സിനിമ കാണുന്നതിനൊപ്പം എന്തെങ്കിലും കൊറിക്കാനും ഇഷ്ടമുള്ളവരാണ് മിക്കവരും. തീയേറ്ററിലേക്ക് കയറും മുമ്പുതന്നെ ചിപ്സും പോപ്കോണുമൊക്കെ വാങ്ങി ആസ്വദിച്ച് സിനിമ കാണുന്നവർ. എന്നാൽ സിനിമയിൽ കാണുന്ന ഭക്ഷണവിഭവങ്ങൾ തന്നെ കഴിക്കാൻ ലഭിച്ചാലോ? അതായത് സ്ക്രീനിൽ കാണുന്ന ഭക്ഷണത്തോട് കൊതിതോന്നുമ്പോൾ തന്നെ അത് കഴിക്കാനും അവസരം ലഭിക്കുന്ന സാഹചര്യം. അതു സഫലമാക്കിയിരിക്കുകയാണ് ഒരു അമേരിക്കൻ കമ്പനി. 

To advertise here,

ബി​ഗ് സ്ക്രീനിൽ സിനിമ കണ്ടുകൊണ്ടിരിക്കെ അതിൽ മിന്നിമറയുന്ന ഭക്ഷണങ്ങളും കഴിക്കാനുള്ള അവസരമാണ് ഫോർക് എൻ ഫിലിം എന്ന കമ്പനി ഒരുക്കുന്നത്. ഇതിന്റെ വീഡിയോ വൈകാതെ സാമൂഹിക മാധ്യമത്തിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. 

ഹോം എലോൺ സിനിമയ്ക്കിടയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീ‍‍ഡിയോയിലുള്ളത്. ചിത്രത്തിൽ കാണിക്കുന്ന വിഭവങ്ങളും പാനീയങ്ങളും സിനിമ കാണുന്നവർക്കും ലഭ്യമാക്കുകയാണ് കമ്പനി. ക്രിസ്മസ് തീമിലുള്ള കോക്ടെയിലും ചീസി പാസ്തയുമൊക്കെ ഒരുക്കിയിരിക്കുന്നത് കാണാം. 

വെറുതെ സിനിമ കാണരുത്, അത് രുചിച്ചറിയാം എന്നതാണ് കമ്പനിയുടെ ആപ്തവാക്യം. സ്ക്രീനിൽ ഭക്ഷണങ്ങൾ തെളിയുന്ന അതേസമയത്ത് കാഴ്ച്ചക്കാർക്കും അതേഭക്ഷണം ലഭ്യമാക്കും എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. 

നിരവധി പേരാണ് കമ്പനിയുടെ പുത്തൻ ആശയത്തെ അഭിനന്ദിച്ച് വീ‍ഡിയോക്കു കീഴെ കമന്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ഭക്ഷണവിരുന്നൊരുക്കുന്ന സിനിമകൾ കമന്റുകളായി നിർദേശിക്കുന്നവരുമുണ്ട്.