മലയാളികൾ സ്ഥിരമായി വാങ്ങുന്ന പല പാൽ കവറുകളുടെയും പുറത്ത്  ‘പാസ്ചറൈസ്ഡ് ടോൺഡ് മിൽക്ക്’ എന്നെഴുതിയിട്ടുണ്ടാകും. താരതമ്യേന കൊഴുപ്പ് കുറവുള്ള ഇവയിൽ മറ്റു പാലിനെ അപേക്ഷിച്ച് പോഷകഗുണങ്ങൾ കുറവാണോ എന്ന സംശയം പലർക്കുമുണ്ട്. 

To advertise here,

എന്താണ് ടോൺഡ് മിൽക്ക് ?

മുഴുവൻ കൊഴുപ്പുള്ള പാലിൽ വെള്ളം ചേർത്ത്, കൊഴുപ്പിന്റെ അളവ് ഏകദേശം 3% ആയി കുറച്ച് പുനഃക്രമീകരിച്ചാണ് ടോൺഡ് പാൽ നിർമ്മിക്കുന്നത്. എന്നാൽ പ്രോട്ടീൻ, കാത്സ്യം എന്നിവയിൽ കുറവുണ്ടാകുന്നില്ല. 

ടോൺഡ് പാൽ എങ്ങനെ തയ്യാറാക്കുന്നു?

സാധാരണ മുഴുവൻ കൊഴുപ്പുള്ള പാലിൽ ഏകദേശം 6% കൊഴുപ്പ് അടങ്ങിയിരിക്കുമ്പോൾ ടോൺഡ് പാലിൽ ഇത് ഏകദേശം പകുതി മാത്രമാണുള്ളത്. ഈ പ്രക്രിയയിൽ കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം, കട്ടിയുള്ള മറ്റ് ഘടകങ്ങൾ (സോളിഡ്‌സ്-നോട്ട്-ഫാറ്റ് അഥവാ എസ്.എൻ.എഫ്.) സന്തുലിതമായി നിലനിർത്താൻ സ്കിം പാൽപ്പൊടി ചേർക്കാറുണ്ട്.

പോഷകങ്ങളുടെ അളവ്

കൊഴുപ്പിന്റെ അളവിൽ വ്യത്യാസമുണ്ടെങ്കിലും പ്രോട്ടീൻ, കാത്സ്യം, കാർബോഹൈഡ്രേറ്റ് തുടങ്ങിയ മിക്ക പോഷകങ്ങളും മുഴുവൻ കൊഴുപ്പുള്ള പാലിന് സമാനമായി ഇവയിൽ നിലനിർത്തുന്നു. 

ആരോഗ്യപരമായ ഗുണങ്ങൾ

കൊഴുപ്പ് കുറവായതുകൊണ്ട് തന്നെ, ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ടോൺഡ് പാൽ ഉപകാരപ്രദമാണ്. 

പാസ്ചറൈസ് ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്യാത്ത പാൽ അപകടകാരിയാകുന്നതെങ്ങനെ?

പാസ്ചറൈസ് ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്യാത്ത പാൽ ഒരിക്കലും നേരിട്ട് കുടിക്കരുത്. പാലിൽ ഉണ്ടാകാവുന്ന ശരീരത്തിന് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനാണ് പാസ്ചറൈസ് ചെയ്യുകയോ, തിളപ്പിക്കുകയോ ചെയ്യുന്നത്. അണുവിമുക്തമാക്കാത്ത പാലിലൂടെ ഇ.കോളി, സാൽമോണെല്ല, ലിസ്റ്റീരിയ മോണോസൈറ്റോജിൻസ് തുടങ്ങിയ ബാക്ടീരിയകൾ ശരീരത്തിലെത്തും. ഇ.കോളി കടുത്ത വയറുവേദന, വയറിളക്കം, ഛർദി എന്നിവയ്ക്ക് കാരണമാകുകയും വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യും. സാൽമോണെല്ല വയറിളക്കം, പനി, അടിവയറുവേദന എന്നിവയിലേക്ക് നയിക്കും. ലിസ്റ്റീരിയ മോണോസൈറ്റോജിൻസ് ലിസ്റ്റെറിയോസിസ് എന്ന അണുബാധയ്ക്ക് കാരണമാകും. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ അണുവിമുക്തമാക്കാത്ത പാൽ കുടിക്കുന്നത് അപകടാവസ്ഥയിലേക്ക് നയിക്കും.