കേരളത്തിന്റെ സ്വന്തം പലഹാരങ്ങള്‍ 'റിവ്യൂ' ചെയ്ത് യുകെയില്‍ നിന്നുള്ള വ്‌ളോഗര്‍. ലിവര്‍പൂളില്‍ നിന്നുള്ള ബോഡിബില്‍ഡര്‍ ഡാന്‍ ബ്രൂക്കാണ് വിവിധ പലഹാരങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ കഴിക്കുകയും ഓരോന്നിനെ കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ പറയുകയും ചെയ്തത്. ഹൗസ് ബോട്ടിലിരുന്നായിരുന്നു ഡാനിന്റെ 'കേരളാ സ്‌നാക്‌സ് റിവ്യൂ.'

To advertise here,

ഇറച്ചി കട്‌ലറ്റ്, ജിലേബി, ലഡ്ഡു, മീറ്റ് റോള്‍, മുട്ട പഫ്‌സ് എന്നീ പലഹാരങ്ങളാണ് ഡാന്‍ കഴിച്ചത്. ഓരോന്നും കഴിക്കുമ്പോള്‍ അതിന്റെ രുചിയേക്കുറിച്ച് അദ്ദേഹം വാചാലനായി. പലഹാരങ്ങള്‍ കഴിക്കുന്നതിന്റെ വീഡിയോയും പലഹാരങ്ങളുടെ റേറ്റിങ് വീഡിയോയും പ്രത്യേകമായാണ് ഡാന്‍ പോസ്റ്റ് ചെയ്തത്. കേരളത്തിലെ ഭക്ഷണം അടിപൊളിയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ ഇന്ത്യയില്‍ വരികയാണെങ്കില്‍ ഈ വിഭവങ്ങള്‍ കഴിച്ചുനോക്കണമെന്നും അദ്ദേഹം ആദ്യ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

മുട്ട പഫ്‌സാണ് തന്റെ അഭിപ്രായത്തില്‍ ഇക്കൂട്ടത്തിലെ മികച്ച പലഹാരമെന്നാണ് ഡാന്‍ പറയുന്നത്. പുഴുങ്ങിയ മുട്ട പൊതുവേ തനിക്ക് ഇഷ്ടമല്ല. പക്ഷേ പഫ്‌സിന്റെ ഉള്ളിലെ മുട്ട അടിപൊളിയായിരുന്നു. വളരെ വ്യത്യസ്തമായ വിഭവമായിരുന്നു ഇതെന്നും ഡാന്‍ പറഞ്ഞു.

മീറ്റ് റോളിനാണ് ഡാന്‍ രണ്ടാം സ്ഥാനം നല്‍കിയത്. ഡാനിന്റെ 'മത്സരത്തില്‍' ജിലേബി മൂന്നാം സ്ഥാനവും കട്‌ലറ്റ് നാലാം സ്ഥാനവും കരസ്ഥമാക്കി. ലഡുവാണ് ഏറ്റവും അവസാന സ്ഥാനത്തുള്ളത്. ലഡുവിന്റെ രുചി മോശമായിരുന്നുവെന്നും ഒരുപക്ഷേ ജിലേബി ആദ്യം കഴിച്ചതിനാലാകാം തനിക്ക് അങ്ങനെ തോന്നിയതെന്നും ഡാന്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് കഴിക്കാനുള്ള ഭക്ഷണങ്ങള്‍ നിര്‍ദേശിക്കൂവെന്ന അഭ്യര്‍ഥനയോടെയാണ് ഡാന്‍ വീഡിയോ അവസാനിപ്പിച്ചത്.

ഡാനിന്റെ വീഡിയോകൾ അധികം വൈകാതെ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് വീഡിയോകൾ കണ്ടത്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ വീഡിയോകൾക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.