ലയാളികളുടെ പ്രിയപ്പെട്ട പഴമാണ് മാമ്പഴം. പഴുത്ത മാങ്ങയുടെ മധുരമുള്ള അവധിക്കാലം ഏതൊരു മലയാളിയുടേയും ഗൃഹാതുരത്വമാണ്. പഴുക്കും മുമ്പ് തന്നെ മാങ്ങ പറിച്ച് സൂക്ഷിക്കുന്നത് മാവുള്ള വീടുകളിലെ പതിവുകാഴ്ചയാണ്. കിളികളോ അണ്ണാനോ ഒന്നും കൊത്താതെ പഴുപ്പിച്ചെടുക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വൈക്കോലിൽ സൂക്ഷിച്ചും പുകയിട്ടുമെല്ലാമാണ് പച്ചമാങ്ങ പഴുപ്പിച്ചെടുക്കുന്നത്. ഇന്ന് അതിന് സൗകര്യമില്ലാത്തതിനാൽ പച്ചമാങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഒട്ടേറെ പേരുണ്ട്. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ല എന്നാണ് വിദഗ്ധർ പറയുന്നത്.

To advertise here,

പല കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. സ്വാഭാവികമായ പഴുക്കൽ പ്രക്രിയയെ ബാധിക്കും എന്നതാണ് ആദ്യത്തെ കാരണം. ഉഷ്ണമേഖലയിൽ നിന്നുള്ള ഫലമായ മാമ്പഴം ഈ മേഖലയിലെ സാധാരണ താപനിലയിൽ പഴുക്കുന്നതാണ് ഏറ്റവും നല്ലത്. പഴുക്കുംമുമ്പേ ഫ്രിഡ്ജിൽ വെച്ചാൽ അതിനുള്ളിലെ താഴ്ന്ന താപനില പഴുക്കൽ പ്രക്രിയയെ സാവധാനമാക്കുന്നു. ചിലപ്പോൾ പഴുക്കുന്നതിനെ പൂർണമായി തടയുക പോലും ചെയ്യും.

മാമ്പഴത്തിന്റെ രുചിയെ ബാധിക്കുമെന്നതാണ് മറ്റൊരു കാരണം. സ്വാഭാവികമായി പഴുക്കുമ്പോഴാണ് മാമ്പഴത്തിന് തനതായ രുചിയും ഗന്ധവും ലഭിക്കുക. പഴുക്കാത്ത മാങ്ങകൾ ഫ്രിഡ്ജിൽ വെക്കുന്നതിലൂടെ അതിന്റെ 'ഫ്‌ളേവർ' നഷ്ടപ്പെടും. പച്ചമാങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാതിരുന്നാൽ ഇത് ഒഴിവാക്കാം.

അങ്ങനെയാണെങ്കിൽ എപ്പോഴാണ് മാമ്പഴം ഫ്രിഡ്ജിൽ വെക്കേണ്ടത്? പഴുത്ത് തുടങ്ങുമ്പോൾ മുതൽ ഫ്രിഡ്ജിൽ വെക്കാമെന്നാണ് ഉത്തരം. അങ്ങനെ ചെയ്താൽ മാങ്ങ കൂടുതൽ പഴുക്കുന്നതിനെ സാവധാനപ്പെടുത്തുന്നു. അതുവഴി കൂടുതൽ ദിവസം മാമ്പഴം പുതുമയോടെ സൂക്ഷിക്കാം.

പച്ചമാങ്ങകൾ പഴുപ്പിക്കാനും ലളിതമായ മാർഗങ്ങളുണ്ട്. കടലാസ് സഞ്ചിയിലോ അല്ലെങ്കിൽ ന്യൂസ് പേപ്പറിൽ പൊതിഞ്ഞോ സൂക്ഷിച്ചാൽ മാങ്ങ പഴുപ്പിക്കാം. ഇങ്ങനെ ചെയ്താൽ എഥിലീൻ വാതകം മാങ്ങകളുടെ സമീപത്ത് തന്നെ തങ്ങിനിൽക്കുകയും പഴുക്കൽ വേഗത്തിലാകുകയും ചെയ്യും. ഇതിന് കഴിയുന്നില്ലെങ്കിൽ ഈർപ്പമില്ലാത്ത ഒരിടത്ത് നേരിട്ട് സൂര്യപ്രകാശമേൽക്കാതെ സൂക്ഷിച്ചാലും മാങ്ങ പഴുപ്പിച്ചെടുക്കാം.