഒഴിവാക്കുന്നു
വളരെ കുറഞ്ഞ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയാണെങ്കില്‍ അത് ഊര്‍ജമില്ലാതാക്കുകയാണ് ചെയ്യുക. ഹോര്‍മോണുകളെ അത് അവതാളത്തിലാക്കും. ഇത് ഗുണത്തേക്കാളേറെ ദോഷംചെയ്യും. ധാന്യങ്ങള്‍, ഓട്‌സ്, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ നിശ്ചിത അളവില്‍ കഴിക്കുന്നത് ദീര്‍ഘനേരത്തേക്ക് ഊര്‍ജം നല്‍കുന്നു.
ആരോഗ്യകരമായ കൊഴുപ്പ് ഒഴിവാക്കരുത്
എണ്ണ, നട്‌സ്, വിത്തുകള്‍, എന്നിവയെല്ലാം ശരീരത്തിനാവശ്യമായ ഫാറ്റി ആസിഡുകള്‍ നല്‍കുന്നു. ചര്‍മത്തിന്റേയും ഹോര്‍മോണിന്റെയും ആരോഗ്യത്തിന് ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യമാണ്. ഫ്‌ളാക്‌സ് സീഡ്, ചിയാ സീഡ്, ബദാം, വാല്‍നട്ട്, എന്നിവ ഡയറ്റിലുള്‍പ്പെടുത്തുന്നത് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നു. ഇവയിലെല്ലാം ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
ഭക്ഷണം കഴിക്കാതിരിക്കരുത്
കൃത്യമായി ആസൂത്രണം ചെയ്യാതെ ഭക്ഷണം ഒഴിവാക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയിലേക്ക് നയിക്കും. ഇത് ഹോര്‍മോണ്‍ വ്യതിയാനത്തിനും മോശം മെറ്റബോളിസത്തിനും കാരണമാകുന്നു. ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയാനല്ല, കൂടാനാണ് കാരണമാവുക. സ്ഥിരമായി കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൃത്യമാകുന്നതിനും ഊര്‍ജം നഷ്ടമാകാതിരിക്കുന്നതിനും സഹായിക്കുമെന്ന് ന്യുട്രീഷനിസ്റ്റ് വിശദമാക്കുന്നു.
മൈക്രോ നൂട്രിയൻറുകളെ അവഗണിക്കാതിരിക്കുക
കലോറിയിലും അളവിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിറ്റാമിനുകളിലും ധാതുക്കളിലും കുറവുകള്‍ വരുത്തും. ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് സൂക്ഷ്മപോഷകങ്ങള്‍ അത്യന്താപേക്ഷിതമാണ്. അവയെ അവഗണിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കാം. ആവശ്യത്തിന് സൂക്ഷ്മപോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇലക്കറികളും വിത്തുകളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ഇത് ഊര്‍ജനില മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഉത്തമമായ ആരോഗ്യവും സൗഖ്യവും നിലനിര്‍ത്തുന്നതിന് സൂക്ഷ്മപോഷകങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് നിര്‍ണായകമാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Nutritionist reveals 5 common dieting mistakes women make
Published: 13 Sept 2025, 09:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented