കുമരകം: കുമരകത്തിന്റെ കായൽഭംഗി ആസ്വദിച്ച്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിൻ. വൈക്കത്ത് ‍എത്തുമ്പോഴൊക്കെ മെട്രോ നഗരമായ കൊച്ചിയ്ക്ക് പകരം കായൽ സൗന്ദര്യംനിറഞ്ഞ കുമരകത്താണ് ഇദ്ദേഹത്തിന്‌ താമസം സജ്ജീകരിക്കുന്നത്.

To advertise here,

ബുധനാഴ്‌ച കുമരകം ലേക്‌റിസോർട്ട്‌ ഹോട്ടലിലെത്തിയ സ്‌റ്റാലിൻ പോലീസ് സേനയുടെ സല്യൂട്ട് സ്വീകരിച്ചു. ഉച്ചഭക്ഷണത്തിന് ഒരുക്കിയ കേരള വിഭവങ്ങളിൽ കുമരകം കരിമീനും നാടൻ മീൻകറിയും ഇഷ്‌ടത്തോടെ കഴിച്ചു. വൈകീട്ട് 5.10-ന് ഹൗസ്‌ ബോട്ടിൽ കായലിൽ ഉല്ലാസയാത്ര നടത്തി. ഒന്നേകാൽ മണിക്കൂർനീണ്ട കായൽയാത്രയിൽ സൂര്യാസ്തമന കാഴ്ചയും കായൽസൗന്ദര്യവും ആസ്വദിച്ചാണ് ഹോട്ടലിലേയ്ക്ക് മടങ്ങിയത്.

വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടാണ്‌ എം.കെ. സ്റ്റാലിൻ കേരളത്തിലെത്തിയത്‌. ബുധനാഴ്‌ച രാവിലെ 10.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എറണാകുളം ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. റോഡുമാർഗം 12.50-ന് കുമരകം ലേക് റിസോർട്ടിലെത്തി. മുഖ്യമന്ത്രിയെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പുമന്ത്രി എ.വി. വേലു, കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. കസവ് ഷാളും ശ്രീനാരായണ ഗുരുവിന്റെ കൃതികളുടെ ഇംഗ്ലീഷ്‌ പരിഭാഷയായ ‘എ ക്രൈ ഇൻ ദി വിൽഡർ നെസ്‌; ദി വർക്‌സ്‌ ഓഫ്‌ നാരായണ ഗുരു’ എന്ന പുസ്തകവും നൽകിയാണ് ജില്ലാ കളക്ടർ സ്വീകരിച്ചത്.

തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എം.പി. സ്വാമിനാഥൻ എന്നിവരും കുമരകത്തുണ്ട്. സ്‌പെഷ്യൽ സെക്രട്ടറി ഡോ. എസ്. കാർത്തികേയൻ, ഡി.ഐ.ജി. തോംസൺ ജോസ്, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, എ.ഡി.എം. ബീന പി.ആനന്ദ് എന്നിവർ സന്നിഹിതരായിരുന്നു.

placeholder
എം.കെ. സ്റ്റാലിൻ ബുധനാഴ്ച വൈകീട്ട്‌ ഹൗസ് ബോട്ടിൽ കുമരകം വേമ്പനാട് കായലിൽ ഉല്ലാസയാത്ര നടത്തുന്നതിനിടയിൽ സമീപത്തുകൂടെ പോകുന്ന വിനോദസഞ്ചാരികളെ അഭിവാദ്യം ചെയ്യുന്നു ‌|ഫോട്ടോ: ഇ.വി. രാഗേഷ്

എം.കെ. സ്റ്റാലിൻ ഇത്തവണയുമെത്തി, അന്നപൂർണയിലെ അന്നം രുചിക്കാൻ

തെക്കൻ പറവൂർ (കൊച്ചി): തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചായ കുടിക്കാനായി തെക്കൻ പറവൂരിലെ അന്നപൂർണ ഹോട്ടലിൽ വീണ്ടുമെത്തി. ബുധനാഴ്ച രാവിലെ 11.20-ഓടെ എത്തിയ അദ്ദേഹം ഇഡ്ഡലിയും വടയും പഴംപൊരിയും ചായയും കഴിച്ചു. കേസരിയും രുചിച്ചു.

തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ട് അടുത്തുചെന്ന പലരും അദ്ദേഹത്തോടൊപ്പം സെൽഫിയുമെടുത്തു. ഹോട്ടലുടമയോടും ജീവനക്കാരോടുമൊപ്പം നിന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് അദ്ദേഹം മടങ്ങിയത്. വൈക്കത്ത് വ്യാഴാഴ്ച നടക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി സമാപന ആഘോഷത്തിലും തന്തൈപെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടെയും ഉദ്ഘാടനത്തിനുമായാണ് സ്റ്റാലിനെത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നുള്ള യാത്രയ്ക്കിടയിലാണ് അന്നപൂർണ വെജിറ്റേറിയനിൽ കയറിയത്. കഴിഞ്ഞ വർഷവും വൈക്കത്ത് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന സമയത്ത് സ്റ്റാലിൻ ഈ ഹോട്ടലിൽ കയറി ചായ കുടിക്കുകയും മസാലദോശ കഴിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വാർത്തയായിരുന്നു.

വീണ്ടും എം.കെ. സ്റ്റാലിൻ തങ്ങളുടെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ഹോട്ടലുടമ തിരുനെൽവേലി സ്വദേശി ഇസാക്കി മുത്തു പറഞ്ഞു. സ്റ്റാലിനു പിന്നാലെ വൈക്കത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇതുവഴി യാത്ര ചെയ്ത തമിഴ്നാട് മന്ത്രി കയൽവിഴി സെൽവകുമാറും അന്നപൂർണ ഹോട്ടലിലെ ഭക്ഷണം കഴിച്ചാണ് പോയത്.

രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി ബുധനാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഡി.ഐ.ജി. തോംസൺ ജോസ്, റൂറൽ എസ്.പി. വൈഭവ് സക്‌സേന എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.