പാചകം ചെയ്യുന്നവരുടെ എക്കാലത്തെയും പ്രതിസന്ധികളിലൊന്നാണ് ബാക്കിയാകുന്ന ഭക്ഷണം. കയ്യിൽ കാണുന്ന പ്ലാസ്റ്റിൽ ടിന്നുകളിലാക്കി ഫ്രിഡ്ജിൽ വെക്കുമെങ്കിലും പിന്നീട് എടുക്കാൻ മറന്നാലുള്ള കാര്യം പിന്നെ ഓർക്കാതിരിക്കുന്നതാകും നല്ലത്. 

To advertise here,

പാതി മുറിച്ച സവാളയും തക്കാളിയും മുതൽ ചട്ടിയോടെ ഫ്രിഡ്ജിൽ വെക്കുന്ന കറി വരെ ഇക്കൂട്ടത്തിൽ പെടും. എന്നാൽ ഈയിടെയായി ഗ്ലാസ് പാത്രങ്ങൾക്ക് (കണ്ടൈനറുകൾക്ക്) വലിയ സ്വീകാര്യതയാണ് അടുക്കളയിലുള്ളത്. കാഴ്ചയിലെ ഭംഗി, പ്ലാസ്റ്റിക് പോലെ കറ പിടിക്കുകയില്ല, തുറന്ന് നോക്കാതെ ഉള്ളിലുള്ളതെന്തെന്ന് മനസ്സിലാക്കാം അങ്ങനെ നീളും ഇവയോടുള്ള പ്രിയത്തിന് പിന്നിലെ കാരണം. 

റഫ്രിജറേറ്ററിൽ ഭക്ഷണം സൂക്ഷിക്കാൻ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?

ശ്രദ്ധയോടെ ഉപയോഗിക്കുകയാണെങ്കിൽ സുരക്ഷിതമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഗ്ലാസിൽ ദുർഗന്ധമോ കറയോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കറികൾ സ്ഥിരമായി വെക്കുന്ന പ്ലാസ്റ്റിക് ബോക്സുകൾ മഞ്ഞ കറ പിടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ വൃത്തിയായി കഴുകി സൂക്ഷിച്ചാൽ ഗ്സാസ് കണ്ടൈനറുകൾക്ക് ഇത്തരത്തിലൊരു പ്രശ്നമുണ്ടാകില്ല. 

ഗ്ലാസ് പാത്രങ്ങളെ കുറിച്ചുളള ആശങ്ക

ഗ്ലാസ് പൊട്ടാനിടയുണ്ടെന്നുൾപ്പടെ നിരവധി സംശയങ്ങൾ പലർക്കുമുണ്ട്. ഇതിലൊന്നാണ് ഗ്ലാസ് പൊട്ടുമെന്നുള്ളത്. താപനിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റമാണ് (thermal shock) പലപ്പോഴും ഗ്ലാസ് പൊട്ടാനിടയാക്കുന്നത്. ഗ്ലാസ് പാത്രം ഓവനിൽ നിന്ന് നേരിട്ട് ഫ്രിഡ്ജിലേക്ക് വെച്ചാൽ, പെട്ടെന്നുള്ള താപനിലയിലെ മാറ്റം പൊട്ടാനിടയാക്കാം. അതിനാൽ ഗ്ലാസിൽ സൂക്ഷിക്കുന്നതിന് മുമ്പ് ഭക്ഷണം അല്പം തണുക്കാൻ അനുവദിക്കുക. കൂടാതെ ഏത് തരം ഗ്ലാസ് ആണെന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അടുക്കള ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന ഗ്ലാസ് പാത്രങ്ങൾ ടെമ്പർ ചെയ്തവയാണ് (പൈറെക്സ് പോലുള്ളവ). ഇവ കൂടുതൽ കട്ടിയുള്ളതും താപനിലയിലെ മാറ്റങ്ങളെ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തതുമാണ്. 

ഫ്രിഡ്ജിൽ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ

അടപ്പുകളുള്ള ഗ്ലാസ് പാത്രങ്ങൾ നന്നായി അടഞ്ഞിരിക്കുന്നതുകൊണ്ട് ( എയർ ടൈറ്റ്) ഭക്ഷണം കൂടുതൽ ഫ്രഷായി നിലനിൽക്കും. കറയും മണവും പിടിക്കില്ല. മൈക്രോവേവിലും ഓവനിലും ഉപയോഗിക്കാം. 

അറിഞ്ഞിരിക്കേണ്ട പ്രശ്നങ്ങൾ

ഗ്ലാസ് പാത്രങ്ങൾ കൊണ്ടുനടക്കാൻ ഭാരക്കൂടുതലായി തോന്നിയേക്കാം. പ്രത്യേകിച്ച് ഉച്ചഭക്ഷണം കൊണ്ടുപോകുമ്പോൾ. നേർത്ത പ്ലാസ്റ്റിക് പാത്രങ്ങളെ അപേക്ഷിച്ച് ചില ഗ്ലാസ് പാത്രങ്ങൾക്ക് കൂടുതൽ സ്ഥലം വേണ്ടിവരും. പ്ലാസ്റ്റിക് പാത്രങ്ങളെ അപേക്ഷിച്ച് വിലയും കൂടുതലാണ്. എന്നാൽ മാസങ്ങൾക്കുള്ളിൽ മാറ്റേണ്ടി വരുന്ന  പ്ലാസ്റ്റിക പാത്രങ്ങളേക്കാൾ ഇവ കൂടുതൽ നാൾ ഉപയോഗിക്കാം. 

ഗ്ലാസ് പാത്രങ്ങൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം

ചൂടുള്ള കറി നേരിട്ട് തണുത്ത ഗ്ലാസ് പാത്രത്തിലേക്ക് ഒഴിക്കരുത്. തണുത്ത ശേഷം മാത്രം സൂക്ഷിക്കാനുള്ള പാത്രത്തിലേക്ക് മാറ്റാം. ഫ്രീസ് ചെയ്യുമ്പോൾ ദ്രാവകങ്ങൾ വികസിക്കും, അതിനാൽ ഫ്രീസ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കുറച്ച് സ്ഥലം ബാക്കി വിടുക.